അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തിനിടെ മുബൈ താരം സൂര്യകുമാര്‍ യാദവിനെ നോക്കി കണ്ണുരുട്ടിയ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. മത്സരത്തിന്‍റെ 13-ാം ഓവറിലായിരുന്നു വിവാദമായ സംഭവം. കവറിലേക്ക് പന്ത് തട്ടിയിട്ട സൂര്യകുമാര്‍ ക്രീസില്‍ നിന്നപ്പോള്‍ പന്ത് കൈയിലെടുത്തശേഷം നടന്നുവന്ന കോലി സൂര്യകുമാറിനെ നോക്കി കണ്ണുരുട്ടുകയായിരുന്നു. ഏതാണ്ട് 15 സെക്കന്‍ഡോളം സൂര്യകുമാറിന്‍റെ മുഖത്തേക്ക് നോക്കി കോലി കണ്ണുരുട്ടിയെങ്കിലും ഒരു ഇഞ്ച് പോലും വിട്ടുകൊടുക്കാതെ സൂര്യുകുമാറും ക്രീസില്‍ അചഞ്ചലനായി നിന്നു. വാക്പോരൊന്നിനും ഇരുവരും മുതിര്‍ന്നില്ലെങ്കിലും കോലിയുടെ നടപടി ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. അവര്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.