പാകിസ്ഥാൻ പാർലമെൻ്റ് സമ്മേളനത്തിനിടെ സ്പീക്കർ അയാസ് സൈദിന് കളഞ്ഞുകിട്ടിയ ഒരു കെട്ട് നോട്ടിന് ആരുടേതാണെന്ന് ചോദിച്ചപ്പോൾ പന്ത്രണ്ടോളം എംപിമാർ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. പാർലമെൻ്റ് എം പിമാരുടെ 'സത്യസന്ധത'യിൽ അമ്പരന്ന സ്പീക്കറുടെ വീഡിയോ വൈറലായി.
അന്യന്റെതൊന്നും ആഗ്രഹിക്കരുതെന്നാണ് ഒട്ടുമിക്ക മതങ്ങളും പഠിപ്പിക്കുന്നത്. മനുഷ്യൻറെ സമൂഹിക ജീവിതം അസ്വസ്ഥതകളില്ലാത്തെ മുന്നോട്ട് കൊണ്ട് പോകാൻ അത്തരം ചില നിയന്ത്രണങ്ങൾ പൊതുസമൂഹത്തിലുള്ളവർ കൈക്കൊള്ളേണ്ടതുണ്ട്. അതാണ് ഓരോ മതവും പഠിപ്പിക്കുന്നതും. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് അത്തരം നിയന്ത്രണങ്ങൾ പാലിക്കാൻ ചിലപ്പോൾ പറ്റിയെന്ന് വരില്ല. എന്നാൽ സമൂഹത്തിന് തന്നെ മാതൃകയാകേണ്ട പൊതുപ്രവർത്തകർ അത്തരം ചില സത്യസന്ധതകൾ ജീവിതത്തിൽ പാലിക്കേണ്ടതുണ്ട്. പറഞ്ഞ് വരുന്നത് പാകിസ്ഥാൻ പാർലമെൻറിൽ നിന്നും പുറത്ത് വന്ന ഒരു വീഡിയോയെ കുറിച്ചാണ്.
ഇതാരുടെ പണം?
പാക് പാർലമെന്‍റ് സമ്മേളനത്തിനിടെ പാക് പാർലമെന്‍റ് സ്പീക്കർ അയാസ് സൈദ് ഒരു കെട്ട് നോട്ട് ഉയർത്തിക്കൊണ്ട് ഈ പണം ആരുടേതാണെന്ന് ചോദിച്ചു. ഒപ്പം ഉടമസ്ഥരുണ്ടെങ്കില്‍ കൈ പൊക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ പാർലമെന്‍റിലുണ്ടായിരുന്ന പന്ത്രണ്ട് - പതിമൂന്ന് എംപിമാരാണ് പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് കൈ ഉയർത്തിയത്. ഇതോടെ ഇത് വെറും പത്ത് നോട്ടാണ് ഉള്ളതെന്നും അതിന് പന്ത്രണ്ട് അവകാശികളുണ്ടെന്നും പറഞ്ഞ് കൊണ്ട് അയാസ് സൈദ് പണം മാറ്റിവച്ചു. തന്‍റെ പാർലമെന്‍റ് അംഗങ്ങളുടെ 'സത്യസന്ധത' അദ്ദേഹത്തെ അമ്പരപ്പിച്ചു.
യഥാർത്ഥ ഉടമസ്ഥൻ
ഒടുവിൽ ആ നഷ്ടപ്പെട്ട പണത്തിന്‍റെ ഉടമസ്ഥനെ കണ്ടെത്തിയെന്ന് പാക് ആജ് ടിവി റിപ്പോർട്ടുകൾ പറയുന്നു. പിടിഐ ജേർണലിസ്റ്റായ മുഹമ്മദ് ഇഖ്ബാൽ അഫ്രീദിയുടെ പണമായിരുന്നു അത്. അദ്ദേഹം പിന്നാട് അസംബ്ലി ഓഫീസിലെത്തി പണം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
വീഡിയോ വൈറൽ പ്രതികരണങ്ങളും
സംഗതി എന്തായാലും സംഭവത്തിന്‍റെ വീഡിയോ പാക് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ പാർലമെന്‍റ് അംഗങ്ങൾക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പാക് സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രതികരിച്ചത്. നിയമനിർമ്മാതാക്കൾ വ്യവസ്ഥയുടെ ചീഞ്ഞ മുട്ടകളാണെന്ന് ഒരു കാഴ്ചക്കാരന്‍ വിശേഷിപ്പിച്ചു. അന്യന്‍റെ മുതൽ ആഗ്രഹിക്കുന്നവർ രാജ്യത്തിന്‍റെ നിയമനിർമ്മാണ സഭയിലുള്ളപ്പോൾ രാജ്യം ഏങ്ങനെയാണ് അഭിവൃദ്ധിപ്രാപിക്കുകയെന്ന് മറ്റൊരു കാഴ്ചക്കാരൻ ആശങ്കപ്പെട്ടു. പാക് പാർലമെന്‍റിന്‍റെ സത്യസന്ധത തെളിഞ്ഞെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ അഭിപ്രായപ്പെട്ടത്. ദശലക്ഷങ്ങൾ ശമ്പളം വാങ്ങുമ്പോഴും അന്യന്‍റെ ചില്ലറക്കാശിന് വേണ്ടി കൈ പൊക്കുന്നവർ എന്തുമാത്രം മോഷണം നടത്തുമെന്നായിരുന്നു മറ്റ് ചിലരുടെ ആദി.


