Published : Jul 13, 2021, 11:40 AM ISTUpdated : Jul 14, 2021, 09:03 AM IST
'ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍' എന്ന പേരില്‍ വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍ തന്റെ ഫേസ് ബുക്കില്‍ ഇന്നലെ പങ്കുവച്ച ഫോട്ടോ വിവാദമായിരുന്നു. ഇതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച അവര്‍ 'ദുഃഖങ്ങള്‍ എല്ലാം മറച്ച് പിടിച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന ആളാണ് താനെ'ന്നാണ് പറഞ്ഞത്. 'സുഹൃത്തുക്കളില്‍ ചിലര്‍ തെറ്റ് ചൂണ്ടിക്കാണിച്ചു തന്നു. ഉടന്‍ പോസ്റ്റ് പിന്‍വലിച്ചു'വെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി. പക്ഷേ, ദുഃഖങ്ങള്‍ എല്ലാം മറച്ച് പിടിച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന ആളെന്തിനാണ് പിന്നെ പോസ്റ്റ് മുക്കിയതെന്ന് ആരും ചോദിച്ചില്ല. എന്നാല്‍ രാജി വച്ച വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജോസഫൈന് പകരം, പാഴ്സല്‍ അയക്കാന്‍ പുതിയ മേല്‍വിലാസം കിട്ടിയെന്നാണ് ട്രോളന്മാരുടെ ട്രോളുകള്‍. വണ്ടിപ്പെരിയാരില്‍ ആറ് വയസുകാരിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അര്ജുന് മൂന്ന് വര്‍ഷത്തോളം പൂഡിപ്പിച്ച് , ഒടുവില്‍ കെട്ടിത്തൂക്കി കൊല്ലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ഇരയായ കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകവേയാണ് വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍ കാറിലെ പിന്‍സീറ്റില്‍ ചിരിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം 'ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍' എന്നെഴുതിയത്. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും കുട്ടിയുടെ വീട് സന്ദര്‍ശിച്ച വനിതാ കമ്മീഷന് അംഗം ഇരയായ കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന കോടതി നിര്‍ദ്ദേശം പോലും പാലിക്കാതെ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഒപ്പമിരിക്കുന്നതിന്റെയും വീടിന്റെയും ചിത്രങ്ങളും സാമൂഹ്യമാധ്യമത്തിലെ തന്റെ പേജിലൂടെ പങ്കുവച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam