
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി. ഒരു പവന് ഇന്ന് മാത്രം 3160 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. രാവിലെ 22 കാരറ്റ് സ്വർണം പവന് 1560 രൂപയും ഉച്ചയ്ക്ക് ശേഷം 1600 രൂപയുമാണ് വർധിച്ചത്. ഗ്രീൻലാൻഡിനെ ചൊല്ലി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രണ്ട് തട്ടിലായതോടെയാണ് സ്വർണത്തിന് ഇന്നും വില വർധിച്ചത്. പണിക്കൂലി വ്യത്യാസപ്പെടുമെന്നതിനാൽ ആഭരണങ്ങളുടെ വിലയിൽ ജ്വല്ലറികളിൽ മാറ്റമുണ്ടാകും.
ഇന്നത്തെ വർധനവോടെ ഒരു പവൻ സ്വർണവില 110400 രൂപയായി. ഒരു പവൻ്റെ സ്വർണാഭരണം വാങ്ങുമ്പോൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും കൂട്ടിച്ചേർക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,35,000 രൂപയ്ക്ക് മുകളിലാവുമെന്ന് സ്വർണ കച്ചവടക്കാർ പറയുന്നു.
ഗ്രീൻലാൻഡ് ഡെൻമാർക്കിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി യൂറോപ്യൻ രാജ്യങ്ങൾ സൈനികരെ ഇങ്ങോട്ടേക്ക് അയച്ചതോടെ ട്രംപ്, യൂറോപ്പിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേലെ അധിക തീരുവ ചുമത്തിയിരുന്നു. ഇത് ആഗോള തലത്തിൽ ഓഹരി നിക്ഷേപകർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇതോടെ നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിക്കുന്നത് കൂട്ടി.