യുക്രൈനെതിരെ യുദ്ധം ചെയ്യാന്‍ വിശുദ്ധ ജലവുമായി പുടിന്‍റെ 'വയസന്‍ പട'

First Published Sep 30, 2022, 2:05 PM IST

യുക്രൈനെതിരെ 'പ്രത്യേക സൈനിക നടപടി'യെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുടിന്‍ തന്നെ വിശേഷിപ്പിച്ച അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ കീഴടക്കിയ പ്രദേശങ്ങള്‍ കൂടി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ലോകത്തിന്‍റെ രണ്ടാമത്തെ സൈനിക ശക്തിയെന്നറിയപ്പോടുന്ന റഷ്യന്‍ സേന. വിജയിച്ചല്ലാതെ മടക്കമില്ലെന്ന് റഷ്യന്‍ ഏകാധിപതി പിടി വാശി തുടരുന്നതിനിടെ 3,00,000 പേരടങ്ങുന്ന രാജ്യത്തെ റിസര്‍വ് സൈനികരുടെ പുതിയ യൂണിറ്റിന്‍റെ സജ്ജീകരണം തുടങ്ങി. എന്നാല്‍, ഈ റിസര്‍വ് സൈനികരില്‍ അധികവും സൈനിക സേവനത്തില്‍ നിന്നും വിരമിച്ച വൃദ്ധരായ സൈനികരാണെന്ന് അവകാശപ്പെട്ട വിദേശ മാധ്യമങ്ങള്‍ പുതിയ റഷ്യന്‍ റിസര്‍വ് സൈന്യത്തെ പുടിന്‍റെ 'ഡാഡ്സ് ആര്‍മി' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആരോഗ്യ പ്രശ്നങ്ങളുള്ള നിരവധി പേര്‍, പ്രത്യേകിച്ചും 60 തിനും 65 ഇടയ്ക്ക് പ്രായമുള്ളവരാണ് പുതിയ റിസര്‍വ് ബറ്റാലിയന്‍റെ ഭാഗമായുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുദ്ധം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ തെക്ക് കിഴക്കന്‍ യുക്രൈന്‍റെ ഏതാണ്ട് 15 ശതമാനത്തോളം ഭൂമി റഷ്യയുടെ കൈവശമാണ്. വരുന്ന ശൈത്യ കാലത്തിന് മുമ്പ് നഷ്ടപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനായി ഓരോ ഇഞ്ചും പിടിച്ചെടുത്ത് യുക്രൈന്‍ സൈന്യം മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഖര്‍സേണ്‍ മേഖലയിലെ നൂറോളം ഗ്രാമങ്ങള്‍ തിരിച്ച് പിടിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. 

ഇതിനിടെ യുക്രൈന്‍ യുദ്ധത്തിനിറക്കിയ സൈനിക ശേഷിയില്‍ ഭൂരിഭാഗവും നഷ്ടമായ അവസ്ഥയിലാണ് റഷ്യന്‍ പടയെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 ന് മുമ്പത്തെ ആഴ്ചയില്‍ ഒരു ലക്ഷത്തിലും ഒരു ലക്ഷത്തി എഴുപത്തിയയ്യായിരത്തിനും ഇടയില്‍ റഷ്യന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നായിരുന്നു യുഎസ്. യുകെ അടക്കുള്ള രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്ത് വിട്ടത്. 

എന്നാല്‍, യുദ്ധം ആരംഭിച്ച് ആദ്യത്തെ അഞ്ച് മാസങ്ങള്‍ കഴിഞ്ഞ് തങ്ങള്‍ക്ക് വെറും 5500 ഓളം സൈനികരെ മാത്രമേ നഷ്ടമായിട്ടൊള്ളെന്നായിരുന്നു റഷ്യ അവകാശപ്പെട്ടത്. എന്നാല്‍ യുക്രൈന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനകം യുക്രൈന്‍റെ യുദ്ധഭൂമിയില്‍ 80,000 ത്തിനും 90,000 ത്തിനും ഇടയില്‍ റഷ്യന്‍ സൈനികര്‍ മരിച്ച് വീണെന്ന് അവകാശപ്പെട്ടു. കൂടാതെ റഷ്യന്‍  സേനയുടെ ടാങ്ക് അടക്കമുള്ള ആയുധ ശേഷിയുടെ വലിയൊരു ഭാഗവും നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. 

ഇതിനിടെയാണ് നാറ്റോയുടെയും യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെയും പിന്തുണയോടെ യുക്രൈന്‍ ശക്തമായ തിരിച്ചടി നല്‍കി നഷ്ടപ്പെട്ട സ്ഥലങ്ങള്‍ പിടിച്ച് പിടിച്ച് മുന്നേറുന്നത്. യുദ്ധത്തിന്‍റെ ആദ്യ മൂന്ന് മാസത്തോളം യുക്രൈന്‍ തലസ്ഥാനമായ കീവ് കീഴടക്കാനായിരുന്നു പുടിന്‍റെ സൈന്യം ശ്രമിച്ചത്. ബലാറസിന്‍റെ സൈന്യവുമായി ചേര്‍ന്ന് ഇതിനായി വടക്ക് പടിഞ്ഞാറന്‍ മേഖലയിലൂടെ സൈനിക നീക്കം നടത്തിയെങ്കിലും ശക്തമായ തിരിച്ചടി നേരിട്ടു. 

ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് നിന്നുള്ള സൈനിക നീക്കം പിന്‍വലിച്ച റഷ്യ, സേനയെ യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ വിന്യസിച്ചു. ഇതിനായി ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ വിമത ഗ്രൂപ്പുകളുടെ സഹായവും തേടി. ആദ്യഘട്ടത്തില്‍ വിജയിക്കാനായെങ്കിലും ഇപ്പോള്‍ റഷ്യന്‍ സേന ഈ പ്രദേശങ്ങളിലും കനത്ത തിരിച്ചടി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരുന്ന ശൈത്യകാലത്തിന് മുമ്പ് നഷ്ടപ്പെട്ട  പ്രദേശങ്ങള്‍ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് യുക്രൈന്‍ സൈന്യം. 

ഇതോടെ 16 നും 60 നും ഇടയില്‍ പ്രായമുള്ള 3 ലക്ഷം പേരുടെ റിസര്‍ബറ്റാലിയന്‍ തയ്യാറാക്കാന്‍ പുടിന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പ്രസിഡന്‍റിന്‍റെ തീരുമാനം വന്നതിന് പിന്നാലെ റഷ്യയില്‍ നിന്ന് യുവാക്കള്‍ രാജ്യം വിട്ട് പോവുകയാണെന്ന വാര്‍ത്തകള്‍ വന്നു. വിമാനമാര്‍ഗ്ഗം അയല്‍ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ വിറ്റ് പോയതിന് പിന്നാലെ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടെന്ന സര്‍ക്കാര്‍ അറിയിപ്പ് വന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇതോടെ ജോര്‍ജിയ , കസാകിസ്ഥാന്‍ അതിര്‍ത്തികളില്‍ രാജ്യം വിടാനായെത്തിവരുടെ നീണ്ട നിര കിലോമീറ്ററുകളോളം നീണ്ടെന്നും ആളുകള്‍ രാജ്യം വിടാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരാഴ്ചയ്ക്കിപ്പുറം റഷ്യയില്‍ നിന്ന് ഏതാണ്ട് 2,60,000 പേര്‍ രാജ്യം വിട്ടെന്ന വാര്‍ത്തകളും പുറത്ത് വന്നു. ജോര്‍ജിയന്‍ അതിര്‍ത്തിയില്‍ 16 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങുടെ നീണ്ട നിര നില്‍ക്കുന്നതായുള്ള ഉപഗ്രഹ ചിത്രങ്ങളും പുറത്ത് വന്നു. 

രാജ്യത്തെ സൈനിക റിക്രൂട്ട്മെന്‍റ് കേന്ദ്രങ്ങള്‍ അക്രമിക്കപ്പെട്ടെന്നും സൈബീരിയയില്‍ റിക്രൂട്ട്മെന്‍റിനായെത്തിയ സൈനിക ഓഫീസറെ ഒരു യുവാവ് കുത്തിക്കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്‍റെ 3 ലക്ഷം പേരുടെ റിസര്‍വ് ബറ്റാലിയന്‍റെ ചിത്രങ്ങളും പുറത്ത് വന്നത്. ചിത്രങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെ പുടിന്‍റെ ഡാഡ്സ് ആര്‍മിയെന്നാണ് പുതിയ റിസര്‍വ് ബറ്റാലിയന് വിദേശമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 

വോൾ​ഗോ​ഗ്രാഡ് മേഖലയിൽ നിന്നുള്ള റിസര്‍വ് ബറ്റാലിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു 63 കാരന്‍ പറഞ്ഞത്. 'പട്ടാളത്തിൽ നിന്ന് ഡെപ്യൂട്ടി കമാൻഡറായി വിരമിച്ചയാളാണ് താന്‍. പ്രായാധിക്യം കാരണം പ്രമേഹവും പക്ഷാഘാത സാധ്യതകളുമുള്ള തന്നെ യുദ്ധമുഖത്തേക്ക് വിളിക്കിലെന്നാണ് കുരുതിയത്. എന്നാല്‍, സൈനിക ഡോക്ടര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതോടെ താനും റിസര്‍വ് ബറ്റാലിയന്‍റെ ഭാഗമാകാന്‍ നിര്‍ബന്ധിതനായി' എന്നാണ്. ഇത് പോലെ തന്നെയാണ് മിക്ക ആളുകളുടെയും അവസ്ഥ. 

സൈനിക പരിശീലനം കിട്ടിയ ആളുകളെ മാത്രമാണ് റിസര്‍വ് ബറ്റാലിയനിലേക്ക് വിളിക്കൂവെന്നാണ് പുടിന്‍ പറഞ്ഞതെങ്കിലും ആരോഗ്യമുള്ള എല്ലാ യുവാക്കളെയും പുതുതായി റിക്രൂട്ട് ചെയ്യുന്നവെന്നാണ് റഷ്യയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത. ആവശ്യത്തിന് വെടിക്കോപ്പുകളോ ആയുധങ്ങളോ ഇല്ലാതെയാണ് സൈന്യത്തെ യുദ്ധമുഖത്തേക്ക് അയക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മതിയായ സ്ലീപ്പിങ്ങ് ബാഗുകളോ എന്തിന് അവശ്യ മരുന്നുകള്‍ പോലും കൈയിലില്ലെന്ന പരാതിയും ഉയര്‍ന്നു. 

ഇതിനിടെ കൈയില്‍ തോക്കും പിടിച്ച് സൈനിക സേവനത്തിന് തയ്യാറായ റഷ്യയുടെ പുതിയ റിസര്‍വ് ബറ്റാലിയന്‍റെ ചിത്രങ്ങളും പുറത്ത് വന്നു. മിക്കവരും പ്രായാധിക്യം കൊണ്ട് ക്ഷീണിതരാണ്. ആരോഗ്യ പ്രശ്നങ്ങളും മുഖത്ത് തെളിഞ്ഞ് കാണാം. പക്ഷേ, അവരെല്ലാം യുദ്ധമുഖത്തേക്ക് നീങ്ങാനായി തയ്യാറായി നില്‍ക്കുകയാണ്. ആവശ്യത്തിന് വെടിക്കോപ്പുകളില്ലെങ്കിലെന്താ പള്ളിയില്‍ നിന്നുള്ള വിശുദ്ധവെള്ളം കൈയിലുണ്ടല്ലോ എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം. 

ദിവസങ്ങള്‍ മാത്രമുള്ള പരിശീലനത്തിന് ശേഷം ഇപ്പോള്‍ യുദ്ധം നടക്കുന്ന തെക്ക് കിഴക്കന്‍ യുക്രൈനിലേക്ക് അയക്കാനാണ് ഇവരെ തയ്യാറാക്കിയിരിക്കുന്നത്. റിസര്‍ബറ്റാലിയനിലെ മിക്ക സൈനികരുടെ കൈയിലും പള്ളിയില്‍ നിന്നുള്ള വിശുദ്ധജലം കരുതിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശത്രുവിനെതിരെ യുദ്ധം ചെയ്യുമ്പോള്‍ വിശ്വാസം നിങ്ങളെ രക്ഷിക്കുമെന്നാണ് ഇവരുടെ വാദം. എന്നാല്‍, വരുന്ന വയസന്‍ പടയെ നേരിടാന്‍ കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ യുക്രൈന്‍ യുകെ, യുഎസ്, ജര്‍മ്മനി എന്നീ രാജ്യങ്ങോട് അവശ്യപ്പെട്ടു.

ഇതിനിടെ ബാള്‍ടിക് കടലിനടിയിലൂടെ റഷ്യയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് പ്രകൃതിവാതകവുമായി പോകുന്ന നോര്‍ഡ് സ്ട്രീമിന്‍റെ ഒന്ന് രണ്ട് ലൈനുകളില്‍ സ്ഫോടനം നടന്നു. സാങ്കേതിക തകരാറാണ് കാരണമെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും റഷ്യന്‍ ഭീകരാക്രമണമാണ് നടന്നതെന്ന് യുക്രൈന്‍ ആരോപിച്ചു.

ഇതിനിടെ അധിവേശ പ്രദേശങ്ങളില്‍ നടത്തിയ ഹിതപരിശോധനാഫലം തങ്ങള്‍ക്ക് അനുകൂലമാണെന്നും ഏറ്റവും അടുത്ത് തന്നെ ഈ പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗമാക്കുമെന്നും പുടിന്‍ അറിയിച്ചു. എന്നാല്‍, യുഎസ്, യുകെ, യുക്രൈന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇത് അംഗീകരിച്ചിട്ടില്ല. 

click me!