Srilankan Crisis: കയറ്റുമതിയില്ല ഇറക്കുമതി മാത്രം; സമ്പത്തില്‍ തട്ടി ദ്വീപുവിടേണ്ടിവരുന്നവര്‍

Published : Mar 25, 2022, 04:24 PM ISTUpdated : Mar 26, 2022, 09:18 AM IST

ലോകത്ത് അടുത്തകാലത്തായി ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹങ്ങളെ സൃഷ്ടിച്ചത് യുദ്ധമായിരുന്നു. പാലസ്തീന്‍, ഇറാഖ്, സിറിയ, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍, തുടങ്ങി ഏറ്റവും ഒടുവില്‍ യുക്രൈന്‍ വരെയെത്തി നില്‍ക്കുന്നു ഈ യുദ്ധകാല അഭയാര്‍ത്ഥി പ്രവാഹം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയാണ് അഭയാര്‍ത്ഥികളുണ്ടായതെങ്കില്‍ ആഫ്രിക്കയില്‍ നിന്ന് ദാരിദ്രവും മികച്ച ജീവിത സഹാചര്യവുമാണ് മനുഷ്യനെ അഭയാര്‍ത്ഥിയാകാന്‍ പേരിപ്പിച്ചത്. മ്യന്മാറില്‍ അത് മതപരമായിരുന്നു. 1980 കളില്‍ ശ്രീലങ്കയില്‍ നിന്ന് ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നാണ് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികള്‍ ഒഴുകിയതെങ്കില്‍ ഇന്ന് ഭരണപരാജയത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ശ്രീലങ്കന്‍ ജനതയെ ജന്മനാട് വിടാന്‍ പ്രേരിപ്പിക്കുന്നത്.  

PREV
118
Srilankan Crisis: കയറ്റുമതിയില്ല ഇറക്കുമതി മാത്രം; സമ്പത്തില്‍ തട്ടി ദ്വീപുവിടേണ്ടിവരുന്നവര്‍

1983 ല്‍ കറുത്ത ജൂലൈ സംഭവത്തിന് ശേഷം 24 നാണ് ആദ്യമായി ശ്രീലങ്കന്‍ അഭയാര്‍ത്ഥി സംഘം ഇന്ത്യയിലെത്തുന്നത്. തമിഴ് - സിംഹള വംശീയതയായിരുന്നു ഈ അഭയാര്‍ത്ഥി പ്രവാഹത്തെ സൃഷ്ടിച്ചത്. 1987 ജൂലൈ 29 മുതൽ ഇന്ത്യ-ശ്രീലങ്ക ഉടമ്പടി വരെ 1,34,053 ശ്രീലങ്കൻ തമിഴർ ഇന്ത്യയിലെത്തിയെന്ന് കണക്കുകള്‍ പറയുന്നു. 

 

218

ഈയം യുദ്ധത്തെ തുടര്‍ന്ന് 1989 ഓഗസ്റ്റ് 25 ന് ശേഷം 1,22,000 ശ്രീലങ്കൻ തമിഴർ തമിഴ്‌നാട്ടിലേക്ക് വീണ്ടുമെത്തി.  മൂന്നാം ഈഴം യുദ്ധം തുടങ്ങിയ 1995 ഏപ്രിലിൽ വീണ്ടും ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ തീരമണഞ്ഞു. പലപ്പോഴായില്‍ ഇവരില്‍ കുറച്ച് പേര്‍ തിരികെ ലങ്കയിലേക്ക് പോയെങ്കിലും ഇന്നും ശ്രീലങ്കന്‍ അഭയാര്‍ത്ഥി കോളനികള്‍ തമിഴ്നാട്ടിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്നു. 

 

318

ഒരിടവേളയ്ക്ക് ശേഷം ശ്രീലങ്കയില്‍ നിന്ന് വീണ്ടും അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് ഒഴുകിതുടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇത്തവണ യുദ്ധമല്ല വിഷയം. കൊവിഡും ഭരണപരാജയവും ശ്രീലങ്കന്‍ ജനതയുടെ ദൈന്യം ദിന ജീവിതത്തെ തകിടം മറിച്ചിരിക്കുന്നു. ഉയര്‍ന്ന പണപ്പെരുപ്പവും ജീവിത ചിലവും താങ്ങാനാകാതെയാണ് പലരും ദ്വീപ് വിട്ട് ഉപദ്വീപിലേക്ക് കുടിയേറുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

418

ശ്രീലങ്കയിലെങ്ങുമുള്ള പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. അവശ്യ സാധനങ്ങളുടെ വില കുത്തനെ മുകളിലേക്ക് തന്നെ. ഇനി വിലകൊടുക്കാനും തയ്യാറായാല്‍ പലതും വിപണിയില്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈദ്യുതി മുടക്കം, അവശ്യസാധനങ്ങളുടെ അപര്യാപ്ത എന്നിങ്ങനെ പല കാര്യത്തിലും ശ്രീലങ്ക ഇന്ന് മറ്റ് രാജ്യങ്ങളുടെ മുന്നില്‍ കൈ നീട്ടുകയാണ്. 

 

518

COVID-19 മഹാമാരിയുടെ വരവാണ് ശ്രീലങ്കന്‍ പ്രതിസന്ധിയുടെ ആക്കം വര്‍ദ്ധിപ്പിച്ചത്. എന്നാല്‍, അത് മാത്രമായിരുന്നില്ല കാരണം. ദീര്‍ഘ വീക്ഷണമില്ലാത്ത ഭരണ നേതൃത്വമാണ് ഇന്നത്തെ പ്രതിസന്ധിക്ക് പ്രധാനകാരണമെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. '

618

ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെ, 1948-ലെ രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ശ്വാശ്വാതമായ പരിഹാരം കണ്ടെത്താന്‍ അതിന് ശേഷം അധികാരമേറ്റെടുത്ത ഒരു ഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല. മറിച്ച് താത്കാലിക പരിഹാരത്തിനായി മറ്റ് രാജ്യങ്ങളില്‍ നിന്നും ലോകബാങ്കില്‍ നിന്നും കടം വാങ്ങി കൂട്ടി. '

718

ഈ സാമ്പത്തിക അസ്ഥിരത കൊവിഡ് മഹാമാരിയുടെ വരവോടെ അതിശക്തമായി. അതുവരെ രാജ്യത്തെ ചെറുതായെങ്കിലും താങ്ങി നിര്‍ത്തിയിരുന്ന ടൂറിസം വ്യവസായം പെട്ടെന്ന് നിശ്ചലമായതാണ് ശ്രീലങ്കയുടെ പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ മാര്‍ച്ച് 22 ന് പെട്രോള്‍ വില പെട്ടെന്ന് കൂടിയാതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജനം അക്രമവുമായി തെരുവിലിറങ്ങി. 

 

818

ഒടുവില്‍ ക്രമസമാധാനത്തിന് സര്‍ക്കാറിന് പട്ടാളത്തെ ഇറക്കേണ്ടിവന്നു. ഇന്ധനത്തിനായി ക്യൂ നിന്ന് രണ്ട് പേര്‍ കുഴഞ്ഞ് വീണ് മരിച്ചതോടെയാണ് ജനം സര്‍ക്കാറിനെതിരെ തിരിഞ്ഞത്. ഇതോടെ സാമ്പത്തിക പരാധീനത ഒഴിവാക്കാന്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വീണ്ടും കടം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തിന്‍റെ തകരുന്ന സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കാരണം വിദേശ കറൻസിയുടെ ദൗർലഭ്യമാണെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

 

918

വിദേശ കറന്‍സിയുടെ അഭാവത്തെ തുടര്‍ന്ന് അവശ്യ വസ്തുക്കളുടെ ഇറക്കുമതിയില്‍ വലിയ കുറവുണ്ടാകാന്‍ കാരണമായി. ഇതോടെ അവശ്യവസ്തുക്കളുടെ ദൗര്‍ലബ്യം വിലവര്‍ദ്ധനവിന് കാരണമായി. ശ്രീലങ്കയുടെ ഏറ്റവും വലിയ പ്രശ്നം ആഭ്യന്തര ഉത്പാദനമില്ലെന്നതാണ്. ഇറക്കുമതിയേയാണ് എല്ലാ കാര്യത്തിനും ശ്രീലങ്ക ആശ്രയിക്കുന്നത്. പെട്രോളിയം, ഭക്ഷണം, കടലാസ്, പഞ്ചസാര, പയര്‍, മരുന്നുകള്‍, ഗതാഗത ഉപകരണങ്ങള്‍ എന്നിങ്ങനെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ശ്രീലങ്ക ഇറക്കുമതി ചെയ്യുന്നു. എന്നാല്‍ കയറ്റുമതിയാകട്ടെ തുലോം തുച്ഛവും. 

 

1018

ഈ അസ്ഥിരതയാണ് ശ്രീലങ്കയിലെ ഇന്നത്തെ പ്രതിസന്ധിക്ക് പ്രധാന കാരണവും. പ്രിന്‍റിങ്ങ് പേപ്പറിന്‍റെയും  പ്രിന്‍റ് ചെയ്യാനുള്ള മഷിയുടെയും അഭാവത്താല്‍ രാജ്യത്തെ സ്കൂളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതരത്തിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. ക്രൂഡ് ഓയിൽ സ്റ്റോക്ക് തീർന്നതിനാൽ രാജ്യത്തെ ഏക സർക്കാര്‍ ഇന്ധന ശുദ്ധീകരണ ശാല താൽക്കാലികമായി പ്രവര്‍ത്തനം നിർത്തിവച്ചതായി പെട്രോളിയം ജനറൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്‍റ് അശോക റൺവാല പറഞ്ഞു. 

 

1118

കഴിഞ്ഞ മാസം പണപ്പെരുപ്പം 15.1 ശതമാനത്തിലെത്തി. ഭക്ഷ്യവിലപ്പെരുപ്പം 25.7 ശതമാനമായി ഉയർന്നതായി സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. പാല്‍ (അരലിറ്റര്‍ 480 രൂപ), പാചകവാതക ഗ്യാസ് ( 1,359 രൂപ) , പഞ്ചസാര എല്ലാ അവശ്യവസ്തുക്കള്‍ക്കും സാധാരണക്കാരന് താങ്ങാനാവാത്ത വിലയിലേക്ക് ഉയര്‍ന്നു. ഇതോടെ ജനം തെരുവിലറങ്ങി. തലസ്ഥാന നഗരമായ കൊളംബോയിലെ തിരക്കേറിയ തെരുവ് ജനക്കൂട്ടം ഉപരോധിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. ഇതോടെ ജനത്തെ നിയന്ത്രിക്കുന്നതിന് സര്‍ക്കാറിന് സൈന്യത്തെ വിളിക്കേണ്ടിവന്നു. 

 

1218

വിദേശ കറൻസിയുടെ ക്ഷാമമാണ് ഇന്ന് ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. രാജ്യത്ത് നിന്ന് പണം ഇറക്കുമതിയിലൂടെ പുറത്തേക്ക് ഒഴുകിയപ്പോള്‍ കയറ്റുമതിയിലൂടെ ആ പണം തിരികെ വന്നില്ല. ഇത് സര്‍ക്കാറിന്‍റെ കൈവശമുള്ള വിദേശ നിക്ഷേപത്തില്‍ വലിയ അന്തരം സൃഷ്ടിച്ചു.  കഴിഞ്ഞയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ പറഞ്ഞത്, രാജ്യത്തിന് 10 ബില്യൺ ഡോളറിന്‍റെ വ്യാപാര കമ്മി ഉണ്ടാകുമെന്നായിരുന്നു.

1318

ഇതിനർത്ഥം, കഴിഞ്ഞ വർഷം, ശ്രീലങ്ക കയറ്റുമതി ചെയ്തതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്തുവെന്നാണ്. അതായത് വരവിനേക്കാള്‍ ചിലവ് കൂടി. ഇത് വിദേശ കറൻസി പ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിച്ചു. മഹാമാരിയുടെ വ്യാപനം മൂലം രാജ്യത്തെ ടൂറിസം വ്യവസായ തകര്‍ന്നതാണ് പണത്തിന്‍റെ രാജ്യത്തേക്കുള്ള ഒഴുക്കിന് പ്രധാനമായും തടയിട്ടത്. ഇറക്കുമതി മാത്രമുള്ള ശ്രീലങ്ക ടൂറിസത്തിലൂടെയാണ് വിദേശ നാണ്യം നേടിയിരുന്നത്. ഇത് കൊവിഡിന്‍റെ വ്യാപനത്തോടെ ഇല്ലാതായത് പ്രതിസന്ധി രൂക്ഷമാക്കി.

1418

2019-ൽ കൊളംബോയിൽ നടന്ന സ്ഫോടന പരമ്പരയും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചൈനയാണ് ശ്രീലങ്കയുടെ ഏറ്റവും വലിയ വായ്പ്പാ ദാതാവ്. ചൈനയുമായുള്ള കടം ഏതാണ്ട് 2 ബില്യണ്‍ ഡോളറാണ്. ഇത് തിരിച്ചടക്കാനായി ചൈനയില്‍ നിന്ന് തന്നെ പുതിയ വായ്പവാങ്ങാനാണ് ശ്രീലങ്കയുടെ ശ്രമം. ശ്രീലങ്കയിൽ നിന്നുള്ള 2.5 ബില്യൺ ഡോളറിന്‍റെ വായ്പാ അഭ്യർത്ഥന ചൈന പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

 

1518

'പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ചൈന, ശ്രീലങ്കയിലേക്ക് നൽകിയ 2.8 ബില്യൺ ഡോളറിന്‍റെ സഹായത്തിന് പുറമേയാണിത്,' ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ക്വി ഷെൻഹോംഗ് പറഞ്ഞു. ശ്രീലങ്കയുടെ മറ്റൊരു സാമ്പത്തിക സഹായി ഇന്ത്യയാണ്. ഇന്ത്യയും ശ്രീലങ്കയെ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. ശ്രീലങ്കൻ ഗവൺമെന്‍റിന് 1 ബില്യൺ ഡോളറിനിന്‍റെ ക്രെഡിറ്റ് സൗകര്യം നൽകാൻ ഇന്ത്യ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

1618

ഇത് രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ സംഭരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കും. അതോടൊപ്പം ശ്രീലങ്ക ഐഎംഎഫിൽ നിന്നും സഹായം തേടുന്നു. പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ബേസിൽ രാജപക്‌സെ അടുത്ത മാസം വാഷിംഗ്ടൺ സന്ദർശിക്കുമെന്ന് പ്രസിഡന്‍റ് ഗോതബയ രാജപക്‌സെ പറഞ്ഞു. കൊളംബോയെ സഹായിക്കാനുള്ള ഐഎംഎഫ് പരിപാടിക്ക് അദ്ദേഹം പച്ചക്കൊടി കാട്ടിയതായി ഐഎംഎഫ് വക്താവ് ജെറി റൈസ് കഴിഞ്ഞയാഴ്ച പറഞ്ഞു. 

1718

അപ്പോഴും ആഭ്യന്തര ഉത്പാദനത്തെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് രാജ്യത്ത് ചര്‍ച്ചകളും നടപടികളുമില്ലാത്തത് കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമാക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. ചൈന സഹായിക്കുമ്പോള്‍ തന്നെ അതിന് അവരുടെതായ ചില നിബന്ധങ്ങള്‍ അംഗീകരിക്കേണ്ടിവരുന്നു. അത് രാജ്യത്തിന് ഗുണകരമാണോയെന്നുള്ള ചര്‍ച്ചകള്‍ പോലും നടക്കുന്നില്ല. 

1818


സര്‍ക്കാറിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാകട്ടെ കണ്‍സള്‍ട്ടന്‍സികളാണ്. അവരുടെ റിപ്പോര്‍ട്ടുകളിലാണ് രാജ്യത്തിന്‍റെ ഭാവിയെന്നത് ഏറ്റവും അപകരമായ സ്ഥിതിവിശേഷമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അതായത്, നിലവില്‍ കൂടുതല്‍ സാമ്പത്തിക സഹായം ലഭിച്ചാലും താത്കാലികമായി പ്രശ്ന പരിഹാരം സാധ്യമാകുമെന്നല്ലാതെ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ല. 
 

Read more Photos on
click me!

Recommended Stories