' അറുപത് ഞാനിങ്ങെടുക്കുവാ..'; സുരേഷ് ഗോപിക്ക് ഇന്ന് അറുപതാം പിറന്നാള്‍

First Published Jun 26, 2019, 3:51 PM IST

'90 കളില്‍ മലയാള സിനിമയുടെ കരുത്തായിരുന്ന സുരേഷ് ഗോപിക്ക് ഇന്ന് അറുപത് വയസ്സ്. എണ്‍പതുകളിലെ സ്നേഹാര്‍ദ്രമായ മലയാള സിനിമാ കഥാ പരിസരത്തെ അടിമുടി മാറ്റിയെഴുതി കരുത്തിന്‍റെ പ്രതീകങ്ങളെ ആഘോഷിച്ചത് സുരേഷ് ഗോപിയുടെ സുവര്‍ണ്ണകാലത്തോടെയായിരുന്നു. മാസ് ഡയലോഗുകളും ആക്ഷനുകളും മലയാള സിനിമയുടെ സ്ക്രീനുകളില്‍ തീ പിടിപ്പിച്ചു. യുവാക്കാളും കുട്ടികളും ഒരു പോലെ സുരേഷ് ഗോപി ഡയലോഗുകള്‍ ഏറ്റു പറഞ്ഞു. ആ കരുത്ത് അല്പം പോലും ചോരാതെ ഇന്ന് അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്....
 

മാസ് ഡയലോഗുകള്‍ കൊണ്ട് കേരളത്തിലെ തീയ്യറ്ററുകളില്‍ ഗര്‍ജ്ജനമായിരുന്ന മലയാളിയുടെ സ്വന്തം സുരേഷ് ഗോപിക്ക് അറുപത് വയസ്സ്. ആലപ്പുഴയിലെ ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്ന കെ ഗോപിനാഥന്‍ പിള്ളയുടെയും വി ഗണലക്ഷ്മിയമ്മയുടെയും മകനായി 1958 ജൂണ്‍ 26 നായിരുന്നു സുരേഷ് ഗോപിയുടെ ജനനം. ആലപ്പുഴയില്‍ ജനിച്ചെങ്കിലും സുരേഷ് ഗോപിയുടെ കുട്ടിക്കാലം കൊല്ലത്തായിരുന്നു. പഠനം ഇന്‍ഫാന്‍റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്കൂളിലും.
undefined
കോളേജ് വിദ്യാഭ്യാസം, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍. ജന്തുശാസ്ത്രത്തില്‍ ബിരുദമെടുത്ത സുരേഷ് ഗോപി, ഇംഗ്ലീഷ് ഭാഷയിലാണ് തന്‍റെ ബിരുദാനന്തരബിരുദം നേടിയത്. ഏഴാം വയസ്സിലായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ സിനിമാ അഭിനയം. പഠനകാലത്ത് സിപിഎമ്മിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സുരേഷ് ഗോപി.
undefined
1965 ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത 'ഓടയില്‍ നിന്ന്' എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപി തന്‍റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് പഠനത്തിലേക്ക് തിരിഞ്ഞ അദ്ദേഹം, തന്‍റെ രണ്ടാമത്തെ ചിത്രം ചെയ്യുന്നത് നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 1986 ലാണ്.
undefined
1986 ലെ രണ്ടാം വരവില്‍, പത്ത് ചിത്രങ്ങളില്‍ സുരേഷ് ഗോപി അഭിനയിച്ചു. ഇതില്‍ യുവജനോത്സവം, ടി പി ബാലഗോപാലന്‍ എം എ, രാജാവിന്‍റെ മകന്‍, എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. '86 മുതല്‍ '90 വരെയുള്ള കാലത്ത് സുരേഷ് ഗോപി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പലതും വില്ലന്‍ കഥാപാത്രങ്ങളും സഹതാരവുമൊക്കെയായിട്ടായിരുന്നു. 1990 ല്‍ ആറന്മുള പൊന്നമ്മയുടെ കൊച്ചുമകള്‍ രാധികയെ ജീവിത സഖിയാക്കി.
undefined
1992 ല്‍ ഷാജി കൈലാസിന്‍റെ 'തലസ്ഥാന'മായിരുന്നു സുരേഷ് ഗോപി എന്ന നടന് മലയാള സിനിമയില്‍ നായക പരിവേഷം നല്‍കിയ ആദ്യ ചിത്രം. രഞ്ജി പണിക്കരുടെ തിരക്കഥാ പരീക്ഷണത്തില്‍ സുരേഷ് ഗോപി ഏറെ അനുയോജ്യനായിരുന്നു.
undefined
രഞ്ജി പണിക്കരുടെ തിരക്കഥയില്‍ കൂടുതല്‍ സിനിമകള്‍ ഇറങ്ങിയതോടെ '90 കള്‍ സുരേഷ് ഗോപിയുടെ കാലം കൂടിയായി. ഏകലവ്യന്‍ (1993), മാഫിയ (1993), കമ്മീഷണര്‍ (1994), ലേലം (1997), പത്രം (1999). സുരേഷ് ഗോപിയുടെ ഗ്രാഫുയര്‍ത്തിയ ജോഷി ചിത്രങ്ങളായിരുന്നു. ഇതിനിടെ അഞ്ച് കുട്ടികളുടെ അച്ഛനുമായിത്തീര്‍ന്നു സുരേഷ് ഗോപി. കാറപകടത്തെ തുടര്‍ന്ന്, മകള്‍ ലക്ഷ്മിയുടെ മരണം സുരേഷ് ഗോപിയെ ഏറെ തകര്‍ത്തു.
undefined
1997 ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ കണ്ണന്‍ പെരുവണ്ണാന്‍റെ അഭിനയത്തിന് അതേ വര്‍ഷത്തെ ഏറ്റവും നല്ല നടനുള്ള സംസ്ഥാന - ദേശീയ അവാര്‍ഡുകള്‍ സുരേഷ് ഗോപിക്ക് നേടിക്കൊടുത്തു. 2014 ല്‍ 'അപ്പോത്തിക്കിരി'യിലെ അഭിനയത്തിന് അദ്ദേഹം വീണ്ടും ദേശീയ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു.
undefined
എന്നാല്‍ 2000 മുതല്‍ ' 90 കളുടെ തിളക്കം നിലനിര്‍ത്താന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല. 2006 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരേ സമയം എല്‍ഡിഎഫിന് വേണ്ടിയും യുഡിഎഫിന് വേണ്ടിയും വോട്ട് ചോദിച്ചിറങ്ങിയ സുരേഷ് ഗോപിയേയാണ് മലയാളികള്‍ കണ്ടത്. മലമ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി എസ് അച്ചുതാനന്ദന് വേണ്ടിയും പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം പി ഗംഗാധരന് വേണ്ടിയും വോട്ട് ചോദിച്ച് സുരേഷ് ഗോപി ഇറങ്ങി.
undefined
2012 ഓടെ സുരേഷ് ഗോപി ചാനല്‍ റിയാലിറ്റി ഷോകളിലേക്ക് കടന്നു. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന റിയാലിറ്റ് ഷോ ഏറെ വാണിജ്യ വിജയം നേടി. നാല് സീസണ്‍ വരെ ഈ റിയാലിറ്റ് ഷോ നീണ്ടുനിന്നു. 2016 ല്‍ ബിജെപി അംഗത്വമെടുത്ത സുരേഷ് ഗോപി തുടര്‍ന്ന് ബിജെപിയുടെ രാജ്യസഭാ എംപിയായി മാറി. അച്ഛന്‍റെ വഴിയേ മകന്‍ ഗോഗുല്‍ ഗോപിയും ഇപ്പോള്‍ മലയാള സിനിമാ ലോകത്തേക്കുള്ള തന്‍റെ വഴി തെളിക്കുകയാണ്.
undefined
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപിക്ക് പക്ഷേ വിജയിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും സിനിമയില്‍ എന്ന പോലെ മാസ് ഡയലോഗുകള്‍ കൊണ്ട് ആള്‍ക്കൂട്ടത്തെ ആവേശം കൊള്ളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വീണ്ടും സിനിമയിലേക്കുള്ള തിരിച്ച് വരവിനൊരുങ്ങുകയാണ് സുരേഷ് ഗോപി. വിജയ് ആന്‍റണിയുടെ 'തമിളരശ'നും നിഥിന്‍ രഞ്ജിപ്പണിക്കരുടെ ലേലം 2 മാണ് അണിയറയില്‍ സുരേഷ് ഗോപിക്കായി ഒരുങ്ങുന്നത്.
undefined
click me!