യൂറോപ്പിലെ ഏറ്റവും വലിയ മഴയില്‍ തകര്‍ന്ന് ഇറ്റലി; 12 മണിക്കൂറിനുള്ളിൽ 34 ഇഞ്ച് മഴ !

First Published Oct 9, 2021, 4:02 PM IST

ലയാളികളെ സംബന്ധിച്ച് 'തുലാവെള്ളം തലയ്ക്ക് മീതെ'യെന്നാണ് ചൊല്ല്. തുലാമാസമാകാന്‍ ഇനിയും രണ്ട് നാള്‍കൂടുയുണ്ടെങ്കിലും ശക്തമായ മഴയാണ് ഈ ആഴ്ചയില്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പെയ്തത്. എന്നാല്‍, അങ്ങ് ഇറ്റലിയിലുണ്ടായ അതിശക്തമായ മഴയില്‍ വെള്ളം തലയ്ക്ക് മീതെയെത്തിയെന്നാണ് വാര്‍ത്തകള്‍. 12 മണിക്കൂറിനുള്ളിൽ 34 ഇഞ്ച് മഴയാണ് ഇറ്റാലിയിലെ പല പ്രദേശങ്ങളിലും പെയ്തത്. ഇത് യൂറോപ്പിലെ ഏറ്റവും വലിയ മഴയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ ജെനോവൻ പട്ടണമായ റോസിഗ്ലിയോണില്‍, പെയ്യുന്ന ശരാശരി വാർഷിക മഴയുടെ 82.9 ശതമാനമാണ് ഒറ്റ ദിവസം കൊണ്ട് പെയ്ത് പോയത്, 34 ഇഞ്ച് മഴ. ഫ്രാൻസ് അതിർത്തിയായ ഇറ്റലിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയായ ലിഗൂറിയയിലും കനത്ത മഴ പെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

ലിഗൂറിയൻ കടൽ തീരത്തുള്ള സവോണ നഗരത്തെയാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രദേശത്തെ മലയോര മേഖലയിലെ വീടുകളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അനുഭവപ്പെട്ടു. നദികള്‍ കരകൾ നിറഞ്ഞൊഴുകി. 

കെയ്‌റോ മോണ്ടെനോട്ടോയിൽ 20 ഇഞ്ചും വീക്കോമോറസ്സോയിൽ ഏഴ് ഇഞ്ചും മഴ പെയ്തതോടെ അതുവരെയുണ്ടായിരുന്ന ആറ് മണിക്കൂർ, ഒരു മണിക്കൂർ എന്നിങ്ങനെ മഴ പെയ്ത്തിലുണ്ടായിരുന്ന എല്ലാ ദേശീയ റെക്കോര്‍ഡുകളും ഇത്തവണത്തെ മഴ തകര്‍ത്തു.

പ്രതിവർഷം ശരാശരി 50 ഇഞ്ച് മഴ പെയ്യുന്ന ഈ പ്രദേശം ഇര്‍പ്പമേറിയ കാലാവസ്ഥയ്ക്ക് ഏറെ പേരുകേട്ടതാണ്. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ ചിത്രങ്ങളില്‍ തെരുവിലൂടെ മഴവെള്ളം കുത്തിയൊഴുകി പോകുന്നത് കാണാം. വീടുകളുടെ ചുമരും മറ്റും വിള്ളല്‍ വീണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മഴ ഇപ്പോഴും തുടരുകയാണ്. 

ക്വിലിയാനോ പട്ടണത്തിൽ ഒരു പാലം തകർന്നതായി കൊറിയർ ഡെല്ല സെറയുടെ ഓൺലൈൻ സൈറ്റ് റിപ്പോർട്ട് ചെയ്തു. മറ്റൊരു പട്ടണമായ കാമ്പോറോസോയിൽ, മുൻകരുതൽ എന്ന നിലയിൽ കോവിഡ് -19 വാക്സിൻ കേന്ദ്രം അടച്ചുപൂട്ടിയതായി ലാപ്രെസ് വാർത്താ ഏജൻസി പറഞ്ഞു. 

ലിഗുറിയയിലെ ഏറ്റവും ജനസംഖ്യയുള്ള തുറമുഖ നഗരമായ ജെനോവയിലെ സ്കൂളുകൾ അടച്ചുപൂട്ടാനും പാർക്കുകളും ശ്മശാനങ്ങളും അടയ്ക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഓപ്പൺ എയർ മാർക്കറ്റുകളും കായിക കേന്ദ്രങ്ങളും അടച്ചു. ഈ ആഴ്ചയില്‍ ഏതാണ്ടെല്ലാ ദിവസവും ശക്തമായ മഴയാണ് ഇറ്റലിയില്‍ അനുഭവപ്പെട്ടത്. 

കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് വെനീസിലെ സെന്‍റ് മാർക്ക് സ്ക്വയറിൽ ഭാഗികമായി വെള്ളവും നിറഞ്ഞു.  ഈതർ മോണിറ്ററിംഗ് സൈറ്റ് കോൾഡിറെറ്റി മുന്നറിയിപ്പ് നൽകി,

അതിതീവ്രമഴയെ തുടര്‍ന്ന് കൃഷിയിടങ്ങള്‍, മേച്ചിൽപ്പുറങ്ങൾ, പശുതൊഴുത്തുകൾ, കാർഷിക ഉപകരണങ്ങള്‍ എന്നിവ വ്യപകമായി നശിപ്പിക്കപ്പെട്ടു. റോഡുകൾ മിക്കതും തകര്‍ന്നു. രാജ്യത്തുടനീളം മണ്ണിടിച്ചിലിനും മഴ കാരണമായതായാണ് റിപ്പോര്‍ട്ട്. 

ഈ വർഷം ഇതിനകം ഇറ്റലിയിലെ കാർഷിക വ്യവസായത്തിന് 1.7 ബില്യൺ യൂറോ (രണ്ട് ബില്യൺ യൂറോ) നഷ്ടം നേരിട്ടതായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ജൂലൈയിൽ പെയ്ത ശക്തമായ മഴ ജർമ്മനിയിലും ബെൽജിയത്തിലും ഏറെ നാശമാണ് വിതച്ചത്. 

അടുത്ത 20 വർഷത്തിനുള്ളിൽ ഭൂമി 1.5 സെന്‍റഗ്രേഡ് വരെ ചൂടാകാൻ സാധ്യതയുണ്ടെന്ന് യുഎന്നിന്‍റെ കാലാവസ്ഥാ പഠനങ്ങള്‍ പറയുന്നു.  ചൂടേറിയ കാലാവസ്ഥ വെള്ളപ്പൊക്കം, വരൾച്ച പതിവാക്കുകയും അത് അതിതീവ്രമാവുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

യുഎന്നിന്‍റെ കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ഇന്‍റര്‍ ഗവൺമെന്‍റൽ പാനൽ (ഐപിസിസി) റിപ്പോർട്ട് തയ്യാറാക്കിയത് 60 രാജ്യങ്ങളിൽ നിന്നുള്ള 200 ശാസ്ത്രജ്ഞരാണ്.

റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ ലിൻഡ മെർൻസ് അഭിപ്രായപ്പെട്ടത്,  'ഇത് കൂടുതൽ വഷളാകുമെന്ന് ഉറപ്പുനൽകുന്നു, സുരക്ഷിതമായ ഒരു മേഖലയും ഞാൻ കാണുന്നില്ല.  ഓടി രക്ഷപ്പെടാമെന്ന കരുതിയാല്‍ ഒരിടവും ഉണ്ടാകില്ല.'  എന്നായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!