Liberation War of Bangladesh: വിമോചന യുദ്ധവിജയം ആഘോഷിച്ച് ഇന്ത്യയും ബംഗ്ലാദേശും

First Published Dec 17, 2021, 11:52 AM IST

പാകിസ്ഥാന്‍റെ (Pakistan) കിരാതമായ സൈനീക വാഴ്ചയില്‍ നിന്നും 1971 ല്‍ സ്വാതന്ത്രത്തിന്‍റെ പുലരിയിലേക്ക് നയിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ് (Bangladesh). ഇന്നലെയായിരുന്നു ബംഗ്ലാദേശ് സ്വാതന്ത്രത്തിന്‍റെ അമ്പതാം വര്‍ഷം ആഘോഷിച്ചത്. അമ്പതാം സ്വാതന്ത്രദിന പരിപാടികള്‍ക്ക് ഇന്ത്യന്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി എന്നിവരെ ബംഗ്ലാദേശ് ക്ഷണിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ (Indian President Ram Nath Kovind) സൈനിക പരേഡില്‍ അതിഥിയായി ആദരിച്ച് ബംഗ്ലാദേശ് തങ്ങളുടെ അമ്പതാം സ്വാതന്ത്രദിനം ആഘോഷിച്ചു. 

1971-ലെ പാകിസ്ഥാന്‍റെ ബംഗ്ലാദേശ് വംശഹത്യയുടെ കാലത്താണ് ഇന്ത്യ കിഴക്കന്‍ പാകിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത്. പടിഞ്ഞാറൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള പാകിസ്ഥാൻ സൈനിക ഭരണകൂടം 1971 മാർച്ച് 25-ന് രാത്രി, കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങൾക്കെതിരെ 'ഓപ്പറേഷൻ സെർച്ച്ലൈറ്റ്' ( Operation Searchlight) ആരംഭിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. 

ദേശീയ ബംഗാളി പൗരന്മാർ, വിദ്യാർത്ഥികൾ, ബുദ്ധിജീവികൾ, മതന്യൂനപക്ഷങ്ങൾ, സായുധ ഉദ്യോഗസ്ഥർ എന്നിവരെ ആസൂത്രിതമായി ഉന്മൂലനം ചെയ്യാനായിരുന്നു പാകിസ്ഥാന്‍റെ പദ്ധതി. 1970- ല്‍ നടന്ന ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പാകിസ്ഥാന്‍ അസ്വസ്ഥമായിരുന്നുവെന്നതാണ് പിന്നീട് ബംഗ്ലാദേശിലെ സൈനീക ഇടപടലിലേക്ക് നയിച്ചത്. 

നിയുക്ത ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് മുജീബുർ റഹ്മാനെ പാക് പട്ടാളം അറസ്റ്റ് ചെയ്തു. മാർച്ച് 26 ന് ആരംഭിച്ച യുദ്ധം ഏതാണ്ട് ഒമ്പത് മാസത്തോളം നീണ്ടു നിന്നു. ഇരുപക്ഷത്തുമായി ഏതാണ്ട് മുപ്പത് ലക്ഷത്തോളം ആളുകള്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. എന്നാല്‍, കിഴക്കന്‍ പാകിസ്ഥാനെ സഹായിക്കാനായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനം. 

രക്തരൂക്ഷിതമായ യുദ്ധത്തില്‍ 1971 ഡിസംബർ 16 ന് പാകിസ്ഥാന് ഏകപക്ഷീയമായി തോല്‍വി സമ്മതിക്കേണ്ടിവന്നു. അന്ന് ലോകത്ത് പുതിയൊരു രാജ്യം ഉടലെടുത്തു, ബംഗ്ലാദേശ്. നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്‍  ബംഗ്ലാദേശിന്‍റെ സ്വതന്ത്രാനന്തരം ആദ്യ പ്രധാനമന്ത്രിയായി. 

അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഇന്ത്യയും ബംഗ്ലാദേശും പുതിയ കരാറുകളില്‍ ഒപ്പിട്ടു. വ്യാപാരം, കോവിഡ്-19 നെതിരായ പോരാട്ടത്തിൽ സഹകരണം, വികസന പങ്കാളിത്തം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും ചർച്ച ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

10 വർഷത്തിനുള്ളിൽ, വളരെ മാറിയതും വ്യത്യസ്തവുമായ രാജ്യങ്ങൾ നമ്മൾ കാണുമെന്നായിരുന്നു ഇത് സംബന്ധിച്ച് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‌ല പറഞ്ഞത്. തൊഴിൽ, ഐടി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവ സൃഷ്ടിക്കാൻ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഈ കാലഘട്ടത്തിൽ ഹരിത സാങ്കേതികവിദ്യകളും പുനരുൽപ്പാദിപ്പിക്കാവുന്നവയ്ക്കുമാണ് പ്രധാന്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ സുവർണ വാർഷികം ആഘോഷിക്കുന്നതിനായി ഒരു വർഷം നീണ്ട ആഘോഷ പരിപാടികളാണ് ഉള്ളത്. കൊറോണ രോഗാണുവിന്‍റെ വ്യാപനം കാരണം ചില പരിപാടികള്‍ മാറ്റിവെയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. 

മാര്‍ച്ചില്‍ സംഘടിപ്പിച്ചിരുന്ന ആഘോഷ പരിപാടികളില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയായിരുന്നു. ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്‍റെ 50-ാം വാര്‍ഷികം ഇന്ത്യയിലും ആഘോഷിച്ചു. പാകിസ്ഥാനെതിരായ യുദ്ധ വിജയത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രയാണം നടത്തി തിരിച്ചെത്തിയ നാല് 'സ്വര്‍ണിം വിജയ് ദീപജ്വാലകള്‍' (Swarnim Vijay Diwas) പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തിലെ കെടാവിളക്കില്‍ ലയിപ്പിച്ചു. 

ഇന്നലെ (16.12.'21) രാവിലെ പാര്‍ലമെന്‍റ് സമ്മേളിച്ച ഉടന്‍ ലോകസഭയില്‍ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭയില്‍ അധ്യക്ഷന്‍ വെങ്കയ്യനായിഡുവും ബംഗ്ലാദേശ് സ്വാതന്ത്രസമര സേനാനികളെയും ഇന്ത്യയുടെ മൂന്ന് സേനകളിലെയും സൈനീകരെയും അനുസ്മരിച്ചു. യുദ്ധത്തിനായി തീരുമാനമെടുക്കുകയും ഇന്ത്യന്‍ സേനയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന് യുദ്ധമുഖത്തടക്കം സന്ദര്‍ശനം നടത്തിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഇന്ത്യാ സര്‍ക്കാര്‍ അവഗണിച്ചത് വിവാദമായി. 

പാകിസ്ഥാനും കിഴക്കന്‍ പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിനിടെ അമേരിക്കയുടെ എതിര്‍പ്പിനെ അവഗണിച്ച് കിഴക്കന്‍ പാകിസ്ഥാനോടൊപ്പം നിന്ന് ഇന്ത്യ, പാകിസ്ഥാനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറായത് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാന പ്രകാരമായിരുന്നു.  യുദ്ധത്തില്‍ ഇടപെട്ട് 13-ാം ദിവസം ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ച് വിജയം നേടി. എന്നാല്‍, ബംഗ്ലാദേശ് സ്വാതന്ത്രത്തിന്‍റെ അമ്പതാം വാര്‍ഷിക വേളയില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്ദിരാഗാന്ധിയെ മനപൂര്‍വ്വം ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

click me!