ഇന്ത്യയിലുടനീളം യാത്ര ചെയ്ത യുഎസ് സഞ്ചാരി സിയറ, രാജ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളെ തിരുത്തുന്നു. ആധുനിക ഷോപ്പിംഗ് മാളുകളും താങ്ങാനാവുന്ന വിലയും സാംസ്കാരിക സമ്പന്നതയും ചൂണ്ടിക്കാട്ടി. യുഎസിൽ ലഭിച്ചതിനേക്കാൾ സന്തോഷം ഇന്ത്യ നൽകിയെന്നും അവർ പറയുന്നു.
ഓരോ വർഷവും ഇന്ത്യയിൽ ആയിരക്കണക്കിന് വിദേശ വിനോദ സഞ്ചാരികളാണ് എത്താറ്. എന്നാൽ, ഇന്ത്യയുടെ വളർച്ചയെയും നേട്ടങ്ങളെയുമെല്ലാം അടുത്തറിഞ്ഞ് ഇവിടുന്ന് മടങ്ങുന്നവരല്ല പലരും. അതിന് വിരുദ്ധമായി ഇന്ത്യയിലെത്തിയ ഒരു യുഎസ് യാത്രികയുടെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്. ഇന്ത്യയിലുടനീളം യാത്ര ചെയ്ത ഈ യുഎസ് വനിത രാജ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളെ ശക്തമായി എതിർക്കുന്നു. തനിക്ക് അമേരിക്കയിൽ കിട്ടിയതിനേക്കാൾ കൂടുതൽ സന്തോഷവും സംതൃപ്തിയും ഇന്ത്യ നൽകിയെന്ന് അവർ പറയുന്നു.
ഇന്ത്യയെ കാണിക്കുന്ന വൈറൽ വീഡിയോകൾ എവിടെയാണെന്ന് സിയറ വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ ചോദിക്കുന്നു. സമ്പന്നവും ആഴമേറിയതുമായ സംസ്കാരത്തിന്റെ വീഡിയോകൾ, ദയാപൂർവ്വം സ്വാഗതം ചെയ്യുന്ന മനുഷ്യർ. ഒന്നാംതരം മാളുകളും ഷോപ്പിംഗ് സെന്‍ററുകളും, വൃത്തിയുള്ളതും മനോഹരവുമായ നഗരങ്ങൾ, കേരളത്തിലെ കായലുകളുടെ വീഡിയോകൾ, ആധുനിക സാങ്കേതിക കേന്ദ്രമായ ബാംഗ്ലൂർ, ഉത്തരാഖണ്ഡിലെ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രങ്ങൾ... എന്നിവയുടെ വീഡിയോകൾ എവിടെയെന്നും ഇവർ ചോദിക്കുന്നു.
ഇന്ത്യയുടെ മറ്റൊരു വശം
സഞ്ചാരിയായ സിയറ ലിലിയൻ, ഒരു ആധുനിക ഷോപ്പിംഗ് മാളിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പങ്കുവെച്ചത്. പല വിനോദ സഞ്ചാരികളും അപൂർവ്വമായി മാത്രം കാണുന്ന ഇന്ത്യയുടെ മറ്റൊരു വശം അവർ അതിലൂടെ കാണിച്ചുതന്നു. സുഖസൗകര്യവും, സാംസ്കാരിക സമ്പന്നതയും, താങ്ങാനാവുന്ന വിലയുമെല്ലാം ചേർന്ന ഇന്ത്യയുടെ യഥാർത്ഥ മുഖം.
ദൃശ്യങ്ങളിൽ സിയറ, എച്ച്&എം, ബർക്കൻസ്റ്റോക്ക്സ്, അഡിഡാസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകൾ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഒരു ഫുൾ-ബോഡി മസാജിന് വെറും നാല് യുഎസ് ഡോളർ മാത്രമാണ് ചെലവെന്നും അവർ എടുത്ത് പറയുന്നു. പല പാശ്ചാത്യ രാജ്യങ്ങളിലെയും ചെലവിന്‍റെ ഒരു അംശം മതി ഇവിടെ ആഢംബരവും സൗകര്യവും ലഭ്യമാകാനെന്നും അവർ നിരീക്ഷിക്കുന്നു. സഞ്ചാരികൾ എന്ന നിലയിൽ, രാജ്യത്തിന്‍റെ മോശം ഭാഗങ്ങൾ മാത്രമല്ല, അതിശയകരവുമായ ഭാഗങ്ങളും കാണിക്കണം. മോശം ഭാഗങ്ങൾ പങ്കിടാം പക്ഷേ, അത് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നെന്ന് അവകാശപ്പെടരുതെന്നും അവർ കൂട്ടിച്ചേര്‍ക്കുന്നു.
അഭിനന്ദിച്ച് ഇന്ത്യക്കാർ
ഇന്ത്യൻ നഗരങ്ങളുടെ കാലഹരണപ്പെട്ട ചിത്രങ്ങൾ മാത്രം ആളുകൾ കാണുമ്പോൾ രാജ്യത്തിൻറെ ദൈനംദിന ജീവിതത്തെ യഥാർത്ഥത്തിൽ നിർവചിക്കുന്ന വൈവിധ്യവും ചടുലതയും അവർക്ക് നഷ്ടമാകുന്നുവെന്നും സിയറ വാദിക്കുന്നു. അതോടൊപ്പം അമേരിക്കയിൽ തനിക്ക് കണ്ടെത്താൻ കഴിയാതിരുന്ന അടുപ്പവും സന്തോഷവും ഇന്ത്യ തനിക്ക് നൽകിയതായി അവർ തുറന്നു പറയുന്നു. എന്തായാലും സിയറയുടെ ഈ നിരീക്ഷണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയും വ്യാപക ചർച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു. കമന്‍റുകളിൽ പലരും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ സത്യസന്ധവും വിശാലവുമായ കാഴ്ചപ്പാടിനെ അഭിനന്ദിച്ചു.


