അച്ഛന്‍റെ ഛായാചിത്രത്തിനരികെ 'കുഞ്ഞ് ചിരു'; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

First Published Oct 22, 2020, 1:38 PM IST

ഇര്‍ഫാന്‍ ഖാനും ഋഷി കപൂറുമടക്കം സിനിമാമേഖലയില്‍ നിന്ന് നിരവധി വിയോഗവാര്‍ത്തകള്‍ ലോക്ക് ഡൗണ്‍ കാലത്ത് നമ്മെ തേടിയെത്തിയിരുന്നു. അവരൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരുമായിരുന്നു. എന്നാല്‍ ചിരഞ്ജീവി സര്‍ജയെന്ന കന്നഡ സിനിമാതാരത്തിന്‍റെ വിയോഗവാര്‍ത്ത ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ച വേദന മറ്റൊരു തലത്തിലായിരുന്നു. മലയാളത്തിലും നായികയായെത്തിയ മേഘ്ന രാജിന്‍റെ ഭര്‍ത്താവാണ് അദ്ദേഹം എന്നതാണ് മലയാളികള്‍ക്ക് ഈ വാര്‍ത്തയോടുണ്ടായ വൈകാരികാഭിമുഖ്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരിച്ച സമയത്ത് മേഘ്ന ഗര്‍ഭിണിയായിരുന്നുവെന്ന വിവരം പിന്നീടുള്ള ദിവസങ്ങളില്‍ പുറത്തെത്തി. ആരാധകരുടെ വേദന ഇരട്ടിപ്പിച്ച വിവരമായിരുന്നു ഇത്. 'ചിരു' തന്നെ സംബന്ധിച്ച് ആരായിരുന്നുവെന്ന, മേഘ്നയുടെ പിന്നീടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഒക്കെയും വൈറല്‍ ആയി. ഒരു ശുഭവാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പും ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇന്നിതാ ആ വാര്‍ത്ത പുറത്തെത്തിയിരിക്കുന്നു. മേഘ്ന രാജ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടാണ് മേഘ്നയെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11.07ന് ആ സന്തോഷവാര്‍ത്തയെത്തി. മേഘ്ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു.
undefined
ചിരഞ്ജീവി സര്‍ജയുടെ അനുജനും നടനുമായ ധ്രുവ് സര്‍ജയാണ് വിവരം സ്ഥിരീകരിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ സന്തോഷ വര്‍ത്തമാനം അദ്ദേഹം ആദ്യമായി പങ്കുവച്ചത്.
undefined
കുഞ്ഞിന്‍റെ രണ്ട് ചിത്രങ്ങളാണ് ആദ്യം സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഒന്ന് ധ്രുവ് സര്‍ജ കുഞ്ഞിനെ ഏറ്റുവാങ്ങുന്നതിന്‍റേതായിരുന്നു. മറ്റൊന്ന് അച്ഛന്‍ ചിരഞ്ജീവി സര്‍ജയുടെ ഫ്രെയിം ചെയ്തുവച്ച വലിയ ഫോട്ടോഗ്രാഫിനടുത്തേക്ക് ആരോ കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നതിന്‍റെയും.
undefined
ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായിരിക്കേണ്ട സമയത്ത് ഭര്‍ത്താവിനെ നഷ്ടപ്പെട്ട മേഘ്നയ്ക്ക് കുടുംബവും സുഹൃത്തുക്കളും ആരാധകരും വലിയ പിന്തുണയാണ് നല്‍കിയത്.
undefined
മേഘ്നയുടെ ബേബി ഷവര്‍ ചടങ്ങും ചിരഞ്ജീവി സര്‍ജയുടെ ജന്മദിനവുമൊക്കെ കുടുംബം കൊണ്ടാടി. അതിന്‍റെയൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ആരാധകരും ആ കുടുംബത്തോടൊപ്പം ചേര്‍ന്നുനിന്നു.
undefined
സഹോദരന്‍റെ കുഞ്ഞിനായി ധ്രുവ് സര്‍ജ പത്ത് ലക്ഷം രൂപയുടെ വെള്ളിത്തൊട്ടില്‍ വാങ്ങിയതും വലിയ വാര്‍ത്തയായിരുന്നു.
undefined
ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ചിരഞ്ജീവി സര്‍ജയുടെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പ്രിയതമനെക്കുറിച്ച് മേഘ്ന കുറിച്ചത് ഇങ്ങനെ- "പിറന്നാള്‍ ആശംസകള്‍ എന്‍റെ ലോകമേ! ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എക്കാലവും"!
undefined
ചീരുവിന്‍റെ മരണശേഷം മേഘ്ന ആദ്യമായി നല്‍കിയ അഭിമുഖവും (ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയത്) വലിയ വാര്‍ത്തയായിരുന്നു. ഭര്‍ത്താവിന്‍റെ മരണദിനത്തെക്കുറിച്ച് മേഘ്ന അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
undefined
"ഒരു സാധാരണ ഞായറാഴ്ച ദിവസം പോലെയാണ് ആ ദിവസം ആരംഭിച്ചത്. ധ്രുവയ്ക്കും (ചീരുവിന്‍റെ സഹോദരന്‍), പ്രേരണയ്ക്കുമൊപ്പം (ധ്രുവയുടെ ഭാര്യ) വീടിനുപുറത്ത് നില്‍ക്കുകയായിരുന്നു ഞാന്‍.."
undefined
"ചീരു വീണെന്നു പറഞ്ഞ് അദ്ദേഹത്തിന്‍റെ അച്ഛന്‍ ഞങ്ങളെ വിളിക്കുകയായിരുന്നു. ചീരുവിനെ ഒരിക്കലും ഞാന്‍ അങ്ങിനെ കണ്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടിരുന്നു. ഇടയ്ക്ക് ചെറുതായി ബോധം വീഴുന്നുമുണ്ടായിരുന്നു. ആംബുലന്‍സ് വിളിക്കുന്നതിനു പകരം കാറില്‍ത്തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.."
undefined
"അവിടെയെത്തി പരിശോധിച്ച ഡോക്ടര്‍മാര്‍ സംഭവിച്ചത് ഒരു ഹൃദയാഘാതമായിരുന്നെന്ന് പറഞ്ഞു. എല്ലാം വളരെ പെട്ടെന്നായിരുന്നു. വീട്ടില്‍വച്ച് ബോധം തിരിച്ചുകിട്ടിയ ഒരു നിമിഷം അദ്ദേഹം എന്നോട് പറഞ്ഞതേ എനിക്ക് ഓര്‍മ്മയുള്ളൂ. തന്നെയോര്‍ത്ത് ആശങ്ക വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതായിരുന്നു അദ്ദേഹം എന്നോട് അവസാനം പറഞ്ഞ വാക്കുകള്‍", മേഘ്ന അഭിമുഖത്തില്‍ പറഞ്ഞു.
undefined
ജൂണ്‍ ഏഴ് എന്ന ദിവസത്തിനുശേഷമുള്ള ദിവസങ്ങള്‍ തന്നെ സംബന്ധിച്ച് ഒരു പുകമറ പോലെയാണെന്നും ബുദ്ധിമുട്ടേറിയ ദിവസങ്ങളാണ് പിന്നിട്ടതെന്നും മേഘ്ന പറഞ്ഞിരുന്നു.
undefined
കൊവിഡ് ലോക്ക് ഡൗണ്‍ കാലം തന്നെയും ചീരുവിനെയും സംബന്ധിച്ച് ഏറെ മനോഹരമായിരുന്നെന്നും ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച കാലയളവായിരുന്നു അതെന്നും മേഘ്ന പറഞ്ഞിരുന്നു. "മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലം ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ നിമിഷവും ഞങ്ങള്‍ ഒരുമിച്ചാണ് ചെലവഴിച്ചത്. ഒരാള്‍ പുതുതായി വരാനിരിക്കുന്നു എന്ന പ്രതീക്ഷ ആ സമയത്തെ കൂടുതല്‍ മനോഹരമാക്കി. ലോക്ക് ഡൗണിനോട് എനിക്ക് അക്കാര്യത്തില്‍ കടപ്പാടുണ്ട്. അദ്ദേഹത്തിന് ജോലിയുള്ള സമയമായിരുന്നെങ്കില്‍ ഒരുമിച്ച് ചെലവിടാന്‍ ഇത്രയും സമയം കിട്ടുമായിരുന്നില്ല", മേഘ്ന ആ അഭിമുഖത്തില്‍ പറഞ്ഞു.
undefined
click me!