
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില ഉയരാൻ കാരണം യുദ്ധം മാത്രമല്ലെന്നും എണ്ണയും ഡോളറും സ്വർണ്ണവില ഉയർത്തുന്നുവെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ. എണ്ണവില ഉയരുന്നത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റൊരു വെല്ലുവിളിയാണ്. ഗതാഗതം, ഉൽപ്പാദനം, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിലെ ചെലവ് വർധിക്കുന്നതോടെ പണപ്പെരുപ്പം വീണ്ടും ശക്തമാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നതെന്നും അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂർണ രൂപം:
'മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ചപ്പോൾ ആഗോള വിപണി നൽകിയ പ്രതികരണമല്ല ആറുമാസം പിന്നിടുമ്പോൾ കാണുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ പ്രധാനമായും ഭൗമരാഷ്ട്രീയ സംഘർഷമായാണ് വിപണി അതിനെ കണ്ടതെങ്കിൽ, ഇന്ന് അത് എണ്ണവിതരണ ഭീഷണി, പണപ്പെരുപ്പം, അമേരിക്കൻ പലിശനിരക്ക്, ഡോളർ, രൂപ തുടങ്ങിയ നിരവധി സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയായാണ് വിപണി കാണുന്നത്.
ഇതാണ് സ്വർണ്ണവിലയിലും ക്രൂഡ് ഓയിൽ വിലയിലും രൂപയുടെ വിനിമയ നിരക്കിലും ഒരേസമയം വലിയ ചലനങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം.
മിഡിൽ ഈസ്റ്റിലെ സംഘർഷം വീണ്ടും ശക്തമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്ക വർധിച്ചിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 100 ഡോളറിലേക്ക് എത്തിയിരിക്കുന്നു. എണ്ണവില ഉയരുന്നത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റൊരു വെല്ലുവിളിയാണ്. ഗതാഗതം, ഉൽപ്പാദനം, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിലെ ചെലവ് വർധിക്കുന്നതോടെ പണപ്പെരുപ്പം വീണ്ടും ശക്തമാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്.
ഇവിടെയാണ് സ്വർണ്ണവിപണിയിൽ രണ്ട് വിരുദ്ധ ശക്തികൾ ഒരേ സമയം പ്രവർത്തിക്കുന്നത്. യുദ്ധവും ഭൗമരാഷ്ട്രീയ സംഘർഷവും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നു. ഇത് സ്വർണ്ണവില ഉയരാൻ സഹായിക്കുന്ന ഘടകമാണ്. എന്നാൽ എണ്ണവില ഉയർന്ന് പണപ്പെരുപ്പം ശക്തമായാൽ അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത് വൈകിപ്പിക്കുകയോ പലിശ ഉയർന്ന നിലയിൽ തുടരുകയോ ചെയ്യുമെന്ന പ്രതീക്ഷ ശക്തമാകും. ഉയർന്ന പലിശനിരക്ക് സാധാരണയായി പലിശ ലഭിക്കാത്ത സ്വർണ്ണത്തിന് സമ്മർദ്ദം സൃഷ്ടിക്കും. അതിനാൽ സ്വർണ്ണത്തെ ഉയർത്തുന്ന ഘടകങ്ങളും താഴേക്ക് വലിക്കുന്ന ഘടകങ്ങളും ഒരേസമയം പ്രവർത്തിക്കുന്നതാണ് ഇപ്പോഴത്തെ വിപണിയിലെ പ്രത്യേകത. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടം തുടരുകയാണ്. സെപ്റ്റംബർ 8ന് സ്പോട്ട് ഗോൾഡ് ഏകദേശം 4,385 ഡോളറിലും, ക്രൂഡ് ഓയിൽ ഏകദേശം 99.46 ഡോളറിലും എത്തിയിരുന്നു.
ഇന്ത്യ വലിയ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. എണ്ണവില ഉയരുമ്പോൾ അതിനായി ഇന്ത്യയ്ക്ക് കൂടുതൽ ഡോളർ ചെലവഴിക്കേണ്ടിവരും. ഇതോടെ ഡോളറിനുള്ള ആവശ്യകത വർധിക്കുകയും രൂപയ്ക്ക് മേൽ സമ്മർദ്ദം ഉണ്ടാകുകയും ചെയ്യും. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 95 രൂപയ്ക്ക് മുകളിലേക്ക് നീങ്ങുന്നതും ഇതിന്റെ പ്രധാന പ്രതിഫലനങ്ങളിലൊന്നാണ്. ഇന്ത്യയിലെ സ്വർണ്ണവിലയെ മനസ്സിലാക്കാൻ അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സ്വർണ്ണവില മാത്രം നോക്കിയാൽ പോരാ. അന്താരാഷ്ട്ര സ്വർണ്ണവിലയും ഡോളർ- രൂപ വിനിമയ നിരക്കും ഒരുപോലെ പ്രധാനമാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുറച്ചെങ്കിലും താഴ്ന്നാലും രൂപ ദുർബലമായാൽ ഇന്ത്യയിലെ സ്വർണ്ണവില അതേ അനുപാതത്തിൽ കുറയണമെന്നില്ല.
യുദ്ധം തുടങ്ങിയാൽ സ്വർണ്ണവില നിർബന്ധമായും ഉയരും എന്ന ധാരണ എല്ലായ്പ്പോഴും ശരിയല്ല. 2026ലെ സംഘർഷത്തിന്റെ ആദ്യഘട്ടത്തിലും സ്വർണ്ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള പ്രതികരണം പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമായിരുന്നുവെന്ന് വേൾഡ് ഗോൾഡ് കൗൺസിലും വിലയിരുത്തിയിരുന്നു.
എന്നാൽ ഇപ്പോഴത്തെ സ്ഥിതി മാറിയിരിക്കുന്നു. യുദ്ധം ദീർഘകാലം തുടരുന്നതിനൊപ്പം എണ്ണവിതരണത്തെ ബാധിക്കുന്ന തരത്തിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ സ്വർണ്ണവിപണി യുദ്ധം മാത്രം നോക്കിയല്ല പ്രതികരിക്കുന്നത്. യുദ്ധം, എണ്ണവില, പണപ്പെരുപ്പം, അമേരിക്കൻ പലിശനിരക്ക്, യുഎസ് ബോണ്ട് വരുമാനം, ഡോളർ, രൂപ — ഈ ഘടകങ്ങളെല്ലാം ചേർന്നാണ് സ്വർണ്ണവിലയുടെ ദിശ നിർണയിക്കുന്നത്.
ആറുമാസം മുമ്പ് മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ പ്രധാനമായും ഒരു യുദ്ധവും ഭൗമരാഷ്ട്രീയ പ്രതിസന്ധിയുമായാണ് വിപണി കണ്ടിരുന്നത്. ഇന്ന് അതിനൊപ്പം എണ്ണവിതരണ പ്രതിസന്ധിയും പണപ്പെരുപ്പ ഭീഷണിയും പലിശനിരക്കിലെ അനിശ്ചിതത്വവും കൂടി എത്തിയിരിക്കുന്നു. അതുകൊണ്ടാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില ഉയരുന്നതും, രൂപ ദുർബലമാകുന്നതും, സ്വർണ്ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആവശ്യം നിലനിൽക്കുന്നതും ഒരേസമയം സംഭവിക്കുന്നത്. അതിനാൽ ഇന്നത്തെ സ്വർണ്ണവിലയുടെ കഥ യുദ്ധത്തിന്റെ മാത്രം കഥയല്ല; എണ്ണയുടെയും ഡോളറിന്റെയും പലിശനിരക്കിന്റെയും രൂപയുടെയും കൂടി കഥയാണ്.'- അഡ്വ. എസ്. അബ്ദുൽ നാസർ