ബ്രിട്ടീഷുകാര്‍ ' പട്ടികള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനമില്ല' എന്ന് ബോര്‍ഡ് വച്ച മസൂറിയിലെ കാഴ്ചകള്‍

First Published Oct 25, 2019, 2:55 PM IST

ഹരിദ്വാറിലോ ഡെഹറാഡൂണിലോ പോയാൽ മസൂറി കാണാതെ തിരിച്ചു വരരുത്. കുന്നുകളുടെ രാജ്ഞി ആണവൾ. ഹരിദ്വാറിൽ നിന്ന് 85 കിലോമീറ്റർ യാത്ര ചെയ്താൽ മസൂറിയിൽ എത്താം. ഹിമാലയൻ നിരകളുടെ താഴ്വരയിലാണ് ഈ ഹിൽ സ്റ്റേഷൻ. ചെങ്കുത്തായ കുന്നുകളിലൂടെ ദേവധാരു മരങ്ങളേ വകഞ്ഞ് മാറ്റിയുള്ള യാത്ര ചെറുതല്ലാത്ത സാഹസികത ഉണർത്തും. മസൂറി കാഴ്ചകളും എഴുത്തുമായി ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിപിന്‍ മുരളീ.  
 

കുന്നുകളെ ഇടിച്ചു നശിപ്പിക്കാതെ, മരത്തൂണുകൾ താങ്ങി നിർത്തുന്ന ചെറു ഹോംസ്റ്റേകളും ധാബകളും മസൂറിയിലേക്കുള്ള യാത്രക്കിടയിൽ കാണാം. മഴച്ചാറ്റലും കോടമഞ്ഞും അപ്രതീക്ഷിതമെന്നോണം വഴികളിൽ നിങ്ങള്‍ക്കായി വിരുന്നൊരുക്കി നില്‍പ്പുണ്ടാകും.
undefined
തണുപ്പ് കൂടിവരുന്നുണ്ട്. വ്യൂപോയിൻറുകള്‍ക്ക് അരികിലായി ചായവാലകളും ചോളവും കക്കരിയും മറ്റ് ഭക്ഷ്യവസ്തുക്കളുമായി ചിലര്‍ നിങ്ങളെ കാത്തിരിപ്പുണ്ടാകും.
undefined
ഞങ്ങള്‍ ടിബറ്റൻ ഫ്ലാഗ് കെട്ടിയ ഒരു ചായക്കടയിൽ വാഹനം നിർത്തി ചൂടുള്ള ജിഞ്ചർ ചായ നുണയാനും ബിസ്കറ്റ് പോലുള്ള മട്ടി എന്ന പലഹാരം കഴിക്കാനും ഡ്രൈവർ അവസരം ഒരുക്കി തന്നു.
undefined
സമുദ്ര നിരപ്പിൽ നിന്ന് ആറായിരം അടി മുകളിലെത്തിയാൽ താഴ്വരയിൽ ഡെഹറാഡൂൺ പട്ടണത്തിന്‍റെ ദൂരെകാഴ്ച കാണാം. ഇപ്പോൾ മഞ്ഞ് കാലം തുടങ്ങിയിട്ടില്ലെങ്കിലും വൈകുന്നേരങ്ങളിൽ കോട ഇറങ്ങും.
undefined
ചാറ്റൽ മഴ ഇടവേളകളിൽ കൃത്യമായി ഹാജർ പറയുന്നുണ്ടായിരുന്നു. ഡിസംബർ പകുതി മുതൽ ഫെബ്രുവരിവരെയാണ് ഇവിടെ മഞ്ഞുകാല സീസൺ.
undefined
മഞ്ഞുകാലമായാൽ പിന്നേ യൂറോപ്യൻ പട്ടണങ്ങളെ അനുസ്മരിപ്പിക്കും വിധം സുന്ദരി ആകും ഇവൾ. ഓഫ് സീസണിൽ ആയിരം രൂപ മുതലാണ് മുറി വാടക. ചെറിയ വാടകയ്ക്ക് സ്കൂട്ടറും ബൈക്കുമൊക്കെ യദേഷ്ടം ലഭിക്കും.
undefined
'മൻസൂർ' എന്ന തദ്ദേശിയ കുറ്റിച്ചെടിയിൽ നിന്നാണ് 'മസൂറി' എന്ന പേര് വന്നതെന്ന് പറഞ്ഞ് ഒരു കുറ്റിച്ചെടി ഡ്രൈവർ രാഗവേന്ദ്ര കാണിച്ചുതന്നു.
undefined
1820 കളിൽ ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ക്യാപ്റ്റൻ യംഗും ഷോർ എന്ന സൂപ്രണ്ടും ചേർന്നാണ് മസൂറി പുറംലോകത്തിനായി കാട്ടിക്കൊടുത്തത്. മസൂറിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ക്യാപ്റ്റൻ ഈ ഹിൽ സ്റ്റേഷനിൽ താമസമാക്കി.
undefined
പിന്നീട് ബ്രീട്ടീഷുകാരുടെ അവധിക്കാല വസതിയായി ഇവിടം മാറി. അക്കാലത്ത് 'നായ്ക്കൾക്കും ഇന്ത്യക്കാർക്കും ഇവിടെ പ്രവേശനമില്ലെന്ന്' ബ്രിട്ടീഷുകാര്‍ സൈൻ ബോർഡുകൾ സ്ഥാപിച്ചിരുന്നു. പിന്നീടത് നീക്കം ചെയ്തുവെന്ന് ചരിത്രം
undefined
2011 ലെ കണക്കനുസരിച്ച് 32000 ത്തോളമാണ് ഇവിടുത്തെ ജനസംഖ്യ. നായ്ക്കളുടെ കാര്യം പറഞ്ഞതുകൊണ്ട് പറയുകയാണ്. നമ്മുടെ നാട്ടിലെ നാടൻ നായ്ക്കളെ ഇവിടെ അധികം കാണാനാകില്ല. രോമം കൂടുതലുള്ള 'ഗഡ്ഡികുട്ട' ഇനത്തിൽപ്പെട്ടവയാണ് അധികവും.
undefined
1920-40 കാലഘട്ടത്തിൽ ജവഹര്‍ലാല്‍ നെഹ്‌റു കുടുംബത്തിന്‍റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നു മസൂറി. സാവോയ് ഹോട്ടലായിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്ട താമസസ്ഥലം. നെഹ്രുവിന്‍റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്‍റെ വീട് ശാന്തമായ ഡൂൺ വാലിയിലാണ്.
undefined
മസൂറിയുടെ മാന്ത്രിക കാന്തി നിരവധി സെലിബ്രിറ്റികളെയും ആകർഷിച്ചുവെന്ന് പ്രത്യേകം പറയേണ്ടല്ലോ. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനുപം ഖേർ, ഐശ്വര്യ റായ് ബച്ചൻ, അജയ് ദേവ്ഗാൻ, അഭിഷേക് ബച്ചൻ എന്നിവർ ഈ ഹിൽ സ്റ്റേഷനിലെ സ്ഥിരം സന്ദർശകരാണ്.
undefined
നടൻ ദേവ് ആനന്ദ് ഇവിടെ ഒരു വീട് വാങ്ങി, ടോം ആൾട്ടർ മസൂറിയിലെ അഭിമാനിയായ താമസക്കാരനാണ്. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ സച്ചിൻ തന്‍റെ കുടുംബത്തോടൊപ്പം എല്ലാ വർഷവും ഈ ഹിൽ സ്റ്റേഷൻ സന്ദർശിക്കുന്നു.
undefined
രാജ്യത്തെ ആദ്യ ബിയർ പാർലർ ആരംഭിച്ചതും മസൂറിയിലാണ്. അതും 1850 ൽ. ഇപ്പോഴും ധാരാളം മദ്യശാലകൾ മസൂറിയിൽ കാണാം. കേരളത്തേ അപേക്ഷിച്ച് വിലയൽപം കൂടുതലാണെന്ന് മാത്രം.
undefined
വൈകി ഉണരുന്ന മസൂറി രാത്രിയിലാണ് ഏറെ സുന്ദരിയാവുക. ധാബകളിലും ബിയർപാർലറുകളിലും നല്ല തിരക്കായിരിക്കും. തണുപ്പിനെ അതിജീവിക്കാൻ ബീഡി പുകയ്ക്കുന്നവരെയും കാണാം. തണുപ്പിൽ ഐസ്ക്രീം പ്രേമികളെ കണ്ട് അതിശയം തോന്നി.
undefined
കാപ്പച്ചീനോയുടെ പത ആസ്വദിച്ച് മൊമോസ് കഴിച്ച് നടക്കുന്നതിനിടെ മോഹൻലാലിന്‍റെ ഡബ്ബ് സിനിമ ഓടുന്ന ഒരു റസ്റ്റോറൻറ് കണ്ടു. 'യെ കോൻസാ ആക്ടർ ഹേ ?' എന്ന് പരീക്ഷണാർത്ഥം ചോദിച്ചപ്പോൾ മോഹൻലാൽ എന്ന് ഷെഫ് ഒട്ടും ശങ്കയില്ലാതെ മറുപടി നൽകി.
undefined
രാത്രി നല്ല മഴയായിരുന്നു. പുലർച്ചെ പത്തുമണിയോടെയേ കടകളൊക്കെ തുറക്കുകയുള്ളത്രേ. മഞ്ഞു കൂടിവരുന്നതിനാൽ പത്തുമീറ്റർ മുന്നിലുള്ളത് പോലും വ്യക്തമായി കാണാൻ ആകുന്നുണ്ടായിരുന്നില്ല.
undefined
പളളിമണിയുടെ ശബ്ദം കേട്ടാണ് പിറ്റേന്ന് ഉണർന്നത്. ഇന്ന് മാൾ റോഡാണ് ലക്ഷ്യം. ഷോപ്പിങ്ങ് പ്രേമികൾക്ക് മാൾ റോഡിലൂടെ നടക്കാം. ലൈബ്രറി ചോക്ക് മുതൽ മൂന്ന് കിലോമീറ്റർ നീണ്ട് കിടക്കുന്ന ചെറു പാതയാണ് മാൾറോഡ്. റിക്ഷ അല്ലാതെ മറ്റൊരു വാഹനങ്ങൾക്കും ഇവിടെ പ്രവേശനമില്ല.
undefined
ഒരുവശത്ത് താഴ്വര കാഴ്ചകളും മറുഭാഗത്ത് ചെറു കടകളുടെ നീണ്ട നിരയുമാണിവിടം. ചെറു ഷോപ്പിങ്ങ് നടത്തിയും ചൂട് തെരുവ് ഭക്ഷണം ആസ്വദിച്ചും മഞ്ഞത്ത് നനഞ്ഞ് നടക്കാനായി മാത്രം വരുന്നവരാണ് സഞ്ചാരികളിൽ അധികവും.
undefined
കരകൗശല വസ്തുക്കളടക്കം പ്രാദേശിക ഉത്പന്നങ്ങളും കമ്പിളി വസ്ത്രങ്ങളും വിലപേശി ന്യായമായ വിലയിൽ സ്വന്തമാക്കാം എന്നതും മാൾ റോഡിന്‍റെ പ്രത്യേകതയാണ്.
undefined
മാൾ റോഡിന്‍റെ ഒരു വശത്ത് നിന്ന് നടന്ന് മറുവശം എത്തുമ്പോഴേക്കും തിരികെയെത്തിക്കാൻ സൈക്കിൾ റിക്ഷക്കാർ കാത്തിരുപ്പുണ്ടാകും. അൻപത് രൂപക്ക് ഒരു വശത്തേക്ക് റിക്ഷ യാത്ര നടത്താം.
undefined
മസൂറിയിൽ നിന്ന് പതിനാല് കിലോമീറ്റർ കുന്നിൻ ചരിവിലൂടെ സഞ്ചരിച്ചാൽ കെമ്ടി വെള്ളച്ചാട്ടം കാണാം. സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയരത്തിലുള്ള ചുറ്റും മലനിരകളാൽ ചുറ്റപ്പെട്ട താഴ്വരയുടെ നടുക്കാണ് ഈ വെള്ളച്ചാട്ടം.
undefined
മസൂറിയിലെ ജലത്തെപ്പോലെയാണ് കാറ്റും. രണ്ടിനും നല്ല തണുപ്പാണ്. മസൂറിയിലായാലും കേരളത്തിലായാലും ഒരു കുളി പാസാക്കാതെ എങ്ങനെ പോകും ?
undefined
താഴ്വരയിലേക്ക് നൂറു രൂപ കൊടുത്ത് കേബിൾ കാറിലോ അല്ലെങ്കിൽ കാൽനടയായോ പോകാം. പാറക്കെട്ടുകളിൽ നിന്ന് ഉതിർന്ന് വരുന്ന തണുത്ത ഹിമാലയൻ വെളളത്തിൽ കുളിക്കാനും സഞ്ചാരികൾക്ക് അവസരമുണ്ട്. വസ്ത്രം നനയുമെന്ന് പേടി ഉള്ളവർക്ക് വാടകയ്ക്കും വസ്ത്രങ്ങൾ ലഭ്യമാണ്.
undefined
അവിടെ സ്ഥാപിച്ചിരിക്കുന്ന ദൂരദർശിനി വഴി നോക്കിയാൽ ബദരീ നാഥ്, കേദാർ നാഥ് തുടങ്ങി അനവധി ഹിമാലയൻ ശ്രേണികൾ കാണാനാകുമെന്ന പ്രത്യേകതയുണ്ട്.
undefined
ട്രക്കിങ്ങ് താൽപര്യമുളളവർക്ക് നാഗ് ടിബ തെരഞ്ഞെടുക്കാം. മസൂറിയിൽ നിന്ന് 57 കീമി ദൂരം ഉണ്ട്. ഇവിടുത്തെ നഗദൈവത്തിന്‍റെ ക്ഷേത്രം ഏറെ പ്രശസ്തമാണ്. ചുരുക്കിപ്പറഞ്ഞാൽ മസൂറി ഓരോ ദിവസവും പുതുവസ്ത്രമണിയുന്ന, എത്ര കണ്ടാലും മതിവരാത്ത സ്വർഗ്ഗ സുന്ദരിയാണ്.
undefined
click me!