നെതന്യാഹു, ഇറാന്‍ യുദ്ധത്തിന്റെ തലച്ചോറ്, ട്രംപിനെ യുദ്ധത്തിലിറക്കിയ കൗശലക്കാരന്‍!

Published : Mar 14, 2026, 04:30 PM IST

ഇറാനെതിരായ യുദ്ധത്തില്‍ ആര് തോറ്റാലും, ജയിക്കുന്നത് ഒരേയൊരാള്‍ മാത്രമായിരിക്കും. ബെഞ്ചമിന്‍ നെതന്യാഹു. എന്ത് പ്രശ്‌നവും തല്ലിത്തീര്‍ക്കണം എന്ന് വിശ്വസിക്കുന്ന ഭരണാധിപന്‍. ഇസ്രായേല്‍ കണ്ട ഏറ്റവും കൗശലക്കാരനായ രാഷ്ട്രീയനേതാവ്.

PREV
18

ഇറാന്‍ യുദ്ധം ഇനിയെന്താവും? ഏകപക്ഷീയമായി വിജയം പ്രഖ്യാപിച്ച് അമേരിക്ക യുദ്ധം നിര്‍ത്തുമോ? നിലംതൊടാത്ത വ്യോമാക്രമണത്തിലും ഇറാന്‍ പിടിച്ചു നില്‍ക്കുമോ? രണ്ടാഴ്ചക്ക്‌ശേഷം യുദ്ധം അതിന്റെ മൂര്‍ച്ചയേറിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്. ഉത്തരം പറയാറായിട്ടില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഈ യുദ്ധത്തില്‍ ആര് തോറ്റാലും, ജയിക്കുന്നത് ഒരേയൊരാള്‍ മാത്രമായിരിക്കും. ബെഞ്ചമിന്‍ നെതന്യാഹു.

28

സത്യത്തില്‍ ഈ യുദ്ധം നെതന്യാഹുവിന്റെ പ്രൊജക്ടാണ്. പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന സ്വപ്‌നം. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെക്കൂടി ഇതിലേക്ക് വലിച്ചിട്ടത് നെതനാ്യഹുവാണ്. നയതന്ത്രം, ഭീഷണി എന്നിവയ്ക്കിടയില്‍ ആടിയുലഞ്ഞ ട്രംപിനെ യുദ്ധത്തിന് ഇറക്കിയതും നെതന്യാഹു. വെനിസ്വേലയിലേതു പോലെ ഇറാനെ പെട്ടെന്ന് വിീഴ്ത്താമെന്നാണ് ട്രംപിനെ ധരിപ്പിച്ചത്. അതൊരു എട്ടിന്റെ പണിയായിരുന്നുവെന്ന് ഇപ്പോള്‍ ട്രംപിനറിയാം. അമേരിക്കയില്‍ യുദ്ധവിരുദ്ധ വികാരം പടരുകയാണ്. സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയില്‍. എണ്ണവില ബ്രേക്കില്ലാതായി. കോണ്‍ഗ്രസിനെ അറിയിക്കുകയോ സ്വന്തം ജനതയെ എന്തിനാണീ യുദ്ധം എന്ന് ബോധ്യപ്പെടുത്തുകയോ ചെയ്യാതെ യുദ്ധത്തിന് പുറപ്പെട്ട ട്രംപ് എക്‌സിറ്റ് പ്ലാനില്ലാതെ ഇരുട്ടില്‍തപ്പുകയാണ്. അന്നേരവും ചിരിക്കുന്നത് നെതന്യാഹുവാണ്. ഏത് തോല്‍വിയും നെതന്യാഹുവിന് വിജയമാണ്.

38

ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റ് മിറാവ് സോണ്‍സെസിന്‍ ചൂണ്ടിക്കാട്ടിയത് പോലെ, യുദ്ധം തുടങ്ങിയ നിമിഷം തന്നെ നെതന്യാഹു വിജയിച്ചു. അത് ഇസ്രായേലിന് എന്തെങ്കിലും ഗുണമുണ്ടായത് കൊണ്ടല്ല. താന്‍ പറഞ്ഞിടത്ത് കാര്യങ്ങള്‍ എത്തി എന്നത് കൊണ്ടാണ്. സ്വന്തം ജനതയെ അക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നത് കൊണ്ടാണ്. യുദ്ധമിനി ഏതു വഴിക്കുപോയാലും അത് തന്റെ വിജയമാണെന്ന് വ്യാഖ്യാനിക്കാന്‍ നെതന്യാഹുവിനാവും. ഇറാന്‍ കീഴടങ്ങിയാല്‍, നയതന്ത്രം തോറ്റിടത്ത് സൈന്യം വിജയിച്ചു എന്ന് അവകാശപ്പെടാം. ഇറാന്‍ ദുര്‍ബലമായാല്‍, അവരുടെ ആണവ-മിസൈല്‍ ശേഷി കുറക്കാനായി എന്ന് പറയാം. ഇറാന്‍ ഭരണകൂടം ആഭ്യന്തരമായി ഒറ്റപ്പെട്ടാല്‍, ശത്രുവിനെ നിഷ്‌ക്രിയനാക്കി എന്ന് വാദിക്കാം. ഇറാന്‍ ജയിച്ചാല്‍ പോലും നെതന്യാഹു വിജയം അവകാശപ്പെടും. ഇറാനെ ഇനിയും തകര്‍ക്കണമെന്ന വാദം ശരിയാണെന്ന് സ്ഥാപിക്കും.

48

ഇപ്പറഞ്ഞതെല്ലാം, നേതാവ് എന്ന നിലയില്‍ നെതന്യാഹുവിന്റെ വിജയമാണ്. എന്നാല്‍, രാജ്യം എന്ന നിലയില്‍ യുദ്ധം ഇസ്രായേലിനത്ര ഗുണകരമാവില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആയുധം കൊണ്ട് സമാധാനം വരില്ല. പശ്ചിമേഷ്യയിലെ സൈനിക ആധിപത്യം ഇസ്രായേലിന് സുരക്ഷിത ജീവിതം നല്‍കണമെന്നില്ല. രാഷ്ട്രീയ ഒറ്റപ്പെടല്‍ കൂടാനാണ് സാധ്യത. ആളുകളെ ഭയപ്പെടുത്തി കഴിയുന്തോറും ചുറ്റുമുള്ളവരുടെ വിദ്വേഷം കൂടുകയാണ് ചെയ്യുക. ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്രായേല്‍ വിരുദ്ധ വികാരം ശക്തമാണ്. ഈ യുദ്ധമുണ്ടാക്കിയത് നെതന്യാഹുവാണെന്ന വികാരം അവിടെയുണ്ട്. ഭരണകൂടങ്ങള്‍ക്ക് ഇത് കാണാതിരിക്കാനാവില്ല. അമേരിക്കയോടുള്ള അകലം കൂട്ടാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടും. അങ്ങനെ വന്നാല്‍ യുഎസിന്റെ നിലപാട് തന്നെ മാറാനിടയുണ്ട്.

58

അമേരിക്കയിലും ഇസ്രായേല്‍ വിരുദ്ധത കൂടിയിട്ടുണ്ട്. യുദ്ധത്തിന് മുന്നേ ഗാസ വിഷയത്തിലാണ് ഈ നിലപാട് മാറ്റം ഉണ്ടായത്. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ഇത് കൂടാനാണ് സാധ്യത. നിലവില്‍ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപിന്റെ പാളയത്തില്‍തന്നെ പടയുണ്ട്. ട്രംപിന്റെ ശക്തികേന്ദ്രങ്ങളായ പ്രമുഖ മാഗാ ഇന്‍ഫലുവന്‍സര്‍മാരില്‍ പലരും യുദ്ധത്തിന് എതിരാണ്. ട്രംപ് ഇസ്രായേലിന്റെ കുഴിയില്‍ വീണെന്നാണ് അവരുടെ വിമര്‍ശനം. ഇതോടൊപ്പമാണ്. ഈ ആഴ്ച പ്രസിദ്ധീകരിച്ച ക്വിന്നിപിയാക് സര്‍വ്വേ കാണുക. 44 ശതമാനം വോട്ടര്‍മാരും വിശ്വസിക്കുന്നത് അമേരിക്ക ഇസ്രായേലിനെ അമിതമായി പിന്തുണയ്ക്കുന്നു എന്നാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇടയിലും ഈ മാറ്റം പ്രകടമാണ്. 17 ശതമാനം റിപ്പബ്ലിക്കന്‍മാരും ഇസ്രായേലിനുള്ള പിന്തുണ അമിതമാണെന്ന് കരുതുന്നതായാണ് ഗ്യാലപ്പ് പോളുകള്‍.

68

പിന്നെന്തിനാണ് നെതന്യാഹു ഇത്ര കഷ്ടപ്പെട്ട് സ്വയം വിജയിയായി പ്രഖ്യാപിക്കുന്നത് എന്നുതോന്നാം. യുദ്ധത്തിനു മുമ്പ് ഏതവസ്ഥയിലായിരുന്നു നെതന്യാഹു എന്നറിഞ്ഞാല്‍ അക്കാര്യം മനസ്സിലാവും. ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയായിരുന്നു. നെതന്യാഹുവിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. അഭിപ്രായവോട്ടെടുപ്പുകളെല്ലാം എതിരായി. ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ അന്തിമ ഘട്ടത്തിലായി. നിര്‍ബന്ധിത സൈനിക സേവനത്തിന് ഇളവിനുള്ള നിയമനടപടി രാജ്യത്തെ രണ്ടുതട്ടാക്കി. കേസില്‍ കുടുങ്ങിക്കിടക്കെ നടത്തിയ ജുഡീഷ്യല്‍ പരിഷ്‌കാര ശ്രമം കൂനിന്‍മേല്‍ കുരിശായി.

78

അതിനുമുമ്പ്, ഇസ്രായേലില്‍ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തോടെ ജനം എതിരായിരുന്നു. മൊസാദിന്റെയും സൈന്യത്തിന്റെയും വിശ്വാസ്യത കുത്തനെ ഇടിഞ്ഞു. പിന്നീട് ഗാസയില്‍ നടത്തിയ അതിക്രൂരമായ സൈനികനടപടി ലോകത്തിന്റെ മുഴുവന്‍ എതിപ്പിന് കാരണമായി. ഒപ്പം ആഭ്യന്തര പ്രശ്‌നങ്ങള്‍. വലതുപക്ഷ കക്ഷികളുടെ സമ്മര്‍ദ്ദം ഒരുഭാഗത്ത്, മധ്യവര്‍ഗത്തിന്റെ സമ്മര്‍ദ്ദം മറുഭാഗത്ത്. ട്രംപിന്റെ ഗാസ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയിലുള്ള അവിശ്വാസങ്ങള്‍, സമീപരാജ്യങ്ങളില്‍ കടന്നുകയറാനുള്ള മഹാഇസ്രായേല്‍ പദ്ധതി സൃഷ്ടിച്ച പ്രശ്‌നങ്ങള്‍, സമാന്തരമായി ഗള്‍ഫ് രാജ്യങ്ങള്‍ ട്രംപിനു മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍. ഏറ്റവുമൊടുവില്‍ ഇറാന്‍ യുദ്ധം നടക്കുന്നതിനിടെ ഇന്നലെ ഇസായേല്‍ കോടതി എടുത്ത വിരുദ്ധ നിലപാട്. യുദ്ധം നടക്കുന്നതിനാല്‍ ക്രിമിനല്‍ കേസ് നടപടികളില്‍നിന്ന് ഒഴിവാക്കണമെന്ന നെതന്യാഹുവിന്റെ ഹര്‍ജി നിയമ കാര്യാലയം എടുത്ത് കൊട്ടയിലിടുകയായിരുന്നു. ഇങ്ങനെ അനേകം പ്രശ്‌നങ്ങള്‍. അതിനിടയ്ക്കാണ് അമേരിക്കയെയും കൂട്ടി ഇറാനെ ആക്രമിക്കാന്‍ പോയത്. വില്ലനില്‍ നിന്ന് നായകനായി മാറാനുള്ള അവസരം കട്ടയ്ക്ക് ഉപയോഗിക്കുകയായിരുന്നു നെതന്യാഹു.

88

'ചരിത്രം കൈയെത്തും ദൂരത്തുള്ളപ്പോള്‍, നിങ്ങള്‍ മാറിനില്‍ക്കരുത്, മുന്നോട്ടു വരണം.' 2025 ഡിസംബര്‍ 3-ന് 'ന്യൂയോര്‍ക്ക് ടൈംസ് ഡീല്‍ബുക്ക് സമ്മിറ്റില്‍' നെതന്യാഹു പറഞ്ഞ വാചകമാണിത്. എന്തുകൊണ്ട് നെതന്യാഹു യുദ്ധമുണ്ടാക്കി എന്നതിനുത്തരം ഈ വാചകത്തിലുണ്ട്. അത് സത്യമായി. ഇറാനെതിരായ ആക്രമണത്തോടെ കഥയാകെ മാറി. നെതന്യാഹുവിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ ഇസ്രായേലില്‍ ഇന്നാരുമില്ല. 2010-ലും 2011-ലും ഇറാന്റെ ആണവ നിലയങ്ങള്‍ ആക്രമിക്കാന്‍ നെതന്യാഹു ഒരുങ്ങിയപ്പോള്‍ ഇസ്രായേല്‍ സുരക്ഷാ മേധാവികളടക്കം പ്രമുഖര്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാലിപ്പോള്‍ സൈന്യത്തിലോ ഗവണ്‍മെന്റിലോ എതിര്‍ശബ്ദങ്ങളില്ല. ചുറ്റുപാടുമുള്ളത് സ്തുതിപാഠകരാണ്. തെരഞ്ഞെടുപ്പ് നടത്താതെ മാറ്റിവെച്ചു കളിച്ച നെതന്യാഹുവിന് ഇനിയത് ആലോചിക്കേണ്ട കാര്യമില്ല. ഇസ്രായേല്‍ ഒന്നായി നെതന്യാഹുവിന് പിന്നിലുണ്ട്. യുദ്ധം ജയിച്ചാലും തോറ്റാലും ആ പിന്തുണയ്ക്ക് വലിയ കുറവുണ്ടാവില്ല എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories