മരവുമായൊരു പ്രണയാലിംഗനത്തില്‍ പെണ്‍കടുവ; ലോകത്തിലെ മികച്ച വന്യജീവി ഫോട്ടോഗ്രാഫറെ കണ്ടെത്തിയത് ഇങ്ങനെ

First Published Oct 14, 2020, 4:04 PM IST

ണ്ടനിലെ ദി നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം സമ്മാനിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ക്കുള്ള സമ്മാനം പ്രഖ്യാപിച്ചു. പതിനാറോളം വിഭാഗങ്ങളിലായി ലോകത്തിലെ എല്ലാ കോണില്‍ നിന്നും മത്സരത്തിനായി ചിത്രങ്ങളെത്തി. 1964 മുതലാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഒരു മരത്തെ പുണരുന്ന സൈബീരിയന്‍ പെണ്‍കടുവയുടെ ചിത്രത്തിനാണ് ഈ വര്‍ഷത്തെ അവാര്‍ഡ്. അന്തർ‌ദ്ദേശീയ വിദഗ്ധരുടെ ഒരു പാനൽ‌ ലോകമെമ്പാടുനിന്നും എത്തിച്ചേര്‍ന്ന 49,000 ചിത്രങ്ങിളില്‍ നിന്നാണ് സമ്മാനാര്‍ഹമായ ചിത്രം തെരഞ്ഞെടുത്തത്. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം രക്ഷാധികാരി കൂടിയായ 'ഡച്ചസ് ഓഫ് കേംബ്രിഡ്ജാ'ണ് ഈ വർഷത്തെ വിജയിയെ പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനം ഓൺലൈന്‍ വഴിയായിരുന്നു. 

കാടിന്‍റെ വന്യതയില്‍, മുന്‍കാലുകളാല്‍ മരത്തെ പുണര്‍ന്ന് പിന്‍കാലില്‍ നില്‍ക്കുന്ന പെണ്‍കടുവയുടെ ചിത്രത്തിനാണ് ഇത്തവണത്തെ ഏറ്റവും മികച്ച വന്യജീവി ഫോട്ടോഗ്രഫിക്കുള്ള ലണ്ടനിലെ ദി നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ സമ്മാനം ലഭിച്ചത്. സെര്‍ജി ഗോര്‍ഷ്കോവ് റഷ്യയില്‍ നിന്നെടുത്ത സൈബീരിയന്‍ പെണ്‍ കടുവയുടെ ചിത്രമാണിത്. റഷ്യയിലെ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് സെര്‍ജി ഗോര്‍ഷ്കോവ് ഈ അപൂര്‍വ്വ ചിത്രമെടുത്തത്. സ്വന്തം അതിര്‍ത്തി അടയാളപ്പെടുത്തുന്നതിന്‍റെ ഭാഗമായി പെണ്‍കടുവ മരവുമായുള്ള സല്ലാപത്തിലാണ്. ഒരു ഓയില്‍ പെയിന്‍റ് പോലെ മനോഹരമാണ് ഈ ചിത്രമെന്നാണ് അവാര്‍ഡ് വിധികര്‍ത്താക്കളില്‍ ഒരാളായ റോസ് കിഡമാന്‍ കോക്സ് പറയുന്നത്.( ചിത്രത്തിന് കടപ്പാട് : Wildlife Photographer of the Year 2020 )
undefined
വംശനാശഭീഷണി നേരിടുന്ന സൈബീരിയൻ പെണ്‍കടുവ ഒരു പുരാതന മഞ്ചൂറിയൻ വൃക്ഷത്തെ ആലിംഗനം ചെയ്യുന്ന നിമിഷം പിടിച്ചെടുക്കാന്‍ മോഷൻ സെൻസർ ക്യാമറകൾ ഉപയോഗിച്ച് 11 മാസമാണ് റഷ്യൻ ഫോട്ടോഗ്രാഫർ സെർജി ഗോർഷ്കോവ് കാത്തിരുന്നത്. കടുവയുടെ വാല്‍ നിലത്ത് വീണ് കിടക്കുന്ന ഇലകള്‍ കൊണ്ട് മൂടിയ നിലയിലാണ്. മരവും കടുവയും ഒന്നായത് പോലെ... എന്നാണ് ബിബിസി ന്യൂസ് ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. കടുവയുടെ ചിത്രം കാട്ടില്‍ ഒളിപ്പിച്ച് വച്ചിരുന്ന ക്യാമറ തന്നെ എടുത്തതാണെങ്കിലും ചിത്രം മികച്ചതാവാന്‍ സെര്‍ജി ഗോര്‍ഷ്കോവ് ഏറെ പ്രയത്നിച്ചിട്ടുണ്ടെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.റഷ്യയില്‍ വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് സൈബീരിയന്‍ കടുവകള്‍. കാട്ടില്‍ ഒളിപ്പിച്ച് വച്ചിരുന്ന ക്യാമറ ഉപയോഗിച്ച് പതിനൊന്ന് മാസത്തെ പരിശ്രമത്തിന് ശേഷമാണ് സെര്‍ജി ഗോര്‍ഷ്കോവിന് ഈ ചിത്രമെടുക്കാനായത്.( ചിത്രത്തിന് കടപ്പാട് Wildlife Photographer of the Year 2020 )
undefined
ഫിന്‍ലാന്‍റിലെ ഹെൽ‌സിങ്കിയിലെ ഒരു വേനൽക്കാല അവധിക്കാലത്താണ് 13 വയസ്സുള്ള ലീന ഹെയ്ക്കിനൻ, നഗരപ്രാന്തങ്ങളിൽ ലെഹ്തിസാരി ദ്വീപിൽ താമസിക്കുന്ന ഒരു വലിയ കുറുക്കൻ കുടുംബത്തെക്കുറിച്ച് കേട്ടത്. ദ്വീപിൽ ധാരാളം മരങ്ങളും കുറ്റിക്കാടുകളുമുണ്ട്. മനുഷ്യരെ അത്രയ്ക്ക് ഭയക്കുന്ന മൃഗമല്ല കുറുക്കന്‍. ഒരു നീണ്ട ജൂലൈ ദിവസം ലീനയും മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ദ്വീപിലെ ആറ് വലിയ കുട്ടികളടങ്ങുന്ന കുറുക്കന്‍ കുടുംബത്തെ നിരീക്ഷിച്ചു. ശരിക്കൊന്ന് ഇരിക്കാന്‍ പോലും പാകമല്ലാത്ത പാറക്കെട്ടില്‍ ഒളിച്ചിരുന്ന് വാത്തയെ അകത്താക്കുന്ന കുറുക്കന്‍ തന്നെ നിരീക്ഷിക്കുന്ന മനുഷ്യരിലും ശ്രദ്ധാലുവാണ്.15 മുതല്‍ 17 വയസുവരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിയായ ലീനയുടെ ഈ ചിത്രമാണ് സമ്മാനം നേടിയത്.( ചിത്രത്തിന് കടപ്പാട് Wildlife Photographer of the Year 2020 )
undefined
മലേഷ്യയിലെ സാബാ തീരദേശത്തെ ലാബുക് ബേ പ്രോബോസ്സിസ് മങ്കി സാങ്ച്വറിയിലെ കണ്ടല്‍കാടുകള്‍ക്കിടയില്‍ ജീവിക്കുന്ന പ്രോബോസ്സിസ് കുരങ്ങാണ് താരം. ഡെന്‍മാര്‍ക്കുകാരനായഫോട്ടോഗ്രാഫര്‍ മോജൻസ് ട്രോൾ ചിത്രം പകര്‍ത്തുമ്പോള്‍ പ്രോബോസ്സിസ് കുരങ്ങ് ധ്യാനത്തിലാണ്. തന്‍റെ നീണ്ട കൂര്‍ത്ത മൂക്ക് മുന്നോട്ട് പിടിച്ച്, മുഖമുയര്‍ത്തി, നീലനിറമുള്ള കണ്‍പോളകളടച്ച് നിശബ്ദമായി കാടിന്‍റെ സംഗീതം ആസ്വദിക്കുകയാണ് അദ്ദേഹം. ലോകത്തിന്‍റെ നിശബ്ദത ആ മുഖത്ത് കാണാം.പോര്‍ട്രെയിറ്റ് വിഭാഗത്തില്‍ സമ്മാനം നേടിയ ചിത്രം.( ചിത്രത്തിന് കടപ്പാട് Wildlife Photographer of the Year 2020 )
undefined
ഭൂമിയും പരിസ്ഥിതിയും എന്ന വിഭാഗത്തില്‍ അഗ്നിപര്‍വ്വതത്തില്‍ നിന്നും ചാലുപോലെ ഒഴുകുന്ന ലാവാ പ്രവാഹത്തിന്‍റെ ചിത്രമാണ് ഇറ്റാലി സ്വദേശിയായ ലൂസിയാനോ ഗൌഡെന്‍സിയോയ്ക്ക് സമ്മാനം നേടിക്കൊടുത്തത്.എറ്റ്ന പർവതത്തിന്‍റെ തെക്കൻ ഭാഗത്തുള്ള ഒരു വലിയ അഗ്നിപര്‍വ്വതത്തിന്‍റെ ചരിവിലൂടെ ലാവ ഒരു ചുവന്ന നദി പോലെ ഒഴുകുന്ന ചിത്രം.( ചിത്രത്തിന് കടപ്പാട് Wildlife Photographer of the Year 2020 )
undefined
ഉരഗങ്ങളുടെയും ഉഭയജീവികളുടെയും പെരുമാറ്റത്തിനുള്ള വിഭാഗത്തിൽ ഫോട്ടോഗ്രാഫർ ജെയിം കുലെബ്രാസ് അവാര്‍ഡ് നേടി. ഇക്വഡോറിലെ ഒരു ചെറിയ പ്രദേശത്ത് മാത്രം കാണപ്പെടുന്ന അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ മണ്ടൂറിയാക്കു തവളയുടെ ചിത്രത്തിനാണ് അവാര്‍ഡ്. ഒരു മഴക്കാലത്ത് വളരെ നേര്‍ത്തൊരു മരക്കൊമ്പിലിരിക്കാന്‍ ബാലന്‍സ് ചെയ്യുന്ന തവളയുടെ വായില്‍ ഒരു എട്ടുകാലിയുടെ കാലുണ്ട്. ഒരു കൈയില്‍ മരക്കൊമ്പുമായി കൂട്ടിപ്പിടിച്ച എട്ട്കാലിയും. ലോകമെമ്പാടുമുള്ള അത്യപൂര്‍വ്വയിനം ജീവിവര്‍ഗ്ഗങ്ങളെ ലോകത്തിന് മുന്നിലേക്കെത്തിക്കാനും ഈ സമ്മാനം ലക്ഷ്യമിടുന്നു.( ചിത്രത്തിന് കടപ്പാട് Wildlife Photographer of the Year 2020 )
undefined
നട്ടെല്ലില്ലാത്തയിനം ജീവിവര്‍ഗ്ഗങ്ങളുടെ വിഭാഗത്തില്‍ ഫ്രാങ്ക് ഡെസ്ചാണ്ടോളിന്‍റെ ചിത്രം സമ്മാനം നേടി. രണ്ട് വ്യത്യസ്ത ഇനം വണ്ട്, കടന്തല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട പ്രാണികള്‍ അവയുടെ കൂട്ടിലേക്ക് കയറാനായി പറന്നടുക്കുന്ന ചിത്രമാണ് ഫ്രാങ്ക് ഡെസ്ചാണ്ടോളിന്‍റെത്. ഫ്രാൻസിലെ നോർമാണ്ടിയിലെ തന്‍റെ വീടിനടുത്തുള്ള സ്ഥലത്ത് നിന്ന് ഈ ചിത്രമെടുക്കാന്‍ ഒരു സൂപ്പർഫാസ്റ്റ് ഷട്ടർ ക്യാമറാ സംവിധാനം തന്നെ ഫ്രാങ്ക് ഡെസ്ചാണ്ടോളിന് ഉണ്ടാക്കേണ്ടിവന്നു. ഫോട്ടോഗ്രാഫറുടെ കഠിനപ്രയത്നത്തിനൊടുവില്‍ പ്രാണികള്‍ രണ്ടും ഫോട്ടോയില്‍ പതിഞ്ഞു.( ചിത്രത്തിന് കടപ്പാട് Wildlife Photographer of the Year 2020 )
undefined
ജലാന്തര്‍ വിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ചൈനയിലെ സോങ്ങ്‌ഡ കായ്ക്കാണ്. ഫിലിപ്പൈൻസിലെ അനിലാവോ തീരത്ത് ഒരു രാത്രി ഡൈവ് ചെയ്യുന്നതിനിടെ ആഴത്തിലുള്ള വെള്ളത്തിൽ നീന്തിയുയര്‍ന്ന ഒരു ചെറിയ ഡയമണ്ട്ബാക്ക് സ്ക്വിഡ് പാരലാർവയുടെ ഈ ചിത്രമാണ് സമ്മാനം നേടിയത്. സുതാര്യമായ ശരീരത്തിന് ചുറ്റും മഞ്ഞനിറത്തിലുള്ള പ്രകാശം പരത്തുന്ന ഡയമണ്ട്ബാക്ക് സ്ക്വിഡ് പാരലാർവയുടെ ചിത്രത്തില്‍ മറ്റ് ശല്ല്യപ്പെടുത്തലുകളില്ലാത്തെ നിറഞ്ഞുനല്‍ക്കുന്ന ഇരുട്ട് ചിത്രത്തിന് വല്ലാത്ത ശ്രദ്ധനേടിക്കൊടുക്കുന്നു.( ചിത്രത്തിന് കടപ്പാട് Wildlife Photographer of the Year 2020 )
undefined
പല്ലസ് എന്ന പൂച്ച വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു കുടുംബത്തിന്‍റെ ചിത്രത്തിനും സസ്തന പെരുമാറ്റ വിഭാഗത്തിനുള്ള അവാർഡ് ലഭിച്ചു. ആറ് വര്‍ഷമെടുത്താണ് ഫോട്ടോഗ്രാഫർ ഷാൻ‌യുവാൻ ലിക്ക് ഈ ചിത്രം പകര്‍ത്തിയത്. വടക്ക് പടിഞ്ഞാറൻ ചൈനയിലെ ക്വിങ്ഹായ്-ടിബറ്റ് പീഠഭൂമിയിലാണ് പല്ലസ് എന്ന ഈ പൂച്ച വര്‍ഗ്ഗങ്ങള്‍ ഉള്ളത്. മാനുൾസ് എന്നും ഇവ അറിയപ്പെടുന്നു. 3,800 മീറ്റർ (12,500 അടി) ഉയരത്തിലാണ് ഇവയുടെ വാസം. ഈ ചെറിയ പൂച്ചകളെ സാധാരണയായി കണ്ടെത്താൻ ഏറെ പ്രയാസമാണ്. ഏകാന്തത ഇഷ്ടപ്പെടുന്ന ഈ ജീവിവര്‍ഗ്ഗം പ്രഭാതത്തിലും സന്ധ്യയിലുമാണ് സജീവമാകുന്നത്. യാത്രയ്ക്കിടെ തൊട്ടടുത്തായി ഒരു കുറുക്കൻ ഒളിഞ്ഞിരിക്കുന്നത് കണ്ടതിനെ തുടർന്ന് അമ്മ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് തിരിച്ചുവിളിക്കുകയാണ്. ഈ സമയം പൂച്ച കുടുംബന്‍റെ ഗുഹയ്ക്ക് എതിർവശത്ത് നേരത്തെ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ഷാൻ‌യുവാൻ ലിക്ക് പൂച്ചക്കുട്ടികളുടെ ഭാവം പകര്‍ത്തി. ( ചിത്രത്തിന് കടപ്പാട് Wildlife Photographer of the Year 2020 )
undefined
ഇന്തോനേഷ്യയിലെ വടക്കൻ സുലവേസിയിലെ കടലില്‍ ഒരു അവധിക്കാലത്തെ ഡൈവിംഗിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോഴാണ് സാം സ്ലോസ് താനെടുത്ത ചിത്രത്തിന്‍റെ പ്രത്യേകത ശ്രദ്ധിച്ചത്. ക്ലൌൺ മത്സ്യത്തിന്‍റെ തുറന്ന വായുടെ മുകളിലായി. ചെറിയ രണ്ട് കണ്ണുകള്‍. അത് ഒരു പരാന്നഭോജിയായ ഐസോപ്പോടാണ്. മത്സ്യത്തിന്‍റെ നാവിനടിയില്‍‌ പറ്റിപ്പിടിച്ച് ചോരയൂറ്റി കുടിച്ചാണ് ഇത്തരം ഐസോപ്പോടുകള്‍ ജീവിക്കുന്നത്. ജലാന്തര്‍ വിഭാഗത്തില്‍ സമ്മാനം ലഭിച്ച ചിത്രം.( ചിത്രത്തിന് കടപ്പാട് :Wild life photographer of the year 2020 )
undefined
സ്പെയിനിലെ അൻഡാലുഷ്യയിലെ ഉബ്രിക്കിലെ ആൻഡ്രെസിന്‍റെ വീടിനടുത്തുള്ള പുൽമേടുകള്‍ പൂക്കളാല്‍ നിറഞ്ഞ് നിന്ന വസന്തകാലത്ത് തേന്‍ കുടിക്കാനെത്തയ അതിഥിയാണ് ഇവന്‍. മിക്ക ദിവസങ്ങളിലും അവന്‍ മരക്കൊമ്പുകളും ചെറിയ കുറ്റിക്കാട്ടുകളുടെ മുകളിലുമാണ് സ്ഥാനം പിടിച്ചത്. എന്നാല്‍ ഒരിക്കല്‍ ഒരു പൂവിന്‍റെ തണ്ടില്‍ വന്നിരുന്നു. കിളിയുടെ ഭാരം കാരണം പൂവിന്‍റെ തണ്ട് ഭൂമിയെ ചുംബിക്കാനെന്നവണ്ണം ചാഞ്ഞു. സൂര്യവെളിച്ചത്തിന്‍റെ കൃത്യമായ വിന്യാസം കൂടിയായപ്പോള്‍ ആൻഡ്രൂസ് ലൂയിസ് ഡൊമിൻ‌ഗ്യൂസ് ബ്ലാങ്കോയ്ക്ക് ഭംഗിയുള്ളൊരു ചിത്രം ലഭിച്ചു.( ചിത്രത്തിന് കടപ്പാട് : Wild life photographer of the year )
undefined
സ്‌പെയിനിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ബ്രോസാസിനടുത്തുള്ള ഒരു തടാകത്തിൽ തണുത്ത വെള്ളത്തില്‍ മണിക്കൂറുകളോളം നെഞ്ച് വരെ മുങ്ങിക്കിടന്നാണ് ജോസ് ലൂയിസ് റൂയിസ് ജിമെനെസ് ഈ ചിത്രം പകര്‍ത്തിയത്. മറഞ്ഞിരിക്കുന്ന ചെറിയ കൂടാരത്തിനുള്ളില്‍ യു ആകൃതിയിലുള്ള ഒരു പ്ലാറ്റ്ഫോമിൽ അദ്ദേഹം ക്യാമറ വച്ച് മറഞ്ഞിരുന്നു. മണിക്കൂറുകളോളമുള്ള ആ ഇരിപ്പിലാണ് ഗ്രെബിന്‍റെ ഈ കുടുംബം അദ്ദേഹത്തന്‍റെ ക്യാമറയില്‍ പതിഞ്ഞത്. തടാകത്തിലൂടെ നീന്തുന്ന അമ്മയുടെ മുകളില്‍ ഇരിക്കുന്ന കുഞ്ഞിന് അച്ഛന്‍ മീന്‍ കൊടുക്കുന്ന ചിത്രവും സമ്മാനം നേടി.( ചിത്രത്തിന് കടപ്പാട് : Wildlife photographer of the year )
undefined
ഇന്തോനേഷ്യയിലെ ബാലി പക്ഷി മാർക്കറ്റില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ പോള്‍ ഹില്‍ട്ടന്‍ പകര്‍ത്തിയ ചിത്രത്തില്‍ ഒരു തടി കൂട്ടിൽ ചങ്ങലയ്ക്കിട്ട് ഒരു മക്കാക്കിനെ പ്രദർശിപ്പിച്ചിരിക്കുന്നു. തെക്ക്-കിഴക്കൻ ഏഷ്യയിലുടനീളമുള്ള വനങ്ങളിലെ വലിയ സൈനീകരാണ് മക്കാക്കുകള്‍. വനങ്ങൾ നശിപ്പിക്കപ്പെടുന്നതിനാൽ അവ കാർഷിക വിളകളെ കൂടുതലായി ആക്രമിക്കുന്നു. ഇതോടെ കര്‍ഷകരുടെയും ഗ്രാമീണരുടെയും ശത്രിക്കളായിത്തീര്‍ന്നു ഇവ. ശല്യമൊഴിവാക്കാനായി പിടികൂടുന്ന മക്കാക്കു കുഞ്ഞുങ്ങളെ വളര്‍ത്ത് മൃഗമായോ മൃഗശാലയിലേക്കോ ബയോളജിക്കല്‍ ഗവേഷണത്തിനായോ വില്‍ക്കപ്പെടുന്നു. ചിത്രത്തിലെ മക്കാക്കു കുഞ്ഞിന്‍റെ ഇരിപ്പിലും നോട്ടത്തിലും അത് ഇതുവരെ അനുഭവിച്ചതും ഇനി അനുഭവിക്കാനിരിക്കുന്നതുമായ നിസഹായതയാണ് കാണുന്നത്. സമ്മാനാര്‍ഹമായ മറ്റൊരു ചിത്രം.( ചിത്രത്തിന് കടപ്പാട് : Wildlife photographer of the year )
undefined
നദീതീരങ്ങളില്‍ കണ്ട് വരുന്ന കടുവ വണ്ടും നെയ്ത്തുകാരന്‍ ഉറുമ്പും പരസ്പരം തക്കം കിട്ടിയാല്‍ അക്രമിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവ പരസ്പരം കാണുന്നത് ഒഴിവാക്കുന്നു. എന്നാല്‍ അത്തരത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭത്തിലാണ് രണ്ട് പേരും ഫോട്ടോഗ്രാഫര്‍ റിപന്‍ ബിശ്വാസിന്‍റെ ക്യാമറയില്‍പ്പെടുന്നത്.കാലില്‍ കടിച്ച ഉറുമ്പിനെ ഏത് വിധേനയും ഒഴിവാക്കാനാണ് കടുവ വണ്ടിന്‍റെ ശ്രമം. എന്നാല്‍ ഇരയെ കീഴ്പ്പെടുത്താന്‍ കമഴ്ന്ന് കിടന്ന് അവസാന അടവും പയറ്റുകയാണ്നെയ്ത്തുക്കാരന്‍ ഉറുമ്പ്. സമ്മാനര്‍ഹമായ മറ്റൊരു ചിത്രം. ബംഗാളിലെ കൂച്ച് ബെഹാർ സ്വദേശിയാണ് റിപന്‍ ബിശ്വാസ്.( ചിത്രത്തിന് കടപ്പാട് : Wild life photographer of the year )
undefined
വടക്കേ അമേരിക്കയിലുടനീളം കോർഡിലറൻ ഫ്ലൈകാച്ചർ എന്ന പക്ഷികള്‍ വംശനാശ ഭീഷണി നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം അവയുടെ കുടിയേറ്റ പാതകളിലെ ആവാസ വ്യവസ്ഥകൾ ഇല്ലാതാകുന്നതാണ് വംശവര്‍ദ്ധനവിന് ഭീഷണിയാകുന്നത്. വടക്കേ അമേരിക്കയിലെ മൊണ്ടാനയിലെ റോക്കി മലയുടെ വിള്ളലുകളിലും മലയിടുക്കുകളിലുമാണ് ഇവ സാധാരണയായി കൂടുണ്ടാക്കുന്നത്. എന്നാല്‍ വാസസ്ഥലം നഷ്ടമായ കോർഡിലറൻ ഫ്ലൈകാച്ചർ അതിജീവനത്തിനായും വംശം നിലനിര്‍ത്താനും പുതിയ സ്ഥലങ്ങളില്‍‌ കൂടുകള്‍ സ്ഥാപിച്ചു തുടങ്ങി. അങ്ങനെ ഫോട്ടോഗ്രഫറും ഗവേഷകനുമായ അലക്സ് ബദ്യേവിന്‍റെ ക്യാബിനടുത്ത് കോർഡിലറൻ ഫ്ലൈകാച്ചർ കൂടുവയ്ക്കുന്നത്. പക്ഷിയെ ശല്യം ചെയ്യാതെ മറ്റൊരു മരത്തിലേക്ക് വെളിച്ചമൊരുക്കുകയും അതിന്‍റെ പ്രതിഫലനത്തില്‍ ദൂരെ മാറിനിന്ന് പ്രത്യേകം സജ്ജീകരിച്ച സംവിധാനത്തിലൂടെ ക്യാമറ പ്രവര്‍ത്തിപ്പിച്ച് അലക്സ് ബദ്യേവ് പകര്‍ത്തിയ ചിത്രവും സമ്മാനാര്‍ഹമായി.( ചിത്രത്തിന് കടപ്പാട് : Wildlife photographer of the year )
undefined
ഇറ്റലിയുടെ തെക്ക് പടിഞ്ഞാറന്‍ ദ്വീപായ സാർഡിനിയൻ ദ്വീപിലെ കുത്തനെയുള്ള മലഞ്ചെരുവുകളിൽ, അടയിരിക്കുന്ന ഇണയ്ക്കായി ഭക്ഷണവുമായി വരുന്ന ഒരു ആണ്‍ എലിയോനോറാ പരുന്ത് പറന്നിറങ്ങാന്‍ പറ്റിയൊരിടം നോക്കുന്നു. ആഫ്രിക്കയിലെ തെക്ക് കിഴക്കന്‍ ദ്വീപായ മഡഗാസ്കര്‍ മുതല്‍ യൂറോപ്പ് വരെ എത്തുന്നതാണ് എലിയോനോറാ പരുന്തുകളുടെ ദേശാടനപ്രദേശം. ലാര്‍ക്ക് ഇനത്തില്‍പ്പെട്ട ചെറിയ പക്ഷിയോ മറ്റോ ആണ് എലിയോനോറായുടെ കാലിനിടയില്‍ കിടക്കുന്ന ഇര. ഇണയുടെ കാലില്‍ കിടക്കുന്ന തനിക്കുള്ള ഇരയെ കൌതുകത്തോടെ നോക്കുന്ന പെണ്‍ എലിയോനോറായുടെ കണ്ണുകള്‍ ചിത്രത്തില്‍ തെളിഞ്ഞുകാണാം. ആൽബർട്ടോ ഫാന്‍റോണി പകര്‍ത്തിയ ചിത്രവും സമ്മാനാര്‍ഹമായി.( ചിത്രത്തിന് കടപ്പാട് : Wildlife photographer of the year )
undefined
click me!