Padayani: ചൂട്ട് വെട്ടത്തിലെ പടയണിപ്പെരുമ

Published : May 09, 2022, 02:46 PM ISTUpdated : May 09, 2022, 02:54 PM IST

നമ്മുടെ തനത് സംസ്കൃതികളും സംസ്കാരങ്ങളും രൂപപ്പെട്ട കാലത്തെ കുറിച്ച് രേഖപ്പെടുത്തപ്പെട്ട എഴുത്തുകളെക്കാള്‍ വായ്മൊഴി വഴക്കങ്ങളാണ് കൂടുതലുമുള്ളത്. കേരളത്തിലെ പൗരാണിക സംസ്കൃതികളെല്ലാം പിന്നീട് ഹൈന്ദവവത്ക്കരിക്കപ്പെട്ട തികച്ചും പ്രാദേശീകമായ ചില വിശ്വാസ സംഹിതകളെ അടിസ്ഥാനമാക്കിയാകും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ എല്ലാം പൊതുധാരയായി മഹാഭാരതമോ, രാമായണമോ പോലുള്ള ഇതിഹാസ കാവ്യങ്ങളുമായുള്ള ബന്ധം ഇവയുടെ ഹൈന്ദവവത്ക്കരണത്തിന് ഏറെ സഹായകരമായി. അത്തരത്തില്‍ കേരളത്തില്‍ വളരെ പ്രാചീനകാലത്ത് തന്നെ ഉടലെടുത്ത ഒരു കലാരൂപമാണ് പടയണി. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കുഴിവേലിപ്പുറം ഗ്രാമത്തിലെ മടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന പടയണിയുടെ ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമാറാമാന്‍ അനന്ദു പ്രഭ.  

PREV
126
Padayani:  ചൂട്ട് വെട്ടത്തിലെ പടയണിപ്പെരുമ

തെക്കന് കേരളത്തിലെ കാവുകളിൽ നടന്നുവന്നിരുന്ന ഗോത്രകലകള്‍ ഇന്ന് ക്ഷേത്രകലയായി മാറിക്കഴിഞ്ഞു.  പ്രകൃതി തന്നെയാണ്  ഈശ്വരൻ എന്ന സങ്കല്പമാണ് പടയണിയുടെ അടിസ്ഥാനം. ആദിമകാലത്ത് മനുഷ്യന്‍ തങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത പ്രകൃതി ശക്തികളെ ഈശ്വര സാന്നിധ്യത്താലാണ് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിരുന്നത്. ഇത്തരം ശക്തികള്‍ പിന്നീട് ദൈവങ്ങളായി വ്യഖ്യാനിക്കപ്പെട്ടു. 

 

226

പ്രകൃതി ദുരന്തങ്ങളും പ്രത്യേകിച്ച് വസൂരി പോലെയുള്ള രോഗങ്ങൾ വരാതെ തങ്ങളെ കാത്ത് സംരക്ഷിക്കുന്നതിനായും മറ്റും ഗോത്രദൈവങ്ങളെ വിളിച്ചു വരുത്തി അവര്‍ക്ക് മുന്നിൽ നടത്തിയിരുന്ന പ്രാർത്ഥനയാണ് പിന്നീട് പടയണിയായി രൂപാന്തരപ്പെട്ടതെന്ന് ചിലര്‍ വിശ്വസിക്കുന്നു. ചിലയിടങ്ങളിൽ ആചാരാനുഷ്ഠാന കല, കാർഷികവൃത്തിയുടെ ആരംഭത്തിന് മുമ്പും വിളവെടുപ്പിന് മുമ്പും ഒക്കെയാണ് നടത്തിയിരുന്നത്. 

 

326

ഇന്ന് പ്രധാനമായും മലയാള വര്‍ഷമായ കൊല്ലവര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം പ്രാദേശികമായ പൗരാണിക ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്നത്. അത്തരത്തിലൊരു ആഘോഷമായിരുന്നു, പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കുഴിവേലിപ്പുറം എന്ന സ്ഥലത്തുള്ള മടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്നത്. 

 

426

അംബികാവിലാസം പടയണി സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു മടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പടയണി കെട്ടിയാടിയത്. പോരിട്ടിക്കാവ് പടയണിയെന്നും ഇത് അറിയപ്പെടുന്നു. ഓരോ പടയണിക്കും ദീര്‍ഘനാളത്തെ പ്രയത്നം ആവശ്യമാണ്. പ്രത്യേകിച്ചും പടയണി പോലുള്ള ചിത്രപണികള്‍ ഏറെയുള്ള കലാരൂപങ്ങള്‍ക്ക്. 

 

526

തെക്കന്‍ കേരളത്തിലെ പടയണിയുടെ മുഖത്തേഴുത്തുകള്‍ വടക്കന്‍ കേരളത്തിലെ തെയ്യക്കോലത്തിന്‍റെ മുഖത്തെഴുത്തുകളോളം സങ്കീര്‍ണ്ണമല്ല. എങ്കിലും ഉപയോഗിക്കുന്ന വസ്തുക്കളില്‍ സാമ്യത കാണാം. ചെത്തി മിനുക്കിയ പച്ചപ്പാളയിൽ കുരുത്തോല മുറിച്ചുണ്ടാക്കിയ ചായക്കോലുകൾ കൊണ്ട് കോലം എഴുതുന്നത് മുതല്‍ പടയണിയുടെ മുഖത്തെഴുത്തുകള്‍ തുടങ്ങും. 

626

പച്ചപ്പാളയിലാണ്‌ കോലങ്ങൾ വരയ്‌ക്കുക. കുരുത്തോലയുടെ മടൽ ചതച്ചുണ്ടാക്കുന്ന ബ്രഷ്‌ ഉപയോഗിച്ചാണ് കോലങ്ങൾ എഴുതുന്നത്.  കറുപ്പ്‌, ചുവപ്പ്‌, മഞ്ഞ നിറങ്ങളാണ്‌ കോലം എഴുതാനായി ഉപയോഗിക്കുന്നത്‌. മാവിന്‍റെ ഇല ഉണക്കി കരിച്ച്‌ പൊടിച്ചതിനുശേഷം അരച്ചുണ്ടാക്കുന്നതാണ്‌ കറുപ്പ്‌നിറം. 

 

726

തോടുകളിലും മറ്റുംകാണുന്ന ചുവന്നകല്ല്‌ ഇടിച്ച് പൊടിച്ചുണ്ടാക്കുന്നതാണ്‌ ചുവപ്പുനിറം. ഇവയെല്ലാം വെളളത്തിൽ കുഴച്ചാണ്‌ കോലം വരയ്‌ക്കുക. ചുവന്ന ചണ്ണയ്‌ക്ക ഇടിച്ച് പിഴിഞ്ഞുണ്ടാക്കുന്ന നീരാണ്‌ മഞ്ഞനിറം. അതുകിട്ടാത്തപ്പോള്‍ മഞ്ഞൾ പൊടിയും ഉപയോഗിക്കുന്നു. 

 

826

പടയണിയില്‍ രൌദ്ര ഭാവത്തിനാണ് പ്രാധാന്യമെന്നത് കൊണ്ട് എഴുത്തിന് കൂടുതൽ ഉപയോഗിക്കുന്ന നിറം കറുപ്പാണ്‌.  കോലം തുള്ളി ആടുമ്പോൾ കലാബോധവും മെയ് വഴക്കവും കായിക അഭ്യാസപാടവവും കാഴ്ചക്കാരില്‍ ഒരേ സമയം ഭയഭക്തി വികാരങ്ങള്‍ ഉണര്‍ത്തുന്നു. 

 

926

എരുമ തോല് പനിച്ചിക്കാ പശ തേച്ച് പൊതിഞ്ഞെടുത്താണ് തപ്പ് ഉണ്ടാക്കുന്നത്. ചൂടു കനലിന്‍റെ അരികിൽ വച്ച് ഇവ  ചൂടാക്കിയെടുക്കുന്നതോടെ പടയണി താളമുയരുന്നു. തോർത്ത് മുണ്ട് ഉടുത്ത് തലയിൽ കെട്ടി ആളുകള്‍ പടയണിക്കായി തയ്യാറാകുന്നു. പിന്നെ ചൂട്ട് കത്തിക്കലാണ്. 

 

1026

രാത്രികാലങ്ങളിലാണ് പ്രധാനമായും പടയണി പോലുള്ള അനുഷ്ഠാന കലകള്‍ അരങ്ങേറുക. ഈ സമയത്ത് വെളിച്ചത്തിനായി ഉണങ്ങിയ ഓലകൊണ്ട് നിര്‍മ്മിച്ച നീണ്ട ചൂട്ടുകളാണ് ഉപയോഗിക്കുക. അതിനാല്‍ തന്നെ ഇത്തരം പടയണിക്ക് ചൂട്ട് പടയണിയെന്നും പേരുണ്ട്. 
 

1126

ഇത്തരത്തില്‍ തയ്യാറാകുന്ന ചൂട്ടിന് തീ കൊളുത്തി ഉയരത്തിൽ  വീശി പടയണിക്കോലങ്ങൾക്ക് വഴി തെളിക്കുന്നു. ചൂട്ടിന് തീ പകരുന്നതോടെ കാഴ്ചക്കാര്‍ ആവേശത്തിലാകുന്നു. കുരവയിട്ടും ആർപ്പ് വിളിച്ചും പടയണി കോലങ്ങളെ  ഭക്തര്‍ കളത്തിലേക്ക് എതിരേൽക്കുന്നു.

 

1226

ആളിക്കത്തുന്ന ചൂട്ടിൻ വെളിച്ചത്തിൽ ഭക്തരില്‍ ഭക്തിയും വിശ്വാസവും ആശ്വാസവുമായി പുലർച്ച വരെ പടയണിക്കോലങ്ങൾ നിറഞ്ഞാടുന്നു. ധനു  മുതൽ മേടം വരെയാണ് പടയണിയുടെ നാളുകൾ. മീനഭരണിയോട് കൂടി തെക്കന്‍ കേരളത്തിലെ പ്രധാന പടയണികൾ എല്ലാം തന്നെ കഴിയും. അതിന് ശേഷമാണ് ചെറു പടയണികൾ അരങ്ങേറുക.

 

1326

ഓല ചൂട്ടുകളും പന്തങ്ങളും കത്തിച്ച് വീശി കുരവയും ആരവവും മുഴക്കി കോലങ്ങളെ കളത്തിലേക്ക് ആനയിക്കുന്നു.  ഈ സമയം ഭയഭക്തി വിശ്വാസങ്ങളെ ആളിക്കത്തിച്ച് കത്തിയാളുന്ന ചൂട്ടിൽ നിന്ന് തീപ്പൊരികൾ കളത്തിന് ചുറ്റും തെറിച്ചു വീഴുന്നുണ്ടാവും. പടയണിക്കോലങ്ങളുടെ അണിയറയിൽ  ചെറിയ കുട്ടികൾ മുതൽ വൃദ്ധര്‍ വരെ കാഴ്ച കാണാനായി ഇരിപ്പുണ്ടാകും. 

 

 

1426

മദ്ധ്യ കേരളത്തിലെ ഗ്രാമങ്ങളിൽ അത്രയേറെ ഇഴുകിചേർന്ന ഒരു ആചാരാനുഷ്ഠാന കലയാണ് പടയണി.  കേവലമൊരു മതത്തിലൂന്നിയുള്ള അനുഷ്ഠാനകല എന്നതിലുപരി ഒരു പൗരാണിക സംസ്കൃതിയുടെ പ്രതിഫലനമെന്ന തലത്തിൽ നിന്നു കൂടി വേണം പടയണിയെ കാണാൻ. 

 

1526

മടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ രാത്രി തുടങ്ങിയ പടയണി, മംഗള കോലം  തുള്ളി അവസാനിപ്പിക്കാൻ ഏറെ വൈകി. വെളുപ്പിനെ 5 മണിയോടടുത്തായിരുന്നു മംഗള കോലം തുള്ളിയാടിയത്. പുലര്‍ച്ചയായപ്പോഴേക്കും കാഴ്ചക്കാരില്‍ പലരും കൊഴിഞ്ഞുപോയിരുന്നു. ചിലര്‍ അമ്പലപറമ്പില്‍ അവിടവിടെയായി പാ വിരിച്ചുറങ്ങി. 

 

1626

കാഴ്ചക്കാരുടെ കുറവ് പക്ഷേ, സംഘാടകരെ ഭയപ്പെടുത്തിയില്ല. അതിന് അവര്‍ പറയുന്ന കാരണം ഇങ്ങനെ: " അത്തരമൊരു ആശങ്കയ്ക്ക് വഴിയില്ല. കാരണം, പടയണി എന്നത് ആളെക്കൂട്ടാനുള്ള എന്തെങ്കിലും കെട്ടുകാഴ്ചയല്ല. മറിച്ച് അത് ഒരു നാടിന്‍റെ സംസ്കാരമാണ്." 

 

1726

ലഭ്യമായ ചരിത്ര രേഖകളില്‍ പടയണി തികച്ചും ദ്രവീഡിയനായ ഒരു ആചാരാനുഷ്ഠനാമായാണ് കണക്കാക്കുന്നത്. പ്രകൃത ദ്രാവിഡരാണ് പടയണിയുടെ ആദ്യകാല പ്രയോക്താക്കളെങ്കിലും പിന്നീട് ബുദ്ധമതക്കാരിലൂടെ ഈ കലാരൂപം ഏറെ പുരോഗമിക്കപ്പെട്ടു. 

 

1826

ഇന്നത്തെ കുട്ടനാട്, ആലപ്പുഴ പത്തനംതിട്ട ഭാഗങ്ങളില്‍ ശക്തമായിരുന്ന ഈ കലാരൂപം 8 നൂറ്റാണ്ട് മുതല്‍ ഏതാണ്ട് 16-ാം നൂറ്റാണ്ടുവരെ ബുദ്ധമതത്തിന്‍റെ സ്വാധീനത്തിലായിരുന്നു. പള്ളി ബാണപ്പെരുമാൾ എന്ന ചേര രാജാവാണ് പെരിഞ്ഞനത്തു നിന്നുള്ള തന്‍റെ കുടുംബദേവതയെ നീലമ്പേരൂർ കുടിയിരുത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. 

 

1926

അദ്ദേഹം ഈ കലാരൂപത്തിന് ഏറെ പ്രധാന്യം നല്‍കിയിരുന്നതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പിന്നീട് ആര്യാധിനിവേശം ശക്തമായപ്പോള്‍ ഈ കലാരൂപം കേരളത്തിലെ ബുദ്ധമതത്തിന്‍റെ അവസാനത്തെ പ്രോത്സാഹകനായ  പള്ളിബാണപ്പെരുമാളിനൊപ്പം കുട്ടനാട്ടിലേക്ക് പറിച്ച് നടപ്പെട്ടതായി കരുതുന്നു.

 

2026

ചരിത്രത്തിന്‍റെ കുഴമറിച്ചിലില്‍, ദ്രാവിഡത്വത്തെ സ്വമതത്തിലേക്ക് സ്വാംശീകരിച്ച ആര്യമതം, ഈ കലാരൂപത്തെ കൂടി സ്വന്തമാക്കുകയായിരുന്നു. കേരളത്തിലെ മറ്റ് ആചാരാനുഷ്ഠാനങ്ങളെ പോലെ ഇന്നും ജാതി ബന്ധങ്ങള്‍ ഈ കലാരൂപത്തിലും പ്രയോഗിക്കപ്പെടുന്നു.

 

2126

പ്രാചീനകാലത്തെ ഗണക സമുദായത്തിലെ ഒരു വിഭാഗമായിരുന്ന കണിയാന്മാരുടെ ഒരു നൃത്തരൂപത്തില്‍ നിന്ന് വികസിച്ച് വന്നതാണ് പടയണിയെന്ന വാദവും നിലനില്‍ക്കുന്നു. പ്രേതബാധയൊഴിപ്പിക്കാനുള്ള അക്കാലത്തെ ഒരു രീതിയായിരുന്നു ഈ അനുഷ്ഠാനം. പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രോഗിയെ പിണിയാൾ എന്നാണു വിളിക്കുക. 

 

2226

കോലങ്ങൾ ധരിച്ച നർത്തകരുടെ നടുവിൽ പിണിയാളെ ഇരുത്തുന്നു. നർത്തകർ പിണിയാള്‍ക്ക് ചുറ്റും നിന്ന് കോലം തുള്ളുമ്പോള്‍ മന്ത്രോച്ചാരണങ്ങൾ ഉയരും. ശബ്ദവും കോലവും എല്ലാം ഇടകലരുന്ന ഈ സമയം ഒരു പ്രത്യേക അനുഭവമാകും കാഴ്ചക്കാര്‍ക്കുണ്ടാകുക. 

 

2326

കളരി ആചാര്യന്മാരായിരുന്ന കണിയാർ പണിക്കന്മാരും , ശിഷ്യന്മാരായ യുവ നായർ പടയാളികളും നടത്തിയിരുന്ന അഭ്യാസ പ്രകടനത്തിന്‍റെ ( പടശ്രേണി ) ആനുസ്മരിപ്പിക്കുന്ന ഒന്നാണ് പടയണിയെന്ന വാദവും നിലനിൽക്കുന്നുണ്ട്. ആധുനിക കാലത്തെ പടയണി നൃത്തത്തിൽ നായർ സമുദായക്കാരാണ് കൂടുതലായും അഭിനേതാക്കളായി രംഗത്തെത്തുന്നത്. ഗണക സമുദായത്തിൽ പെട്ടവരാണ് വേഷങ്ങളും ഗാനങ്ങളും ചിട്ടപ്പെടുത്തുന്നത്. 

 

2426

അസുരചക്രവർത്തിയായ ദാരികനെ ശിവചൈതന്യമുള്ള ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. ദാരികനെ അടക്കിനിർത്താൻ കഴിയാത്ത ദേവന്മാർ, മഹാവിഷ്ണുവിന്‍റെ നിർദ്ദേശപ്രകാരം ശിവനെ അഭയം പ്രാപിച്ചു. ശിവന്‍റെ നിര്‍ദ്ദേശപ്രകാരം ഭദ്രകാളി ദാരികനെ കൊല്ലുന്നു. എന്നാല്‍ കലിയടക്കാന്‍ ഭദ്രകാളിക്കായില്ല. 

 

2526

ഭദ്രകാലിയുടെ കലിയടക്കാന്‍ പല വഴികള്‍ നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. ഒടുവില്‍ പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞൾ, കരിക്കട്ടകൾ, വിവിധ വർണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകൾ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകള്‍ ഉപയോഗിച്ച് കമുകിൻ പാളകളിൽ വരച്ചുണ്ടാക്കിയ കോലങ്ങൾ കൊണ്ട് സ്വന്തം ശരീരം മറച്ചുപിടിച്ച് കലികൊണ്ട കാളിക്ക് മുന്നില്‍ നിന്ന് ശിവ പുത്രനായ മുരുകന്‍ കോലം തുള്ളി. 

 

 

2626

കോലം തുള്ളല്‍ കണ്ട ഭദ്രകാളിയുടെ കോപമടങ്ങി. ഭദ്രകാളിയുടെ കോപമടക്കിയതിന്‍റെ തുടര്‍ച്ചയായാണ് പടയണിയെന്ന ഹൈന്ദവാധിഷ്ടിതമായ മറ്റൊരു വിശ്വാസവും നിലനില്‍ക്കുന്നു. പ്രദേശികമായി മറ്റ് ചിലകഥകളും ഇത് സംബന്ധിച്ച് പ്രചാരത്തിലുണ്ട്. കഥകളെന്തായാലും ഒരു കാലത്ത് ഒരു ജനസമൂഹത്തെ ഐക്യത്തോടെയും പ്രദേശിക ബോധത്തോടെയും ഒത്തൊരുമിച്ച് നിലനിര്‍ത്തിയിരുന്ന ഒരു കലാരൂപമാണ് പടയണിയെന്ന് നിസംശയം പറയാം. 

 

Read more Photos on
click me!

Recommended Stories