Muslim Hikers: 'നിങ്ങളുടെ കമന്‍റുകള്‍ ഞങ്ങളുടെ വഴി തടയില്ല'; മുസ്ലിം നടത്തക്കാരുടെ സംഘത്തലവന്‍ ഹാറൂണ്‍ മോട്ട

First Published Jan 3, 2022, 11:26 AM IST

ഞാൻ സ്‌നോഡൺ പർവതത്തിൽ (Mount Snowdon) നിന്ന് ഇറങ്ങുകയായിരുന്നു. ആങ്ങ് ദൂരെ തവിട്ട് നിറത്തിലുള്ള കുറച്ച് പേരെ ഞാന്‍ കണ്ടു. ആദ്യം എന്‍റെ കണ്ണുകൾ എന്നെ കളിയാക്കുകയാണെന്നാണ് ഞാൻ കരുതിയത്. പിന്നെ, ഇറങ്ങി അടുത്ത് ചെന്നപ്പോൾ, അവർ ഹിജാബ് ധരിച്ച സ്ത്രീകളാണെന്ന് എനിക്ക് മനസ്സിലായി. 'കൊള്ളാം, പർവ്വതത്തില്‍ മുസ്ലീം സ്ത്രീകളും, ഞാൻ സ്വപ്നം കാണുകയാണോ ?"  എന്ന് എനിക്ക് തോന്നിപ്പോയി. 'കാരണം, ആദ്യമായിട്ടാണ് ഒരു ദീര്‍ഘ നടത്തത്തിനിടെ മുസ്ലീം സ്ത്രീകളെ ഞാന്‍ കാണുന്നത്.' മുസ്ലീം ഹൈക്കേഴ്‌സിന്‍റെ ( Muslim hiker)സ്ഥാപകനായ ഹാറൂൺ മോട്ട( Haroon Mota), ഏകദേശം 15 വർഷം മുമ്പ് താൻ നടത്തിയ ഒരു നടത്തത്തെ ഓര്‍ത്തടുക്കുകയായിരുന്നു. തന്‍റെ സമൂഹത്തില്‍ നിന്നും എന്തുകൊണ്ടാണ് ദീര്‍ഘ ദൂര നടത്തക്കാരും പ്രകൃതിയെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നവരും ഉണ്ടാകുന്നില്ലെന്ന ചിന്തയില്‍ നിന്നാണ് ഹാറൂണ്‍ മോട്ട മുസ്ലീം ഹൈക്കേഴ്‌സ് എന്ന് ഒരു സംഘടനയുണ്ടാക്കുന്നത്. 

2020 ല്‍ ലോക്ഡൌണിന്‍റെ നീണ്ട ഇടവേളകളിലാണ് ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഹാറൂണ്‍ മോട്ട, "മുസ്ലീം ഹൈക്കേഴ്സ്" എന്ന പേരില്‍ ഒരു സാമൂഹികമാധ്യമ പേജ് തുടങ്ങുന്നത്. ആദ്യം വളരെ കുറച്ച് പേരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് വലിയൊരു ജനക്കൂട്ടം തന്നെ മുസ്ലീം ഹൈക്കേഴ്സിനെ പിന്തുടരുന്നുണ്ട്. 

ഇന്ന് യുകെയിലുട നീളമുള്ള നൂറുകണക്കിന് ആളുകൾ ഒരുമിച്ച് സജീവമായി പ്രവർത്തിക്കാൻ ഒത്തുചേരുന്ന ഒരു ഗ്രൂപ്പായി ഇത് വളർന്നു. എന്നാൽ, ക്രിസ്മസ് ദിനത്തിൽ പീക്ക് ഡിസ്ട്രിക്റ്റിലെ തങ്ങളുടെ വലിയ യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ ആ നടത്തക്കാര്‍ക്ക് വലിയ രീതിയില്‍ വംശീയാധിക്ഷേപം ഏറ്റ് വാങ്ങേണ്ടിവന്നു. 

എന്നാല്‍ ഇത്തരം കമന്‍റുകള്‍ തങ്ങളുടെ യാത്രയ്ക്ക് ഒരു തടയാകില്ലെന്ന് ഹറൂണ്‍ ഉറപ്പിച്ച് പറയുന്നു. കാരണം, "കമ്മ്യൂണിറ്റിയുടെ യഥാർത്ഥ മനോഭാവം അതിശയകരമായിരുന്നുവെന്നും" ഹാറൂൺ പറയുന്നു. എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് മുസ്ലീം കാൽനടയാത്രക്കാരുടെ സംഘത്തില്‍ ചേരാൻ കഴിയുമെങ്കിലും, ലോക്ക്ഡൗണിന് ശേഷം ഏകാന്തരായ ആളുകൾക്ക് പിന്തുണ നൽകുന്നതിനാണ് ഈ സംഘം രൂപം കൊണ്ട'തെന്ന് ഹാറൂൺ പറയുന്നു. 

വ്യത്യസ്ത "ജീവിതശൈലിയും സാംസ്കാരിക മാനദണ്ഡങ്ങളും" കാരണം മുസ്ലീം പശ്ചാത്തലത്തിൽ നിന്നുള്ള വേണ്ടത്ര ആളുകൾ പുറത്തിറങ്ങി ആസ്വദിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു." കാരണം, ചെറുപ്പത്തിലൊന്നും ദേശീയ പാർക്കുകൾ സന്ദർശിക്കുകയോ കാൽനടയാത്ര നടത്തുകയോ ചെയ്ത അനുഭവം എനിക്കുണ്ടായിട്ടില്ല," ഹാറൂൺ പറയുന്നു. 

ക്രിസ്മസ് ദിനത്തിൽ 130-ലധികം ആളുകളാണ് നീണ്ട നടത്തത്തിനായി അതിരാവിലെ തന്നെ എത്തിചേര്‍ന്നത്. ഇത് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ സംഘമായിരുന്നു. പാൻഡെമിക് സമയത്ത്, വിവാഹമോചിതരായ സ്ത്രീകളുടെ പിന്തുണാ ഗ്രൂപ്പുകൾ ഉൾപ്പെടെ നിരവധി പേര്‍ എത്തിചേര്‍ന്നു. '

ക്രിസ്മസ് ദിനത്തിലായിരുന്നു സംഘത്തിന്‍റെ ഏറ്റവും പുതിയ നടത്തം. പീക്ക് ജില്ലയിലെ (Peak District) മാം ടോർ (Mam Tor) കയറാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കാൽനടക്കാർ എത്തി. ശീതകാല കാൽനട യാത്ര എന്ന നിലയിലാണ് നടത്തം ആസൂത്രണം ചെയ്തിരുന്നത്.

ഗ്രാമപ്രദേശങ്ങളിലൂടെ നടന്ന് പോകുമ്പോള്‍ ആളുകൾ ഞങ്ങളുടെ യാത്രാ സംഘത്തെ സ്വാഗതം ചെയ്തു. എന്നാൽ, അവരുടെ ദീര്‍ഘ നടത്തത്തിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ലഭിച്ച മറുപടികള്‍ പക്ഷേ, അത്രയ്ക്ക് സുഖകരമായിരുന്നില്ല. 

ചിലര്‍  തങ്ങള്‍, "ശരിയായ കാൽനടക്കാർ" അല്ലെന്നും അത്രയും വലിയ സംഘം പാതകളും ആവാസവ്യവസ്ഥയും നാശിപ്പിക്കുമെന്നും ആരോപിച്ച് രംഗത്തെത്തി. ഭൂരിഭാഗം കമന്‍റുകളും "പിന്തുണയ്ക്കുന്നവയായിരുന്നു" എന്നാൽ മറ്റൊരു നടത്ത ഗ്രൂപ്പിൽ പങ്കിട്ട ചിത്രങ്ങൾ  വിമർശനങ്ങൾക്ക് ഇടയാക്കി. 

“ഇത് സെറെൻഗെറ്റിയിലെ കാട്ടാനകളുടെ ദേശാടനം പോലെയാണ്, അവ വന്നുകൊണ്ടേയിരിക്കുന്നു,” ഒരു വെള്ളക്കാരി ചിത്രങ്ങൾക്ക് താഴെ എഴുതി. മറ്റൊരാൾ പറഞ്ഞു: “100-കളിൽ ഒന്നുപോലും പാതകൾ കേടുവരുമ്പോൾ അത് നന്നാക്കാൻ സഹായിക്കില്ലെന്ന് ഞാൻ വാതുവെക്കുന്നു ... തികഞ്ഞ അപമാനം.” 

അഭിപ്രായങ്ങളോട് പ്രതികരിച്ചുകൊണ്ട് മോട്ട പറഞ്ഞു: “വിദ്വേഷകരമായ അഭിപ്രായങ്ങൾ കാണുന്നത് വളരെ ലജ്ജാകരമാണ്. എന്നാല്‍ ഇത് ഒരു ചെറിയ കാര്യം മാത്രമാണ്. ചെറിയ ന്യൂനപക്ഷം ആളുകൾ ഇതുപോലെ പ്രവർത്തിക്കുന്നു. പക്ഷേ, കൂടുതൽ വൈവിധ്യമാർന്നതും എല്ലാം ഉൾക്കൊള്ളുന്നതുമായ മനോഹരമായ പ്രകൃതി, യാത്രകള്‍ക്ക് ന്യായീകരണം നൽകുന്നു. അത് കൊണ്ട് തന്നെ ഇത്തരം കമന്‍റുകള്‍ ഞങ്ങളെ ഒരു തരത്തിലും പിന്തിരിപ്പിക്കില്ല.” 

താൻ കാൽനടയാത്ര നടത്തുമ്പോൾ തനിക്ക് ഒരിക്കലും വംശീയത അനുഭവപ്പെട്ടിട്ടില്ലെന്നും എപ്പോഴും അതിഗംഭീരവും “സ്വാഗതകരമായ ഒരു ഇടം” കണ്ടെത്താന്‍ കഴിഞ്ഞിരുന്നതായും ഹാറൂണ്‍ മോട്ട പറയുന്നു. എന്നിരുന്നാലും തന്‍റെ ഹൈക്കിംഗ് ഗ്രൂപ്പിലെ നിരവധി ആളുകൾ വംശീയ പരാമർശങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും തുറിച്ചുനോട്ടം നേരിടേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അപൂര്‍വ്വമായി മാത്രമാണ് തന്‍റെ യാത്രകളില്‍ മുസ്ലീം സമൂഹത്തെ കണ്ടിരുന്നത്. അത് കൊണ്ട് തന്നെ താന്‍ വിചാരിച്ചത് നമ്മുടെ ആളുകൾ പുറത്തേക്ക് പോകുന്നില്ലെന്നാണ്.  മുസ്ലീം സമുദായങ്ങളെ പുറത്തിറങ്ങാനും സമൂഹവുമായി ഇടപെടാൻ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." 

അത്തരമൊരു ആഗ്രഹത്തില്‍ നിന്നാണ് മുസ്ലീം നടത്തക്കാര്‍ എന്ന് പേര് തന്നെ ഉണ്ടായത്. എന്നാല്‍, ഈ ഗ്രൂപ്പിലേക്ക് എല്ലാ സമുദായങ്ങള്‍ക്കും സ്വാഗതമുണ്ടെന്നും ഹാറൂണ്‍ ആവര്‍ത്തിക്കുന്നു. ബ്രിട്ടന്‍റെ ദേശീയ പാർക്ക് സന്ദർശകരിൽ 1 % മാത്രമാണ് കറുപ്പ്, ഏഷ്യൻ, ന്യൂനപക്ഷ വംശീയ പശ്ചാത്തലങ്ങളിൽ നിന്നുള്ളവര്‍. 

നാട്ടിൻപുറങ്ങളിലെ ചാരിറ്റിയായ CPRE -യുടെ 2021-ലെ റിപ്പോർട്ട് പ്രകാരം, വെള്ളക്കാരെക്കാള്‍ വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പ്രകൃതിദത്ത പ്രദേശങ്ങളില്‍ എത്തിചേരുന്നത് ശരാശരി 11 മടങ്ങ് കുറവാണ്. കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ 20 %  വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന കുട്ടികൾ മാത്രമാണ് ഗ്രാമപ്രദേശങ്ങളിലേക്ക് പോകുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു. 

വെറുമൊരു ദീര്‍ഘദൂരം നടത്തക്കാരന്‍ മാത്രമല്ല ഹാറൂണ്‍. പതിനേഴാം വയസ്സിൽ യൂറോപ്യൻ കിക്ക്‌ബോക്‌സിംഗ് ചാമ്പ്യനായിരുന്നു അദ്ദേഹം. സ്പോര്‍ട്സും ഫിറ്റ്നസും 'എന്‍റെ ഡിഎൻഎയിൽ ഉണ്ട്,' എന്നാണ് ഹാറൂണ്‍ പറയുന്നത്. സ്പോർട്സ്, എക്സർസൈസ് സയൻസ് പഠിക്കുന്ന കോവെൻട്രി യൂണിവേഴ്സിറ്റിയിലെ അവസാന വർഷത്തിൽ, മോട്ട ഇസ്ലാമിക് റിലീഫിന് വേണ്ടി സന്നദ്ധസേവനം ചെയ്യാൻ ആരംഭിച്ചിരുന്നു. 

മൂന്ന് വർഷം മുമ്പ് അദ്ദേഹം 18 ബ്രിട്ടീഷ് മുസ്ലീം സ്ത്രീകളെ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിച്ചു. ഇതിനായി അദ്ദേഹം 10,000 യൂറോ സമാഹരിച്ചു. താമസിയാതെ, അദ്ദേഹം ബെർലിൻ മാരത്തൺ ഓടുകയും മറ്റുള്ളവരെ അതില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. പെറുവിലെ മച്ചു പിച്ചുവിലേക്ക് ഒരു സംഘത്തെ നയിച്ചു.

മറ്റൊരു സംഘത്തെ കിളിമഞ്ചാരോ പർവതം കയറ്റി. ഹാറൂണ്‍ മോട്ട തന്‍റെ സംഘവുമായി നടത്തം തുടരുകയാണ്. എവിടെയോ ഇരുന്ന് ആളുകളിടുന്ന വിദ്വേഷ കമന്‍റുകള്‍ തന്‍റെ സംഘത്തിന്‍റെ യാത്രയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് പറയുന്നു. 

undefined
click me!