ചെന്നൈയെ കേറി മേഞ്ഞ വെടിക്കെട്ട്; രാഹുലിന്‍റെ സിക്‌സര്‍ പൂരത്തിന് അഭിനന്ദനപ്രവാഹം

First Published Oct 7, 2021, 9:19 PM IST

ദുബായ്: ഇനിയാര്‍ക്കും കെ എല്‍ രാഹുലിന്‍റെ(KL Rahul) ഫിനിഷിംഗ് മികവിനെ ചോദ്യം ചെയ്യാനാവില്ല. ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ(Chennai Super Kings) മത്സരത്തില്‍ എട്ട് സിക്‌സറുകള്‍ പാറിപ്പറന്ന റണ്‍പൂരമാണ് പഞ്ചാബ് കിംഗ്‌സ്(Punjab Kings) നായകനായ രാഹുല്‍ കാഴ്‌ചവെച്ചത്. അതും 42 പന്തില്‍ 98 റണ്‍സുമായി സിക്‌സോടെ പഞ്ചാബിന്‍റെ വിജയ റണ്‍സ് നേടി. രാഹുല്‍ അടിയോടടി സ്റ്റൈല്‍ പുറത്തെടുത്തപ്പോള്‍ വെറും 13 ഓവറില്‍ പഞ്ചാബ് കിംഗ്‌സ് 134 റണ്‍സ് പിന്തുടര്‍ന്ന് ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് പുറത്തെടുത്ത രാഹുലിനെ തേടി കനത്ത അഭിനന്ദനപ്രവാഹമാണ് പിന്നാലെയെത്തിയത്. 

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റിന് വീഴ്‌ത്തി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത പഞ്ചാബ് കിംഗ്‌സ് നിലനിര്‍ത്തുകയായിരുന്നു. 

135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ കരുത്തില്‍ 13 ഓവറില്‍ ലക്ഷ്യത്തിലെത്തി. 

42 പന്തില്‍ ഏഴ് ഫോറും എട്ട് സിക്സും പറത്തി 98 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുലാണ് പ‌ഞ്ചാബിന്‍റെ വിജയം അനായാസമാക്കിയത്. 

13 റണ്‍സെടുത്ത ഏയ്ഡന്‍ മാക്രമാണ് പഞ്ചാബിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. മായങ്ക് അഗര്‍വാള്‍(12), സര്‍ഫറാസ് ഖാന്‍(0), ഷാരൂഖ് ഖാന്‍(8), മൊയ്‌സസ് ഹെന്‍‌റിക്വസ്(3*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. 

ചെന്നൈക്കായി ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ദീപക് ചഹാര്‍ ഒന്നും വിക്കറ്റ് നേടി. എന്നാല്‍ രാഹുലിന്‍റെ കാലുകള്‍ക്ക് ഇളക്കം തട്ടിക്കാന്‍ ഇവര്‍ക്കായില്ല. 

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിനാണ് 134 റണ്‍സെടുത്തത്. ഓപ്പണറായിറങ്ങി 55 പന്തില്‍ 76 റണ്‍സെടുത്ത ഫാഫ് ഡുപ്ലസിസാണ് ടോപ് സ്‌കോറര്‍. നായകന്‍ എം എസ് ധോണി 12ല്‍ വീണു. 

പഞ്ചാബ് കിംഗ്‌സിനായി അര്‍ഷ്‌ദീപ് സിംഗും ക്രിസ് ജോര്‍ദാനും രണ്ട് വീതവും രവി ബിഷ്‌ണോയിയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും വീഴ്‌ത്തി. 

click me!