ബാള്‍ടിക് കടലില്‍ റഷ്യന്‍ വാതക പൈപ്പ് ലൈനില്‍ ചോര്‍ച്ച; റഷ്യന്‍ ഭീകരാക്രമണം എന്ന് യുക്രൈന്‍

Published : Sep 28, 2022, 11:32 AM ISTUpdated : Sep 28, 2022, 12:16 PM IST

റഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള രണ്ട് പ്രധാന വാതക പൈപ്പ് ലൈനുകളിൽ ചോര്‍ച്ച കണ്ടെത്തിയതിന് പിന്നാലെ ചോര്‍ച്ച റഷ്യന്‍ നിര്‍മ്മിതിയാണെന്ന് ആരോപിച്ച് യുക്രൈന്‍ രംഗത്തെത്തി. ഇത് "ഭീകര ആക്രമണം" ആണെന്നായിരുന്നു യുക്രൈന്‍ വിശേഷിപ്പിച്ചത്. റഷ്യയിലെ വൈബോര്‍ഗ്, ഉസ്റ്റ് ലുഗാ എന്നീ നഗരങ്ങളില്‍ നിന്ന് ബാള്‍ട്ടിക്ക് കടലിലൂടെ ജര്‍മ്മനിയിലെ ഗ്രിഫ്സ്വാള്‍ഡ് നഗരത്തിലേക്കാണ് പൈപ്പ് ലൈനുകള്‍ എത്തി ചേരുന്നത്. ഇതില്‍ നോര്‍ഡ് സ്ട്രീമിന്‍റെ ഒന്ന് രണ്ട് പൈപ്പ് ലൈനുകളാണ് ചോര്‍ന്നത്. ഇവയുടെ ചോര്‍ച്ച് യൂറോപ്യന്‍ യൂണിയനോടുള്ള ആക്രമണമാണെന്ന് യുക്രൈന്‍ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. വരാനിരിക്കുന്ന ശീതകാലത്തിന് മുമ്പ് യൂറോപ്പില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവില്‍ റഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് വാതക വിതരണമില്ലെങ്കിലും രണ്ട് പൈപ്പ് ലൈനുകളിലും വതകം നിറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

PREV
118
ബാള്‍ടിക് കടലില്‍ റഷ്യന്‍ വാതക പൈപ്പ് ലൈനില്‍ ചോര്‍ച്ച; റഷ്യന്‍ ഭീകരാക്രമണം എന്ന് യുക്രൈന്‍

ഏട്ടാം മാസത്തിലേക്ക് കടന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശം പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കുമ്പോഴാണ് ബാള്‍ട്ടിക്ക് കടലില്‍ റഷ്യന്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച കണ്ടെത്തിയതെന്നതും ശ്രദ്ധേയം. റഷ്യയ്ക്കെതിരായി യുക്രൈന് പിന്തുണ നല്‍കുന്ന യൂറോപ്യന്‍ യൂണിയന്‍റെ നിലപാടുകളോട് റഷ്യ പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 

218

എണ്ണ വില റഷ്യന്‍ കറന്‍സിയായ റൂബിളില്‍ നല്‍കണമെന്ന പിടിവാശിയും യുക്രൈന് സഹായം നല്‍കിയാല്‍ യൂറോപ്പിലേക്കുള്ള എണ്ണ വിതരണം നിര്‍ത്തലാക്കുമെന്ന് ഭീഷണിയും പുടിന്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി നോര്‍ഡ് സ്ട്രീമിന്‍റെ ഒന്ന് രണ്ട് പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച കണ്ടെത്തിയത്. 

318

ശീതകാലത്തിന് മുമ്പ് യൂറോപ്പില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പുടിന് യുദ്ധ മുഖത്ത് മറുപടി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍, തങ്ങള്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കി പിന്തുണ വര്‍ദ്ധിപ്പിക്കണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൈപ്പ് ലൈന്‍ ചോര്‍ച്ച സ്വാഭാവികമല്ലെന്നുള്ള സംശയം ബലപ്പെട്ടു. 

418

പൈപ്പ് ലൈനില്‍ നിന്നുള്ള ചേര്‍ച്ച കണ്ടെത്തുന്നതിന് മുമ്പ് കടലിനടിയില്‍ സ്ഫോടനങ്ങൾ നടന്നതായി ഭൂകമ്പ ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തു. "ഇവ സ്ഫോടനങ്ങളാണെന്നതിൽ സംശയമില്ല," എന്ന് സ്വീഡനിലെ നാഷണൽ സീസ്മോളജി സെന്‍ററിലെ ബ്യോൺ ലണ്ട് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

518

തിങ്കളാഴ്ച ഉച്ചയ്ക്ക് പൈപ്പ് ലൈനില്‍ മർദ്ദം കൂടുതലായി നഷ്ടപ്പെടുമെന്ന് നോർഡ് സ്ട്രീം 2 ന്‍റെ ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ മുന്‍കരുതലെന്ന നിലയില്‍ ബോൺഹോം ദ്വീപിന് സമീപമുള്ള പ്രദേശത്ത് നിന്നും കപ്പലുകളെ ഒഴിവാക്കണമെന്ന് ഡാനിഷ് അധികൃതരുടെ മുന്നറിയിപ്പ് വന്നു. 

618

കടലിനടിയിലെ ലൈനുകൾക്ക് ഒരേസമയം "അഭൂതപൂർവമായ" കേടുപാടുകൾ ഒരൊറ്റ ദിവസം തന്നെ സംഭവിച്ചതായി നോർഡ് സ്ട്രീം 1-ന്‍റെ ഓപ്പറേറ്റർ പറഞ്ഞു. ഇതിനിടെ ദ്വീപിനടുത്തുള്ള ബാൾട്ടിക് കടലിന്‍റെ ഉപരിതലത്തിൽ കുമിളകൾ ഉയരുന്ന ചോർച്ചയുടെ ദൃശ്യങ്ങൾ ഡെന്മാർക്കിന്‍റെ ഡിഫൻസ് കമാൻഡ് പുറത്തുവിട്ടു.

718

ചേര്‍ച്ച കടലില്‍ സൃഷ്ടിച്ച ഏറ്റവും വലിയ തരംഗത്തിന് ഏതാണ്ട് ഒരു  കിലോമീറ്റർ (0.6 മൈൽ) വ്യാസമുണ്ടെന്ന് കാണിക്കുന്നു. എന്‍എസ് -1 ( നോര്‍ഡ് സ്ട്രീം 1) ല്‍ നിന്നുള്ള വാതക ചോര്‍ച്ച റഷ്യ ആസൂത്രണം ചെയ്ത ഒരു ഭീകരാക്രമണവും യൂറോപ്യന്‍ യൂണിയന് നേരെയുള്ള ആക്രമണവും അല്ലാതെ മറ്റൊന്നുമല്ലെന്നും യൂറോപ്പിലെ സാമ്പത്തിക സ്ഥിതിയെ അസ്ഥിരപ്പെടുത്താനും ശീതകാലത്തിന് മുമ്പ് പരിഭ്രാന്തി സൃഷ്ടിക്കാനും റഷ്യ ആഗ്രഹിക്കുന്നെന്നും യുക്രൈന്‍ പത്രപ്രവര്‍ത്തകനായ പോഡോലിയാക് ട്വീറ്റ് ചെയ്തു. 

818

ഇതിനിടെ ചില യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും പൈപ്പ് ലൈന്‍ ചോര്‍ച്ച ബോധപൂര്‍വ്വമാണെന്ന ആരോപണം ഉയര്‍ത്തി മുന്നോട്ട് വന്നു. ഇത് അട്ടിമറിയാണെന്ന് പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കി കുറ്റപ്പെടുത്തി. സംഭവം യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

918

ഒരു നിഗമനത്തിലെത്തി ചേരുന്നത് വളരെ നേരത്തെയായിപ്പോയെന്ന് പറഞ്ഞ ഡെൻമാർക്കിന്‍റെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ എന്നാൽ, ഒന്നിലധികം ചോർച്ചകൾ യാദൃശ്ചികമാണെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണെന്നും കൂട്ടിച്ചേര്‍ത്തു. 

1018

അതേസമയം, കടലിനടിയിലെ വാതക ശൃംഖലയ്‌ക്കെതിരെ ഒരു ആക്രമണം നടന്നു എന്ന വാദത്തെ അധികൃതർ തള്ളിക്കളയുന്നില്ലെന്ന് ജർമ്മൻ മാധ്യമങ്ങളിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വന്നു. സംഭവത്തിൽ താൻ അതീവ ഉത്കണ്ഠാകുലനാണെന്നും ബോധപൂർവമായ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവും പറഞ്ഞു.

1118

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടർന്ന് യൂറോപ്യൻ യൂണിയന്‍ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് മറുപടിയായി, യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം കുറയ്ക്കുന്നതിനെ ഒരു സാമ്പത്തിക ആയുധമായി റഷ്യ ഉപയോഗിക്കുന്നുവെന്ന് യൂറോപ്യൻ യൂണിയൻ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. 

1218

യൂറോപ്യന്‍ യൂണിയന്‍റെ വാദം തള്ളിക്കളഞ്ഞ റഷ്യ, യൂറോപ്യന്‍ യൂണിയന്‍റെ ഉപരോധം മൂലം ഗ്യാസ് പൈപ്പ് ലൈന്‍ ശരിയായി പരിപാലിക്കാന്‍ കഴിഞ്ഞില്ലന്നും കൂട്ടിചേര്‍ത്തു.  അപകടത്തിന്‍റെ കാരണം എന്ത് തന്നെയായാലും നിലവിലെ പൊട്ടിത്തെറി യൂറോപ്പിലേക്കുള്ള റഷ്യന്‍ ഗ്യാസ് വിതരണത്തെ ബാധിക്കില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

1318

സെന്‍റ് പീറ്റേഴ്‌സ്ബർഗിനടുത്തുള്ള റഷ്യൻ തീരം മുതൽ വടക്കുകിഴക്കൻ ജർമ്മനി വരെ ബാൾട്ടിക് കടലിനടിയിൽ 745 മൈൽ (1,200 കിലോമീറ്റർ) വ്യാപിച്ചുകിടക്കുന്നതാണ് ഈ പൈപ്പ് ലൈന്‍ ശൃംഖല. നോർഡ് സ്ട്രീം 1 പൈപ്പ്‌ലൈൻ, രണ്ട് സമാന്തര ശാഖകൾ അടങ്ങിയതാണ്. അതില്‍ ഒന്ന്, കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ റഷ്യ അറ്റകുറ്റപ്പണികൾക്കായി അടച്ചു. പിന്നീട് ഇതുവരെയും ആ പൈപ്പ് ലൈന്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടില്ല.

1418

അതിന്‍റെ ഇരട്ട പൈപ്പ് ലൈൻ, നോർഡ് സ്ട്രീം 2 ലൂടെയുള്ള വാതക വിതരണം, യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യ നിർത്തിവച്ചിരുന്നു. നിലവില്‍ ഈ രണ്ട് പൈപ്പ് ലൈനുകളും പ്രവർത്തിക്കുന്നില്ലെങ്കിലും അവ രണ്ടിലും ഇപ്പോഴും വാതകം നിറഞ്ഞിരിക്കുകയാണ്. 

1518

ബാള്‍ട്ടിക്ക് കടലിലൂടെ കടന്ന് പോകുന്ന പൈപ്പ് ലൈനായതിനാല്‍ ജർമ്മൻ, ഡാനിഷ്, സ്വീഡിഷ് അധികൃതരെല്ലാം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇപ്പോഴത്തെ ചോര്‍ച്ച ദിവസങ്ങളോളമോ ഒരു പക്ഷേ ഒരാഴ്ചയോ തുടരാന്‍ സാധ്യതയുണ്ടെന്ന് ഡാനിഷ് ഊര്‍ജ്ജ് അതോറിറ്റി, അറിയിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

1618

പൈപ്പ് ലൈനിലെ തകരാറ് എപ്പോള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് പൈപ്പ് ലൈന്‍റെ ഓപ്പറേറ്റര്‍ നോര്‍ഡ് സ്ട്രീം എജി പറഞ്ഞു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ യൂറോപ്പിലെങ്ങും ഊര്‍ജ്ജ വില കുതിച്ചുയര്‍ന്നിരുന്നു. കൂടാതെ അവശ്യവസ്തുവിന്‍റെ ലഭ്യത കുറവ് കൂടിയതോടെ ചെലവ് ഇനിയും വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

1718

ശൈത്യകാലത്ത് യൂറോപ്പിലെ ഓഫീസുകളും വീടുകളും ചൂട് നിലനിര്‍ത്താനായി വാതകോര്‍ജ്ജത്തെയാണ് ആശ്രയിക്കുന്നത്. നിലവിലെ അവസ്ഥയില്‍ ഊര്‍ജ്ജ ലഭ്യത കുറവിനോടൊപ്പം ആവശ്യകത കൂടുകയും ചെയ്യുമ്പോള്‍ വില കുതിച്ചുയരുമെന്ന് കരുതുന്നു. 

1818

യൂറോപ്പിന്‍റെ റഷ്യന്‍ ഊര്‍ജ്ജ ആശ്രിതത്വത്തിന് തടയിടാനുള്ള ശ്രമങ്ങള്‍ക്ക് പോളണ്ടാണ് നേതൃത്വം നല്‍കുന്നത്. സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി പോളണ്ട് യൂറോപ്പിനുള്ള പ്രകൃതിവാതക വിതരണം ശക്തമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ടാണ്. ഇതിന്‍റെ ഭാഗമായി പുതിയ വാതക പൈപ്പ് ലൈൻ തുറന്നു കഴിഞ്ഞു. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories