ഉച്ചയ്ക്കും സന്ധ്യയ്ക്കും പാതിരായ്ക്കും നടന്നുവാഴും ഗുളികൻ, ചിത്രങ്ങള്‍ കാണാം

First Published Dec 17, 2022, 10:58 AM IST

ആരാണ് ഗുളികൻ? ഇതാ ചില ചിത്ര വിശേഷങ്ങള്‍

വെറും വാക്കിലൊതുങ്ങാത്ത അര്‍ത്ഥസാഗരമാണ് ഗുളികൻ. ആ വാക്ക് സൂചിപ്പിക്കുന്ന ബിംബങ്ങള്‍ നിരവധിയുണ്ട്. വടക്കൻ കേരളത്തിലെ തെയ്യപ്രപഞ്ചത്തിലെ ഭൈരവാദി മൂർത്തി സങ്കൽപ്പങ്ങളില്‍ ഒന്നായ ഗുളികനെന്ന തെയ്യക്കോലം. അഷ്‍ടനാഗങ്ങളിൽ ഒരുവനായ ഗുളികൻ. ജോതിഷത്തിലെ ശനിപുത്രനായ ഗുളികൻ തുടങ്ങി നിരവധി ഗുളികന്മാര്‍

കാലനില്ലാത്ത കാലത്ത് മഹാദേവന്റെ പെരുവിരൽപ്പൊട്ടിയടര്‍ന്നുണ്ടായ ദേവനാണ് തെയ്യപ്രപഞ്ചത്തിലെ ഗുളികൻ. ജനനമരണങ്ങളുടെ കാരണഭൂതൻ. ഉച്ചയ്ക്കും സന്ധ്യക്കും പാതിരാനേരത്തും നടന്നുവാഴുന്ന ദേവൻ. 

മാര്‍ക്കണ്ഡേയനെ വധിക്കാനെത്തി ശിവ കോപാത്താല്‍ ചാമ്പലായിപ്പോയ കാലന് പകരമെത്തിയ ദേവനാണ് ഗുളികൻ എന്ന് ഐതിഹ്യം. ശിവൻ തന്‍റെ  ഇടതുതൃക്കാലിന്‍റെ പെരുവിരൽ നിലത്തമർത്തി. അത് പൊട്ടിപ്പിളർന്നു. അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ഒരു ദേവൻ അവതരിച്ചു.  അതാണ് സാക്ഷാല്‍ ഗുളികൻ. 

Gulikan Theyyam

പുറംകാലനെന്നും  കരിങ്കാലെന്നും പേരുണ്ട് ഗുളികന്. കാലൻ , അന്തകൻ, യമൻ എന്നീ പേരുകളിലും അറിയപ്പെടുന്നു ഗുളികൻ. തെയ്യക്കാവുകളിലെ പ്രധാന ദേവതയായ ഗുളികനെ ദേവസ്ഥാന വാസ്‍തുവിന്റെ സംരക്ഷകനായിട്ടാണ് അത്യുത്തരകേരളത്തില്‍ കരുതുന്നതും ആരാധിക്കുന്നതും. കാവുകളുടെയും ദേവസ്ഥാനങ്ങളുടെയുമൊക്കെ മതിലിന് പുറത്ത് ചെമ്പകമരച്ചോട്ടിലാണ് ഗുളികന്‍റെ സ്ഥാനം. 

പുറംകാലനെന്നും  കരിങ്കാലെന്നും പേരുണ്ട് ഗുളികന്. കാലൻ , അന്തകൻ, യമൻ എന്നീ പേരുകളിലും അറിയപ്പെടുന്നു ഗുളികൻ. തെയ്യക്കാവുകളിലെ പ്രധാന ദേവതയായ ഗുളികനെ ദേവസ്ഥാന വാസ്‍തുവിന്റെ സംരക്ഷകനായിട്ടാണ് അത്യുത്തരകേരളത്തില്‍ കരുതുന്നതും ആരാധിക്കുന്നതും. കാവുകളുടെയും ദേവസ്ഥാനങ്ങളുടെയുമൊക്കെ മതിലിന് പുറത്ത് ചെമ്പകമരച്ചോട്ടിലാണ് ഗുളികന്‍റെ സ്ഥാനം. 

വെടിയിലും പുകയിലും കരിയിലും നാനാകര്‍മ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നാണ് തെയ്യത്തിന്‍റെ വാമൊഴി. അതുകൊണ്ടുതന്നെ ജനനം മുതല്‍ മരണം വരെയുള്ള ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കര്‍മ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഉത്തരകേരളത്തിലെ പല സമുദായങ്ങളും ഗുളികൻറെ ആരാധനകൾ ചെയ്‍തു വരുന്നുണ്ട്. എന്നാല്‍ മലയ സമുദായക്കാരുടെ കുലമൂര്‍ത്തിയാണ് ഗുളികന്‍. മറ്റാരേക്കാളും  മലയരുടെ പൂജയാണത്രെ ഗുളികന് ഇഷ്‍ടം. ഒരു മലയൻ മന്ത്രം പോലുമറിയാതെ ഗുളികനെ മനസിൽ ധ്യാനിച്ച് ഒരു പുഷ്പ്പം അർപ്പിച്ചാലും ദേവൻ അത് നെഞ്ചോട് ചേര്‍ക്കുമത്രെ. ഒട്ടുമിക്ക കാവുകളിലും ഗുളികന് സ്ഥാനമുണ്ടാകും. വിഘ്നേശ്വരനായ ഗണപതി ഭഗവാനെ കഴിഞ്ഞാൽ ചെയ്യുന്ന കർമ്മങ്ങളിൽ വിഘ്നം തീർക്കാൻ കഴിയുന്ന ദേവൻ കൂടിയാണ് ഗുളികൻ.  

പലതരം ഗുളികന്മാരുണ്ട് തെയ്യപ്രപഞ്ചത്തില്‍. ഗുളികൻമാര്‍ നൂറ്റൊന്നെന്നാണ് ചൊല്ല്. അതിൽ ചിലരാണ് കാലഗുളികൻ (തെക്കൻ ഗുളികൻ), മന്ത്രഗുളികൻ (വടക്കൻ ഗുളികൻ), കാരഗുളികൻ, മൂകാംബി ഗുളികൻ, മാരിഗുളികൻ, മാരണഗുളികൻ, പുലഗുളികൻ , ജപഗുളികൻ, കരിംഗുളികൻ, മാരണഗുളികൻ, ചൗക്കാർ ഗുളികൻ, രക്തഗുളികൻ, ചുവന്നഗുളികൻ, സ്ഥാനഗുളികൻ, ഉമ്മട്ട ഗുളികൻ, കുട്ടിഗുളികൻ, മൃത്യുഗുളികൻ, കരിഗുളികൻ, വിഷ്‍ണുഗുളികൻ, രാഹുഗുളികൻ, അന്തിഗുളികൻ, പാതിരഗുളികൻ,  ജാതക ഗുളികൻ തുടങ്ങിയവര്‍. ഇതില്‍ വടക്കൻ ഗുളികൻ, തെക്കൻ ഗുളികൻ, മാരണ ഗുളികൻ പുലഗുളികൻ, ജപഗുളികൻ, കരിംഗുളികൻ, കാരഗുളികൻ, ജാതക ഗുളികൻ, ഉമ്മിട്ട ഗുളികൻ  തുടങ്ങിയ സങ്കല്‍പ്പങ്ങൾക്ക് കെട്ടിക്കോലമുണ്ട്. 

കരിങ്കലശം ആണ് ഗുളികൻറെ കർമ്മങ്ങളിൽ പ്രധാനം. അപമൃത്യു സംഭവിക്കാതിരിക്കാനും സകലദോഷങ്ങളും ദുരിതങ്ങളും വിട്ടുമാറുന്നതിനും ഭക്തൻമാർ കരിങ്കലശം ചെയ്യുന്നു. കോഴിയറുത്ത് ഗുരുസി തർപ്പണത്തിലൂടെയാണ് കർമ്മം പൂർത്തിയാക്കുന്നത്. തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.  തിറയാട്ടത്തിലെ പാണ സമുദായക്കാർ കെട്ടിയാടുന്ന ഗുളികന് കഥകളിയിലെ കരിവേഷത്തോട് സാമ്യമുണ്ട്. 

Gulikan Theyyam

ഗുളികന് ഉത്തരകേരളത്തിൻറെ വടക്കും തെക്കും രൂപത്തിലും പുരാവൃത്തത്തിലും വ്യത്യാസമുണ്ട്. പക്ഷേ കാലൻറെ സങ്കൽപ്പത്തിലുള്ള ആരാധനയും ഉപാസനലക്ഷ്യവും തികച്ചും ഒന്നുതന്നെയാണ്. കണ്ണൂരിന് തെക്ക്, അതായത് വളപട്ടണം പുഴയ്ക്ക് തെക്കുള്ള പ്രദേശങ്ങളില്‍ ഉയരമുള്ള മുടി വയ്ക്കുന്ന തെക്കന്‍ ഗുളികനാണ് പ്രചാരത്തില്‍. ആദ്യം ഇളം കോലമായും പിന്നീട് തിരുമുടിയും മുഖപ്പാളിയും അണിഞ്ഞ്  കൈയ്യിൽ ദണ്ഡും ഏന്തി തിരുനടനം ചെയ്യും തെക്കൻ ഗുളികൻ. അതിനു ശേഷം പൊയ്ക്കാലിൽ മൂന്നു തവണ  ക്ഷേത്രം വലം വയ്ക്കും. 

തെക്കൻ ഗുളികനും വടക്കൻ ഗുളികനും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. വളപട്ടണം പുഴയ്ക്ക് വടക്കുള്ള ദേശങ്ങളിലെ വടക്കൻ ഗുളികനു വെള്ളാട്ടമില്ല. പൊയ്ക്കാലും നീണ്ട മുടിയുമില്ല. മുഖപ്പാളയും കുരുത്തോലയുമണിഞ്ഞ് കയ്യില്‍ ത്രിശൂലവും വെള്ളോട്ട് മണിയുമായാണ് ഗുളികന്‍ തെയ്യമിറങ്ങുക. ശൂലം നീട്ടി കുത്താനോങ്ങിയും വായ്ക്കുരവയിടുന്ന കുട്ടികളുടെ പിന്നാലെ പാഞ്ഞും പൊടിക്കൈകള്‍ കാട്ടി കാണികളെ ചിരിപ്പിക്കുകയും ചെയ്യുന്ന കോലമാണ് വടക്കൻ ഗുളികന്‍ തെയ്യം. 

മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്. എല്ലായിടത്തും സഞ്ചാരമുള്ള ദേവതയാണ് ഗുളികൻ. സർവ്വ വ്യാപിയായ ഗുളികൻറെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാകില്ലെന്ന് ഉപാസകൻമാർ ഉറച്ച് വിശ്വസിക്കുന്നു. ജനനമരണകാരകനായ ഗുളികൻറെ സാനിദ്ധ്യമാണ് പ്രപഞ്ചത്തിൻറെ കർമ്മഗതിയെ നിയന്ത്രിക്കുന്നത്. അന്തകനെന്ന നിലയിലും ജനനമരണങ്ങളുടെ കാരണഭൂതൻ എന്ന നിലയിലും ഗുളികന് മുഖ്യസ്ഥാനമുണ്ട്. 

കേരളീയ ജ്യോതിഷത്തിന്‍റെ ആണിക്കല്ലായ ഗുളികൻ ശനിയുടെ മകനും സൂര്യന്‍റെ പേരമകനുമാണ്. രാത്രിയും പകലും വ്യത്യസ്‍ത രാശികളിൽ ഉദിച്ച് അസ്‍തമിക്കുന്ന ദേവൻ. മറ്റൊരു കഥയില്‍ അഷ്‍ടനാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ,  മഹാപത്മൻ, ഗുളികൻ, ശംഖപാലൻ എന്നിങ്ങനെ അഷ്‍ടനാഗങ്ങളിൽ ഏഴാമൻ കൂടിയാണ് ഗുളികൻ. അന്തകനെന്ന നിലയിലും ജനനമരണങ്ങളുടെ കാരണഭൂതൻ എന്ന നിലയിലും ഗുളികന് മുഖ്യസ്ഥാനമുണ്ട്. ഉച്ചക്കും സന്ധ്യക്കും പാതിരാനേരത്തും നടന്നുവാഴ്ച ചെയ്യുന്ന ദേവനാണ് ഗുളികൻ. ഗുളികൻറെ പ്രത്യക്ഷദർശനം മരണത്തിന് കാരണമാകുമെന്നാണ് വിശ്വാസം. അതേസമയം ഭക്തൻമാർക്ക് വന്നു ഭവിക്കുന്ന സർവ്വ ദോഷങ്ങളും ദൂരീകരിക്കുന്ന ദേവനും കൂടിയാണ് ഗുളികൻ. 

click me!