ഐപിഎല്‍ 2021: സഞ്ജു, ദേവ്ദത്ത്, രാഹുല്‍, വില്യംസണ്‍.! ആര്‍സിബിയുടെ ഭാവി ക്യാപ്റ്റന്‍ ആരാവും? സാധ്യതകള്‍ ഇങ്ങനെ

First Published Oct 6, 2021, 1:11 PM IST

ഐപിഎല്‍ (IPL 2021) സീസണിനൊടുവില്‍ വിരാട് കോലി (Virat Kohli) മാറുമ്പോള്‍ ആരാകും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (Royal Challengers Bangalore) പുതിയ നായകന്‍? കെ എല്‍ രാഹുല്‍ (KL Rahul) മുതല്‍ ദേവ്ദത്ത് പടിക്കല്‍ (Devdutt Padikkal) വരെയുള്ള പേരുകള്‍ ഉയരുന്നുണ്ട്. ഐപിഎല്‍ ക്യാപ്റ്റന്‍സിയേക്കാള്‍ ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കോലി പ്രാധാന്യം നല്‍കുമ്പോള്‍ ബാംഗ്ലൂരിന് (RCB) ഒരു പുതിയ നായകനെ വേണം. 

കോലി കുറെകാലം കൂടി തലപ്പത്ത് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാകാം ഒരു പിന്‍ഗാമിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ ആര്‍സിബിക്ക് കഴിഞ്ഞില്ല. മെഗാ താരലേലത്തിലൂടെ സമ്പൂര്‍ണ അഴിച്ചുപണിയിലേക്ക് പോവുകയാണ് ടീമുകള്‍ എന്ന് നമുക്കറിയാം. രണ്ട് സാധ്യതകളാണ് ആര്‍സിബിക്ക് മുന്നിലുളളത്.

ആദ്യത്തേത്, ഒന്നോ രണ്ടോ സീസണിലേക്കായി ഒരു ഇടക്കാല നായകനെ നിയമിക്കുക. അടുത്തത്, ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി ഒരു യുവനായകനെ കണ്ടെത്തുകയെന്നുള്ളതാണ്. അതോടൊപ്പം പുതിയ ക്യാപ്റ്റന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ശക്തനായ പരിശീലകനുണ്ടാവുക എന്നുള്ളതാണ്. നിലവിലെ ടീമില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആര്‍ക്കെല്ലാം സാധ്യതകളുണ്ടെന്ന് നോക്കാം. 

എ ബി ഡിവിലിയേഴ്‌സ് 

ആര്‍സിബിയുടെ വിശ്വസ്തതാരമാണ്. ദക്ഷിണാഫ്രിക്കന്‍ നായകനായി പരിചയവുമുണ്ട്. എന്നാല്‍ അടുത്ത ഐപിഎല്ലാകുമ്പോള്‍ 38 വയസാകും. 

ഗ്ലെന്‍ മാക്‌സ്വെല്‍ 

പൊതുവേ ക്യാപ്റ്റന്‍ പദവിയിലേക്കൊന്നും പറഞ്ഞുകേള്‍ക്കാറില്ല ഓസ്‌ട്രേലിയന്‍ താരത്തിന്റെ പേര്. എന്നാല്‍ 2017ല്‍ മാക്‌സ്വെല്‍ നയിച്ചപ്പോള്‍ അവസാന മത്സരം വരെ പ്ലേ ഓഫ് സാധ്യത ഉണ്ടായിരുന്നു പഞ്ചാബിനെന്നത് ആര്‍സിബി മാനേജ്‌മെന്റ് കണക്കിലെടുത്തേക്കും. പക്ഷേ മാക്‌സ്വെല്‍ ഇപ്പോള്‍ ഫോമില്‍ എങ്കിലും ഏത് മൂഡിലാകും അടുത്തസീസണില്‍ വരികയെന്നത് പ്രവചിക്കാനാകില്ല. 

യൂസ്‌വേന്ദ്ര ചാഹല്‍

ഇന്ത്യന്‍ താരങ്ങളിലേക്ക് വന്നാല്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ആര്‍സിബി ടീമില്‍ നിലനിര്‍ത്തിയേക്കും. എന്നാല്‍ അനില്‍ കുംബ്ലെ ബാംഗ്ലൂര്‍ നായകനായി തിളങ്ങിയിട്ടുണ്ടെങ്കിലും ബൗളര്‍മാരെ പൊതുവെ നായകപദവിയിലേക്ക് പരിഗണിക്കാറില്ല എന്നതാണ് ആര്‍സിബി ചരിത്രം.

ദേവ്ദത്ത് പടിക്കല്‍

ശക്തമായ സാധ്യതയുള്ളയൊരു താരം ദേവ്ദത്ത് പടിക്കലാണ്. ആര്‍സിബിയുടെ ഭാവിമുഖം. റിക്കി പോണ്ടിംഗ് എന്ന ശക്തനായ പരിശീലകന്‍ കടിഞ്ഞാണേറ്റെടുക്കുകയും ശ്രേയസ് അയ്യരും റിഷഭ് പന്തും നായകനാവുകയും ചെയ്യുന്ന ഡല്‍ഹി കാപിറ്റല്‍സ് പരീക്ഷണം ദേവ്ദത്തിന്റെ കാര്യത്തില്‍ ആവര്‍ത്തിച്ചേക്കാം. ദേവ്ദത്ത് നായകനാകാതെ വിരമിച്ചാല്‍ അത്ഭുതമാകും. 

കെ എല്‍ രാഹുല്‍

പുറത്തുന്നിന്നുള്ള ക്യാപ്റ്റനെ പരിഗണിച്ചാല്‍ ആദ്യ പരിഗണന രാഹുലിനാവും. കര്‍ണാടകക്കാരനായ രാഹുലിനെ പഞ്ചാബ് കിംഗ്‌സ് നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ രാഹുലും ആര്‍സിബിയും തമ്മില്‍ ധാരണ രൂപപ്പെടുകയും പഞ്ചാബ് വിടണമെന്ന് രാഹുല്‍ ശഠിക്കുകയും ചെയ്താല്‍ ഹോം കമിംഗ് സാധ്യമാകും. രാഹുലിനെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനാക്കാന്‍ വാദിച്ച കോലിക്കും എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല.

ശ്രയസ് അയ്യര്‍

കര്‍ണാടകത്തില്‍ വേരുകളുള്ള ശ്രേയസ് അയ്യര്‍ ആര്‍സിബിക്ക് പരിഗണിക്കാവുന്ന മറ്റൊരു സാധ്യതയാണ്. സ്ഥിരത പുലര്‍ത്തുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഐപിഎല്‍ ഫൈനലിലെത്തിയ നായകന്‍ എന്നത് അനുകൂല ഘടകങ്ങള്‍. ഡല്‍ഹി കാപിറ്റല്‍സ് നായകപദവിയിലേക്ക് മടക്കം ഉറപ്പില്ലെങ്കില്‍, ശ്രേയസ് ആര്‍സിബി പോലൊരു ടീമിലേക്ക് മാറാന്‍ താത്പര്യപ്പെട്ടേക്കും.

സൂര്യകുമാര്‍ യാദവ്

മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനും നേരിയ സാധ്യതയുണ്ട്. രഞ്ജി ട്രോഫി നായകനായുള്ള പരിചയസമ്പത്ത്, ഇന്ത്യന്‍ ടീമംഗം എന്നതൊക്കെ അനുകൂലഘടകമാണ്. 

സഞ്ജു സാംസണ്‍

ക്യാപ്റ്റനായശേഷം സഞ്ജുവിന്റെ ബാറ്റിംഗ് മെച്ചപ്പെട്ടു എന്നത് നല്ലതെങ്കിലും ആര്‍സിബിക്ക് പരിഗണിക്കുമോയെന്ന് ഉറപ്പില്ല. മാത്രമല്ല, സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് വിട്ടുകൊടുക്കുമോ എന്നും കണ്ടറിയണം. 

കെയ്ന്‍ വില്യംസണ്‍

മറ്റൊരു സാധ്യത ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ്. ദേശീയ ടീമിനേയും സണ്‍റൈസേഴ്‌സ് ഹൈദരബാദിനേയും നയിച്ചുള്ള പരിചയമുണ്ട് വില്യംസണ്. കൂടാതെ സ്ഥിരയുള്ള ബാറ്റ്‌സ്മാനും. എന്നാല്‍ ഹൈദരബാദ് നിലര്‍ത്താന്‍ പോകുന്ന താരങ്ങളില്‍ പ്രധാനി വില്യംസണാണെന്ന് വാര്‍ത്തകളുണ്ട്. അങ്ങനെ വന്നാല്‍ സാധ്യതകള്‍ വിദൂരത്താവും. 

കീറണ്‍ പൊള്ളാര്‍ഡ്


മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ക്കും ടി20 ടീമുകളെ നയിച്ചുള്ള പരിചയമുണ്ട്. കരിബീയന്‍ പ്രീമയിര്‍ ലീഗിലും വിന്‍ഡീസിനേയും അദ്ദേഹം നയിട്ടുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ മുംബൈ ഇന്ത്യന്‍സിനേയും നയിക്കാന്‍ കഴിഞ്ഞു. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളില്‍ ഒരാളാണ് പൊള്ളാര്‍ഡ്. അത്തരമൊരു താരത്തെ മുംബൈ വിട്ടുകൊടുക്കുമോ എന്നുള്ളത് ചോദ്യചിഹ്നമാണ്. 

ജോസ് ബട്ലര്‍

നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ജോസ് ബട്‌ലര്‍. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം ഐപിഎല്‍ രണ്ടാംഘട്ടത്തില്‍ നിന്ന് പിന്മാറി. അടുത്ത തവണ ബട്‌ലര്‍ തിരിച്ചെത്തിയേക്കും. രാജസ്ഥാന്‍ ആവട്ടെ താരത്തെ നിലനിര്‍ത്താനും സാധ്യത കുറവാണ്. ആര്‍സിബിക്ക് ശ്രമിക്കാവുന്ന സാധ്യതയാണ് ബട്‌ലര്‍.

click me!