രണ്ടാം താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം; അഫ്ഗാന്‍ പിന്നോട്ടെന്ന് കണക്കുകള്‍

First Published Aug 15, 2022, 3:00 PM IST

താലിബാനുമായി യുഎസ് സര്‍ക്കാറും സൈന്യവുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ 2021 ഓഗസ്റ്റ് 15 ഓടുകൂടി യുഎസ് സൈന്യം അഫ്ഗാനിസ്ഥാന്‍റെ മണ്ണില്‍ നിന്നും പിന്മാറി. എന്നാല്‍ അതിനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ അഫ്ഗാനിസ്ഥാന്‍റെ പല പ്രദേശങ്ങളും താലിബാന്‍ കീഴടക്കിയിരിന്നു. ഒടുവില്‍ അവസാനത്തെ അമേരിക്കന്‍ വിമാനം കാബൂളില്‍ നിന്ന് പറന്നുയരുമ്പോഴേക്കും കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ തീവ്രവാദികള്‍ നിലയുറപ്പിച്ചിരുന്നു. താലിബാന് വേണ്ടി അന്ന് പൊതുമദ്ധ്യത്തില്‍ സംസാരിച്ചിരുന്ന സബിഹുല്ല മുജാഹിദ് രണ്ടാം താലിബാന്‍ സര്‍ക്കാര്‍ ഒന്നാം താലിബാന്‍ സര്‍ക്കാറില്‍ നിന്ന് തികച്ചും വിഭിന്നമായ ഒന്നാണെന്നും പെണ്‍കുട്ടികളുടെ വിഭ്യാഭ്യാസ കാര്യത്തിലടക്കം വിപ്ലവകരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്ത് അഫ്ഗാന്‍ കൂടുതല്‍ ദാരിദ്രത്തിലേക്കും അക്രമങ്ങളിലേക്കും കടന്നിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 

'ഞങ്ങൾ സ്ത്രീകളെ പഠിപ്പിക്കാനും ജോലിക്ക് വിടാനും അനുവദിക്കാൻ പോകുന്നു. ഇസ്ലാമിന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് രാജ്യത്ത് സ്ത്രീകൾക്ക് സ്വാതന്ത്ര്യം നല്‍കും. ഇത് 1990 കളിലെ താലിബാന്‍ ഭരണത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഒരു വര്‍ഷം മുമ്പ് താലിബാൻ അധികാരമേറ്റടുത്ത വേളയില്‍ സബിഹുല്ല മുജാഹിദ് പ്രഖ്യാപിച്ചു. 

എന്നാല്‍, അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്ക് മേല്‍ നിയന്ത്രണങ്ങളുടെ പരമ്പര തന്നെയാണ് താലിബാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. വസ്ത്രധാരണത്തിലും പുരുഷ രക്ഷാധികാരിയില്ലാതെ പൊതുസ്ഥലത്ത് പോകുന്നതിനും താലിബാന്‍ വിലക്ക് ഏര്‍പ്പെടുത്തി.  

മാര്‍ച്ചില്‍ പുതിയ അധ്യയന വര്‍ഷത്തിനായി സ്കൂളുകള്‍ തുറന്നെങ്കിലും പെണ്‍കുട്ടികള്‍ക്ക് സെക്കൻഡറി സ്‌കൂളിൽ ചേരാൻ അനുവാദമില്ല. പെണ്‍കുട്ടികളെ വനിതാ അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതിയെന്ന നിയമം കൊണ്ടുവന്നതോടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഏതാണ്ട് പൂര്‍ണ്ണമായും നിശ്ചലമായി. 

താലിബാന്‍റെ തീരുമാനം ഏകദേശം 1.1 മില്യൺ വിദ്യാർത്ഥികളെ ബാധിച്ചെന്ന് യുഎൻ പറയുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞതോടെ താലിബാനെതിരെ അന്താരാഷ്ട്രാ തലത്തില്‍ വിമര്‍ശനമുയര്‍ന്നു. വിമര്‍ശനം ശക്തമാവുകയും ഇത് മൂലം അന്താരാഷ്ട്രാ സഹായം തടയപ്പെടുമെന്നും മനസിലാക്കിയ താലിബാന്‍ പെൺകുട്ടികൾക്ക് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം അനുവദിച്ചു.

രാജ്യത്തെ സർവ്വകലാശാലകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മുറികള്‍ വേണമെന്ന് താലിബാന്‍ നിര്‍ബന്ധം പിടിച്ചു. മാത്രമല്ല, പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ സ്ത്രീ അധ്യാപകര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ സര്‍വ്വകലാശാല വിദ്യാഭ്യാസവും പ്രതിസന്ധിയിലായി. 

താലിബാന്‍റെ രണ്ടാം വരവോടെ അഫ്ഗാനിലെ തൊഴില്‍ സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുത്തനെ കുറഞ്ഞതായി ലോകബാങ്കിന്‍റെ കണക്കുകള്‍ പറയുന്നു. 1998 നും 2019 നും ഇടയിൽ ഒരു ദശാബ്ദത്തിനുള്ളിൽ തൊഴിൽ സേനയിലെ സ്ത്രീ പങ്കാളിത്തം 15% ൽ നിന്ന് 22% ആയി വർദ്ധിച്ചിരുന്നു. 

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ താലിബാൻ നശിപ്പിച്ചതായി ജൂലൈയിലെ ആംനസ്റ്റി റിപ്പോർട്ട് വിശദമാക്കുന്നു. സ്ത്രീകള്‍ക്കെതിരായ പുതിയ നിയന്ത്രണങ്ങൾക്കെതിരെ താലിബാന്‍ അധികാരമേറ്റ വേളയില്‍ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെ പിന്നീടുണ്ടായ അക്രമണങ്ങള്‍ ഇത് ശരിവെക്കുന്നു. 

അധികാരമേറ്റ വേളയില്‍ താലിബാന്‍റെ  പുനർനിർമ്മാണത്തിനായും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും രാജ്യത്തിന്‍റെ അഭിവൃദ്ധിക്കായും തങ്ങള്‍ പ്രവർത്തിക്കുമെന്നയിരുന്നു താലിബാന്‍ അവകാശപ്പെട്ടത്. എന്നാല്‍ താലിബാന്‍റെ വരവിന് ശേഷം അഫ്ഗാൻ സമ്പദ്‌വ്യവസ്ഥ 30%-40% ചുരുങ്ങിയെന്ന് യുഎൻ സുരക്ഷാ കൗൺസിൽ കഴിഞ്ഞ ജൂണിൽ തന്നെ റിപ്പോർട്ട് ചെയ്തു.

താലിബാന്‍റെ രണ്ടാം വരവോടെ അഫ്ഗാനിസ്ഥാന്‍റെ വിദേശനാണ്യ ശേഖരത്തിലേക്കുള്ള അന്താരാഷ്ട്ര സഹായങ്ങളുടെ വരവ് നിലച്ചു. ഇതോടെ രാജ്യത്ത് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉടലെടുത്തു. ഇതിനെ മറികടക്കാന്‍ താലിബാന്‍ നികുതി വരുമാനം വർദ്ധിപ്പിക്കാനും കൽക്കരി കയറ്റുമതി വർദ്ധിപ്പിക്കാനും ശ്രമിച്ചു.

ജനുവരിയിൽ പ്രഖ്യാപിച്ച മൂന്ന് മാസത്തെ ബജറ്റില്‍ 2021 സെപ്റ്റംബറിനും ഡിസംബറിനുമിടയിൽ താലിബാൻ ഏകദേശം 400 മില്യൺ ഡോളറിന്‍റെ ആഭ്യന്തര വരുമാനം നേടിയതായി കാണിക്കുന്നു. എന്നാൽ, ഈ കണക്കുകൾ സുതാര്യതയില്ലാത്തതാണെന്ന് വിദഗ്ധർ ആരോപിക്കുന്നു. 

അന്താരാഷ്ട്ര പിന്തുണയുടെ നഷ്ടം, സുരക്ഷാ വെല്ലുവിളികൾ, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ആഗോള ഭക്ഷ്യ വിലക്കയറ്റം എന്നിവയെല്ലാം അഫ്ഗാന്‍റ സാമ്പത്തികാവസ്ഥയെ നാള്‍ക്ക് നാള്‍ താഴേക്ക് വലിച്ചു. അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്ന് ഉത്പാദനം ഉണ്ടാകില്ലെന്നും കറുപ്പിന്‍റെ ഉത്പാദനം പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്നും താലിബാന്‍ അധികാരമേറ്റ വേളയില്‍ അവകാശപ്പെട്ടിരുന്നു. 

വർഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉത്പാദക രാഷ്ട്രമാണ് അഫ്ഗാന്‍. താലിബാന്‍റെ രണ്ടാം വരവിന് ശേഷം ഈ വർഷം ഏപ്രിലിൽ താലിബാൻ പോപ്പി ചെടികൾ വളർത്തുന്നത് നിരോധിച്ചു. രാജ്യത്തെ ദക്ഷിണ മേഖലയായ ഹെൽമണ്ട് പ്രവിശ്യയിലെ പോപ്പി കൃഷിയിടങ്ങളില്‍ നിന്നും പോപ്പി വയലുകൾ നശിപ്പിക്കാൻ താലിബാന്‍ നിര്‍ബന്ധിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. 

മയക്കുമരുന്ന് കൃഷിക്കാരുടെയും വില്‍പ്പനക്കാരുടെയും പിന്തുണയുള്ള താലിബാന്‍ മയക്കുമരുന്ന് നിരോധനത്തിൽ പ്രതിജ്ഞാബദ്ധരാണെന്ന്  കഴിഞ്ഞ ജൂലൈയില്‍ പുറത്തിറങ്ങിയ യുഎസ് ഔദ്യോഗിക റിപ്പോർട്ട് പറയുന്നു. എന്നാല്‍, അഫ്ഗാനിസ്ഥാന്‍റെ മയക്കുമരുന്ന് സമ്പദ്‌വ്യവസ്ഥാ വിദഗ്ദ്ധനായ ഡോ. ഡേവിഡ് മാൻസ്ഫീൽഡ് പറയുന്നത് നിരോധനം ഏർപ്പെടുത്തിയപ്പോഴേക്കും  പ്രധാന ഓപിയം/പോപ്പി വിളവെടുപ്പ് കഴിഞ്ഞിട്ടുണ്ടാകുമെന്നാണ്.

"തെക്ക്-പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വിള സാധാരണയായി ഒരു ചെറിയ വിളയാണ്. അതിനാൽ അതിന്‍റെ നാശം വിളവെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും ഡോ മാൻസ്ഫീൽഡ് കൂട്ടിചേര്‍ക്കുന്നു. പോപ്പി കൃഷി അവസാനിക്കുമ്പോള്‍ സിന്തറ്റിക് മയക്ക് മരുന്നുകളുടെ ഉത്പാദനം ശക്തിപ്രാപിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പോപ്പി കൃഷി കര്‍ഷകരുടെ നേതൃത്വത്തില്‍ നടക്കുമ്പോള്‍ എംഡിഎംഎ, ക്രസ്റ്റല്‍ മെത്ത് പോലുള്ള ആധുനിക രാസലഹരികളുടെ ഉത്പാദനം താലിബാന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടക്കുന്നത്. അതേ സമയം ഇത് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഒരു കാട്ടുചെടിയായ എഫെഡ്രയുടെ കൃഷിയും താലിബാന്‍ നിരോധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍, രണ്ടാം താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഈ വർഷം ജൂൺ പകുതി വരെ സാധാരണക്കാരായ 700 പേരോളം മരിക്കുകയും 1,400 ലധികം പേര്‍ക്ക് പരിക്കേറ്റതായും യുഎൻ കണക്കുകൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കണക്കുകള്‍ കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021 ഓഗസ്റ്റ് മുതലുള്ള മരണങ്ങളിൽ 50 % വും അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സജീവമായ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ ഒരു ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസൻ (IS-K) ഗ്രൂപ്പ് നേതൃത്വം നല്‍കിയ അക്രമണങ്ങളാണ്. 

കഴിഞ്ഞ മാസങ്ങളില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് ഐഎസ്-കെ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്, പ്രത്യേകിച്ച് ഷിയാ മുസ്ലീങ്ങളോ മറ്റ് ന്യൂനപക്ഷ ജനവിഭാഗങ്ങളോ ആണ് അവരുടെ പ്രധാന ഇരകള്‍. നാഷനൽ റെസിസ്റ്റൻസ് ഫ്രണ്ട് (എൻആർഎഫ്), അഫ്ഗാനിസ്ഥാൻ ഫ്രീഡം ഫ്രണ്ട് (എഎഫ്എഫ്) തുടങ്ങിയ താലിബാൻ വിരുദ്ധ ശക്തികളും രാജ്യത്ത് സാന്നിധ്യം വര്‍ദ്ധിപ്പിച്ചതും താലിബാന് തലവേദനയായി.

“മൊത്തത്തിലുള്ള അഫ്ഗാനിലെ സുരക്ഷാ അന്തരീക്ഷം കൂടുതൽ പ്രവചനാതീതമായി മാറുകയാണ്,” രാജ്യത്ത് താലിബാനെ എതിർക്കുന്ന കുറഞ്ഞത് ഒരു ഡസൻ പ്രത്യേക തീവ്രവാദ ഗ്രൂപ്പിന്‍റെ സാന്നിധ്യം ഉദ്ധരിച്ച് യുഎൻ ജൂണിൽ റിപ്പോര്‍ട്ട് ചെയ്തു. യുഎൻറെ കണക്ക് പ്രകാരം രാജ്യത്ത് നിയമവിരുദ്ധമായ കൊലപാതകങ്ങൾ, തടങ്കലിൽ വയ്ക്കൽ, പീഡനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 

2021 ഓഗസ്റ്റിനും 2022 ജൂണിനുമിടയിൽ, മുൻ സർക്കാരിലെയും സുരക്ഷാ സേനയുടെയും ഉദ്യോഗസ്ഥരായിരുന്ന 160 പേലെ അഞ്ജാതരായ അക്രമികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. തത്വത്തില്‍ ഒന്നാം താലിബാന്‍ സര്‍ക്കാറും രണ്ടാം താലിബാന്‍ സര്‍ക്കാരും തമ്മില്‍ വലിയ വ്യത്യസങ്ങളിലെന്ന് കണക്കുകള്‍ പറയുന്നു. ഇതിനെല്ലാം പുറമേ അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും പോഷകാഹാര കുറവ് മൂലം പിഞ്ചു കുഞ്ഞുങ്ങളുടെ മരണവും അഫ്ഗാനില്‍ കൂടി വരികയാണ്. 

click me!