ദയാ ബായി ആശുപത്രിയില്‍; ആശുപത്രി വിട്ടാല്‍ സമരപ്പന്തലിലേക്ക് വീണ്ടുമെത്തുമെന്ന് ദയാ ബായി

Published : Oct 05, 2022, 10:56 AM IST

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ദയാ ബായിയെ ആശുപത്രിയിലേക്ക് മാറ്റി. ദയാ ബായിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യം മോശമായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും പൊലീസ് അറിയിച്ചു. കാസർകോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണം എന്നത് അടക്കമുള്ള ആവശ്യങ്ങളുയർത്തിയാണ് ദയാ ബായി അടക്കമുള്ള എന്‍ഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നത്. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍. 

PREV
17
ദയാ ബായി ആശുപത്രിയില്‍; ആശുപത്രി വിട്ടാല്‍ സമരപ്പന്തലിലേക്ക് വീണ്ടുമെത്തുമെന്ന് ദയാ ബായി

സെക്രട്ടേറിയേറിന് മുന്നിൽ എന്‍ഡോസൾഫാൻ  ദുരിത ബാധിതർക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി, സര്‍ക്കാറിന്‍റെ ശ്രദ്ധ ക്ഷണിക്കാനായിരുന്നു നിരാഹാര സമരം. നിരാഹാര സമരത്തിന്‍റെ മൂന്നാം ദിവസമായ ഇന്നലെയാണ് ദയാ ബായിയെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം സമരം തുടരുമെന്നും ആശുപത്രി വിട്ടാൽ സമര പന്തലിലേക്ക് വീണ്ടുമെത്തുമെന്നും ദയാ ബായി വ്യക്തമാക്കി. 

27

സമരത്തിന് ഫലമുണ്ടാകുന്നത് വരെ താന്‍ സമരമുഖത്ത് തുടരുമെന്നും അവർ പറഞ്ഞു. കോവിഡ് കാലത്ത് കാസര്‍കോട് ജില്ലക്കാര്‍, ചികിത്സയ്ക്കായി കര്‍ണ്ണാടക അതിർത്തിയിൽ കാത്തുകെട്ടി കിടക്കേണ്ടി വന്നതും മെഡിക്കൽ കോളേജ് തറക്കല്ലിട്ട് വർഷങ്ങളായിട്ടും ജനങ്ങൾക്ക് പൂർണമായി ഉപകരിക്കാത്തതും അടക്കനുള്ള ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് അനിശ്ചിതകാല സമരം. 

37

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ചികിത്സക്കൊപ്പം ഗവേഷണത്തിന് കൂടി പ്രാധാന്യം ലഭിക്കുന്ന എയിംസിനായുള്ള പരിഗണനാ പട്ടികയിൽ കാസർഗോഡ് ജില്ലയെ കൂടി ഉൾപ്പെടുത്തണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. എൻഡോസൾഫാൻ ദുരിതബാധിതരെക്കൂടി മുന്നിൽക്കണ്ട് സർക്കാർ ഇടപെടുന്നത് വരെ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ദയാ ബായി രാപ്പകൽ നിരാഹാര സമരം നടത്തി വന്നത്. 

47

നിരവധി വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതത്തില്‍ കഷ്ടപ്പെടുകയാണ്. തലമുറകളായി വിഷപ്രയോഗത്തിന്‍റെ ദുരിതം പേറുന്നവരാണ് ജില്ലയുടെ വടക്കന്‍ പ്രദേശത്തുള്ളവര്‍. സമര മുഖത്തേക്ക് ദുരിതബാധിതരെത്തുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികളുമായി മുന്നോട്ട് വരിക. പിന്നീട് പദ്ധതി നിര്‍ത്താലാക്കി ദുരിത ബാധിതരെ പെരുവഴിയിലാക്കുന്നതാണ് പതിവ്. 

57

ഇത്രയും കാലമായിട്ടും ജില്ലിയില്‍ ഇനിയും എന്‍ഡോസള്‍ഫാന്‍ ദുരിതാബധിതര്‍ക്കായി നല്ലൊരു ആശുപത്രി പോലും സാധ്യമാക്കാന്‍ മാറി വന്ന സര്‍ക്കാറുകള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. കൊവിഡ് കാലത്ത് ടാറ്റയുടെ സഹകരണത്തോടെ പണിത ആശുപത്രിയെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സാ കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

67

ജില്ലാ, താലൂക്ക് ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യമെങ്കിലും ഒരുക്കണമെന്ന ആവശ്യത്തിനും സര്‍ക്കാരോ ആരോഗ്യവകുപ്പോ യാതൊരു താത്പര്യവും കാണിച്ചിട്ടില്ല. ഇതിനിടെ എന്‍ഡോസള്‍ഫാന്‍  ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റമഡിയേഷന്‍ സെല്ലിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. സര്‍ക്കാര്‍ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല.

77

ഇതിനിടെയാണ് അനിശ്ചിതകാല നിരാഹരസമരവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റിന് മുന്നിലെത്തിയത്. എന്നാല്‍, ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ദയാ ബായിയെ ആശുപത്രിയിലാക്കിയതൊഴിച്ചാല്‍ സമരക്കാരുമായി യാതൊരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാറില്‍ നിന്ന് മതിയായ ഒരു ഉത്തരം ലഭിക്കും വരെ സമരം തുടരുമെന്നാണ് സമര സമിതിയും പറയുന്നത്. 
 

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories