Gun Missing: റെയില്‍വേ കണ്ടെയ്നറില്‍ നിന്ന് ആയിരക്കണക്കിന് തോക്കുകള്‍ മോഷണം പോയി

First Published Jan 27, 2022, 1:29 PM IST

ലോസ് ഏഞ്ചൽസിലെ (Los Angeles ) യൂണിയന്‍ പസഫിക്കിന്‍റെ റെയിൽവേ ട്രാക്കുകളിലൂടെ (Union Pacific train tracks) കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നറില്‍ നിന്ന് പതിനായിരക്കണക്കിന് ആയുധങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഈ മാസം ആദ്യമാണ് സംഭവമെന്നും ലോസ് ഏഞ്ചൽസിലെ പൊലീസ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 'ആളുകൾ... കണ്ടെയ്നറുകൾ തകർത്ത് പതിനായിരക്കണക്കിന് തോക്കുകള്‍ (Gun) മോഷ്ടിക്കുകയായിരുന്നു,' എന്ന് എല്‍എപിഡി ചീഫ് ( Chief of the Los Angeles Police Department - LAPD) മൈക്കൽ മൂർ (Michel Moore ) ബോർഡ് ഓഫ് പൊലീസ് കമ്മീഷണരെ അറിയിച്ചതായി റിപ്പോര്‍ട്ട്. ആയുധങ്ങള്‍ മോഷ്ടിച്ച ശേഷം ആളുകള്‍ കീറിക്കളഞ്ഞ തോക്ക് പൊതിഞ്ഞിരുന്ന പാക്കറ്റുകള്‍ റെയില്‍വേ ട്രാക്കില്‍ലെമ്പാടും ചിതറിക്കിടക്കുന്ന കാഴ്ച കാണാമായിരുന്നു. ഈ കാഴ്ച കണ്ട ഗവർണർ ഗാവിൻ ന്യൂസോം 'മൂന്നാം ലോക രാജ്യവുമായി' താരതമ്യം ചെയ്തത് വിവാദമായി. 

പൊലീസോ മറ്റ് സുരക്ഷാ സേവനങ്ങളോ ഇല്ലാത്ത ഈ കണ്ടെയ്‌നറുകളുടെ ഗതാഗതം ആളുകൾ മുതലെടുക്കുന്നത്, നഗരത്തെ വീണ്ടും അക്രമ സംഭവങ്ങളുടെ ഉറവിടമാക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് എല്‍എപിഡി ചീഫ് മൈക്കൽ മൂർ പറഞ്ഞു. ലിങ്കൺ ഹൈറ്റ്സിലെ റെയിൽ ഡിപ്പോയിൽ നിന്ന് എത്ര തോക്കുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് പറയാൻ കഴിഞ്ഞില്ല. നിരവധി കണ്ടെയ്നറുകളിലായിട്ടായിരുന്നു ആയുധങ്ങള്‍ കൊണ്ടുവന്നിരുന്നത്. 

യൂണിയൻ പസഫിക് റെയിൽ കമ്പനിയാണ് അന്വേഷണം കൈകാര്യം ചെയ്യുന്നത്. അന്വേഷണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കമ്പനി മറുപടി നല്‍കിയില്ലെന്ന് അതിനിടെ ആക്ഷേപമുയര്‍ന്നു. ആയുധങ്ങളുമായി ആളുകള്‍ പോകുന്നതിന്‍റെ ഡ്രോണ്‍ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായതോടെയാണ് മോഷണം നടന്നവിവരം പുറത്തായത്. 

ഇതോടെ ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായി. മോഷണവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചരക്ക് കണ്ടെയ്‌നറുകളിൽ നിന്ന് വന്നതാണെന്ന് അവകാശപ്പെട്ടവരില്‍ നിന്ന് 'നിരവധി തോക്കുകൾ' പൊലീസ് കണ്ടെടുത്തതായി ലിങ്കൺ ഹൈറ്റ്‌സ് ഡിപ്പോ ഉൾപ്പെടുന്ന എൽഎപിഡി ഡെപ്യൂട്ടി ചീഫ് അൽ ലാബ്രഡ മാധ്യമങ്ങളോട് പറഞ്ഞു. 

അതിനിടെ ലോസ് ഏഞ്ചൽസിലൂടെ കടന്നുപോകുന്ന ട്രാക്കുകളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു ദിവസം ശരാശരി 90 കണ്ടെയ്‌നറുകളില്‍ മോഷണം നടക്കുന്നതായി യൂണിയൻ പസഫിക് അറിയിച്ചു. ചരക്ക് മോഷണങ്ങൾ റെയിൽ കമ്പനിയും ലോസ് ഏഞ്ചൽസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജോർജ്ജ് ഗാസ്‌കോണും തമ്മിലുള്ള രൂക്ഷമായ വാക്വാദത്തിന് കാരണമായി. 

കഴിഞ്ഞ ഡിസംബറിൽ, യൂണിയൻ പസഫിക് ചരക്ക് മോഷ്ടാക്കൾക്കെതിരെ കൂടുതൽ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് ഒരു കത്ത് അയച്ചിരുന്നു. പകർച്ചവ്യാധി സമയത്ത് ജയിലില്‍ നിന്ന് പരോള്‍ നല്‍കി പ്രതികളെ പുറത്ത് വിടുന്നത് അവസാനിപ്പിക്കണം എന്ന് തുടങ്ങിയ നിര്‍ദ്ദേശങ്ങളും അവര്‍ മുന്നോട്ട് വച്ചിരുന്നു. 

മോഷ്ടാക്കളെ പിടികൂടി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ജാമ്യം നല്‍കി വിടുകയാണ് പതിവ്. കുറ്റവാളികള്‍ തന്നെ ലളിതമായ വകുപ്പ് ചുമത്താന്‍ പൊലീസിനോട് ആവശ്യപ്പെടുകയാണ്. അതുകൊണ്ട് തന്നെ അവര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങളൊന്നുമില്ലെന്നും കാലിഫോർണിയ പബ്ലിക് അഫയേഴ്സ് ഡയറക്ടർ അഡ്രിയാൻ ഗുറേറോയുടെ കത്തിൽ ആരോപിക്കുന്നു. 

കഴിഞ്ഞ വർഷം ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ക്രിമിനൽ റെയിൽ മോഷണത്തിൽ 160 ശതമാനം വർദ്ധനവ് ഉണ്ടായതായി യൂണിയന്‍ പസഫിക് അവകാശപ്പെടുന്നു. ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ വിശാലമായ അടിസ്ഥാന സൗകര്യങ്ങളിലുടനീളം, അത് ഞങ്ങളുടെ തുറമുഖങ്ങളിലായാലും റെയിൽവേ ട്രാക്കുകളിലായാലും, കൂട്ടായ സുരക്ഷ ഉറപ്പാക്കാൻ നിയമപാലകരുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഗാസ്കോണിന്‍റെ ഓഫീസ് മുമ്പ് അവകാശപ്പെട്ടിരുന്നു. 

എന്നാല്‍, ഡിസ്ട്രിക്റ്റ് അറ്റോർണി ജോർജ്ജ് ഗാസ്‌കോണ്‍ ഇത്തവണ തിരിച്ചടിച്ചു. 'എല്‍എപിഡി ഡെപ്യൂട്ടി ചീഫ് അൽ ലബ്രദയുടെ അഭിപ്രായത്തിൽ, ട്രെയിനുകൾ സുരക്ഷിതമാക്കുന്നതിനോ ലോക്ക് ചെയ്യുന്നതിനോ യൂണിയന്‍ പസഫിക് കാര്യമായൊന്നും ചെയ്യുന്നില്ല. അവര്‍ നിയമ നിർവ്വഹണ ജീവനക്കാരെ ഗണ്യമായി കുറച്ചെന്നും ജോർജ്ജ് ഗാസ്‌കോണ്‍ യൂണിയന്‍ പസഫികിന് നല്‍കിയ മറുപടിയില്‍ പറയുന്നു. 

ഈ പ്രദേശത്തെ മറ്റ് പ്രധാന റെയിൽ‌വേ പ്രവർത്തനങ്ങൾ യൂണിയന്‍ പസഫിക്കിലേതു പോലെയുള്ള സൗകര്യങ്ങളിൽ മോഷണം നേരിടുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണെന്ന് ഗാസ്‌കോണ്‍ ചൂണ്ടിക്കാട്ടി. പട്രോളിംഗ് ശക്തമാക്കാനും പൊലീസ്, ഷെരീഫ് ഡിപ്പാർട്ട്‌മെന്‍റ്, യൂണിയൻ പസഫിക്കിന്‍റെ സുരക്ഷാ സേന എന്നിവയെ മികച്ച രീതിയിൽ ഏകോപിപ്പിക്കാനും സ്വന്തം മോഷണ ടാസ്‌ക് ഫോഴ്‌സ് വിപുലീകരിക്കുകയാണെന്ന് കാലിഫോർണിയ ഹൈവേ പട്രോൾ അറിയിച്ചു. 

യൂണിയൻ പസഫിക്കും മറ്റ് റെയിൽ‌വേ സ്ഥാപനങ്ങള്‍ക്കും അവരുടെ റെയിൽ‌വേ ലൈനുകൾ സംരക്ഷിക്കുന്നതിന് സംസ്ഥാനം അംഗീകൃതമായ സ്വന്തം പൊലീസ് സേനയെ അനുവദിക്കും. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് ജനുവരി 22 വരെ 7 ശതമാനത്തിലധികം കവർച്ചാ നിരക്ക് വർധിച്ചു. 

അക്രമത്തിലും സ്വത്ത് കുറ്റകൃത്യങ്ങളിലും സമീപകാലത്ത് വർദ്ധിച്ചുവരുന്ന കുതിച്ചുചാട്ടം തടയുന്നതിൽ പരാജയപ്പെട്ടതിന് ഗാസ്‌കോണും വിമര്‍ശനം നേരിടുകയാണ്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമമായിരുന്നു ജോർജ്ജ് ഗാസ്‌കോണിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. 

വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ നിരക്കിനെക്കുറിച്ച്, എന്നാല്‍ ഇന്ന് അദ്ദേഹത്തിന് മറ്റൊരു അഭിപ്രായമാണ്. 'നാം ചക്രങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതാണ് യാഥാർത്ഥ്യം.  വിവിധ കാരണങ്ങളാൽ നാം ചാക്രികമായ അവസ്ഥയിലൂടെ കടന്നു പോകുന്നു... സാമൂഹിക അസമത്വങ്ങൾ, വരുമാന അസമത്വങ്ങൾ, ഭവനരഹിതർ, നമ്മുടെ നിരാശ.' ജോർജ്ജ് ഗാസ്‌കോണ്‍ അക്രമത്തിന്‍റെ പശ്ചാത്തലം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. 

undefined
click me!