ജനങ്ങള്‍ക്ക് സൈനിക പരിശീലനം നല്‍കി തായ്‍വാന്‍; ലക്ഷ്യം ചൈനീസ് ഭീഷണി നേരിടല്‍

Published : Jul 26, 2022, 01:11 PM ISTUpdated : Jul 26, 2022, 01:31 PM IST

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ന് തായ്‍വാന്‍ (Taiwan) വ്യോമാക്രമണ സൈറണ്‍ മുഴങ്ങി. പെട്ടെന്ന് തന്നെ വടക്കന്‍ തായ്‍വാനിലെ പട്ടണങ്ങളിലും നഗരങ്ങളിലും താമസിക്കുന്നവര്‍ വീടുകളിലേക്ക് മടങ്ങി. തലസ്ഥാനമായ തായ്പേയില്‍ കടകളും റെസ്റ്റോറന്‍റുകളും ഷട്ടറുകള്‍ അടച്ചു. പൊലീസ് തെരുവിലെ വാഹനങ്ങളോട് പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനം തേടാന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് തന്നെ ആളുകളും വാഹനങ്ങളും ഒഴിഞ്ഞ് തെരുവുകള്‍ വിജനമായി. തൊട്ട് പുറകെ ശത്രുവിമാനങ്ങളെ തുരത്താനായി തായ്‍വാന്‍റെ ആകാശത്ത് യുദ്ധവിമാനങ്ങള്‍ ഉയര്‍ന്നു. അതേ സമയത്ത് തന്നെ രാജ്യത്തെ ലക്ഷക്കണക്കിന് പേരുടെ മൊബൈലുകളിലേക്ക് 'മിസൈല്‍ അലര്‍ട്ട്' സന്ദേശം ലഭിച്ചു. പിന്നാലെ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശം ലഭിച്ചു. അതെ, തായ്‍വാന്‍ തയ്യാറെടുക്കുകയാണ്. ചൈനയില്‍ നിന്നുള്ള അക്രമണ ഭീഷണി നേരിടാന്‍. തായ്‍വാന്‍റെ ഈ തയ്യാറെടുപ്പ് 2021 ല്‍ യുക്രൈന്‍ നടത്തിയ തയ്യാറെടുപ്പിന് തുല്യാമാണെന്ന് യുദ്ധ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. തായ്‍വാന്‍ ഏത് നിമിഷവും ചൈനയില്‍ നിന്ന് ഒരു അക്രമണം പ്രതീക്ഷിച്ച് തുടങ്ങിയിരിക്കുന്നു. തായ്‌വാനിൽ കഴിഞ്ഞ  ദിവസം നടത്തിയ യുദ്ധ തയ്യാറെടുപ്പ് പരിശീലനത്തിന്‍റെ പേര് 'വാൻ ആൻ' എന്നാണ്. ശാശ്വതമായ സമാധാനം എന്നാണ് ഇതിന്‍റെ അര്‍ത്ഥം. 

PREV
110
ജനങ്ങള്‍ക്ക് സൈനിക പരിശീലനം നല്‍കി തായ്‍വാന്‍; ലക്ഷ്യം ചൈനീസ് ഭീഷണി നേരിടല്‍

റഷ്യ, തങ്ങളുടെ രാജ്യം അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന കിട്ടിയ കാലം മുതല്‍ യുക്രൈന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സ്ത്രീ പുരുഷഭേദമെന്യേ സൈനിക പരിശീലനം നല്‍കിയിരുന്നു. ഒടുവില്‍ റഷ്യ 2022 ഫെബുവരി 24 ന് യുക്രൈനെ അക്രമിക്കുമ്പോഴേക്കും യുക്രൈന്‍റെ ആർമി റിസർവില്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം തദ്ദേശീയര്‍ സൈനിക പരിശീലനം നേടിയിരുന്നു. ഏതാണ്ട് ഇതേ രീതിയില്‍ തങ്ങളുടെ രാജ്യത്തെ മുഴുവന്‍ ജനതയ്ക്കും സൈനിക പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് തായ്വാന്‍. ഭീഷണി യാഥാര്‍ത്ഥ്യമാകുന്നത് വരെ കാത്ത് നില്‍ക്കുന്നതിന് പകരം ശത്രു എത്തുന്നതിന് മുമ്പ് തന്നെ തയ്‍വാനും തയ്യാറെടുപ്പ് തുടങ്ങി. 

210

അതിനായി രാജ്യത്തെ ജനങ്ങള്‍ക്ക് സൈനിക പരിശീലനം നടത്തുന്നതടക്കമുള്ള പരിപാടികളാണ് ഇപ്പോള്‍ തായ്‍വാനില്‍. അതിന്‍റെ ഭാഗമായ മോക് ഡ്രില്ലായിരുന്നു നേരത്തെ പറഞ്ഞ മിസൈല്‍ അലര്‍ട്ട്. വിശാലമായ തീരമുണ്ടെങ്കിലും ദ്വീപ് രാഷ്ട്രമായ തായ്‍വാന്‍ കീഴടക്കുകയെന്നത് ചൈനയുടെ ഏറ്റവും പഴയ സാമ്രാജ്യ വിപുലീകരണ നയങ്ങളിലൊന്നാണ്. കമ്മ്യൂണിസ്റ്റുകൾ 1949-ൽ ചൈനയിൽ അധികാരത്തിൽ വന്നത് മുതൽ തായ്‍വാന്‍ ചൈനയുടെ നോട്ടപ്പുള്ളിയാണ്.

310

ഔദ്യോഗികമായി തായ്‍വാന്‍ റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമാണെങ്കിലും. കഴിഞ്ഞ 30 ലേറെ വര്‍ഷമായി ഇതൊരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. റഷ്യന്‍ ഏകാധിപതി വ്ളാഡിമിര്‍ പുടിന്‍ യുക്രൈനെതിരെ പട നയിച്ചതിന് സമാനമായി ചൈനീസ് ഏകാധിപതിയായ പ്രസിഡന്‍റ് ഷി ജിങ് പിങ് തായ്‍വാനെതിരെ തിരിയാന്‍ സാധ്യതയുണ്ടെന്ന് യുദ്ധവിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം റഷ്യയ്ക്ക് യുക്രൈനില്‍ സംഭവിച്ച തിരിച്ചടി ചൈന തായ്‍വാനിലും നേരിട്ടേക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

410

നിലവില്‍ തായ്‍വാന്‍റെ കടല്‍, വ്യോമ അതിര്‍ത്തികളില്‍ നേരത്തെതിനേക്കാള്‍ ചൈനീസ് സാന്നിധ്യം ശക്തമാണ്. ചൈനയുടെ വ്യോമസേനയും നാവികസേനയും തായ്‌വാൻ ചുറ്റും കൂടുതൽ സജീവമാണെന്നര്‍ത്ഥം.  ചൈന, തായ്‍വാനെ അക്രമിച്ചാല്‍ പ്രതിരോധിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ തന്‍റെ മെയ് മാസത്തെ തായ്‍വാന്‍ സന്ദര്‍ശന വേളയില്‍ വ്യക്തമാക്കിയിരുന്നു. 

510

1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കുശേഷം ലോകസമാധാനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയായി ഉയര്‍ന്ന് യുക്രൈന്‍ അധിനിവേശത്തെക്കാളും മോശമായ തരത്തിലാണ് ചൈന, തായ്‍വാന് നേരെ തിരിഞ്ഞാല്‍ സംഭവിക്കുകയെന്ന് യുദ്ധവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ ചൈനീസ് ആധിപത്യത്തിനെതിരെ ഓസ്ട്രേലിയയും ജപ്പാനും നേരത്തെ തന്നെ സഖ്യരൂപീകരണ ശ്രമങ്ങളുമായി മുന്നിലുണ്ടെന്നതും കാര്യങ്ങള്‍ വഷളാക്കുന്നു. 

610

ഇലക്‌ട്രോണിക്‌സ്, മെഷിനറി എന്നിവയുടെ വ്യാവസായിക ഉൽപ്പാദനവും കയറ്റുമതിയും വഴി തയ്‌വാൻ, കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് പുറത്ത് ഒരു സമ്പന്ന രാജ്യമായി വളർന്നു. എന്നാൽ, അടുത്ത കാലം വരെ തായ്‍വാന്‍ തങ്ങളുടെ പ്രതിരോധ ചെലവിന് കാര്യമായ പരിഗണന നല്‍കിയിരുന്നില്ല. 1979 ല്‍ തെക്കന്‍ അയല്‍ രാജ്യമായ വിയറ്റ്നാമിനെ അക്രമിക്കാന്‌ ഉത്തരവിട്ട ചൈനീസ് പ്രസിഡന്‍റ് ഡെങ് സിയാവോ പിംഗിന് ശേഷം ഒരു ചൈനീസ് പ്രസിഡന്‍റും യുദ്ധത്തിന് മുതിര്‍ന്നിട്ടില്ല. 

710

എന്നാല്‍, വിയറ്റ്നാമില്‍ ചൈനയ്ക്ക് ദയനീയ പരാജയമായിരുന്നു ഫലം. ഈ യുദ്ധപരാജയം ചരിത്രത്തില്‍ നിന്നേ മറച്ച് വയ്ക്കാന്‍ പാടുപെടുകയാണ് ചൈന. മറിച്ച് ചൈന ഇന്നും ആഷോഘിക്കുന്നത്, 1950 നും 1953 നും ഇടയിൽ യുഎസ് നേതൃത്വത്തിലുള്ള യുഎൻ സേനയ്‌ക്കെതിരായ കൊറിയൻ യുദ്ധമാണ്.  കമ്മ്യൂണിസ്റ്റ് ചൈനയുടെ മാതൃകാ യുദ്ധമായി ഈ യുദ്ധത്തെയാണ് ഇന്നും ചൈന ആഘോഷിക്കുന്നത്. സമ്പൂർണ ആണവ സംഘർഷത്തിനുള്ള സാധ്യത ഭയാനകമാം വിധം അടുത്താണ്. 

810

എന്നാൽ ആണവ നിലയില്ലാതെ പോലും, തായ്‌വാനിലെ ചൈനീസ് അധിനിവേശം വിജയിച്ചാലും ഇല്ലെങ്കിലും, വിശാലമായ ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വിനാശകരമായിരിക്കും. ചൈനയെ പോലെ തന്നെ വടക്കന്‍ കൊറിയും ആണവ പരീക്ഷണങ്ങളില്‍ വ്യാവൃതരാണ്. ചൈന യുദ്ധസന്നാഹം തീര്‍ത്താല്‍ വടക്കന്‍ കൊറിയയുടെ നിലപാടും പ്രധാനമായിരിക്കും. നിലവില്‍ ചൈനയുമായി മാത്രമാണ് വടക്കന്‍ കൊറിയയ്ക്ക് ഏക നയതന്ത്രബന്ധമുള്ളത്. 

910

ചൈനയുടെ അധിനിവേശത്തെ പ്രതിരോധിക്കേണ്ടത് ജപ്പാന്‍റെ കൂടി ആവശ്യമാണ്. പ്രതിരോധരംഗത്ത് ജപ്പാന്‍ സ്വാശ്രയത്വം കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ മുന്‍ ജപ്പാന്‍ പ്രസിഡന്‍റ് ഷിൻസോ ആബെയുടെ കൊലപാതകം ജപ്പാനില്‍ പല തരത്തിലുള്ള അസ്വസ്ഥതകളും സൃഷ്ടിച്ചിട്ടുണ്ട്. അതിനിടെയാണ് ചൈനയുടെ തായ്‍വാന്‍ അധിനിവേശ ശ്രമങ്ങള്‍ ശക്തമാകുന്നതും. അർദ്ധചാലകങ്ങൾ പോലെയുള്ള ഹൈടെക് ഇലക്ട്രോണിക് ഘടകങ്ങളുടെ ലോകത്തിലെ പ്രധാന നിർമ്മാതാക്കളിൽ ഒന്നാണ് തായ്‌വാൻ. 

1010

ഇത്തരം ഉപകരണ നിര്‍മ്മാണ ഫാക്ടറികള്‍ അക്രമിക്കപ്പെട്ടാല്‍ അത് ലോകത്താകമാനം ചലനങ്ങളുണ്ടാക്കും.  കമ്പ്യൂട്ടറുകൾ മുതൽ മൊബൈൽ ഫോണുകൾ വരെയുള്ള എല്ലാ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും വില കുതിച്ചുയരും. മാത്രമല്ല, ചൈനയുടെ തായ്‍വാന്‍ അധിനിവേശം സാധ്യമായാല്‍ അത് മേഖലയിലെ മാത്രമല്ല ലോകത്തിന്‍റെ തന്നെ സാമ്പത്തിക ക്രമത്തെ തകിടും മറിക്കുമെന്നും യുദ്ധവിദഗ്ദര്‍ പറയുന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോടെ ലോകത്തിന്‍റെ ഭക്ഷ്യ സുരക്ഷാ പദ്ധികളെല്ലാം തന്നെ തകിടം മറിഞ്ഞെന്നും ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories