അൻപതിനായിരം വോട്ടുകൾക്കാണ് ബലേന്ദ്ര ഷാ മുൻ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തിയത്. നേപ്പാളിലെ ജാപ്പ 5 മണ്ഡലത്തിലാണ് ബലേന്ദ്ര ഷായുടെ മിന്നുന്ന ജയം
കാഠ്മണ്ഡു: നേപ്പാളിൽ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലിയെ പരാജയപ്പെടുത്തി ജെൻസി പ്രക്ഷോഭത്തിന് നായകരിലൊരാളും മുൻ റാപ്പറുമായ ബലേന്ദ്ര ഷാ. നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെൻസി പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അൻപതിനായിരം വോട്ടുകൾക്കാണ് ബലേന്ദ്ര ഷാ മുൻ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തിയത്. നേപ്പാളിലെ ജാപ്പ 5 മണ്ഡലത്തിലാണ് ബലേന്ദ്ര ഷായുടെ മിന്നുന്ന ജയം. രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടിയുടെ യുവനേതാവ് കൂടിയായ ബലേന്ദ്ര ഷാ 68348 വോട്ടുകളാണ് നേടിയത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായ കെ പി ശർമ ഒലിക്ക് 18734 വോട്ടുകൾ മാത്രമാണ് നേടാനായത്.
49614 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബലേന്ദ്ര ഷായുടെ ജയം. വോട്ടെണ്ണലിന്റെ ആദ്യഫലങ്ങളിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ തിരിച്ചടിയെന്ന സൂചന വന്നിരുന്നു. 275 അംഗങ്ങളാണ് നേപ്പാളിലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലുള്ളത്. മാർച്ച് 5നായിരുന്നു നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്. കെ പി ശർമ ഒലിയെ അധികാരത്തിൽ നിന്ന് നീക്കിയ ജെൻസി പ്രക്ഷോഭത്തിന് കൃത്യം ആറ് മാസത്തിന് ശേഷമായിരുന്നു ഇത്. അഴിമതിയും സ്വജനപക്ഷപാതവും തൊഴിലില്ലായ്മയും ഉയർത്തി ജെൻസി യുവാക്കൾ നടത്തിയ പ്രക്ഷോഭം സൈന്യത്തെ ഉപയോഗിച്ചാണ് കെ പി ശർമ ഒലിയുടെ ഭരണകൂടം നേരിട്ടത്. ജെൻസി പ്രക്ഷോഭത്തിൽ 77 പേരാണ് കൊല്ലപ്പെട്ടത്.
പ്രക്ഷോഭത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലാണെന്ന് ആരോപിച്ച് ഒലിയും കമ്യൂണിസ്റ്റ് പാർട്ടികളും ശക്തമായ പ്രചാരണം നടത്തിയെങ്കിലും ജനം ഇത് വിശ്വസിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. 2022ൽ കെ പി ശർമ ഒലി 28000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജാപ്പ 5 മണ്ഡലത്തിൽ ജയിച്ചത്. 2022ൽ കാഠ്മണ്ഡുവിലെ മേയർ തെരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെയാണ് ദേശീയ ശ്രദ്ധയിലേക്ക് ബലേന്ദ്ര ഷാ എത്തിയത്. ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായി ബലേന്ദ്ര ഷാ മേയർ സ്ഥാനം രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബലേന്ദ്ര ഷാ രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടിയിൽ അംഗമായത്. സിവിൽ എൻജിനിയറിംഗിൽ ബിരുദധാരിയാണ് ബലേന്ദ്ര ഷാ. 2012ലാണ് റാപ്പറായുള്ള ജീവിതം ബലേന്ദ്ര ഷാ ആരംഭിക്കുന്നത്.


