
റിതുരാജ് ഗെയ്കവാദ് (32), ഫാഫ് ഡു പ്ലെസിസ് (86), റോബിന്‍ ഉത്തപ്പ (31), മൊയീന്‍ അലി (പുറത്താവാതെ 37) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തയ്ക്ക് ശുഭ്മാന്‍ ഗില്‍ (51), വെങ്കടേഷ് അയ്യര്‍ (50) എന്നിവര്‍ മികച്ച തുടക്കം നല്‍കി. എന്നാല്‍ പിന്നീടെത്തിയവര്‍ നിരാശപ്പെടുത്തി.
എന്നാല്‍ മധ്യനിരയ പൂര്‍ണമായും പരാജയപ്പെട്ടു. ലോക്കി ഫെര്‍ഗൂസണ്‍ (18), ശിവം മാവി (20) എന്നിവരാണ് രണ്ടക്കം കണ്ട് മറ്റ് താരങ്ങള്‍. ഇരുവരും വാലറ്റക്കാരാണെന്നുള്ളത് രസകരമായുള്ള കാര്യം.
നിതീഷ് റാണ (0), സുനില്‍ നരെയ്ന്‍ (2), ഓയിന്‍ മോര്‍ഗന്‍ (4), ദിനേശ് കാര്‍ത്തിക് (9), ഷാക്കിബ് അല്‍ ഹസന്‍ (0), രാഹുല്‍ ത്രിപാഠി (2) എന്നിവര്‍ പാടെ നിരാശപ്പെടുത്തി.
മൂന്ന് വിക്കറ്റെടുത്ത ഷാര്‍ദുല്‍ താക്കൂര്‍ ചെന്നൈ ബൗളര്‍മാരില്‍ തിളങ്ങി. ജോഷ് ഹേസല്‍വുഡ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
എം എസ് ധോണിക്ക് കീഴില്‍ ചെന്നൈ കളിക്കുന്ന ഒമ്പതാം ഐപിഎല്‍ ഫൈനലായിരുന്നു ഇത്. ഇതില്‍ നാല് തവണയും കിരീടം നേടാന്‍ അവര്‍ക്കായി. അഞ്ച് കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സാണ് ചെന്നൈയ്ക്ക് മുന്നിലുള്ളത്.
നാലാം കിരിടീം നേടിയതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകാണ്. ധോണിയേയും ഫ്രാഞ്ചൈസിയേയും പുകഴ്ത്തി പോസ്റ്റുകള്‍ കാണാം.
ധോണിയുടെ തിരിച്ചുവരവ് ചെന്നൈ ആരാധകര്‍ ആഘോഷമാക്കി. അതോടൊപ്പം മുംബൈ ഇന്ത്യന്‍സിട്ട് ട്രോളാനും ഇവര്‍ മറന്നില്ല. ആര്‍സിബിയും ചെറിയ രീതിയില്‍ ട്രോളിന് ഇരയായി.
മുംബൈ ഇന്ത്യന്‍സ് ഫാന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നിന്നെന്നായിരുന്നു ചെന്നൈ ആരാധകരുടെ വാദം. ചെന്നൈ- മുംബൈ ശത്രുത അവിടെയും കാണാമായിരുന്നു.
കഴിഞ്ഞ തവണ ഏഴാം സ്ഥാനത്ത് അവസാനിപ്പിച്ച ചെന്നൈ, ഇത്തവണ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അതും ടീമില്‍ വലിയ മാറ്റങ്ങളൊന്നുമില്ലാതെ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്റിംഗ് ലൈനപ്പിനെ കുറിച്ചും ട്രോളുകള്‍ ഇറങ്ങി. ഓപ്പണര്‍ മടങ്ങിയ ശേഷം കൊല്‍ക്കത്ത മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നിരുന്നു.
ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് ടീമില്‍ തുടരാന്‍ പോലും അര്‍ഹത പോലുമില്ലെന്നായിരുന്നു പ്രധാനവാദം. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, നിതീഷ് റാണ എന്നിവര്‍ക്കെതിരേയും പരിഹാസ പോസ്റ്റുകള്‍ നിറഞ്ഞു.
അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ റിതുരാജ് ഗെയ്കവാദിനേയും റണ്‍വേട്ടക്കാരില്‍ രണ്ടാമതുള്ള ഫാഫ് ഡു പ്ലെസിയേയും.
ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയതിനു പിന്നാലെ സീസണിലെ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരവും റിതുരാജിനെ തേടിയെത്തി.
ചെന്നൈയുടെ നാലാം ഐപിഎല്‍ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ താരത്തിനായിരുന്നു. 16 മത്സരങ്ങളില്‍ നിന്നും 45.35 ശരാശരിയില്‍ 136.26 സ്ട്രൈക്ക് റേറ്റോടെ 635 റണ്‍സാണ് റിതുരാജ് വാരിക്കൂട്ടിയത്.
ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ സീസണിലായിരുന്നു താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. രണ്ടാം സീസണില്‍ തന്നെ രണ്ടു തകര്‍പ്പന്‍ നേട്ടങ്ങള്‍ റിതുരാജ് സ്വന്തമാക്കി.
സ്വന്തം ടീമിന്റെ കിരീട വിജയത്തോടൊപ്പം ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമാണ് റിതുരാജ്. ഒരിക്കല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നെങ്കിലും കളിക്കാന്‍ അവസരമുണ്ടായിരുന്നില്ല.
നേരത്തേ 2014ല്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരമായിരുന്ന റോബിന്‍ ഉത്തപ്പയാണ് ഓറഞ്ച് ക്യാപ്പും ടീമിനൊപ്പം കിരീടവും ഒരേ സീസണില്‍ നേടിയത്. ഇത്തവണ ഉത്തപ്പ ചെന്നൈയിലാണ്.
റണ്‍വേട്ടക്കാരില്‍ ഡുപ്ലെസിസ് രണ്ടാമതെത്തി. വെറും രണ്ടു റണ്‍സിന്റെ വ്യത്യാസത്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന് ഓറഞ്ച് ക്യാപ്പ് നഷ്ടമായത്. റിതുജാര് 635 റണ്‍സെടുത്തപ്പോള്‍ ഡുപ്ലെസിയുടെ സമ്പാദ്യം 633 റണ്‍സായിരുന്നു.
16 മല്‍സരങ്ങളില്‍ നിന്നും 45.21 ശരാശരിയില്‍ 138.20 സ്ട്രൈക്ക് റേറ്റോടെയാണ് ഡുപ്ലെസി 633 റണ്‍സെടുത്തത്. ആറു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇതാദ്യമായിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ രണ്ടു താരങ്ങള്‍ ഒരേ സീസണില്‍ 600ന് മുകളില്‍ നേടിയത്.
നേരത്തേ രണ്ടു തവണ മാത്രമേ ഒരേ ടീമിലെ രണ്ടു താരങ്ങല്‍ ഒരു സീസണില്‍ 600ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. രണ്ടും റോയല്‍ ചാലഞ്ചേഴ്സ് ടീമിലെ താരങ്ങളായിരുന്നു.
2013ല്‍ ക്യാപ്റ്റന്‍ വിരാട് കോലിയും യൂനിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ലും 600ന് മുകളില്‍ നേടിയിരുന്നു. ഗെല്‍ ഇത്തവണ പഞ്ചാബ് കിംഗ്‌സിന് വേണ്ടിയാണ് കളിച്ചത്.
2016ല്‍ വീണ്ടും വിരാട് കോലി 600ന് മുകളില്‍ നേടിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ടീമംഗവും സൗത്താഫ്രിക്കയുടെ ഇതിഹാസ താരവുമായ എബി ഡിവില്ലിയേഴ്സായിരുന്നു.
റുതുരാജിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി ഡുപ്ലെസി ഈ സീസണില്‍ കുറിച്ചിരുന്നു. ഒരു സീസണില്‍ കൂടുതല്‍ തവണ ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയ സിഎസ്‌കെ ജോഡിയെ റെക്കോഡാണ് ഇവരെ തേടിയെത്തിയത്.
കൊല്‍ക്കക്കയ്ക്കെതിരായ ഫൈനലിലേതടക്കം ഏഴു തവണയാണ് ഡുപ്ലെസി- റിതുരാജ് സഖ്യം ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടില്‍ പങ്കാളിയായത്. ചെന്നൈയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായതും ഈ കൂട്ടുകെട്ടായിരുന്നു.
2012ല്‍ മൈക്ക് ഹസ്സി- സുരേഷ് റെയ്ന സഖ്യം ആറ് ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയതായിരുന്നു ചെന്നൈയുടെ നേരത്തേയുള്ള ഓള്‍ടൈം റെക്കോഡ്. ഇതാണ് ഡുപ്ലെസി- റുതുരാജ് ജോഡി തിരുത്തിയത്.
അതേസമയം, ഓറഞ്ച് ക്യാപ്പിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് റിതുരാജ് പറഞ്ഞു. ഫഫ് ഡുപ്ലെസി അവസാനത്തെ ബോളില്‍ സിക്സറടിക്കണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നായിരുന്നു റിതുരാജിന്റെ മറുപടി.
ഐപിഎല്ലില്‍ 213 മത്സരങ്ങളുടെ ഭാഗമാവാന്‍ ധോണിക്കായി. ചെന്നൈയ്ക്ക് പുറമെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിനേയും ധോണി നയിച്ചിട്ടുണ്ട്. ഇതില്‍ 130 മല്‍സരങ്ങളില്‍ ടീമിനു വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ജയിച്ച ക്യാപ്റ്റന്‍മാരില്‍ ധോണിക്കു അരികില്‍പ്പോലും ആരുമില്ല. രണ്ടാംസ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍ 75 വിജയങ്ങളാണുള്ളത്.
ധോണി കഴിഞ്ഞാല്‍ ഐപിഎല്ലില്‍ കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍ ആര്‍സിബിയുടെ വിരാട് കോലിയാണ് (140 മല്‍സരം). ആര്‍സിബി ഇത്തവണ പ്ലേഓഫില്‍ പുറത്തായിരുന്നു.
സീസണില്‍ കൂടുതല്‍ വിക്കറ്റെടുത്ത താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായത് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലാണ്. 15 മല്‍സരങ്ങളില്‍ നിന്നും 32 വിക്കറ്റുകളാണ് താരം കൊയ്തത്.
ഓരോ അഞ്ചു വിക്കറ്റ്, നാലു വിക്കറ്റ് നേട്ടം ഇതിലുള്‍പ്പെടുന്നു. ടൂര്‍ണമെന്റിലെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും ഇതോടെ ഹര്‍ഷല്‍ എത്തിയിരുന്നു. 27 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. ഒരു ഹാട്രിക്കും ഹര്‍ഷല്‍ സീസണില്‍ നേടിയിരുന്നു.
2008ല്‍ ഓസ്ട്രേലിയയുടെ ഷോണ്‍ മാര്‍ഷ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ശേഷം ഓറഞ്ച് ക്യാപ്പ്/പര്‍പ്പിള്‍ ക്യാപ്പ് ഇവയിലൊന്നിന് അവകാശിയാലുന്ന ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടില്ലാത്ത ആദ്യ താരം കൂടിയാണ് ഹര്‍ഷല്‍.
ഈ സീസണില്‍ ഫെയര്‍പ്ലേ അവാര്‍ഡ് സ്വന്തമാക്കിയത് സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സാണ്. റോയല്‍സിനെ സഞ്ജു ആദ്യമായി നയിച്ച സീസണ്‍ കൂടിയായിരുന്നു ഇത്.