അനധികൃത നുഴഞ്ഞ് കയറ്റക്കാർ എന്ന ആരോപണത്തോടെ ജൂൺ മാസത്തിലാണ് സുനാലി ഖാത്തൂൻ, ഭർത്താന് ഡാനിഷ് ശേഖ്, മകൻ സബിർ മറ്റ് മൂന്ന് പേരെ ബംഗ്ലാദേശിലേക്ക് നാട് കടത്തിയത്

കൊൽക്കത്ത: ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ഈ വർഷം ആദ്യം ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. വെള്ളിയാഴ്ചയാണ് പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ മഹദിപൂറിലേക്ക് സുനാലി ഖാത്തൂനും മകനും തിരികെ എത്തിയത്. സുപ്രീം കോടതി ഇടപെടലിന് പിന്നാലെയാണ് നടപടി. രണ്ട് ദിവസം മുൻപാണ് വിഷയത്തിൽ കേന്ദ്രം സ്വീകരിച്ച നടപടികൾക്കെതിരെ സുപ്രീം കോടതി നിലപാട് എടുത്തത്. അനധികൃത നുഴഞ്ഞ് കയറ്റക്കാർ എന്ന ആരോപണത്തോടെ ജൂൺ മാസത്തിലാണ് സുനാലി ഖാത്തൂൻ, ഭർത്താന് ഡാനിഷ് ശേഖ്, മകൻ സബിർ മറ്റ് മൂന്ന് പേരെ ബംഗ്ലാദേശിലേക്ക് നാട് കടത്തിയത്. പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലെ ഒരേ കുടുംബത്തിൽ നിന്നുള്ളവരായിരുന്നു നാട് കടത്തപ്പെട്ട ആറ് പേരും. സുനാലി ഖാത്തൂണിനെയും സ്വീറ്റി ബീബിയെയും അവരുടെ കുടുംബങ്ങളെയും അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള സർക്കാർ നീക്കം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ സെപ്റ്റംബർ 26 ലെ ഉത്തരവിനെതിരെ കേന്ദ്രമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ആറ് മാസത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് സുനാലി ഇന്ത്യയിലേക്ക് എത്തുന്നത്

നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂണും മകനും ഇന്ത്യയിലേക്കു തിരികെ പ്രവേശിച്ചത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സുനാലിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകിയത്. നാട് കടത്തപ്പെട്ട് ആറ് മാസങ്ങൾക്ക് ശേഷമാണ് സുനാലി തിരികെ ഇന്ത്യയിൽ എത്തിയത്. നിലവിൽ ആരോഗ്യ സ്ഥിതി മോശമായതിനാൽ ചികിത്സ പൂർത്തിയാക്കിയ ശേഷമാകും സുനാലി വീട്ടിലേക്ക് മടങ്ങുക. ഇത്തരത്തിൽ കോടതി ഉത്തരവിന് പിന്നാലെ നാടുകടത്തപ്പെട്ട ശേഷം ഇന്ത്യയിലേക്ക് തിരികെ എത്തുന്ന ആദ്യത്തെ വ്യക്തിയല്ല സുനാലി. നേരത്തെ മാൾഡയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ അമീർ എസ് കെ കോടതി നിർദ്ദേശപ്രകാരം തിരികെ ഇന്ത്യയിൽ എത്തിയിരുന്നു.

Scroll to load tweet…

'ഒടുവിൽ, ബംഗ്ലാ-ബിരോധി ജമീന്ദാർമാരുമായുള്ള നീണ്ട പോരാട്ടത്തിനുശേഷം, സുനാലി ഖാത്തൂണും അവരുടെ പ്രായപൂർത്തിയാകാത്ത മകനും ഇന്ത്യയിലേക്ക് മടങ്ങി. ദരിദ്ര ബംഗാളികൾക്കെതിരായ പീഡനങ്ങളും അതിക്രമങ്ങളും തുറന്നുകാട്ടുന്ന ഒരു ചരിത്ര നിമിഷമായി ഈ ദിവസം ഓർമ്മിക്കപ്പെടും. ആറുമാസത്തെ സങ്കൽപ്പിക്കാനാവാത്ത കഷ്ടപ്പാടുകൾക്ക് ശേഷം, അവളും കുട്ടിയും ഒടുവിൽ അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങി', എന്നാണ് തൃണമൂൽ കോൺഗ്രസ് എംപിയും പശ്ചിമ ബംഗാൾ കുടിയേറ്റ ക്ഷേമ ബോർഡ് ചെയർപേഴ്‌സണുമായ സമിറുൾ ഇസ്ലാം എക്സിലെ കുറിപ്പിൽ വിശദമാക്കിയത്. സുനാലിയുടെ അവസ്ഥ രാജ്യ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു സമിറുൾ ഇസ്ലാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം