Mariupol: റഷ്യ 'സ്വതന്ത്ര'മാക്കിയ മരിയുപോളിലെ 'കൂട്ടക്കുഴിമാട'ങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

First Published Apr 22, 2022, 12:27 PM IST

യുക്രൈന്‍ യുദ്ധത്തിന്‍റെ അമ്പത്തിയേഴാം ദിവസമായിരുന്ന ഇന്നലെയാണ് മരിയുപോള്‍ കീഴടക്കിയതായി റഷ്യ ഔദ്ധ്യോഗീകമായി പ്രഖ്യാപിക്കുന്നത്. ഇത്രയും നാള്‍ നടത്തിയ യുദ്ധത്തിനിടെ യുക്രൈന്‍ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് റഷ്യ കീഴടക്കുന്നത് ആദ്യമായിട്ടാണ്. ഇതിനിടെ റഷ്യയ്ക്ക് കനത്ത നാശനഷ്ടം നേരിടേണ്ടിവന്നെന്ന് യുഎസും യുക്രൈനും അവകാശപ്പെട്ടു. മരിയുപോള്‍ കീഴടക്കിയതായി ഇന്നലെ രാവിലെയോടെ റഷ്യയുടെ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ പറഞ്ഞത്. തൊട്ട് പിന്നാലെ മരിയുപോളിന്‍റെ “വിമോചനം” റഷ്യൻ സേനയുടെ “വിജയം” ആണെന്ന് അവകാശപ്പെട്ട്  പ്രസിഡന്‍റ് വ്ളോഡിമിര്‍ പുടിനും രംഗത്തെത്തി. എന്നാല്‍, ഇതിന് പിന്നാലെ മരിയുപോളിലെ കൂട്ടകുഴിമാടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ യുഎസ് പുറത്ത് വിട്ടു. 

യുക്രൈനിലേക്ക് സൈനിക നടപടി ആരംഭിച്ചപ്പോള്‍ മുതല്‍ റഷ്യ യുദ്ധകുറ്റാരോപണം നേരിടുന്നുണ്ട്. ബുച്ച, ഇര്‍പിന്‍ എന്നീ നഗരങ്ങില്‍ നൂറ് കണക്കിന് സാധാരണക്കാരുടെ കൂട്ടകുഴിമാടങ്ങളാണ് കണ്ടെത്തിയത്. ബുച്ചയില്‍ ഏതാണ്ട് 900-ളം പേരുടെ കൂഴിമാടം കണ്ടെത്തിയപ്പോള്‍ ഇര്‍പിനില്‍ 260 ളം പേരെ അടക്കിയ കൂട്ടികുഴിമാടങ്ങള്‍ കണ്ടെത്തിയതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു.

കൂട്ടകുഴിമാടങ്ങളില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങളുടെ കൈകള്‍ പിന്നില്‍ കെട്ടിയിരുന്നെന്നും ഇവരുടെ തലയ്ക്ക് പുറകില്‍ വെടിയേറ്റതിന്‍റെ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചിരുന്നു. 

ഏറ്റവും ഒടുവില്‍ റഷ്യന്‍ സൈന്യം മരിയുപോള്‍ കീഴടക്കി എന്ന് അവകാശപ്പെട്ടതിന് പുറകെയാണ് ഇവിടെ നിന്നുള്ള കൂട്ടകുഴിമാടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ യുഎസ് പുറത്ത് വിട്ടത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ റഷ്യ തയ്യാറായില്ല. 

ഈ സാറ്റലൈറ്റ് ചിത്രങ്ങള്‍ തങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മാരിപോളിന് സമീപം 200 ഓളം ശവക്കുഴികൾ അടങ്ങിയ ഒരു കൂട്ട ശ്മശാന സ്ഥലം കണ്ടെത്തിയതായി ഒരു യുഎസ് ഉപഗ്രഹ സ്ഥാപനമാണ് ആദ്യം റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 

യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ യുക്രൈന്‍റെ തെക്ക് കിഴക്കന്‍ തീരദേശ നഗരമായ മരിയുപോളിലേക്ക് റഷ്യ നിരന്തരം മിസൈല്‍ അക്രമണം നടത്തിയിരുന്നു. നഗരത്തിലെ ഏതാണ്ട് 90 ശതമാനം കെട്ടിടങ്ങളും പൂര്‍ണ്ണമായും തകര്‍ന്നെന്നും തകരാത്ത കെട്ടിടങ്ങള്‍ അത്യപൂര്‍വ്വമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

മാര്‍ച്ച് അവസാന ആഴ്ച കണ്ടെത്തിയ കൂട്ടകുഴിമാടങ്ങള്‍ ഇപ്പോള്‍ വളരെയേറെ വലുതായതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ തെളിയിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളുടെ വിവരങ്ങള്‍ വിശകലനം ചെയ്യുന്ന മാക്സര്‍ ടെക്നോളജീസ് (Maxar Technologies) അറിയിച്ചു. 

റഷ്യൻ സൈന്യം കൊലപ്പെടുത്തിയ മരിയുപോളിനെ അവിടെ കുഴിച്ചിട്ടതായി പ്രാദേശിക യുക്രൈന്‍ ഉദ്യോഗസ്ഥരും ആരോപിക്കുന്നു. ആഴ്ചകളോളം നടന്ന ബോംബാക്രമണത്തിനും പോരാട്ടത്തിനും ശേഷം റഷ്യൻ സൈന്യം മരിയുപോളിന്‍റെ ഭൂരിഭാഗം പ്രദേശത്തിന്‍റെയും നിയന്ത്രിണം ഏറ്റെടുത്തു. 

ഏതാണ്ട് 2000 ത്തോളം യുക്രൈന്‍ സൈനികര്‍ ഇപ്പോഴും മരിയുപോളില്‍ അവശേഷിക്കുന്നുണ്ടെന്നും ഇവര്‍ മരിയുപോളിലെ വ്യാവസായിക മേഖലയില്‍ അഭയം പ്രാപിച്ചതായും ഇന്നലെ സെര്‍ജി ഷോയിഗു അവകാശപ്പെട്ടിരുന്നു. 

ഇവരെ കൊല്ലാന്‍ പാടില്ലെന്നും മരിയുപോളിലെ ഭൂഗര്‍ഭ ഗുഹകളിലൂടെ അകത്ത് കടന്ന ഈ സൈനികരെ പ്രതിരോധിക്കണമെന്നും അതുവഴി മരിയുപോളില്‍ നിന്ന് ഒരു ഈച്ചയെ പോലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും പുടിന്‍ തന്‍റെ സൈനികരോട് ആവശ്യപ്പെട്ടു. 

സൈനികര്‍ മരിയുപോളിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്‍റുകളിലൊന്നായ അസോവ് സ്റ്റീല്‍ പ്ലാന്‍റ് കെട്ടിടത്തിനുള്ളിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്ലാന്‍റ് തകര്‍ക്കാതെ ഇവിടെ വച്ച് തന്നെ സൈനികരെ പ്രതിരോധിക്കാനും അതുവഴി അവരെ വളയാനുമാണ് റഷ്യയുടെ പദ്ധതി. 

മാരിയുപോള്‍ നഗരത്തിന് പടിഞ്ഞാറ് 20 കിലോമീറ്റർ (12 മൈൽ) അകലെ മൻഹുഷ് (Manhush) എന്ന ഗ്രാമത്തിന് സമീപമാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്. 85 മീറ്ററോളം നീളമുള്ള കുഴിമാടത്തിന് നാല് ഭാഗങ്ങൾ ഉണ്ടെന്നും  മാക്‌സർ ടെക്നോളജീസ് അറിയിച്ചു. 

റഷ്യന്‍ സൈന്യം കൊന്നൊടുക്കുന്ന സാധാരണക്കാരെ ഒരേ സ്ഥലത്ത് കുഴിച്ചിടുന്നതായി മാരിയുപോൾ സിറ്റി കൗൺസിൽ നേരത്തെ ആരോപിച്ചിരുന്നു. റഷ്യക്കാർ കിടങ്ങുകളും കുഴികളും കുഴിക്കുകയാണെന്നും കൗൺസിൽ ആരോപിച്ചു. 

"മൃതദേഹങ്ങള്‍ കൊണ്ടുവരാൻ ഡംപ് ലോറികൾ ഉപയോഗിക്കുന്നു" കൂടാതെ പ്രദേശത്തിന്‍റെ ആകാശ ചിത്രത്തില്‍ അത് "സമീപത്തുള്ള സെമിത്തേരിയുടെ ഇരട്ടി വലുതാണ്" എന്നും മാക്സര്‍ പറയുന്നു. മരിയുപോളിൽ പതിനായിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് നഗരത്തിലെ മേയർ വാഡിം ബോയ്‌ചെങ്കോയും അവകാശപ്പെട്ടു. 

സാധാരണക്കാരുടെ കൂട്ടക്കൊലകൾക്ക് റഷ്യൻ സൈനികരും ക്രെംലിൻ രാഷ്ട്രീയക്കാരും ഉത്തരവാദികളാണെന്ന് യുക്രൈയിനും പാശ്ചാത്യ സഖ്യകക്ഷികളും ആരോപിച്ചത് മോസ്‌കോ ആവർത്തിച്ച് നിഷേധിച്ചിരുന്നു. 

ഈ മാസം ആദ്യം മാക്‌സർ ടെക്നോളജീസാണ് ബുച്ചാ നഗരത്തിലെ കൂട്ട കുഴിമാടങ്ങളുടെ ചിത്രങ്ങളും പുറത്ത് വിട്ടത്. യുക്രൈന്‍ തലസ്ഥാനമായ കീവിന് വടക്കുള്ള ചെറിയ നഗരമായ ബുച്ചയില്‍ നിന്ന് ഏതാണ്ട് 900 ഓളം സാധാരണക്കാരുടെ മൃതദേഹങ്ങളാണ് യുക്രൈന്‍ സൈനികര്‍ കണ്ടെത്തിയത്. 

യുക്രൈന്‍റെ വടക്ക് പടിഞ്ഞാന്‍ പ്രദേശത്ത് നിന്ന് റഷ്യന്‍ സൈനികര്‍ പിന്‍വാങ്ങിയതിന് പിന്നാലെയാണ് കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തിയത്. റഷ്യന്‍ കരസേനയ്ക്ക് ഏറെ നാശനഷ്ടമുണ്ടാക്കിയ യുക്രൈന്‍ നഗരങ്ങളിലൊന്ന് കൂടിയാണ് ബുച്ച.

ബുച്ചയില്‍ ടാങ്കുകളും സപ്ലൈ വാഹനങ്ങളും മോട്ടോറുകളുമടക്കം നൂറ് കണക്കിന് റഷ്യന്‍ കവചിത വാഹനങ്ങളാണ് അഗ്നിക്കിരയാക്കപ്പെട്ട് തകര്‍ന്ന് കിടക്കുന്നത്. ബുച്ചയിലെ തെരുവുകളില്‍ നിന്ന് മറവ് ചെയ്യപ്പെടാതെ കിടന്ന നിരവധി സാധാരണക്കാരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. 

എന്നാല്‍, ബുച്ചയിലെ മൃതദേഹങ്ങള്‍ റഷ്യന്‍ സൈനികരുടെ പിന്മാറ്റത്തിന് ശേഷം ഒരുക്കപ്പെട്ടതാണെന്നായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്‍റെ അവകാശവാദം. 

2014 ല്‍ യുക്രൈന്‍റെ തെക്കന്‍ നഗരമായ ക്രിമിയ പിടിച്ചടക്കാന്‍ റഷ്യ നടത്തിയ യുദ്ധത്തിന് ശേഷം യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ വിമതരുടെ അക്രമണം ശക്തമായിരുന്നു. ഈ അക്രമണത്തെ  പ്രതിരോധിക്കുന്നതിനായി രൂപപ്പെട്ട യുക്രൈന്‍റെ സൈനിക വിഭാഗമായ അസോട്ട് ബറ്റാലിയനാണ് മരിയുപോളില്‍ ഇതുവരെ പോരാടിയിരുന്നത്. 

യുക്രൈന്‍ സൈനികര്‍ക്കിടയില്‍ നവനാസി വിഭാഗം ശക്തമാണെന്നും ഈ വിഭാഗത്തിനെതിരെയാണ് തങ്ങളുടെ സൈനിക നീക്കമെന്നും റഷ്യ അവകാശപ്പെട്ടിരുന്നു. അസോട്ട് ബറ്റാലിയന്‍റെ മുന്‍കാല ചരിത്രത്തില്‍ നവ നാസി ബന്ധങ്ങളും ആരോപിക്കപ്പെട്ടിരുന്നു. 
 

click me!