ഐപിഎല്‍ 2021: ധോണിയുടെ സൂപ്പര്‍ ഫിനിഷ്! ത്രില്ലടിച്ച് സോഷ്യല്‍ മീഡിയ; പഴയ 'തല'യെന്ന് ക്രിക്കറ്റ് ലോകം

First Published Oct 11, 2021, 12:36 PM IST

ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് ആരാധകര്‍ എം എസ് ധോണിയുടെ മനോഹരമായ ഫിനിഷിംഗ് കാണുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ അവസാന ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടിയാണ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ രണ്ട് പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തി. ചെന്നൈയ്ക്ക് ഫൈനലിലേക്ക് ടിക്കറ്റും. ധോണി ആറ് പന്തില്‍ 18 റണ്‍സുമായി പുറത്താവാതെ നിന്നു. 

മത്സരം ജയിപ്പിച്ചതോടെ ട്വിറ്ററില്‍ ട്രന്‍ഡിംഗില്‍ ധോണി ഒന്നാമതായിരുന്നു. ചെന്നൈയുടെ വിജയത്തില്‍ റിതുരാജ് ഗെയ്കവാദ് (70), റോബിന്‍ ഉത്തപ്പ (63) എന്നിവര്‍ക്ക് വലിയ പങ്കുണ്ടായിരുന്നൈങ്കിലും സോഷ്യല്‍ മീഡിയ ധോണിക്കൊപ്പമായിരുന്നു.

എന്തിന് പറയുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പോലും ധോണിയുടെ ഫിനിഷിംഗ് ത്രസിപ്പിച്ചു. എക്കാലത്തേയും മികച്ച ഫിനിഷല്‍ എന്നാണ് കോലി പറഞ്ഞത്. അദ്ദേഹം ട്വിറ്ററില്‍ ഇക്കാര്യം പ്രകടമാക്കുകയും ചെയ്തു.

കോലിയുടെ ട്വീറ്റ് ഇങ്ങനെ... ''കിംഗ് തിരിച്ചെത്തിയിരിക്കുന്നു. ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫിനിഷര്‍. ഇരിപ്പിടത്തില്‍ നിന്ന് ഒരിക്കല്‍കൂടി ഞാന്‍ ആവേശം കൊണ്ട് ചാടി എഴുന്നേറ്റും.'' കോലി കുറിച്ചിട്ടു. 

വിരേന്ദര്‍ സെവാഗും ധോണിയുടെ ഫിനിഷിംഗ് കഴിവിനെ വാനോളം പുകഴ്ത്തി. ശാന്തതയോടെ പിടിച്ചുനില്‍ക്കുകയെന്നത് എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സെന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചിട്ടു.

തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ധനുഷും ധോണിയുടെ ഫിനിഷിംഗിന് ശേഷം ട്വീറ്റുമായെത്തി. ധോണിയുടെ ജേഴ്‌സി നമ്പറായ ഏഴ് പ്രത്യേകം എടുത്തുപറഞ്ഞാണ് ധനുഷ് ട്വീറ്റ് ചെയ്തിരുന്നത്.

മുന്‍ ഇന്ത്യന്‍ താരങ്ങളായ മുനാഫ് പട്ടേല്‍, ആകാശ് ചോപ്ര, അഭിനവ് മുകുന്ദ്, വസിം ജാഫര്‍, ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ എന്നിവരും ധോണിയുടെ ഫിനിഷിംഗ് മികവ് എടുത്തുപറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഏഴാം ഐപിഎല്‍ ഫൈനലാണിത്. ഇതില്‍ മൂന്ന് തവണയും ചാംപ്യന്മാരായി. 2010, 2011, 2019 വര്‍ഷങ്ങളില്‍ ഐപിഎല്‍ കിരീടം നേടാനും ചെന്നൈക്കായി. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീമായിരുന്നു ചെന്നൈ.

അവിടെ നിന്നും അഴിച്ചുപണികളൊന്നുമില്ലാതെയാണ് ചെന്നൈ പതിനാലാം സീസണിനെത്തിയത്. എന്നിട്ടും ഫൈനല്‍ ഉറപ്പിക്കാന്‍ ധോണിയുടെ കീഴിലെത്തിയ ചെന്നൈക്ക് കഴിഞ്ഞുവെന്നത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നു.

യുവതാരങ്ങളും പരിചയസമ്പന്നരായ സീനിയര്‍ താരങ്ങളും അടങ്ങുന്ന സംഘമാണ് ചെന്നൈയുടേത്. റിതുരാജ് ഗെയ്കവാദ്, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന യുവാക്കള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.

ഫാഫ് ഡു പ്ലെസിസ്, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ അടങ്ങുന്ന സീനിയര്‍ താരങ്ങളും അവരുടേതായ പങ്കുവഹിക്കുന്നുണ്ട്.

ഇന്നലെ ഡല്‍ഹി കാപിറ്റല്‍സ് വച്ചുനീട്ടിയ 173 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ മറികടന്നത്. അവസാന ഓവര്‍ എറിഞ്ഞ സാം കറനെതിരെ മൂന്ന് ബൗണ്ടറിളാണ് ധോണി പായിച്ചത്. 

തുടക്കത്തില്‍ ഫാഫ് ഡു പ്ലെസിയെ ചെന്നൈക്ക് വേഗത്തില്‍ നഷ്ടമായി. പിന്നാലെ റിതുരാജ് ഗെയ്ക്വാദ്-റോബിന്‍ ഉത്തപ്പ സഖ്യം പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 59 റണ്‍സിലെത്തിച്ചു. ഉത്തപ്പയായിരുന്നു കൂടുതല്‍ അപകടകാരി.

നിര്‍ണായക മത്സരത്തില്‍ ഫോമിലെത്തിയ ഉത്തപ്പ 35 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. ഉത്തപ്പ അമ്പത് പിന്നിട്ടതും ഗെയ്ക്വാദ് ആക്രമണം ആരംഭിച്ചു. 13-ാം ഓവറില്‍ സിഎസ്‌കെ 100 തികച്ചു. 

എന്നാല്‍ 110 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് 14-ാം ഓവറില്‍ ടോം കറന്റെ മൂന്നാം പന്തില്‍ ബൗണ്ടറിലൈന്‍ ക്യാച്ചുമായി ശ്രേയസ് പൊളിച്ചു. 
44 പന്തില്‍ 63 റണ്‍സെടുത്ത ഉത്തപ്പ പുറത്ത്.

കറന്റെ അവസാന ഓവറിലെ ആദ്യ പന്തില്‍ മൊയീന്‍ അലി (12 പന്തില്‍ 16) മടങ്ങി. എന്നാല്‍ മൂന്ന് ബൗണ്ടറികളോടെ 13 റണ്‍സ് അടിച്ചെടുത്ത് ധോണി ടീമിനെ ജയിപ്പിച്ചു. ധോണിയും(6 പന്തില്‍ 18*), രവീന്ദ്ര ജഡേജയും(0*) പുറത്താകാതെ നിന്നു.

click me!