
ജനുവരി 6
2021 ജനുവരിയില്‍ ലോകം ഞെട്ടിയൊരു കാഴ്ചയായിരുന്നു അമേരിക്കയില്‍ നിന്നും വന്നത്. തീവ്ര ആശയ വാദിയായിരുന്ന ഡോണാള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പരാജയം അമേരിക്കയിലെ വെള്ളുത്ത വംശീയതയില്‍ വിശ്വസിക്കുന്നവരുടെ ചങ്കത്ത് തീ കോരിയിട്ടത് പോലയായിരുന്നു. അധികാര തുടര്‍ച്ച സ്വപ്നം കണ്ടവര്‍ ട്രംപിന്‍റെ പരാജയത്തില്‍ പകച്ചു. അവര്‍ യുഎസ് സെനറ്റിലേക്ക് മാര്‍ച്ച് ചെയ്തു. ഒന്നും രണ്ടുമല്ല, പതിനായിരക്കണക്കിന് ആളുകള്‍ ഒരുമിച്ച് സെനറ്റ് ഹൌസിലെക്കിയപ്പോള്‍ അവിടെ നിലയുറപ്പിച്ചിരുന്ന പൊലീസിന് പിന്മാറേണ്ടി വന്നു. ഒടുവില്‍ 'QAnon Shaman' എന്ന പേരിലറിയപ്പെട്ട ജേക്കബ് ചാൻസ്ലിയുടെ നേതത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ യുഎസ് സെനറ്റില്‍ കയറി അഴിഞ്ഞാടി. അക്രമത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ക്യാപിറ്റോൾ കെട്ടിടത്തിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഒരു സ്ത്രീയും ഉൾപ്പെടെ അഞ്ച് പേർ കലാപത്തിനിടെ മരിച്ചു. പതിറ്റാണ്ടുകളോളം ലോക പൊലീസ് എന്ന് സ്വയവും മറ്റുള്ളവരെ കൊണ്ടും വിളിപ്പിച്ചിരുന്ന യുഎസിന്‍റെ ചരിത്രത്തില്‍ തന്നെ നാണം കെട്ട ദിവസമായിരുന്നു അത്. വംശീയ വാദികള്‍ യുഎസ് ക്യാപിറ്റോള്‍ ഹൌസിന് മുന്നില്‍ ഉയര്‍ത്തിയ കഴുമരം. യുഎസിലെ നിയന്ത്രിത ജനാധിപത്യത്തിന്‍റെ കൊലമരമായി ചിത്രീകരിക്കപ്പെട്ടു.
ഫെബ്രുവരി 1
ഫെബ്രുവരി ഒന്നാം തിയതി മറ്റൊരു ജനാധിപത്യ ധ്വംസനം കണ്ടായിരുന്നു ലോകം ഉണര്‍ന്നത്. സമാധാനത്തിന് നോബല്‍ സമ്മാനം നേടിയ മ്യാന്മാര്‍ ഭരണാധികാരി ആങ് സാന്‍ സൂകിയെ പട്ടാള ഭരണകൂടം വീണ്ടും തടവിലിട്ടു. 2020 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സുകി വിജയിക്കുകയും അധികാരം നിലനിര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പട്ടാള തീരുമാനം. ആയുസ്സിന്‍റെ നീണ്ട വര്‍ഷങ്ങള്‍ സൂകി സൈനീക തടവിലായിരുന്നു. ഇന്നും അവരുടെ തടവ് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ സൈന്യം തയ്യാറായിട്ടില്ല. സൂകിയെ മോചിപ്പിക്കാനും രാജ്യത്ത് ജനാധിപത്യം കൊണ്ടുവരാനുമായി ജനങ്ങള്‍ തെരുവിലിറങ്ങി. സ്വന്തം ജനതയെന്ന് പോലും നോക്കാതെ സൈന്യം, ജനങ്ങളുടെ തലയ്ക്ക് തന്നെ ഉന്നം വെക്കുകയാണെന്നും ലോക രാജ്യങ്ങള്‍ സഹായിക്കണമെന്നും മ്യാന്മാര്‍ ജനത ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യുഎന്‍ അടക്കമുള്ള ഏജന്‍സികളോ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോ പ്രസ്താവന ഇറക്കുന്നതിനപ്പുറത്തേക്ക് മ്യാന്മാര്‍ ജനതയെ സഹായിക്കാന്‍ ശ്രമിച്ചില്ലെന്നത് മറ്റൊരു കളങ്കമായി ഇപ്പോഴും തുടരുന്നു. ഇതിനകം നൂറ് കണക്കിന് സാധാരണക്കാരെ സൈന്യം വീടുകളില്‍ കയറി വേട്ടയാടി കൊന്നു.
മാർച്ച് 6
ലോകത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടുള്ളത് മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിലാണ്. കുരിശ് യുദ്ധവും നൂറ്റാണ്ട് യുദ്ധവും ഇന്നും പല രൂപത്തിലും ഭാവത്തിലും തുടരുന്നു. ഏഷ്യയില്‍ ഉയിഗൂര്‍, രോഹിഗ്യന്‍, വംശങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ വംശഹത്യയുടെ വക്കിലാണ്. പാശ്ചാത്യ രാജ്യങ്ങളും പശ്ചിമേശ്യന്‍ രാജ്യങ്ങളും നൂറ്റാണ്ടുകളായി ഉള്ളിന്‍റെ ഉള്ളില്‍ ഉറക്കിക്കിടത്തിയിരിക്കുന്ന മതയുദ്ധങ്ങളെ ഇടയ്ക്ക് പൊടിതട്ടിയെടുക്കാറുമുണ്ട്. അതിനൊക്കെ എണ്ണയുടെയും ഭീകരവാദത്തിന്‍റെയും പേരുകളിലേക്ക് മാറ്റിനിര്‍ത്തുമെങ്കിലും ഒരു തരത്തില്‍ നോക്കിയാല്‍ എല്ലാം വംശഹത്യകള്‍ തന്നെ. ഈ അതിക്രമങ്ങള്‍ക്കിടെ ഉണ്ടായ അസുലഭ മുഹൂര്‍ത്തമാണ് ഇത്. ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെ നജാഫിൽ വെച്ച് ഗ്രാൻഡ് ആയത്തുള്ള അലി അൽ-സിസ്താനിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം. ഒരു മാർപ്പാപ്പയും അയത്തുള്ളയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച.
ഏപ്രിൽ 4
വര്‍ഷാരംഭത്തില്‍ തന്നെ പ്രകൃതി ദുരന്തങ്ങളും ദൃശ്യമായിരുന്നെങ്കിലും ഏറ്റവും വലിയ നാശം സംഭവിച്ചത്, ഏപ്രില്‍ നാലിന് ഇന്ത്യോനേഷ്യയിലും കിഴക്കൻ തിമോറിലും ആഞ്ഞ് വീശിയ സെറോജ ചുഴലിക്കാറ്റിനെ തുടര്‍ന്നായിരുന്നു. സെറോജ ചുഴറ്റിവീശിയപ്പോള്‍ ഇരുരാജ്യങ്ങളിലുമായി ഇല്ലാതായത് 270 ല്‍പരം ജിവനുകളാണ്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി ലോകമെങ്ങും ചുഴലിക്കാറ്റുകളും ന്യൂനമര്‍ദ്ദങ്ങളും ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍ക്കിത്തുടങ്ങി.
മെയ് 15
ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മണ്ണിനും മതത്തിനും വേണ്ടി മനുഷ്യന്‍ പരസ്പരം പോരാടുന്ന ഇടമായി ഈ പ്രദേശങ്ങള്‍ മാറിയിട്ട് കാലങ്ങളായി. 1948-ൽ ആധുനിക ഇസ്രായേൽ രൂപീകരണ വേളയിൽ ഫലസ്തീനികൾ കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെട്ടതിനെ അടയാളപ്പെടുത്തുന്ന നക്ബ ("ദുരന്തം") ദിനത്തിൽ 2021 മെയ് 15 ന് വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ പ്രതിഷേധക്കാർ പ്രകടനം നടത്തി. മറുപടിയായി മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന പാലസ്തീനിലെ ബഹുനില കെട്ടിടം ഇസ്രായേൽ വ്യോമാക്രമണം തകർത്തു. ബെയ്റ്റ്-എൽ സെറ്റിൽമെന്റ് സ്ഥിതി ചെയ്യുന്ന റാമല്ലയിലേക്കുള്ള പ്രവേശന കവാടങ്ങളിലൊന്നിൽ ഫലസ്തീൻ പ്രതിഷേധക്കാർ ഇസ്രായേലി സായുധ സേനയെ നേരിട്ടു. മരണസംഖ്യ 150 കവിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. ലോകരാജ്യങ്ങള്‍ പ്രസ്ഥാവനയുമായി രംഗത്തെത്തി.
ജൂൺ 20
ചൈനയിലെ വുഹാനില്‍ നിന്ന് പടര്‍ന്ന് ലോകമെങ്ങും വ്യാപിച്ച കൊവിഡ് രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് അര ദശലക്ഷം പേര്‍ മരിക്കുന്ന രണ്ടാമത്തെ രാജ്യമായി ബ്രസീല്‍ മാറി. ബ്രസീലിലെ ഒഴിഞ്ഞ പ്രദേശങ്ങള്‍ മുഴുവനും സെമിത്തേരികളായി മാറ്റപ്പെട്ടു. കൊവിഡ് മരണങ്ങളില്‍ ഇന്നും അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍.
ജൂലൈ 3
ചുഴലിക്കാറ്റു പോലെ തന്നെ അപകടകരമായ മറ്റൊരു കാലാവസ്ഥ വ്യതിയാനം അമേരിക്കയിലും കാനഡയിലും ശക്തപ്രാപിച്ചു, ഉഷ്ണതരംഗം. വടക്കേ അമേരിക്കയിൽ 600-ലധികം മരണങ്ങൾക്ക് കാരണമായ ഉഷ്ണതരംഗം കാനഡയിലെ കാടുകളില്‍ 130 ലധികം കാട്ടു തീകള്‍ക്കും കാരണമായി. കാലിഫോര്‍ണിയയിലെ കാടുകള്‍ കത്തിയമര്‍മന്നു. ഇരുരാജ്യങ്ങളിലുമായി ലക്ഷക്കണക്കിന് ഏക്കര്‍ വന പ്രദേശം, ഉഷ്ണതരംഗത്തെ തുടര്‍ന്ന് കത്തിച്ചാമ്പലായി.
ജൂലൈ 7
ലോകത്തെ ഞെട്ടിച്ച് കൊണ്ട് തെക്കേ അമേരിക്കന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്‍റ് ജോവനൽ മോയ്‌സ് വധിക്കപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 1:00 മണിക്ക് അദ്ദേഹത്തിന്‍റെ വീട്ടിൽ കയറിയ അക്രമി സംഘം അദ്ദേഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യയും പ്രഥമവനിതയുമായ മാർട്ടിൻ മോയിസ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.
ജൂലൈ 12
യൂറോപ്പിന്‍റെ സമകാലീക ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു ജൂലൈയില്‍ സംഭവിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ ജര്‍മ്മനിയുടെയും ബെല്‍ജിയത്തിന്‍റെയും അതിര്‍ത്തികളില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കപ്പെട്ടു. ജർമ്മനിയിൽ 184, ബെൽജിയത്തിൽ 42, റൊമാനിയയിൽ 2 എന്നിവയുൾപ്പെടെ 229 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മന്ദഗതിയിലുള്ള ജെറ്റ് സ്ട്രീമാണ് ഈ സംഭവത്തിന് കാരണമായതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം 500 ദശലക്ഷം യൂറോ (600 ദശലക്ഷം ഡോളർ) ചിലവിൽ 2,10,000 ഹെക്ടർ (5,00,000 ഏക്കർ) വിളകൾ നശിച്ചു. 30 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് 3
ഗ്രീക്കിൽ കാട്ടുതീ ആരംഭിക്കുന്നു. മൂന്ന് മരണവും 20 പേര്‍ക്ക് പരിക്കുമാണ് ഉണ്ടായതെങ്കില്‍ ആയിരക്കണക്കിന് പക്ഷി മൃഗാധികള്‍ കൊല്ലപ്പെട്ടു. പുരാതന ഒളിംപിക് ഗ്രാമമായ ഏതന്‍സിനെ പോലും തീ വിഴുങ്ങി. 2000 പേരോളം മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലം സൃഷ്ടിക്കപ്പെട്ട ഉഷ്ണതരംഗമാണ് ഗ്രീക്കിലെ കാട്ടുതീക്ക് കാരണം. ഏതാണ്ട് 1,25,000 ഹെക്ടര്‍ വന പ്രദേശം കത്തിചാമ്പലായി.
ഓഗസ്റ്റ് 14
ജൂലൈ 7 ന് പ്രസിഡന്‍റ് കൊല ചെയ്യപ്പെട്ട ഹെയ്തിയില്‍, റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തു. 2,100-ലധികം ആളുകൾ ഈ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സെന്‍റ്-ലൂയിസ്-ഡു-സുഡിന് 12 കിലോമീറ്റർ (7.5 മൈൽ) വടക്കുകിഴക്കായി, 10 കിലോമീറ്റർ (6 മൈൽ) ആഴത്തിലായിരുന്നു.
ഓഗസ്റ്റ് 15
നാറ്റോ സഖ്യ ബലത്തില്‍ ഒന്നാം താലിബാനെ പുറത്താക്കി അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രീയാധികാരം അമേരിക്ക അഫ്ഗാനികള്‍ക്ക് കൈമാറിയിരുന്നെങ്കിലും കാര്യങ്ങള്‍ അമേരിക്കന്‍ പരിധിയില്‍ നിന്നില്ല. ഒടുവില്‍ അമേരിക്കയും താലിബാനും പരസ്പര ധാരണയിലെത്തുകയും അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പറഞ്ഞ അവധികള്‍ കഴിഞ്ഞെങ്കിലും അമേരിക്കയുടെ പിന്‍മാറ്റം നടന്നില്ല. ഒടുവില്‍ ഓഗസ്റ്റ് 30 ഓടെ പൂര്‍ണ്ണ പിന്‍മാറ്റമെന്ന് അമേരിക്ക സമ്മതിച്ചെങ്കിലും താലിബാനികള്‍ രാജ്യത്തിന്‍റെ കുഗ്രാമങ്ങളില്‍ നിന്ന് കാബൂളിലേക്കുള്ള യാത്ര ആരംഭിച്ചിരുന്നു. ചില ഏറ്റുമുട്ടലുകള്‍ നടന്നെങ്കിലും അഫ്ഗാന്‍ സൈന്യം നിരുപാധികം കീഴടങ്ങി. അങ്ങനെ ഓഗസ്റ്റ് 15 ന് താലിബാന്‍ കാബൂള്‍ കീഴടക്കി. അഫ്ഗാന്‍ വിടുന്ന അമേരിക്കന്‍ ടാങ്കുകള്‍ക്ക് നേരെ കൈവീശിക്കാണിക്കുന്ന അഫ്ഗാന്‍ ബാലന്‍.
സെപ്റ്റംബർ 7
ബിറ്റ്കോയിനെ കുറിച്ച് ലോകമെങ്ങും ആശങ്കകള്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടെ എൽ സാൽവഡോർ ബിറ്റ്കോയിൻ ഔദ്യോഗിക നാണയമായി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറി. ഇതോടെ രാജ്യത്ത് അക്രമങ്ങള്‍ പൊട്ടിപുറപ്പെട്ടു. സെപ്തംബർ 7-ന് രാജ്യത്തെ മുന്‍ സൈനീകരും FMLN ഗറില്ലകളും പ്രതിഷേധവുമായി ജനങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങി.
നവംബർ 1
നവംബര്‍ ഒന്നാം തിയതി മെക്സിക്കോയില്‍ വിശേഷപ്പെട്ടൊരു ദിവസമാണ്. മെക്സിക്കോയിലെ എല്ലാ വിശുദ്ധരുടെയും ദിനം. മരിച്ചവരുടെ ദിനത്തിന്‍റെ (ഡിയ ഡി മ്യൂർട്ടോസ്) ആഘോഷത്തിന്‍റെ ആദ്യ ദിനം. മരണമടഞ്ഞ കുട്ടികളെ (ദിയ ഡി ലോസ് ഇനോസെന്‍റസ്) അനുസ്മരിക്കുന്നു. രണ്ടാം ദിവസം മരിച്ച എല്ലാ മുതിർന്നവരെയും അനുസ്മരിക്കുന്നു. 2008-ൽ, യുനെസ്കോയുടെ മനുഷ്യത്വത്തിന്‍റെ അദൃശ്യമായ സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതിനിധി പട്ടികയിൽ ഈ പാരമ്പര്യവും ചേര്‍ക്കപ്പെട്ടു. ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 5 ദശലക്ഷം മറികടന്നത് 2021 നവംബര്‍ ഒന്നിനായിരുന്നു.
നവംബർ 19
ഏതാണ്ട് ഒരു വര്‍ഷത്തോളം ദില്ലി സംസ്ഥാനാതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാറിന്‍റെ പുതിയ കാര്‍ഷക നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് സമരം ചെയ്ത കര്‍ഷകര്‍ക്ക് ഒടുവില്‍ വിജയം. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരത്തില്‍ 719 കര്‍ഷകര്‍ മരിച്ചു. കർഷകരോട് ക്ഷമാപണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു.
നവംബർ 30
55 -ാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ബാര്‍ബഡോസ് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. അതോടൊപ്പം ബാര്‍ബഡോസ് കോമൺവെൽത്ത് ഓഫ് നേഷൻസിൽ അംഗമായി തുടരുന്നു. ഹീറോസ് സ്ക്വയറിൽ നടന്ന പ്രസിഡൻഷ്യൽ സ്ഥാനാരോഹണ ചടങ്ങിന് പുറപ്പെടാനൊരുങ്ങുന്ന, ബാർബഡോസ് പ്രസിഡന്‍റ് സാന്ദ്ര മേസണും ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ടിലിയും ചാൾസ് ഫിലിപ്പ് രാജകുമാരനൊപ്പം. ഇതോടെ ബ്രിട്ടീഷ് രാജ്ഞിയെ ബാര്‍ബഡോസ് രാഷ്ട്രത്തലവന്‍ എന്ന പദവിയില്‍ നിന്ന നീക്കം ചെയ്തു. പകരം ഗവർണർ ജനറലായ ഡാം സാന്ദ്ര മേസൺ രാജ്യത്തെ ആദ്യത്തെ രാഷ്ട്രപതിയായി.
ഡിസംബർ 13
21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും വിശ്വസുന്ദരി പട്ടമെത്തി. പഞ്ചാബിയായ ഹർനാസ് സന്ധു 70-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ കിരൂടം ചൂടി.
ഡിസംബര്‍ 20
ചിലിയില്‍ ഇടത് വസന്തം. ചിലിയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് ഗബ്രിയേൽ ബോറിക് എന്ന് 35 കാരന്‍. ലോകമെങ്ങും ശക്തിപ്രാപിക്കുന്ന തീവ്രവലത് പക്ഷത്തിനെതിരെ ചിലി വിധിയെഴുതിയ ദിവസം. ബോറിക് 56 ശതമാനം വോട്ട് നേടി. വാര്‍ഷം ആദ്യം ലോകമെങ്ങുമുള്ള ജനാധിപത്യാവകാശങ്ങള്‍ പലരീതിയില്‍ ഹനിക്കപ്പെട്ടപ്പോള്‍, വര്‍ഷാവസാനത്തില്‍ ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് ഇനിയും ആയുസുണ്ടെന്ന് തെളിയിക്കുന്ന വിജയമായിരുന്നു ഗബ്രിയേൽ ബോറിക് എന്ന വിദ്യാര്‍ത്ഥി നേതാവിന്‍റെ വിജയം.