ഖാര്‍ഗ് ദ്വീപ് നോട്ടമിട്ട് യുഎസ്, കെണിയൊരുക്കി ഇറാന്‍; പണി പാളുമെന്ന് യുഎസിന് മുന്നറിയിപ്പ്!

Published : Mar 26, 2026, 03:46 PM IST

ഇറാനിലെ തന്ത്ര്രപധാനമായ ഖാര്‍ഗ് ദ്വീപിനു വേണ്ടി മരണക്കളിക്കൊരുങ്ങി ഇറാനും യുഎസും. ദ്വീപ് പിടിച്ചെടുക്കാനാണ് അമേരിക്കയുടെ ആലോചന. ആ നീക്കം പൊളിക്കാന്‍ കെണിയൊരുക്കുകയാണ് ഇറാന്‍. കരയുദ്ധം നടന്നാല്‍, യുഎസിന് തിരിച്ചടിയാവുമെന്ന് മുന്നറിയിപ്പുകളുണ്ട് 

PREV
17
മരണക്കളിക്കൊരുങ്ങി ഇറാന്‍

ഇറാനിലെ തന്ത്ര്രപധാനമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായ വാര്‍ത്തകള്‍ക്കിടെ, അത്തരമൊരു നീക്കം പൊളിക്കാന്‍ മരണക്കളിക്കൊരുങ്ങി ഇറാന്‍. ആക്രമണം ചെറുക്കാന്‍ ഇറാന്‍ കുഴിബോംബുകള്‍ വിന്യസിച്ചു. ഒപ്പം, കൂടുതല്‍ സൈനികരെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും വിന്യസിക്കുകയും ചെയ്തു. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സി എന്‍ എന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

27
യുഎസ് നീക്കങ്ങള്‍, മുന്നറിയിപ്പുകള്‍

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കരയുദ്ധം നടത്തി ദ്വീപ് പിടിച്ചെടുക്കാന്‍ ട്രംപ് ഭരണകൂടം ആലോചന തുടങ്ങിയത്. ഈ നീക്കത്തിനായി മറീനുകളെയും പ്രത്യേക എയര്‍ബോണ്‍ സൈനിക യൂനിറ്റുകളെയും അമേരിക്ക പശ്ചിമേഷ്യയിലേക്ക് എത്തിച്ചിട്ടുണ്ട്.

ദ്വീപ് അക്രമിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ, കഴിഞ്ഞ ദിവസം ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് അമേരിക്കയ്ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നു. 'ഒരു അയല്‍ രാജ്യത്തിന്റെ പിന്തുണയോടെ ശത്രുക്കള്‍ ഞങ്ങളുടെ ഒരു ദ്വീപ് കൈവശപ്പെടുത്താന്‍ ഒരുങ്ങുകയാണ്. എല്ലാ നീക്കങ്ങളും ഞങ്ങളുടെ നിരീക്ഷണത്തിലാണ്. അവര്‍ പരിധി ലംഘിച്ചാല്‍, ആ അയല്‍ രാജ്യത്തിനുനേര്‍ക്ക് അനിയന്ത്രിത ആക്രമണം നടത്തും' എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.

37
കെണിയൊരുക്കി ഇറാന്‍

ഖാര്‍ഗ് ദ്വീപിന് ചുറ്റും ഇറാന്‍ ശക്തമായ പ്രതിരോധ നിര തീര്‍ത്തതായി സി എന്‍ എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തോളില്‍ വെച്ച് തൊടുക്കാവുന്ന ഉപരിതല-വ്യോമ മിസൈല്‍ സംവിധാനങ്ങള്‍ ഇവിടെ കൂടുതല്‍ വിന്യസിച്ചിട്ടുണ്ട്. യുഎസ് സൈന്യം ഇറങ്ങാന്‍ സാധ്യതയുള്ള തീരപ്രദേശങ്ങളില്‍ ആള്‍നാശമുണ്ടാക്കുന്ന കുഴിബോംബുകളും ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള കുഴിബോംബുകളും സ്ഥാപിച്ചു. ദ്വീപിന് ചുറ്റും സമാനമായ കെണികളും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഇറാന്‍ സൈനികരെ ഇവിടെ എത്തിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങളും ദ്വീപില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.

47
ഇറാന്റെ നട്ടെല്ല്

വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഖാര്‍ഗ് ദ്വീപ് ഇറാന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ തൊണ്ണൂറു ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ ദ്വീപ് വഴിയാണ്. ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് അകലെയാണെങ്കിലും ഇവിടത്തെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഇറാന് നിര്‍ണായകമാണ്. മാര്‍ച്ച് 13-ന് അമേരിക്ക ഇവിടെ ആക്രമണം നടത്തിയിരുന്നു. കുഴിബോംബ് സംഭരണ കേന്ദ്രങ്ങള്‍, മിസൈല്‍ ബങ്കറുകള്‍, മറ്റ് സൈനിക കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 90 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായാണ് യുഎസ് അവകാശപ്പെട്ടത്. ഇതിനു പിന്നാലെ, ദ്വീപിലെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്നും ബോധപൂര്‍വ്വം വിട്ടുനിന്നത് മര്യാദയുടെ പേരിലാണെന്ന് ട്രംപ് പറഞ്ഞിരുന്നു.

57
അപകട മുന്നറിയിപ്പുകള്‍

ഇത്തരം ഒരു കരയുദ്ധനീക്കം അപകടസാധ്യതകള്‍ നിറഞ്ഞതാണെന്നും യുഎസിന് വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുമെന്നുമാണ് മുന്‍ യുഎസ് ഉദ്യോഗസ്ഥരും സൈനിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നത്. ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഡ്രോണ്‍ ആക്രമണങ്ങള്‍ക്കും മിസൈല്‍ വര്‍ഷത്തിനും കാരണമാവും. കൂടുതല്‍ യുഎസ് സൈനികരുടെ മരണത്തിനും അതിടയാക്കും. ഇറാന്‍ പരമാവധി നാശനഷ്ടങ്ങള്‍ വരുത്താനായിരിക്കും ശ്രമിക്കുകയെന്നും നാറ്റോ മുന്‍ സുപ്രീം അലൈഡ് കമാന്‍ഡര്‍ റിട്ട. അഡ്മിറല്‍ ജെയിംസ് സ്റ്റാവ്രിഡിസ് മുന്നറിയിപ്പ് നല്‍കി. ദ്വീപ് ഇറാന്‍ തീരത്തിന് തൊട്ടടുത്തായതിനാല്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് യുഎസ് സൈന്യത്തിന് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും മുന്നറിയിപ്പുണ്ട്.

67
പിടിച്ചെടുത്താലും കാര്യമില്ലെന്ന് വാദം

അതിനിടെ, ദ്വീപ് പിടിച്ചെടുക്കുന്നത് ട്രംപ് കരുതുന്നത് പോലെ വലിയ ഗുണം ചെയ്യില്ലെന്നും അഭിപ്രായമുണ്ട്. ദ്വീപ് പിടിക്കുന്നത് കൊണ്ട് മാത്രം ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങളോ ആഗോള ഊര്‍ജ്ജ വിപണിയിലെ ഇറാന്റെ സ്വാധീനമോ ഇല്ലാതാക്കാനാവില്ലെന്ന് ട്രംപിന്റെ ചില സഖ്യകക്ഷികള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ട്രംപ് ഭരണകൂടത്തിനുള്ളില്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

77
ഗള്‍ഫ് രാജ്യങ്ങളുടെ താല്‍പ്പര്യം

ഖാര്‍ഗ് ദ്വീപ് കൈവശപ്പെടുത്താനോ യുറേനിയം നീക്കം ചെയ്യാനോ കരസേനയെ ഇറക്കി യുദ്ധം നീട്ടരുതെന്ന് ഗള്‍ഫ് സഖ്യകക്ഷികള്‍ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി സി എന്‍ എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ വന്നാല്‍, അത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനുപകരം, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ തകര്‍ക്കണമെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. ഇറാന്റെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈല്‍ ശേഷിയുടെ വലിയൊരു ഭാഗം ഇതിനകം നശിപ്പിച്ചതായും ബാക്കികൂടി ഇല്ലാതാക്കാന്‍ തയ്യാറാണെന്നുമാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് യുഎസ് മറുപടി നല്‍കിയത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories