
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില കുതിച്ചുയരുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ കുറയുന്നു. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണ്ണവില. വെള്ളിയാഴ്ച രാജ്യത്ത് 10 ഗ്രാം സ്വര്‍ണ്ണത്തിന് 1,39,286 രൂപയെന്ന റെക്കോര്‍ഡ് വിലയിലെത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4,530 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ഡിസ്‌കൗണ്ട് നല്‍കിയിട്ടും ആളില്ല
വില കൂടിയതോടെ വിപണിയില്‍ സ്വര്‍ണ്ണം വിറ്റഴിക്കാന്‍ വന്‍ വിലക്കിഴിവ് നല്‍കേണ്ട അവസ്ഥയിലാണ് വ്യാപാരികള്‍. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലുള്ളത്. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് അംഗീകൃത വിലയേക്കാള്‍ 61 ഡോളര്‍ വരെ കുറച്ചാണ് വ്യാപാരികള്‍ വില്‍ക്കുന്നത്.. കഴിഞ്ഞ ആഴ്ച ഇത് 37 ഡോളറായിരുന്നു.
ചൈനയിലും സിംഗപ്പൂരിലും സ്ഥിതി വ്യത്യസ്തമല്ല
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളായ ചൈനയിലും വിപണി തണുപ്പന്‍ മട്ടിലാണ്. അവിടെയും രാജ്യാന്തര വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. സിംഗപ്പൂരിലാകട്ടെ, സ്വര്‍ണ്ണത്തിന് വില കൂടിയതോടെ ആളുകള്‍ വെള്ളി , പ്ലാറ്റിനം എന്നിവ വാങ്ങുന്നതിലേക്ക് തിരിഞ്ഞു. സ്വര്‍ണ്ണവില ഇനിയും കൂടുമോ എന്ന ഭയത്താല്‍ അവസാന നിമിഷം സ്വര്‍ണ്ണം വാങ്ങുന്നവരും കുറവല്ല.
എന്തുകൊണ്ട് ഈ വിലക്കയറ്റം?
രാജ്യാന്തര തലത്തിലുള്ള ചില പ്രധാന മാറ്റങ്ങളാണ് സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നത്:
യുഎസ് പലിശ നിരക്ക്: അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷ നിക്ഷേപകരെ സ്വര്‍ണ്ണത്തിലേക്ക് ആകര്‍ഷിക്കുന്നു.
യുദ്ധ സാഹചര്യം: ആഗോളതലത്തിലുള്ള യുദ്ധഭീതിയും രാഷ്ട്രീയ അസ്ഥിരതയും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ഡിമാന്‍ഡ് കൂട്ടി.
കയറ്റുമതി നിയന്ത്രണങ്ങള്‍: ചൈനയുടെ ഭാഗത്തുനിന്നുള്ള പുതിയ നിയന്ത്രണങ്ങളും സ്വര്‍ണ്ണത്തിന്റെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്.