ഹിറ്റ്‌ലറിന്റെ ആരാധകന്‍, ഫുള്‍ടൈം സണ്‍ഗ്ലാസ്, സോഷ്യല്‍ മീഡിയാ താരം; നേപ്പാളിലെ പുതിയ പ്രധാനമന്ത്രി!

Published : Mar 10, 2026, 07:04 PM IST

സോഷ്യല്‍ മീഡിയാ താരം, റാപ്പര്‍, ഷോ മാന്‍. ജെന്‍സി വിപ്ലവത്തിന് ശേഷം നേപ്പാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ബാലേന്ദ്ര ഷാ എന്ന രോഷാകുലനായ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍. ആരാണ് ബാലേന്ദ്ര ഷാ?

PREV
19

മുപ്പത്തഞ്ച് വയസ്സേയുള്ളൂ ബാലേന്ദ്ര ഷായ്ക്ക്. ഇക്കാലയളവില്‍ റാപ്പര്‍, എഞ്ചിനീയര്‍, മേയര്‍, സോഷ്യല്‍ മീഡിയാ താരം എന്നീ നിലകളിലെല്ലാം അദ്ദേഹം ശ്രദ്ധേയനായി. കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി വന്‍ വിജയം നേടിയതോടെ, നേപ്പാള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് ബാലന്‍ എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷാ.

29

അഴിമതിക്കെതിരെ പുതിയ തലമുറ തെരുവിലിറങ്ങിയ ജെന്‍സി വിപ്ലവത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. മുന്‍ സര്‍ക്കാരിനെ താഴെയിറക്കിയ ശേഷം നടന്ന തെരഞ്ഞെടുപ്പ്. ജെന്‍സി വിപ്ലവത്തിന്റെ പിന്‍ഗാമികളായി സ്വയം വിശേഷിപ്പിക്കുന്ന ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി (RSP) നേപ്പാളിന്റെ ആധുനിക തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേടിയത്. തുടര്‍ന്നാണ്, സോഷ്യല്‍ മീഡിയയില്‍ രോഷത്തോടെ ഇടപെടലുകള്‍ നടത്തുന്ന 'മിലനിയല്‍' തലമുറക്കാരനായ ബാലേന്ദ്ര ഷായെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി തിരഞ്ഞെടുത്തത്.

39

സോഷ്യല്‍ മീഡിയയിലൂടെയാണ് ബാലന്‍ കളം പിടിച്ചത്. സാമൂഹിക പ്രതിബദ്ധതയുള്ള റാപ്പര്‍ എന്ന നിലയില്‍, അഴിമതിക്കും ഭരണജീര്‍ണതയ്ക്കും എതിരായ പാട്ടുകളിലൂടെ നേരത്തെ തന്നെ ബാലന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേപ്പാളിലെ പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങളുടെ ഭാഗമല്ല എന്നതില്‍ അഭിമാനം കൊള്ളുന്ന അദ്ദേഹം നാല് വര്‍ഷം മുമ്പ് കാഠ്മണ്ഡുവിന്റെ മേയര്‍ സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ചു.

49

മാലിന്യ സംസ്‌കരണം, വിദ്യാഭ്യാസം മെച്ചപ്പെടുത്തല്‍, ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കല്‍ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് മേയര്‍ എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തിയത്. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന രാഷ്ട്രീയക്കാരന്‍ എന്ന പ്രതിച്ഛായ മേയര്‍ എന്ന നിലയില്‍ ബാലന്‍ ഉണ്ടാക്കിയെടുത്തു. ചുവപ്പുനാട വകവെയ്ക്കാതെ കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്ന ഒരാളായിരുന്നു ബാലന്‍.

59

നഗരത്തിന് ചേരാത്തതെന്ന് തോന്നിയ ചേരിപ്രദേശങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ഒരിക്കല്‍ അദ്ദേഹം ശ്രമിച്ചു. റോഡ് നിര്‍മ്മാണ പ്രവൃത്തി ഇഴയുന്നതിനോടുള്ള പ്രതിഷേധമായി പൊതുമരാമത്ത് ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ ഒരു ട്രക്ക് നിറയെ മാലിന്യം നിക്ഷേപിക്കാന്‍ ഒരിക്കല്‍ അദ്ദേഹം ഉത്തരവിട്ടു. മറ്റ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി വിശ്വസ്തരായ ഒരു ചെറിയ സംഘം ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി എന്ന നിലയില്‍ ബാലേന്ദ്ര ഷായ്ക്ക് കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാക്കുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അധോസഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും ഉപരിസഭയില്‍ ഒരൊറ്റ സീറ്റ് പോലുമില്ല. നിയമനിര്‍മ്മാണങ്ങളുടെ കാര്യത്തില്‍ ഇത് തടസ്സങ്ങള്‍ സൃഷ്ടിക്കും.

69

ജെന്‍സി പ്രക്ഷോഭത്തെ മേയര്‍ എന്ന നിലയില്‍ ബാലന്‍ നേരത്തെ പിന്തുണച്ചിരുന്നു. പ്രക്ഷോഭം അക്രമാസക്തമാവുകയും നിരവധി പ്രക്ഷോഭകരെ സൈന്യം വെടിവെച്ചുകൊല്ലുകയും ചെയ്തതോടെ പ്രതിഷേധത്തിന്റെ സ്വഭാവം മാറി. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയെ 'ഭീകരവാദി' എന്നാണ് അന്ന് ബാലേന്ദ്ര ഷാ വിശേഷിപ്പിച്ചത്. വൈകാതെ പ്രധാനമന്ത്രി രാജി വെക്കുകയും സര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്തു. തുടര്‍ന്നാണ് നേപ്പാളില്‍ തെരഞ്ഞെടുപ്പ് വന്നത്. തന്നേക്കാള്‍ 40 വയസ്സു കൂടുതലുള്ള മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ദീര്‍ഘകാലമായി കൈവശം വെച്ച പാര്‍ലമെന്റ് സീറ്റിലാണ് ബാലേന്ദ്ര ഷാ ജനവിധി തേടിയത്. ശര്‍മ്മയ്ക്ക് ലഭിച്ചതിനേക്കാള്‍ മൂന്നര മടങ്ങ് വോട്ടുകള്‍ നേടിയാണ് ഷാ ജേതാവായത്.

79

വീടിനുള്ളില്‍ പോലും സണ്‍ഗ്ലാസ് ധരിക്കുന്ന ഒരാളായാണ് ബാലേന്ദ്ര ഷാ അറിയപ്പെടുന്നത്. പ്രവചനാതീതമാണ് ബാലന്റെ ശൈലി. പൊതുവിഷയങ്ങളില്‍ അദ്ദേഹം രോഷാകുലനായാണ് ഇടപെടാറുള്ളത്. അപൂര്‍വ്വമായി മാത്രമേ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താറുള്ളൂ. മാധ്യമ അഭിമുഖങ്ങളും വിരളം. സോഷ്യല്‍ മീഡിയയിലൂടെയാണ് സദാ ആശയവിനിമയം. മൂന്ന് കോടി ജനസംഖ്യയുള്ള രാജ്യത്ത് അദ്ദേഹത്തിന് ഫേസ്ബുക്കില്‍ മാത്രം 37 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.

89

അമേരിക്ക, ചൈന, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങള്‍ക്കെതിരെയും പരസ്യമായി പ്രതികരിക്കുന്ന ആളാണ് ബാലന്‍. നേപ്പാള്‍ രാഷ്ട്രീയത്തിലെ പ്രബലരായ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചിട്ടുണ്ട്. ജനുവരിയില്‍ ആര്‍.എസ്.പിയില്‍ ചേരുന്നതിന് മുമ്പ്, ആ പാര്‍ട്ടിയെപ്പോലും അദ്ദേഹം വിമര്‍ശിച്ചു. 'പുതിയവരായാലും പഴയവരായാലും എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരാണ്,' - ഒരിക്കല്‍ ബാലേന്ദ്ര ഷാ സോഷ്യല്‍ മീഡിയയില്‍ എഴുതി.

99

ഒരു പരമ്പരാഗത വൈദ്യന്റെ മകനാണ്. സമ്പന്നമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ വരവ്. എങ്കിലും തെരുവുകളുടെ ഗായകനായാണ് ബാലേന്ദ്ര അറിയപ്പെടുന്നത്. ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് അദ്ദേഹത്തിന്റെ പാട്ടുകള്‍ ഏറെയും. അധികാരവര്‍ഗത്തിന് എതിരെയും ഒരു പാട്ടുകളുണ്ട്. എന്നാല്‍, ഹിറ്റ്ലറെപ്പോലുള്ള സ്വേച്ഛാധിപതികളോട് കടുത്ത ആരാധനയുള്ള ഒരാളാണ് ബാലന്‍. അവരുടെ ഭരണത്തെ പലപ്പോഴും അദ്ദേഹം പുകഴ്ത്തിയിട്ടുണ്ട്. തനിക്കെതിരായ ചെറിയ വിമര്‍ശനങ്ങളോട് പോലും സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായി പ്രതികരിക്കാറുണ്ട്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories