" ഒരു പീഡയെറുമ്പിനും വരു- ത്തരുതെന്നുള്ളനുകമ്പയും സദാ" -" ( അനുകമ്പാദശകം / ശ്രീനാരായണ ഗുരു ) ജി 20 ഉച്ചകോടിക്ക് (G 20 Summit) പിന്നാലെ ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയും ( glasgow climate 2021 ) ആരംഭിച്ച് മൂന്നാം ദിനം പിന്നിടുന്നു. റോമില്‍ വച്ച് നടന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത 20 രാജ്യങ്ങളാണ് ലോകത്ത് ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളുന്നതില്‍ മുന്നില്‍ നില്ക്കുന്ന 20 രാജ്യങ്ങള്‍. എന്നാല്‍ അതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ അനുഭവിക്കുന്നതാക്കട്ടെ ലോകത്തിലെ സര്‍വ്വചരാചരങ്ങളും. ആഗോളതാപനമെന്നത് ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക സമയത്ത് സംഭവിക്കുന്ന ഒന്നല്ല. മറിച്ച് മൊത്തം ഭൂമിയെയും ബാധിക്കുന്ന ഒരു ആഗോള പ്രതിഭാസമാണത്. ആഫ്രിക്കയിൽ കെനിയയും മഡഗാസ്കറും ഇന്ന് കനത്ത പട്ടിണിയെ നേരിടുകയാണ്. കാലാവസ്ഥ വ്യത്യാനത്തെ തുടര്‍ന്നാണ് ഈ പ്രതിസന്ധിയുണ്ടായത് എന്നതും ശ്രദ്ധേയം. സെൻട്രൽ അമേരിക്കയിൽ ഹോണ്ടുറാസും ഇതേ പ്രശ്നത്തെ തീവ്രമായി അഭിമുഖീകരിക്കുന്നു. "സത്യത്തിന്റെ നിമിഷം" എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കാലാവനസ്ഥാ ഉച്ചകോടിക്ക് നല്കിയ വിശേഷണം. ' എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം, ഈ നിമിഷം നാം പിടിച്ചടക്കുമോ അല്ലെങ്കിൽ അതിനെ കൈവിടുമോ " ? ബോറിസ് ജോൺസൺ ചോദിക്കുന്നു. 'നമ്മൾ നമ്മുടെ ശവക്കുഴികൾ തോണ്ടുകയാണെന്ന്' യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസും പറയുന്നു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ ഉച്ചകോടി, ചില സംശയങ്ങൾ ഉന്നയിച്ചു കൊണ്ട് തന്നെയാണ് തുടങ്ങുന്നതും. സമ്മേളന നഗരിക്ക് പുറത്ത് ഗ്രേറ്റാ തുംബര്‍ഗ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ കൌമാരക്കാരുടെ പ്രതിഷേധങ്ങളും നടക്കുന്നു.