A G Perarivalan: പേരറിവാളിന്‍റെ മോചനം; വായ മൂടിക്കെട്ടി കോണ്‍ഗ്രസ് പ്രതിഷേധം

Published : May 19, 2022, 12:40 PM IST

1971 ല്‍ തമിഴ്നാട്ടിലെ തിരിപ്പൂര്‍ ജില്ലയിലെ ജോലാര്‍പേട്ടയ് എന്ന സ്ഥലത്ത് ജനിച്ച, 'അറിവ്' എന്ന് കൂട്ടുകാര്‍ വിളിച്ചിരുന്ന എ ജി പേരറിവാളന്‍ നീണ്ട മൂപ്പത്തിരണ്ട് വര്‍ഷത്തെ ജീവപര്യന്ത തടവില്‍ നിന്ന് മോചിതനായി പുറത്തിറങ്ങിയത് ഇന്നലെയാണ്. നിരവധി പേര്‍ അദ്ദേഹത്തിന്‍റെ മോചനത്തില്‍ നീതി ലഭിച്ചതായി അഭിപ്രായപ്പെട്ടു. എന്നാല്‍, ഇന്ന് രാവിലെ പേരറിവാളനെ വിട്ടയച്ചതിനെതിരെ കോൺഗ്രസ് തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഓഫീസ് സത്യമൂർത്തി ഭവന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ വായമൂടിക്കെട്ടി പ്രതിഷേധം നടക്കുകയാണ്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുജിത്ത് ചന്ദ്രന്‍.   

PREV
112
A G Perarivalan:  പേരറിവാളിന്‍റെ മോചനം; വായ മൂടിക്കെട്ടി കോണ്‍ഗ്രസ് പ്രതിഷേധം

 ശ്രീലങ്കന്‍ തമിഴരുടെ മോചനത്തിനായി പോരാടിയിരുന്ന എല്‍ടിടി സംഘം 1991 മെയ് 21 ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ശ്രീപെരുംമ്പത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാവേര്‍ ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തി. തുടര്‍ന്ന് രാജ്യവ്യാപകമായി നടന്ന് അന്വേഷണത്തിനൊടുവില്‍ നിരവധി പേര്‍ അറസ്റ്റിലായി. 

 

212

ഇതിലൊരാളായിരുന്നു 19 വയസുകാരനായ പേരളിവാളന്‍. ചില വിവരങ്ങൾ അന്വേഷിച്ചറിയാൻ എന്ന പേരിലാണ്  ജൂൺ 11ന് പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. അടുത്ത ദിവസം വിട്ടയക്കുമെന്ന ഉറപ്പിൽ അന്വേഷണ സംഘത്തിന് മുന്നിൽ അച്ഛനും അമ്മയും ഹാജരാക്കിയ ആ യുവാവ്, ജയില്‍ മോചിതനായി കുടുംബത്തില്‍ തിരിച്ചെത്താന്‍ എടുത്തത് മൂന്ന് പതിറ്റാണ്ട്. 

 

312

ജയിലിന് പുറത്ത് ജീവിച്ചതിനേക്കാൾ ഒരു പതിറ്റാണ്ടിൽ അധികം നീണ്ട തടവറ ജീവിതം ഇതിനിടെ അയാള്‍ ജീവിച്ച് തീര്‍ത്തു. നീണ്ട 32 വര്‍ഷത്തെ തടവറയിലേക്ക് ആ കൗമാരക്കാരനെ തള്ളിയിട്ടതാകട്ടെ, പേരറിവാളന്‍ വിറ്റ ഒൻപത് വോൾട്ടിന്‍റെ രണ്ട് ബാറ്ററികളുപയോഗിച്ചാണ് രാജീവ് ഗാന്ധിയുടെ കൊലയ്ക്ക് ഉപയോഗിച്ച ബെൽറ്റ് ബോംബ് പ്രവര്‍ത്തിപ്പിച്ചതെന്ന അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലും. 

 

412

കടയില്‍ സാധനം വാങ്ങാനെത്തിയവര്‍ എല്‍ടിടി സംഘത്തില്‍പ്പെട്ടവരായിരുന്നെന്നോ അവര്‍ രാജീവ് ഗാന്ധിയെ കൊല്ലാനായി എത്തിയവരായിരുന്നെന്നോ പേരറിവാളന് അറിയാമായിരുന്നെന്ന് ഇക്കാലത്തിനിടെ ഒരു അന്വേഷണ സംഘത്തിനും തെളിയിക്കാനുമായിട്ടില്ല. എന്നാല്‍, അന്വേഷണ സംഘം തെളിവുകള്‍ക്കായി ഇരുട്ടില്‍ തപ്പിയപ്പോള്‍ പേരറിവാളന്‍റെ അമ്മ മകന്‍റെ മോചനത്തിനായി പൊള്ളുന്ന വെയിലിലും കോടതി വരാന്തകള്‍ കയറിയിറങ്ങി. 

 

512

ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യപ്രകരം ഗവര്‍ണര്‍, പേരറിവാളന്‍റെ മോചനത്തില്‍ ഒപ്പുവയ്ക്കാന്‍ വൈകിയപ്പോള്‍ കോടതി തന്നെ മുന്നോട്ട് വന്നു. ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച്, ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം പ്രയോഗിച്ചുകൊണ്ടാണ് പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, മോചന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് രംഗത്തെത്തി. 

 

612

മുന്‍ പ്രധാനമന്ത്രിയുടെ ഘാതകനെ വെറുതെ വിട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജോവാല രംഗത്തെത്തി. പേരറിവാളിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചത്‌ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനില്‍ മാത്രമല്ല, ഒരോ ഭാരതീയനിലും ദുഃഖവും അമര്‍ഷവും ഉണ്ടാക്കുന്നതാണെന്നും സുര്‍ജേവാല പറഞ്ഞു. തീവ്രവാദിയെ തീവ്രവാദിയെ പോലെ പരിഗണിക്കണം. രാജീവ് ഗാന്ധിയുടെ കൊലപാതകിയെ വിട്ടയക്കാനുള്ള സുപ്രീം കോടതി വിധി വേദനയും നിരാശാജനകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

712

മുന്‍പ്രധാനമന്ത്രിയുടെ കൊലപാതകിയെ വിട്ടയച്ചത് അപലപനീയവും നിര്‍ഭാഗ്യകരവുമാണ്. ഇന്ന് രാജ്യത്തിന് സങ്കടകരമായ ദിവസമാണ്. തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന ഒരോ രാജ്യസ്‌നേഹിയ്ക്കും അംഗീകരിക്കാനാകാത്ത നടപടിയാണ് വിധിയില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പേരറിവാളിന്‍റെ മോചനം ചൂണ്ടിക്കാട്ടി ജയിലില്‍ കഴിയുന്ന മറ്റ് കൊലയാളികളുടെ മോചനത്തിന് സഹായകമാകുന്നതാണ് വിധിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

812

കോൺഗ്രസ് തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഓഫീസായ സത്യമൂർത്തി ഭവന് മുന്നിൽ ഇന്ന് രാവിലെ സൗത്ത് ചെന്നൈ ഡിസിസി അധ്യക്ഷൻ ശിവരാജശേഖരൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പേരറിവാളന് വീരപരിവേഷം നൽകരുതെന്നും അദ്ദേഹം തീവ്രവാദി തന്നെയെന്നും ശിവരാജശേഖരൻ പറഞ്ഞു. പേരറിവാളിന്‍റെ മോചനത്തിനെതിരെ വായ മൂടിക്കെട്ടി പ്രതിഷേധിക്കുകയാണ് ചെന്നെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 

 

912

സുപ്രീം കോടതി വിധിയെ വിമർശിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് ടിഎൻസിസി അധ്യക്ഷൻ കെഎസ് അഴഗിരി പറയുന്നുണ്ടെങ്കിലും ഇന്ന് നിശബ്ദ പ്രതിഷേധം നടത്താൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. "ഞങ്ങൾ തീവ്രവാദത്തെ എതിർക്കുന്നു" എന്ന് എഴുതിയ പ്ലക്കാർഡുകളും പ്രവര്‍ത്തകര്‍ പിടിച്ചിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങൾക്ക് ഒരു വ്യക്തിയെ കൊലപ്പെടുത്തുന്നത് ഒന്നിനും പരിഹാരമാകില്ല. 

 

1012

ചില നിയമപരമായ പോയിന്‍റുകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇപ്പോൾ പേരറിവാളനെ വിട്ടയച്ചതെന്നും എന്നാൽ അതേ സുപ്രീം കോടതി നേരത്തെ ഏഴു പ്രതികളും കൊലയാളികളാണെന്നും അവരെ ശിക്ഷിച്ചതാണെന്നും അഴഗിരി കൂട്ടിചേര്‍ത്തു. ജയിൽ മോചിതനായ പേരറിവാളനെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ച് സ്വീകരിച്ചത് തെറ്റായ സന്ദേശമാണ് നൽകിയത്. 

 

1112

30 വർഷം ജയിലിൽ പൂർത്തിയാക്കിയ രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാമെങ്കിൽ ദീർഘനാളായി ജയിൽ ശിക്ഷ അനുഭവിക്കുന്ന മറ്റ് പ്രതികളേയും പുറത്തുവിടണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.  രാവിലെ 10 മുതൽ 11 വരെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

 

1212

പിസിസി അധ്യക്ഷൻ  കെ.എസ്.അഴഗിരിയാണ് പ്രതിഷേധത്തിന് ആഹ്വാനം നൽകിയതെങ്കിലും പ്രതിഷേധത്തിൽ സംസ്ഥാന നേതൃത്വത്തിലെ പ്രധാന നേതാക്കളാരും പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. ഡിഎംകെയെ പിണക്കാൻ നേതാക്കൾക്ക് താൽപ്പര്യമില്ലാത്തതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.
 

Read more Photos on
click me!

Recommended Stories