ഗള്‍ഫില്‍ നിന്നും 11 -ാം തിയതി കോഴിക്കോട്ട് വിമാനത്താവളത്തില്‍ ഇറങ്ങിയ കാസര്‍കോട് സ്വദേശിയില്‍ കൊവിഡ് 19 വൈറസ് ബധ സ്ഥിതീകരിച്ചത് 19 -ാം തിയതി മാത്രമാണ്. ഇതിനിടെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും അത് കാര്യമാക്കാതെ ഏരിയാല്‍ സ്വദേശി സന്ദര്‍ശിച്ചത് 30 -ളം സ്ഥലങ്ങളിലാണ്. ഇന്ന് രാവിലെ കാസര്‍കോട് കലക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് " കാല് പിടിച്ച് ചോദിച്ചിട്ടും അയാള്‍ പോയ സ്ഥലങ്ങളെ കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ നല്‍കുന്നില്ലെന്നാണ്." കാസര്‍കോട് സ്വദേശിയുടെ പ്രവൃത്തി ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഈയൊരു സംഭവം നമ്മള്‍ എങ്ങനെയാണ് കൊറോണാ വൈറസിനെ സമീപിക്കുന്നതെന്നതിനുള്ള ഉദാഹരണമാണ്. സര്‍ക്കാര്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം ആവശ്യപ്പെട്ടിട്ടും നിരീക്ഷണത്തിലുള്ളവര്‍ പൊതുസമൂഹത്തിലിറങ്ങി നടക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഈ മഹാമാരിയെ അതിജീവിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങളെ കര്‍ശനമായി പാലിച്ചേ മതിയാകൂ. ലോകത്ത് ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതുവരെയായി ലോകത്ത് 11,421 പേരാണ് കൊറോണാ വൈറസ് മൂലം മരിച്ചത്. ഇന്ത്യയില്‍ 283 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് അവസാന കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ച് പേര്‍ ഇതിനകം മരിച്ചു. ഏങ്ങനെയാണ് സാമൂഹിക അകലം പാലിക്കേണ്ടത് എന്നതില്‍ തുടങ്ങുന്നു ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്വം. കൊവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ഇറ്റലി, റോം, അമേരിക്ക എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാനായി പൊതുസ്ഥലങ്ങളില്‍ പ്രത്യേകമായി തയ്യാറാക്കിയ "അകല"ങ്ങള്‍ കാണാം. ആ മാതൃകകളെ അനുസരിക്കാം. വരൂ... ഈ മഹാമാരിയെയും അകന്ന് നിന്ന് നമ്മുക്ക് മറികടക്കാം.