യുക്രൈന്‍ യുദ്ധം ഏഴാം മാസത്തിലേക്ക്; റഷ്യയുടെ നഷ്ടക്കണക്കുകള്‍ നിരത്തി യുകെയും യുഎസും

First Published Sep 2, 2022, 2:49 PM IST

താനും ആഴ്ചകള്‍ക്കുള്ളില്‍ യുക്രൈന്‍റെ പതനം സംഭവിക്കുമെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരി 24 ന് റഷ്യന്‍ സേന യുക്രൈന്‍ അധിനിവേശം തുടങ്ങിയപ്പോള്‍ യുദ്ധവിദഗ്ദര്‍ പ്രവചിച്ചത്. എന്നാല്‍, നാറ്റോയുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചതോടെ യുദ്ധം അന്തമില്ലാതെ നീളുകയാണ്. യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുമ്പോള്‍ കിഴക്കന്‍ യുക്രൈനിലെ ഖര്‍സണ്‍ മേഖലയില്‍ റഷ്യന്‍ സേനയ്ക്ക് നേരെ ശക്തമായ ആക്രമണത്തിലാണ് യുക്രൈന്‍ സൈന്യമെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറ് മാസത്തിനിടെ യുക്രൈന്‍ യുദ്ധഭൂമിയില്‍ ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയ്ക്ക് നേരിടേണ്ടിവന്ന നഷ്ടക്കണക്കുകള്‍ യുക്രൈന്‍ പുറത്ത് വിട്ടു.

900--ലധികം 'എലൈറ്റ്' സൈനികരും 337 നാവികരും 151 ഇന്‍റലിജൻസ് സൈനികരും 144 എലൈറ്റ് പാരാട്രൂപ്പർമാരും റഷ്യയ്ക്ക് നഷ്ടമായി. 14 മില്യൺ ഡോളർ ചെലവഴിച്ച് പരിശീലനം നല്‍കിയ  67 കോംബാറ്റ് പൈലറ്റുമാരും കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഏതാണ്ട് 80,000 സൈനികരെയും റഷ്യയ്ക്ക് യുദ്ധഭൂമിയില്‍ നഷ്ടമായതായി ബ്രിട്ടന്‍റെ പ്രതിരോധ മന്ത്രി ബെൻ വാലസ് പറയുന്നു. 

ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി), ഫെഡറൽ ഗാർഡ്സ് സർവീസ് (എഫ്എസ്ഒ) എന്നി വിഭാഗങ്ങളിലെ 20 പേർ കൊല്ലപ്പെട്ടു. 17 വർഷവും 14 മില്യൺ ഡോളറും ചെലവഴിച്ച് പരിശീലിപ്പിച്ച 67 കോംബാറ്റ് പൈലറ്റുമാരുടെ നഷ്ടവും റഷ്യ നേരിടുന്നു. എന്നാല്‍, യുദ്ധം ഏഴാം മാസത്തിലേക്ക് നീളുമ്പോഴും തങ്ങള്‍ക്ക് വെറും 1351 സൈനീകരെ മാത്രമാണ് നഷ്ടമായതെന്ന് റഷ്യ അവകാശപ്പെട്ടു. 

യുദ്ധം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോഴാണ് തങ്ങളുടെ 1351 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചത്. പിന്നീടിങ്ങോട്ട് ഇതുവരെയായി സൈനികരുടെ മരണ സംഖ്യയില്‍ റഷ്യ ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല. അതേ സമയം തെക്കന്‍ യുക്രൈനിലെ സപോര്‍ജിനീയ ആണവ നിലയത്തിന് നേരെ നിരന്തരം ഷെല്ലാക്രമണം നടക്കുകയാണ്. 

36 വയസുള്ള ലഫ്റ്റനന്‍റ് കേണൽ വിറ്റാലി സികുൾ  കഴിഞ്ഞ മാസം യുക്രൈനില്‍ വച്ചുണ്ടായ ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വിറ്റാലി സികുളിന്‍റെ കൊലപാതകത്തോടെ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന കേണല്‍ റാങ്കിലുള്ള 100 ഓളം പേരെയും റഷ്യയ്ക്ക് നഷ്ടപ്പെട്ടു. വിറ്റാലി സികുളിന്‍റെ ശവസംസ്കാര ചടങ്ങുകള്‍ മധ്യ റഷ്യയിലെ ചെബാർകുൾ പട്ടണത്തിൽ നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങളില്‍ വന്നിരുന്നു. 

ആറ് മാസത്തിനുള്ളിൽ 80,000 റഷ്യൻ സൈനികരെ റഷ്യയ്ക്ക് യുദ്ധത്തിൽ നഷ്ടമായെന്ന് പെന്‍റഗണിലെ മൂന്നാമത്തെ മുതിർന്ന ഉദ്യോഗസ്ഥനായ കോളിൻ കാലും അവകാശപ്പെട്ടു. ഇതോടെ റഷ്യ യുദ്ധത്തിനിറക്കിയ സൈനികരില്‍ ഏതാണ്ട് പകുതിയോളം പേരും യുദ്ധഭൂമിയില്‍ മരിച്ച് വീണു. 

ഫെബ്രുവരി 24 ന്  പ്രത്യേക സൈനിക ഓപ്പറേഷന്‍ എന്ന് പേരിട്ട സൈനിക നടപടി തുടങ്ങുന്നതിന് മുമ്പ് പുടിന്‍, റഷ്യന്‍ - യുക്രൈന്‍ അതിര്‍ത്തിയില്‍ 1,50,000 ത്തിനും 1,90,000 ത്തിനും ഇടയില്‍ സൈനികരെ വിന്യസിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ 80,000 സായുധ സൈനികരുടെ മരണം യുദ്ധമുഖത്തെത്തിയ സൈനികരുടെ എണ്ണത്തിന്‍റെ ഏതാണ്ട് പകുതിയോളം വരും. 

'യുദ്ധത്തിന്‍റെ തുടക്കത്തിൽ അവകാശപ്പെട്ടത് പോലെ റഷ്യക്കാർ പുടിന്‍റെ  ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ല' എന്ന വസ്‌തുത കൂടി കണക്കിലെടുക്കുമ്പോൾ ഈ കണക്ക് വളരെ ശ്രദ്ധേയമാണെന്നും കാൽ കൂട്ടിചേര്‍ക്കുന്നു. 'രാജ്യത്തെ മുഴുവൻ കീഴടക്കുക, കീവിൽ ഭരണമാറ്റത്തിൽ ഏർപ്പെടുക, യുക്രൈനെ ഒരു സ്വതന്ത്ര പരമാധികാരവും ജനാധിപത്യ രാഷ്ട്രവും എന്ന നിലയിൽ ഇല്ലാതാക്കുക എന്നതായിരുന്നു റഷ്യയുടെ മൊത്തത്തിലുള്ള ലക്ഷ്യം. അതൊന്നും തന്നെ സംഭവിച്ചിട്ടില്ല.' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

അധിനിവേശ പ്രദേശങ്ങളിൽ നിന്ന് റഷ്യന്‍ സൈന്യത്തോടൊപ്പം നിർബന്ധിതരായി ചേര്‍ക്കപ്പെട്ട ആയിരക്കണക്കിന് യുക്രൈനികളും  സൈനിക കോൺട്രാക്ടർ ഗ്രൂപ്പായ വാഗര്‍ ഗ്രൂപ്പുകളുടെ ആയിരക്കണക്കിന് കൂലി പടയാളികളും മരിച്ചവരില്‍പ്പെടുമെന്ന് കരുതുന്നു. സിറിയയില്‍ നിന്ന് കൂലി പടയാളികളുടെ ഒരു സംഘത്തെ ഇറക്കാന്‍ റഷ്യ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പ്രതിമാസം 3,400 യൂറോ ശമ്പളവും ബോണസായി 2,400 യൂറോയും കൂലിപടയാളികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അതിനിടെ റഷ്യയ്ക്കായി യുദ്ധം ചെയ്യാന്‍ ഒരു ലക്ഷം പടയാളികളെ അയക്കാന്‍ ഉത്തര കൊറിയ തയ്യാറാകുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈക്കാര്യങ്ങളില്‍ ഒന്നും ഇതുവരെയായി ഔദ്ധ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. 

യുദ്ധത്തില്‍ സംഭവിച്ച യഥാർത്ഥ മരണ സംഖ്യ മറച്ചുവെക്കാൻ മൃതദേഹങ്ങൾ നാട്ടിലേക്ക് റഷ്യ മനപൂര്‍വ്വം വൈകിപ്പിക്കുന്നതായും പലപ്പോഴും സൈനികരുടെ മൃതദേഹങ്ങള്‍ യുദ്ധ മുഖത്ത് ഉപേക്ഷിക്കുന്നതായും യുക്രൈന്‍ നേരത്തെ ആരോപിച്ചിരുന്നു. ലഫ്റ്റനന്‍റ് കേണൽ വിറ്റാലി സികുള്‍ ഒരു മാസം മുമ്പ് മരിച്ചതാണെങ്കിലും കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്‍റെ ശവസംസ്കാരം നടത്തിയത്. 

ഇത്രയും ഭീമമായ നഷ്ടം നേരിട്ടിട്ടും റഷ്യ ഇതുവരെയായും യുക്രൈനെതിരെ ഔദ്ധ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ല. ഇന്നും റഷ്യയ്ക്ക് യുക്രൈന്‍ യുദ്ധം പ്രത്യേക സൈനിക നടപടി മാത്രമാണ്. അതോടൊപ്പം റഷ്യന്‍ സൈന്യത്തിന് നേരിട്ട നഷ്ടത്തിന്‍റെ കണക്കുകള്‍ പുറത്ത് വിടാനും പുടിന്‍ തയ്യാറായിട്ടില്ല. 

യുദ്ധഭൂമിയില്‍ ഏറ്റ ഭീമമായ നഷ്ടത്തിന്‍റെ കണക്കുകള്‍ പുറത്ത് വിട്ടാല്‍ ജനം തിക്കെതിരെ തിരുയുമോയെന്ന് റഷ്യന്‍ സ്വേച്ഛാധിപതി ഭയക്കുന്നതായി യുക്രൈന്‍ ആരോപിച്ചു. റഷ്യയിലെ ദരിദ്രമായ അല്ലെങ്കിൽ ഏറ്റവും വിദൂര പ്രദേശങ്ങളിൽ നിന്നുള്ള നിർബന്ധിത സൈനികർ, അധിനിവേശ യുക്രൈനില്‍ നിന്നുള്ള നിർബന്ധിത സൈനികർ, സന്നദ്ധപ്രവർത്തകർ, കൂലിപ്പടയാളികൾ എന്നിവരെയാണ് ഇപ്പോള്‍ യുദ്ധത്തിനായി റഷ്യന്‍ പ്രസിഡന്‍റ് ആശ്രയിക്കുന്നതെന്നും ആരോപണം ഉയര്‍ന്നു. 

ഈ പ്രദേശങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പതിനായിരക്കണക്കിന് പുതിയ റിക്രൂട്ട്‌മെന്‍റുകൾ യുദ്ധം ആരംഭിച്ചതിനുശേഷം യുദ്ധമുഖത്തെത്തിയതായി കരുതപ്പെടുന്നു. പലപ്പോഴും ചെറിയ പരിശീലനവും മോശം ആയുധങ്ങളുമായാണ് ഇവര്‍ യുദ്ധമുഖത്തേക്ക് തിരിക്കുന്നത്. 

യുദ്ധത്തിലേറ്റ കനത്ത ആള്‍നാശവും രാജ്യത്തെ ജനസംഖ്യ നിരക്കിലുണ്ടായ വലിയ ഇടിവും രാജ്യത്ത് പുതിയ തലമുറയുടെ എണ്ണത്തില്‍ ഭീമമായ കുറവാണ് ഉണ്ടാക്കിയത്. ഇതോടെ പത്ത് കുട്ടികളെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് പ്രത്യേക അവാര്‍ഡുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്ന പഴയ സ്റ്റാലിന്‍റെ പദ്ധതി പുടിന്‍ വീണ്ടും പരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇതിനിടെ കിഴക്കന്‍ യുക്രൈന്‍റെ ഭാഗമായ ഖര്‍സണ്‍ മേഖല സെപ്തംബര്‍ അവസാനത്തോടെ തിരിച്ച് പിടിക്കുമെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ലുഹാന്‍സ് പ്രവിശ്യയുടെ ഏതാണ്ട് ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും റഷ്യയുടെ കീഴിലാണ്. എന്നാല്‍, 2014 ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയന്‍ ഉപദ്വീപില്‍ ഓരോ ദിവസവും നിരവധി സ്ഫോടനങ്ങളാണ് നടക്കുന്നത്.

അതേസമയം റഷ്യയുടെ ഭീമിയില്‍ കയറി ആക്രമണം നടത്താന്‍ ആയുധങ്ങള്‍ നല്‍കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറയുമ്പോഴും യുക്രൈന് ഏറ്റവും കൂടുതല്‍ ആയുധവും സൈനിക പിന്തുണയും നല്‍കുന്നത് നാറ്റോയാണ്. 

click me!