ട്രംപിന് ഇറാന്റെ പ്രഹരം; ഹോര്‍മുസ് കടലിടുക്കിലെ ഊരാക്കുടുക്ക് എങ്ങനെ അഴിക്കും?

Published : Mar 13, 2026, 02:54 PM IST

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണം രൂക്ഷമാവുന്നതിനിടെ, ഇറാന്റെ തിരിച്ചടികള്‍. ഹോര്‍മുസ് കടലിടുക്കിനെ മുന്‍നിര്‍ത്തി ഇറാന്റെ വിലപേശലുകള്‍. ലോകത്തെ ബാധിക്കുന്ന ഈ പ്രതിസന്ധി എങ്ങനെ ട്രംപ് പരിഹരിക്കും?

PREV
17

ഖമനെയി അടക്കം വന്‍തോക്കുകളെ ഒന്നിച്ച് കൊല്ലുക. ഇറാനെ ആകാശത്തുനിന്ന് തലങ്ങും വിലങ്ങും ആക്രമിക്കുക. സ്വാഭാവികമായും നാലഞ്ച് ദിവസം കൊണ്ട് ഇറാന്‍ തോല്‍ക്കും. തൊട്ടുപിന്നാലെ, പ്രക്ഷോഭകരെ തെരുവിലിറക്കുക. ഭരണകൂടത്തെ അട്ടിമറിച്ച് ഒരു പാവസര്‍ക്കാറിനെ പകരം ഇരുത്തുക. പിന്നെ പൊടിയും തട്ടി മടങ്ങുക. ഇറാന്‍ യുദ്ധം തുടങ്ങുമ്പോള്‍ ഇതൊക്കെയായിരുന്നു പ്രസിഡന്റ് ട്രംപിന്റെ മനക്കോട്ടകള്‍. ഇതിലാദ്യം പറഞ്ഞതൊക്കെ നടന്നു. പക്ഷേ, പ്രക്ഷോഭകരും വന്നില്ല ഭരണകൂടവും മാറിയില്ല. ഇറാനാവട്ടെ, ആകാശം കൈവിട്ടുപോയിട്ടും, യുദ്ധം ചെയ്ത് തളര്‍ന്നിട്ടും കീഴടങ്ങുന്നില്ല. പകരം, ഹോര്‍മുസ് കടലിടുക്ക്, ഗള്‍ഫ് രാജ്യങ്ങള്‍, എണ്ണ-ഈ മൂന്ന് വഴിക്കുള്ള യുദ്ധതന്ത്രങ്ങളിലൂടെ ട്രംപിനെ പൂട്ടുകയാണ്. ഈ യുദ്ധം എന്ന്, എങ്ങനെ തീര്‍ക്കണം എന്ന് തലപുകയ്ക്കുകയാണ് ചിന്താവിഷ്ടനായ ട്രംപ്.

27

ഇതിലേറ്റവും മൂര്‍ച്ചയുള്ള തന്ത്രം ഹോര്‍മുസ് കടലിടുക്ക് പൂട്ടിയതായിരുന്നു. സ്വന്തം എണ്ണ വില്‍ക്കേണ്ടതു കൊണ്ട് ഇപ്പണിക്ക് ഇറാന്‍ നില്‍ക്കില്ല എന്നായിരുന്നു അമേരിക്കന്‍ കണക്കുകൂട്ടല്‍. പക്ഷേ, ഇറാനത് പൂട്ടി. അത് തുടരുമെന്നാണ് പുതിയ ഇറാന്‍ പരമാധികാരി ഇന്നലെ പറഞ്ഞത്. ഹോര്‍മുസിനെ അദ്ദേഹം വിളിച്ചത് തന്നെ മാരകായുധം എന്നാണ്. സ്വന്തം കരയില്‍നിന്ന് വ്യോമാക്രമണം നടത്തിയും കടലില്‍ കുഴിബോംബ് പാകിയും കപ്പലുകള്‍ തകര്‍ത്തും ഇറാന്‍ മുന്നോട്ടുപോവുമ്പോള്‍ പെട്ടത് ലോകമാണ്. യുദ്ധമോ അതങ്ങ് പേര്‍ഷ്യയിലല്ലേ എന്ന് വിചാരിച്ച നമ്മുടെ അടുക്കളകളിലേക്കും അതെത്തിയിരിക്കുന്നു. ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നു. ഹോര്‍മുസ് കടലിടുക്കിലെ ഊരാക്കുടുക്കില്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത് ലോകരാജ്യങ്ങളാണ്.

37

ഹോര്‍മുസ്, അതൊരു കടലിടുക്കാണ്. പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലുമായും ഇന്ത്യന്‍ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന ജലപാത. എണ്ണയും പ്രകൃതിവാതകവും മറ്റ് ചരക്കുകളും പുറത്തെത്തിക്കാനുള്ള ഏക സമുദ്രപാത. ആകെ നീളം 167 കിലോ മീറ്റര്‍. കൂടിയ വീതി 97 കിലോ മീറ്റര്‍. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് അതായത് വടക്ക് ഇറാനും തെക്ക് ഒമാന്റെ മുസന്ദം ഉപദ്വീപിനും ഇടയില്‍ 39 കിലോ മീറ്റര്‍ വീതി. ഇത് ഇറാന്റെ തെക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് കിടക്കുന്നത്. അതിനാല്‍, കരയില്‍ നിന്ന് മിസൈല്‍ വിടാന്‍ ഇറാനാവും. അന്തര്‍വാഹിനി, ചെറിയ ബോട്ട, ആളില്ലാ ബോട്ട്, കുഴിബോംബ് എന്നിവ വഴി ശത്രുക്കള്‍ക്ക് പണികൊടുക്കാനുമാവും. ലോകത്തിലെ ആകെ എണ്ണയുടെയും ദ്രാവക രൂപത്തിലുള്ള പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും ഇതിലെയാണ് പോവുന്നത്. എണ്ണ ടാങ്കറുകള്‍ക്ക് പുറമെ കാര്‍ കാരിയറുകള്‍, കണ്ടെയ്നര്‍ കപ്പലുകള്‍ തുടങ്ങിയവയും ഈ വഴി പോവുന്നു. ഖത്തറിലെ ഹീലിയം, ഒമാനിലെയും സൗദിയിലെയും വളങ്ങള്‍, സൗദി, യു എ ഇ എന്നിവിടങ്ങളിലെ പെട്രോകെമിക്കല്‍ പ്ലാന്റുകളില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയ വ്യാവസായിക ഉല്‍പ്പന്നങ്ങളും ഇതുവഴിയാണ് പോവുന്നത്.

47

യുദ്ധം തുടങ്ങിയതോടെ ഈ കടലിടുക്കാണ് ഇറാന്റെ മാരകായുധം. നൈസായി അവരതങ്ങ് അടച്ചു. ഇറാന്റെ അനുമതിയില്ലാതെ ഇനിയാര്‍ക്കും ഇതുവഴി പോകാനാവില്ല. പോയാല്‍ ആക്രമണം ഉറപ്പ്. നിലവില്‍ 16 കപ്പലുകളും എണ്ണടാങ്കറുകളും ആക്രമിക്കപ്പെട്ടു. പലതിന്റെയും ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തിട്ടുണ്ട്. വ്യോമാക്രമണമാണ് പ്രധാനമായും നടക്കുന്നത്. പിന്നെ കടല്‍ മൈനുകള്‍. ഒരു ബോളിന്റെ വലിപ്പമുള്ള ഈ കുഴിബോംബുകള്‍ക്ക് കൂറ്റന്‍ കപ്പലുകളെപ്പോലും മുക്കിക്കളയാനാവും. ഇറാന്‍ ഇവിടെ വ്യാപകമായി കുഴിബോംബ് പാകിയതായി യുഎസ് പറയുന്നു. ഇതിനുവന്ന ഇറാന്റെ കപ്പലുകള്‍ അമേരിക്ക തകര്‍ത്തു. എന്നാല്‍ നൂറുകണക്കിന് ചെറുബോട്ടുകള്‍ ഉപയോഗിച്ച് ഇറാന്‍ അപ്പണി തടുരുകയാണ്. ഇതോടെ മുടങ്ങിയത് സമുദ്രഗതാഗതമാണ്. കപ്പലുകളുടെ ഇന്‍ഷുറന്‍സ് തുക കുത്തനെ കൂടി. ഗതാഗതച്ചെലവ് പലമടങ്ങായി. ഈ റിസ്‌ക് എടുക്കാന്‍ കപ്പല്‍ കമ്പനികള്‍ തയ്യാറാവാതായി.

57

ഇറാന്റെ നട്ടെല്ലും എണ്ണയാണ്. അതിനാല്‍, ഇറാന്‍ ഹോര്‍മുസ് അടയ്ക്കില്ല എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇറാന്‍ അതങ്ങ് തെറ്റിച്ചു. കടലിടുക്ക് പൂട്ടി, പക്ഷേ, കയറ്റുമതി നിര്‍ത്തിയില്ല. സ്വന്തം എണ്ണ ഇറാന്‍ ഇതുവഴി കൂളായി കൊണ്ടുപോവുന്നു. മാര്‍ച്ച് 1 മുതല്‍ ഇറാന്റെ 10 ടാങ്കറുകളെങ്കിലും കടലിടുക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. യുദ്ധത്തിനു മുമ്പ് ബാരലിന് 70 ഡോളറായിരുന്നു എണ്ണവില. ഇപ്പോഴിത് ബാരലിന് 100 ഡോളറാണ്. അമേരിക്കയില്‍ ഗ്യാസോലിന്‍ വില 20 ശതമാനം കൂടി. യൂറോപ്പില്‍ പ്രകൃതിവാതക വില 43 ശതമാനം കൂടി, ഒപ്പം ഡീസല്‍ വില ഇരട്ടിയായി. ഹോര്‍മുസിലൂടെ വരുന്ന എണ്ണയുടെ 70 ശതമാനവും ഉപയോഗിക്കുന്നത് ഏഷ്യയാണ്. പല രാജ്യങ്ങളും പ്രതിസന്ധിയിലാണ്. പാകിസ്ഥാന്‍ പ്രവൃത്തിദിവസം ആഴ്ചയില്‍ നാലായി ചുരുക്കി. ഇതിനെ നേരിടാനായി ഇന്റര്‍നാഷനല്‍ എനര്‍ജി ഏന്‍സിയിലെ 32 രാജ്യങ്ങള്‍ ഒരു കടുംകൈ ചെയ്തു. അടിയന്തര ശേഖരത്തില്‍ നിന്ന് 400 മില്യന്‍ ബാരല്‍ എണ്ണ പുറത്തിറക്കി. എന്നിട്ടും എണ്ണവില കുറയുന്നില്ല. ബ്രെന്റ് ക്രൂഡിന്റെ വില വ്യാഴാഴ്ച വീണ്ടും കൂടി. ഇത് ആഗോള സമ്പദ്വ്യവസ്ഥയെ ഗുരുതരമായാണ് ബാധിച്ചത്. പണപ്പെരുപ്പം വര്‍ദ്ധിച്ചു. രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷ ഭീഷണിയിലായി.

67

ഇതാദ്യമായല്ല ഇറാന്‍ ഹോര്‍മുസിനെ ആയുധമാക്കുന്നത്. 1980-കളിലെ ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് സമാന സാഹചര്യം ഉണ്ടായിരുന്നു. കടല്‍ മൈനുകള്‍ കപ്പലുകള്‍ക്ക് വന്‍ നാശമുണ്ടാക്കി. അന്നത്തെ ലോകമല്ല ഇത്. കപ്പല്‍ ഗതാഗതം പല മടങ്ങ് കൂടി. ഹോര്‍മുസിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു. ഇന്ന് ലോകത്തെ അഞ്ചിലൊന്ന് എണ്ണയും കടന്നുപോകുന്നത് ഇതു വഴിയാണ്. ഇതു തന്നെയാണ് ഹോര്‍മുസിന്റെ യുദ്ധതന്ത്രപരമായ പ്രാധാന്യം. വാസ്തവത്തില്‍ ഈ യുദ്ധത്തിലെ പ്രധാന ആയുധം തന്നെ സമ്മര്‍ദ്ദ തന്ത്രങ്ങളാണ്. ഇറാനെ ആക്രമിച്ച് തളര്‍ത്തുക, സമ്മര്‍ദ്ദത്തിലൂടെ വരുതിക്ക് നിര്‍ത്തുക. ഇതാണ് യുഎസിന്റെയും ഇസ്രായേലിന്റെയും തന്ത്രം. ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ഇറാനും. ഹോര്‍മുസ് അവരുടെ സമ്മര്‍ദ്ദതന്ത്രമാണ്. എണ്ണപ്രതിസന്ധി ഉണ്ടാക്കുക, ശത്രുക്കളെ സാമ്പത്തികമായി തകര്‍ക്കുക. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതും ഇതേ കണക്കുകൂട്ടലിലാണ്.

77

പട്ടാളത്തെകൊണ്ട് കൂട്ടിയാല്‍ കൂടുന്നതല്ല ഇത്. കുഴിബോംബുകള്‍ പാകുന്ന കപ്പല്‍ തകര്‍ത്താല്‍ ഇറാന്‍ ബോട്ടിറക്കും. അല്ലെങ്കില്‍ ഹോര്‍മുസിനോട് ചേര്‍ന്ന ഇറാന്റെ മണ്ണ് പിടിച്ചെടുക്കണം. അതിന് കരയുദ്ധം വേണം. 1980 കളില്‍ ഇറാഖുമായി യുദ്ധം ചെയ്ത ഇറാനല്ല ഇന്ന്. കരയില്‍ പലമടങ്ങ് ശക്തരാണ് അവര്‍. തോല്‍പ്പിക്കാന്‍ വലിയ സന്നാഹങ്ങള്‍ വേണം. അമേരിക്കന്‍ സൈനികരുടെ മരണനിരക്ക് കൂടുമെന്ന് ഉറപ്പാണ്. യുഎസ് സൈനികര്‍ കൊല്ലപ്പെട്ടാല്‍ ട്രംപിന് നാട്ടില്‍ കാലിടറും. ഇറാന്‍ ഭരണത്തെ മാറ്റാന്‍ ശ്രമിക്കുന്ന ട്രംപിന് സ്വന്തം നിലനില്‍പ്പ് അപകടത്തിലാവും. ഇതറിയാവുന്നത് കൊണ്ടാണ് ട്രംപ് യുദ്ധം നിര്‍ത്താന്‍ പുതിയ വഴികള്‍ തേടുന്നത്. മറ്റുപലതും പോലെ യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്. നിര്‍ത്താനാണ് പാട്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories