12 ശതമാനം പേർ മാത്രമാണ് ട്രംപിനെ മികച്ച ആളായി കണക്കാക്കുന്നത്. 21 ശതമാനം പേർ ട്രംപ് ശരാശരിയേക്കാൾ മികച്ചതാണെന്ന് വിലയിരുത്തിയതായും സർവേ ഫലം വ്യക്തമാക്കുന്നു.

വാഷിങ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപെന്ന് സർവേ ഫലം. യാഹൂ/യൂഗോവ് സർവേ പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നുവെന്നാണ് റിപ്പോർട്ട്. സർവേ ഫലം യാഹൂ/യൂഗോവ് പുറത്തുവിട്ടു. ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റാണ് ട്രംപ് എന്നാണ് 40 ശതമാനം അമേരിക്കക്കാരും കണക്കാക്കുന്നതെന്നാണ്‌ സർവേ ഫലം വ്യക്തമാക്കുന്നത്. ഒട്ടും സക്സസ്ഫുൾ അല്ലാത്ത പ്രസിഡന്‍റാണ് ട്രംപെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അമേരിക്കക്കാരിൽ ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും, എതിർക്കുന്നവരുടെ എണ്ണം ഉയർന്ന നിലയിലുമാണെന്നും സർവേ വ്യക്തമാക്കുന്നു.

രാജ്യം താങ്ങാനാവാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാർക്കെതിരായ അക്രമങ്ങളുടെ വർധനവ്, ട്രംപ് അധികാരമേറ്റതു മുതൽ ഉണ്ടായിട്ടുള്ള അതിക്രമങ്ങൾ എന്നിവയെല്ലാം വലിയ വിമർശനത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. മൂന്നിൽ ഒരാൾക്ക് മാത്രമാണ് ട്രംപിനോട് അനുകൂല നിലപാടുള്ളത്. അതേസമയം 12 ശതമാനം പേർ മാത്രമാണ് ട്രംപിനെ മികച്ച ആളായി കണക്കാക്കുന്നത്. 21 ശതമാനം പേർ ട്രംപ് ശരാശരിയേക്കാൾ മികച്ചതാണെന്ന് വിലയിരുത്തിയതായും സർവേ ഫലം വ്യക്തമാക്കുന്നു. 53 ശതമാനം അമേരിക്കക്കാർ ട്രംപിനെ ഏറ്റവും വിജയകരമല്ലാത്ത പ്രസിഡന്റുമാരിൽ ഒരാളായാണ് കണക്കാക്കുന്നത്.

2026-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നും കോൺഗ്രസിന്റെ സമ്പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുമെന്നും ട്രംപ് അനുകൂലികളുടെ ഭയമെന്നും റിപ്പോർട്ടിൽ പറയുന്നു. വർധിച്ചുവരുന്ന വിമർശനങ്ങളും താഴുന്ന സപ്പോർട്ട് റേറ്റിങ്ങുകളും ട്രംപിനെയും അനുയായികളെയും പരിഭ്രാന്തരാക്കുന്നുണ്ട് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ നേരിടാനും വോട്ടർമാരെ ആകർഷിക്കാനും ട്രംപ് തന്‍റെ നയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മിനിസോട്ടയിൽ കുടിയേറ്റക്കാർക്കെതിരായ ക്രൂരമായ നടപടികൾ അവസാനിപ്പിച്ചതായും ഡെമോക്രാറ്റിക് നിയന്ത്രിത നഗരങ്ങളിൽനിന്ന് നാഷണൽ ഗാർഡിനെ പിൻവലിച്ചതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുക്ക്, അലൂമിനിയം എന്നിവയുടെ തീരുവ ഉടൻ കുറയ്ക്കാനും സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.