Attukal pongala 2022: ആറ്റുകാല്‍ പൊങ്കാല; വീടുകളില്‍ പൊങ്കാലയിട്ട് ഭക്തര്‍

First Published Feb 17, 2022, 12:45 PM IST

കൊവിഡിന്‍റെ (Covid) പശ്ചാത്തലത്തിൽ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആറ്റുകാൽ പൊങ്കാല (Attukal Pongala) പണ്ടാര അടുപ്പിൽ മാത്രമായാണ് നടന്നത്. നേരത്തെ 200 പേർക്കും പിന്നീട് 1500 പേർക്കും ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്ന ട്രസ്റ്റിന്‍റെ അഭ്യർത്ഥനയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ വീടുകളില്‍ പൊങ്കാല അടുപ്പുകള്‍ തീ പകര്‍ന്നു. നിലവില്‍ കൊവിഡ് വ്യാപനം കുറയുകയാണെങ്കിലും ജനക്കൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് ട്രസ്റ്റ് തീരുമാനിച്ചത്. ആറ്റുകാല്‍ പൊങ്കാല ആഘോഷ ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍

പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ, ഇത്തവണ ക്ഷേത്രത്തിൽ നിന്ന് പൂജാരിയെ നിയോഗിക്കില്ല. രാവിലെ 10.50ന് ആണ് പണ്ടാര അടുപ്പിൽ തീ പകര്‍ന്നത്.

വി​ഗ്രഹത്തിന് മുന്നിൽ നിന്നും പകരുന്ന അ​ഗ്നി, ചെറിയ തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലുമുളള അടുപ്പുകളിൽ പകർന്ന ശേഷം പണ്ടാര അടുപ്പിൽ എത്തിക്കുന്നതോട‌െ പൊങ്കാലക്ക് തുടക്കമായി. 

ക്ഷേത്ര മേൽശാന്തിയാണ് പണ്ടാര അടുപ്പിൽ തീ പകരുക. ഈ സമയത്ത് തന്നെ വീടുകളിൽ പൊങ്കാല ഇടുന്ന ഭക്തരും അടുപ്പുകളിൽ തീ കത്തിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വീടുകളിലാണ് പൊങ്കാല അടുപ്പുകളൊരുക്കിയിരിക്കുന്നത്.

അതിനാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നഗരത്തില്‍ പൊങ്കാല തിരക്കുകള്‍ ഇല്ലെന്നു തന്നെ പറയാം. എങ്കിലും ക്ഷേത്രപരിസരത്തിന് സമീപത്തെ വീടുകളില്‍ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വന്നവരും അടുപ്പുകൂട്ടി പൊങ്കാലയിട്ടു. 

ഉച്ചക്ക് ഒന്ന് ഇരുപതിന് ആണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ നിന്ന് പൂജാരിയെ നിയോഗിക്കില്ലെന്ന് ട്രസ്റ്റ് അറിയിച്ചിരുന്നു.

തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാലയുള്ളു. ഉച്ചക്ക് ഒന്ന് ഇരുപതിന് നിവേദിക്കും. ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. 

കുത്തിയോട്ടവും പണ്ടാരഓട്ടവും മാത്രമാണ് ഇത്തവണ നടത്തിയത്. കുത്തിയോട്ടത്തിനായി തെരഞ്ഞെടുത്ത ഒരു കുട്ടി മാത്രമാണ് ഉള്ളത്. ചടങ്ങുകൾ മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ട്രസ്റ്റി അറിയിച്ചു. 

പൊങ്കാലയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ആറ്റുകാൽ ക്ഷേത്രത്തിൽ ഈ ദിവസങ്ങളിൽ വൻഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് ഭക്തർ കഴിഞ്ഞ ദിവസം ദേവിയെ കണ്ട് അനുഗ്രഹം വാങ്ങാനായി ക്ഷേത്രത്തിലെത്തി.

കൊവിഡ് സാഹചര്യം മെച്ചപ്പെട്ട് അടുത്ത വർഷമെങ്കിലും വിപുലമായ നിലയിൽ പൊങ്കാല നടത്താൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ഭക്തർ. 

സാധാരണ ​ഗതിയിൽ ആറ്റുകാൽ പൊങ്കാല ദിവസം ആറ്റുകാൽ ക്ഷേത്ര പരിസരം മുതൽ മണ്ണന്തല വരെയുള്ള  സ്ഥലങ്ങളിൽ ഭക്തരെക്കൊണ്ട് നിറയുമായിരുന്നു. തിരുവനന്തപുരം നഗരം മുഴുവനും പൊങ്കാല അടുപ്പുകളില്‍ നിറയും. 

തലേന്ന് വൈകീട്ട് തന്നെ കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നുള്ള സ്ത്രീകള്‍ നഗരത്തിലെത്തി തങ്ങളുടെ അടുപ്പുകള്‍ കൂട്ടാനുള്ള സ്ഥലം കണ്ടെത്തിയിരിക്കും. പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ ന​ഗരം യാ​ഗശാലയായി മാറുന്ന കാഴ്ചയായിരുന്നു. 

എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ പൊങ്കാല പ്രമാണിച്ചുള്ള തിരക്കുകളൊന്നും തന്നെയില്ല.

കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ ആറ്റുകാൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിരുന്നു. 

click me!