Chauvet Cave: ചൗവെറ്റ് ഗുഹയിലെ കുതിരയുടെ ചിത്രങ്ങള്‍ക്ക് 30,000 വർഷങ്ങളുടെ പഴക്കം

First Published Jan 19, 2022, 3:33 PM IST

തെക്കുകിഴക്കൻ ഫ്രാൻസിലെ (France) ആർഡെഷ് ഡിപ്പാർട്ട്‌മെന്‍റിലെ ചൗവെറ്റ്-പോണ്ട്-ഡി ആർക്ക് ഗുഹ (Chauvet-Pont-d'Arc Cave) ലോകത്തിലെ ഏറ്റവും മികച്ച ഗുഹാ ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടിട്ടുള്ള ഒരു ഗുഹയാണ്. ഗുഹാചിത്രങ്ങളോടൊപ്പം തന്നെ അപ്പർ പാലിയോലിത്തിക്ക് ജീവിതത്തിന്‍റെ ചില തെളിവുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഗോർജസ് ഡി എൽ ആർഡെഷെയിലെ ആർഡെഷെ നദിയുടെ സമീപത്തായി ചുണ്ണാമ്പുകല്ലിൽ വള്ളോൺ പോണ്ട് ഡി ആർക്ക് കമ്യൂണിന് സമീപമാണ് ഈ ഗുഹാമുഖം സ്ഥിതിചെയ്യുന്നത്. 1994 ഡിസംബർ 18-ന് കണ്ടെത്തിയ ഇത് ചരിത്രാതീതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കലാ സൈറ്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു, യുഎൻ സാംസ്കാരിക ഏജൻസിയായ യുനെസ്കോ ഇതിന് 2014 ജൂൺ 22-ന് ലോക പൈതൃക പദവി നൽകി. ഇവിടെ നിന്ന് ലഭിച്ച ഗുഹാ ചിത്രങ്ങള്‍ക്ക് 30,000 വർഷങ്ങളുടെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. നാഷണല്‍ ജിയോഗ്രാഫിക്ക് വേണ്ടി സ്റ്റീഫന്‍ അല്‍വാരിസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 

ചൗവെറ്റ് പോണ്ട് ഡു ആർക്ക് ഗുഹയിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്ന് നാല് കുതിരകളുടേതാണ്. ചിത്രങ്ങള്‍ വരയ്ക്കാനുപയോഗിച്ച കരിയില്‍ നടത്തിയ റേഡിയോകാർബൺ ഡേറ്റിംഗ് വഴിയാണ് ചിത്രങ്ങള്‍ക്ക് അത്രയും വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. 

ആ ചിത്രങ്ങള്‍ ഗുഹയുടെ മുഴുവൻ മതിലും ഉൾക്കൊള്ളുന്ന ദീർഘവും സങ്കീർണ്ണവുമായ രചനയുടെ ഭാഗമാണ്. സിംഹങ്ങളും കാണ്ടാമൃഗങ്ങളും വിഹരിച്ചിരുന്ന യൂറോപ്പ് അക്കാലത്ത് സങ്കൽപ്പിക്കാനാവാത്തവിധം വ്യത്യസ്തമായ ഒരു സ്ഥലമായിരുന്നു.

എലിയറ്റ് ബ്രൂണൽ-ഡെഷാംപ്‌സ്, ക്രിസ്റ്റ്യൻ ഹില്ലെയർ, ജീൻ മേരി ചൗവെറ്റ് എന്നീ മൂന്ന് സ്‌പെലിയോളജിസ്റ്റുകളുടെ ഒരു സംഘമാണ് ഈ ഗുഹ ആദ്യമായി പര്യവേക്ഷണം ചെയ്തത്.   "ലെ ട്രൗ ഡി ബാബ" ("ബാബാസ് ഹോൾ") എന്ന് വിളിക്കപ്പെടുന്ന അപ്പർച്ചർ മൈക്കൽ റോസ (ബാബ) ആണ് അവര്‍ കണ്ടെത്തിയത്.

ഗുഹയിലൂടെ കൂടതല്‍ സഞ്ചരിച്ച ഗ്രൂപ്പിലെ മറ്റൊരു അംഗമായ മൈക്കൽ ചബോഡ് സിംഹങ്ങളുടെ ഗാലറി, എൻഡ് ചേമ്പർ എന്നിവ കണ്ടെത്തി. പെയിന്‍റിംഗുകൾക്കും മറ്റ് മനുഷ്യ തെളിവുകൾക്കും പുറമേ, വിവിധ മൃഗങ്ങളിൽ നിന്നുള്ള ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങൾ, പ്രിന്‍റുകൾ, അടയാളങ്ങൾ എന്നിവയും അവർ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. അവയിൽ ചില ചിത്രങ്ങള്‍ക്ക് ഇപ്പോൾ വംശനാശം സംഭവിച്ചു.

88 റേഡിയോകാർബൺ തീയതികൾ ഉപയോഗിച്ച് 2016-ൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ  37,000 മുതൽ 33,500 വർഷങ്ങളില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങളും 31,000 മുതൽ 28,000 വർഷങ്ങൾക്ക് ഇടയില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങളും കണ്ടെത്തിയിരുന്നു.

ഏറ്റവും ഒടുവിലായാണ് നാല് കുതിരകളുടെ ചിത്രങ്ങള്‍ക്ക് 30,000 വർഷങ്ങളുടെ പഴക്കമുണ്ടെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

click me!