Operation Ganga: യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം തിരിച്ചെത്തി തുടങ്ങി

Published : Mar 03, 2022, 11:11 AM ISTUpdated : Mar 03, 2022, 12:44 PM IST

യുക്രൈനിൽ (Ukraine) നിന്ന് ഇന്ത്യൻ പൗരന്മാരെ (Indian Citizens) സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ റഷ്യൻ സേന (Russian Military) തയാറാണെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി (Russiam Embassy) അറിയിച്ചു. റഷ്യൻ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യൻ വിമാനങ്ങളോ ഉപയോഗിച്ച് ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കണമെന്ന നിര്‍ദ്ദേശം ഇന്ത്യയാണ് മുന്നോട്ട് വച്ചതെന്ന് എംബസി ട്വീറ്റിലൂടെ അറിയിച്ചു. നേരത്തെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഓപ്റേഷന്‍ ഗംഗ പദ്ധതി പ്രകാരം ഇന്നലെ  യുക്രൈനില്‍ നിന്നുള്ള യാത്രക്കാരുമായി ആറ് വിമാനങ്ങള്‍ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്രാ വിമാനത്താവളത്തിലെത്തി. പോളണ്ടില്‍ നിന്നായിരുന്നു ആദ്യ വിമാനം. 1377 പേരെ ഇന്നലെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതുവരെ 17,000 ഇന്ത്യക്കാർ യുക്രൈൻ വിട്ടതായും കീവിൽ ഇനി ഇന്ത്യക്കാരാരും ബാക്കിയില്ലെന്നും എല്ലാവരെയും ഒഴിപ്പിച്ചതായും വിദേശകാര്യവക്താവ് അരിന്ദം ബാഗ്‍ചി (MEA Spokesperson Arindam Bagchi) വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിൽ 15 വിമാനങ്ങൾ യുക്രൈന്‍റെ അതിർത്തി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഇതിൽ ചിലത് യാത്ര തിരിച്ച് കഴിഞ്ഞതായും വിദേശകാര്യവക്താവ് പറയുന്നു. '  

PREV
114
Operation Ganga: യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം തിരിച്ചെത്തി തുടങ്ങി

കാർകീവിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളോട് ഇന്നലെ വൈകിട്ട് പ്രാദേശികസമയം ആറ് മണിക്ക് മുമ്പ് ഒഴിഞ്ഞ് പോകാൻ എംബസി ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി അവസാനിച്ചു. റഷ്യ നൽകിയ ഉപദേശപ്രകാരമാണ് ഇന്ത്യ നിർദ്ദേശം നൽകിയത്. വിദ്യാർത്ഥികളെ രാത്രിക്ക് മുമ്പ് മാറ്റാൻ റഷ്യ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതോടെ രാത്രിയിൽ റഷ്യ കാർകീവിൽ ആക്രമണം കടുപ്പിക്കുമെന്ന് ഉറപ്പായിരുന്നു. 

 

214

പ്രാദേശികസമയം ആറ് മണിക്ക് മുമ്പ് കാർകീവ് വിടണമെന്നായിരുന്നു നിർദേശം. പെസോചിൻ, ബബയെ, ബെസ്ലുഡോവ്‍‍ക എന്നിവിടങ്ങളിലേക്ക് മാറണമെന്നായിരുന്നു മുന്നറിയിപ്പ്. ഒരു വാഹനവും കിട്ടിയില്ലെങ്കിൽ നടന്നെങ്കിലും കാർകീവ് വിടണമെന്നാണ് അടിയന്തരനിർദേശത്തിൽ പറഞ്ഞിരുന്നത്. പിസോചിനിലേക്ക് യാത്ര ചെയ്യാൻ വാഹനങ്ങൾ കിട്ടാത്ത വിദ്യാർത്ഥികളോട് നടന്ന് പോകാനാണ് എംബസി പറഞ്ഞത്. 

 

314

വാഹനങ്ങൾക്ക് കാത്ത് നിൽക്കരുത്. കൈർകീവിൽ നിന്ന് പത്ത് കിലോമീറ്ററാണ് പിസോചിനിലേക്കുള്ളത്. ബബയെ, ബെസ്ലുഡോവ്‍ക എന്നീ നഗരങ്ങൾക്ക് അടുത്തുള്ളവർ അവിടേക്ക് ഉടനടി യാത്ര തിരിക്കണം. വാഹനങ്ങൾ കിട്ടാൻ സാധ്യത കുറവായതിനാൽ നടന്നെങ്കിലും പോകണം. ഹാർകീവിൽ ഇനി ആരും തുടരരുതെന്നും എംബസിയുടെ അടിയന്തരമുന്നറിയിപ്പിൽ പറഞ്ഞിരുന്നു. 

 

414

കീവിലേക്ക് വൻസൈനികവ്യൂഹത്തെയാണ് റഷ്യ നിയോഗിച്ചിരിക്കുന്നത്. കിലോമീറ്ററുകൾ നീളത്തിൽ യുദ്ധടാങ്കറുകൾ കീവിന് ചുറ്റും വിന്യസിക്കപ്പെട്ടിട്ടുണ്ട്. സമാനമായ യുദ്ധവ്യൂഹമാണ് മറ്റൊരു പ്രധാനനഗരമായ കാർകീവിലും റഷ്യ ഒരുക്കുന്നത്. ഇവിടെ ഷെല്ലാക്രമണവും ശക്തമാണ്. യുദ്ധം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ പകല്‍ സൈനീക കേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വച്ചിരുന്ന റഷ്യന്‍ സൈന്യം ഇപ്പോള്‍ സൈനിക - സിവിലിയന്‍ കേന്ദ്രങ്ങളെന്ന വ്യത്യാസമില്ലാതെ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുകയാണെന്ന് യുഎസ് ആരോപിച്ചിരുന്നു. 

 

514

വിദ്യാർത്ഥികളടക്കം ഉക്രെയിനിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം ഇന്ത്യൻ പൗരന്മാരിൽ  അറുപത് ശതമാനവും രാജ്യാതിർത്തി കടന്നെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളാ ഹൈക്കോടതിയെ അറിയിച്ചു. ഇതില്‍ മുപ്പത് ശതമാനം പേരും ഇന്ത്യയിലെത്തി. ശേഷിക്കുന്ന മുപ്പത് ശതമാനം പേർ ഇന്ത്യയിലേക്ക് പോരാനായി യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലെത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

 

614

ബാക്കിയുളള നാൽപത് ശതമാനം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 7,000 മുതല്‍ 8,000 വരെ ഇന്ത്യന്‍ പൗരന്മാരാണ് നിലവിൽ യുക്രൈയ്‌നില്‍ തുടരുന്നത്. ഇവരിൽ ഭൂരിഭാഗവും റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരാണെന്നും സർക്കാർ അറിയിച്ചു. യുക്രൈയിനുളള വിദ്യാ‍ർഥികളെ തിരെകെയെത്തിക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിലാണ് കേന്ദ്ര സർക്കാരിന്‍റെ സത്യവാങ്മൂലം.

 

714

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുട്ടിനും തമ്മിൽ നടന്ന ചർച്ചയ്ക്കിടയില്‍ ഇന്ത്യൻ വിദ്യാർഥികളെ  യുക്രൈൻ സൈന്യം തടവിലാക്കി വയ്ക്കുകയാണെന്നും ഇവരെ മനുഷ്യക്കവജമായി ഉപയോഗിക്കുകയാണെന്നും റഷ്യ ആരോപിച്ചു. അതേസമയം ഇന്ത്യക്കാരെ റഷ്യ വഴി സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്നും റഷ്യ അറിയിച്ചു.  

 

814

എന്നാല്‍, യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റഷ്യന്‍ വാദം ഇന്ത്യന്‍ വിദേശകാര്യ വക്താവ് തള്ളി. ഇത്തരമൊരു റിപ്പോര്‍ട്ടില്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഇന്ത്യക്കാരെ രക്ഷിക്കാന്‍ യുക്രൈന്‍ സഹകരിക്കുന്നുണ്ട്. ഇന്നലെ നിരവധി വിദ്യാര്‍ത്ഥികള്‍ യുക്രൈന്‍ അധികാരികളുടെ സഹായത്തോടെ കാര്‍കീവ് വിട്ടതായും വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു. 

 

914

കാര്‍കീവില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റുന്നതിനായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് യുക്രൈന്‍ അധികാരികളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈന്‍ വിടാന്‍ സാധിച്ചിട്ടുണ്ട്. ഇത് സാധ്യമാക്കാൻ യുക്രൈന്‍ അധികാരികൾ നൽകിയ സഹായത്തെ അഭിനന്ദിക്കുന്നുവെന്നും  വിദേശകാര്യ വക്താവ് പറഞ്ഞു. 
 

1014

ഖാര്‍ക്കീവ് വിടാനാകാതെ റെയിൽവേ സ്റ്റേഷനുകളില്‍ കുടുങ്ങിയിരിക്കുകയാണ് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ട്രെയിനുകളില്‍ ഇന്ത്യക്കാരെ കയറ്റാന്‍ തയാറാകുന്നില്ലെന്ന് പല വിദ്യാര്‍ഥികളും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാവിലെ 7 മുതൽ സ്റ്റേഷനിൽ കാത്തുനിൽക്കുകയാണെങ്കിലും ട്രെയിനിൽ കയറാനാകുന്നില്ല. 

 

1114

കൊടുംതണുപ്പും നഗരത്തിലെ സ്ഫോടനങ്ങളും കാരണം സമീപപ്രദേശങ്ങളിലേക്ക് നടന്നു പോകാനും കഴിയില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അതിനിടെ യുദ്ധക്കെടുതിക്കിടയിലും അഭയാര്‍ത്ഥികള്‍ക്ക് നേരെ യൂറോപ്യന്മാര്‍ വംശവെറി കാണിക്കുകയാണെന്നും യുറോപ്യന്മാരെ അതിര്‍ത്തി കടക്കാന്‍ സഹായിക്കുമ്പോള്‍ തന്നെ ഏഷ്യന്‍, ആഫ്രിക്കന്‍വംശക്കാര്‍ക്കെതിരെ കടുത്തനിലപാടാണ് അതിര്‍ത്തി സൈനികരുടെതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 

 

1214

എന്നാല്‍, ഇന്ത്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച യുക്രൈന്‍റെ അയല്‍രാജ്യങ്ങളോടുള്ള നന്ദി അറിയിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. അതേസമയം, യുക്രൈൻ - റഷ്യ രണ്ടാം വട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് - ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ടെന്നത് മാത്രമാണ് ചര്‍ച്ചയിലെ ഏക പ്രതീക്ഷ. 

 

1314

യുക്രൈനിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തെ 141 രാജ്യങ്ങൾ അനുകൂലിച്ചു. അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു. ഇന്ത്യ, പാകിസ്ഥാന്‍, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വോട്ടെടുപ്പിൽ വിട്ടുനിന്നു. 

 

1414

യുദ്ധം ആരംഭിച്ച് ഏഴാം ദിവസം, യുദ്ധത്തിൽ തങ്ങളുടെ 498 സൈനികർ മരിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചു. സൈനിക നീക്കം തുടങ്ങിയ ശേഷം തങ്ങളുടെ പക്ഷത്ത് ഇതാദ്യമായാണ് ആൾനാശമുണ്ടായെന്നാണ് റഷ്യയുടെ വെളിപ്പെടുത്തൽ. 1,597 സൈനികർക്ക് പരിക്കേറ്റു. 2870 യുക്രൈൻ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു. എന്നാല്‍, ഏഴ് ദിവസത്തിനിടെ 9,000 റഷ്യന്‍ സൈനീകരെ വധിച്ചെന്ന് യുക്രൈനും അവകാശപ്പെട്ടു.  

 

Read more Photos on
click me!

Recommended Stories