Latest Videos

Brave Hearts: ബ്ലാക്ക് ടൈഗര്‍: പാക് സൈന്യത്തില്‍ മേജറായി മാറിയ ഇന്ത്യന്‍ ചാരന്‍!

By Web TeamFirst Published Mar 23, 2022, 12:27 PM IST
Highlights

പാക്കിസ്താനില്‍ കടന്നുചെന്ന് അവിടത്തെ സൈന്യത്തിന്റെ മുന്‍നിരയിലെത്തി, അതീവ രഹസ്യം കലര്‍ന്ന സൈനിക വിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് നല്‍കിയ രവീന്ദര്‍ കൗശിക്കിന്റെ ജീവിതവും മരണവും സിനിമാക്കഥകളെ വെല്ലുന്നതാണ്.

ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, മറക്കാനാവാത്ത അനേകം പേരുകളുണ്ട്. ഉറക്കെപ്പറയേണ്ട പേരുകള്‍. അത്യുജ്വലമായ വീരേതിഹാസങ്ങളായി വാഴ്‌ത്തേണ്ട സുധീരജീവിതങ്ങള്‍. എന്നാല്‍, അവയിലൊന്നും പെടാത്ത ചിലരുണ്ട്. നമ്മുടെ രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍. ചാരവൃത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് കൊടും പീഡനങ്ങള്‍ക്ക് വിധേയമായ അത്തരം വീരനായകരുടെ മുന്‍നിരയിലാണ് ബ്ലാക്ക് ടൈഗര്‍ എന്നറിയപ്പെടുന്ന രവീന്ദര്‍ കൗശിക്കിന്റെ നാമധേയം. പാക്കിസ്താനില്‍ കടന്നുചെന്ന് അവിടത്തെ സൈന്യത്തിന്റെ മുന്‍നിരയിലെത്തി, അതീവ രഹസ്യം കലര്‍ന്ന സൈനിക വിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് നല്‍കിയ രവീന്ദര്‍ കൗശിക്കിന്റെ ജീവിതവും മരണവും സിനിമാക്കഥകളെ വെല്ലുന്നതാണ്.

 

 

ഒരു സിനിമ, ഒരു പുസ്തകം

ഒരു സിനിമ, ഒരു പുസ്തം. ഇവയില്ലായിരുന്നെങ്കില്‍, ആരുമറിയാതെ പോവുമായിരുന്നു ആ മഹാത്യാഗം. പാക് സൈന്യത്തില്‍ നുഴഞ്ഞു കയറി ഉന്നത പദവിയില്‍ എത്തി അതീവരഹസ്യമായ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയ 'ബ്ലാക്ക് ടൈഗര്‍' എന്ന് വിളിപ്പേരുണ്ടായിരുന്ന ഒരു ഇന്ത്യന്‍ ചാരന്റെ ത്രസിപ്പിക്കുന്ന കഥ.

പിടിക്കപ്പെട്ട ശേഷം നീണ്ട വര്‍ഷങ്ങള്‍ കൊടും പീഡനങ്ങള്‍ അനുഭവിച്ച ശേഷം മരണത്തിലേക്ക് രക്ഷപ്പെട്ട രവീന്ദര്‍ കൗശിക്ക് എന്ന ഇന്ത്യന്‍ പോരാളിയുടെ കഥ പുറത്തറിഞ്ഞത് ഒരു സിനിമയിലൂടെയും ഒരു പുസ്തകത്തിലൂടെയുമായിരുന്നു.

സല്‍മാന്‍ ഖാന്‍ നായകനായ 'എക് താ ടൈഗര്‍' എന്ന സിനിമ. ഇന്ത്യന്‍ ചാര സംഘടനയായ റോയുടെ മുന്‍ ജോയിന്റ് ഡയരക്ടര്‍ മലോയ് കൃഷ്ണ ധര്‍ എഴുതിയ 'മിഷന്‍ റ്റു പാക്കിസ്താന്‍: ഏന്‍ ഇന്റലിജന്‍സ് ഏജന്റ്' എന്ന പുസ്തകം. ആ പുസ്തകം പറഞ്ഞത് രവീന്ദര്‍ കൗശിക്കിന്റെ കഥ ആയിരുന്നുവെങ്കിലും ആ പേര് അതില്‍ വെളിപ്പെടുത്തിയിരുന്നില്ല. വെറുമൊരു സിനിമാക്കഥയാക്കി ആ ജീവിതത്തെ വില കുറച്ചെങ്കിലും സിനിമ വന്നതോടെയാണ് കൗശിക്കിന്റെ പേര് പുറത്തറിഞ്ഞത്. സത്യത്തില്‍, സിനിമയില്‍ ആ പേര് ഉപയോഗിച്ചില്ലെങ്കിലും സിനിമയ്ക്കാധാരമായ ജീവിതം എന്ന നിലയില്‍ ചില മാധ്യമങ്ങള്‍ ആ ജീവിതം പകര്‍ത്തി പുറത്തുവിടുകയായിരുന്നു. സിനിമയെ തോല്‍പ്പിക്കുന്ന അസാധാരണമായ ആ ജീവിതത്തെ അടുത്തറിയുമ്പോള്‍ നമ്മള്‍ അന്തം വിടും.

 

 

ഒരു ദിവസം, ഒരു ജോലി

രാജസ്ഥാനിലെ ശ്രീഗംഗാ നഗറില്‍ സാധാരണ കുടുംബത്തില്‍ ജനനം. പഠന കാലയളവില്‍ തന്നെ നാടക രംഗത്ത് ശ്രദ്ധേയനായി. മികച്ച അഭിനേതാവായിരുന്നു രവീന്ദര്‍ കൗശിക്ക്. ലക്നോയില്‍ നടന്ന ദേശീയ നാടക മല്‍സരത്തിനിടെയാണ് കൗശിക്കിനെ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) കണ്ടെത്തിയത്. തികഞ്ഞ ദേശസ്നേഹി ആയിരുന്ന കൗശിക്ക് രാജ്യത്തിനു വേണ്ടി അത്യന്തം അപകടകരമായ ആ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു.

ജോലി ഇതായിരുന്നു: ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് പാക്കിസ്താനില്‍ പോവുക. അവിടെ പഠിക്കുക. അവിടെ നിന്ന് വിവാഹം കഴിക്കുക. പാക് സൈന്യത്തില്‍ ജോലി നേടുക. അവിടെ നിന്നുള്ള വിവരങ്ങള്‍ ഇന്ത്യയ്ക്ക് എത്തിക്കുക.

 

 

പാക് സൈന്യത്തില്‍ മേജറാവുന്നു

23-ാം വയസ്സില്‍ കൗശിക്ക് ആ ദൗത്യം സ്വീകരിച്ചു. യാത്രക്ക് മുന്നോടിയായി ദില്ലിയില്‍ രണ്ട് വര്‍ഷം കഠിനമായ പരിശീലനം. പിന്നീട് മതം മാറ്റം. നബി അഹമ്മദ് ഷാക്കിര്‍ എന്ന പേര് സ്വീകരിച്ചു, സുന്നത്ത് ചെയ്തു. ഉര്‍ദു പഠിച്ചു. മതപഠനവും നടത്തി. പാക്കിസ്താന്റെ ഭൂപ്രകൃതിയെയും സംസ്‌കാരത്തെയും കുറിച്ച് ആഴത്തില്‍ പഠിച്ചു. പിന്നീട്, 1975-ല്‍ പാക്കിസ്താനിലേക്ക് പോയി.

അവിടെയെത്തിയ കൗശിക്ക് കറാച്ചി സര്‍വകലാശാലയില്‍ നിയമ ബിരുദത്തിന് ചേര്‍ന്നു. മികച്ച നിലയില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം അയാള്‍ പാക് സൈന്യത്തില്‍ ജോലിക്ക് ശ്രമിച്ചു. ആ ശ്രമം വിജയിച്ചതോടെ അയാള്‍ പാക് സൈന്യത്തില്‍ കമീഷന്‍ഡ് ഓഫീസറായി. അതിവേഗം സൈന്യത്തില്‍ ശ്രദ്ധേയനായ കൗശിക്കിന് കുറച്ചു കഴിഞ്ഞപ്പോള്‍ മേജര്‍ പദവി ലഭിച്ചു. അതിനിടെ, തന്നെ ഏല്‍പ്പിച്ച മറ്റൊരു ദൗത്യം കൂടി അയാള്‍ പൂര്‍ത്തീകരിച്ചു. പാക് കുടുംബത്തില്‍നിന്ന് ഒരു വിവാഹം.  സുന്ദരിയായ പാക് യുവാതിയുമായി വിവാഹം കഴിഞ്ഞ് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുമ്പോഴും അപ്പോഴും മുറ തെറ്റാതെ സ്വന്തം വീട്ടിലേക്ക് കത്തുകള്‍ അയച്ചു.

 

 


നിര്‍ണായക വിവരങ്ങള്‍

1979 മുതല്‍ 1983 വരെ സൈന്യത്തില്‍ പ്രവര്‍ത്തിച്ച കൗശിക്ക് അതീവ നിര്‍ണായകമായ വിവരങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്നു. ഇന്ത്യന്‍ സൈനിക മുന്നേറ്റത്തിന് ഏറ്റവും സഹായകരമായ അനേകം വിവരങ്ങള്‍ അതിലുള്‍പ്പെടുന്നു. പാക് സൈന്യത്തിന്റെ തന്ത്രങ്ങള്‍ മുന്‍ കൂട്ടി അറിഞ്ഞത് ഇന്ത്യയ്ക്ക് മുന്‍കൈ ലഭിക്കാന്‍ സഹായകമായി. രാജസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാക് സൈന്യം നടത്തിയ ശ്രമങ്ങളെല്ലാം ഇന്ത്യ പരാജയപ്പെടുത്തിയത് കൗശിക്ക് നല്‍കിയ വിവരങ്ങള്‍ വഴിയായിരുന്നു. ശത്രുപാളയത്തില്‍ കടന്നു കയറി അതീവ രഹസ്യ വിവരങ്ങള്‍ കൈമാറുന്ന ആ ചങ്കൂറ്റം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി കൗശിക്കിന് നല്‍കിയ പേര് അതിന് തെളിവായിരുന്നു- ബ്ലാക്ക് ടൈഗര്‍.

 

കൊടും പീഡനങ്ങള്‍

എല്ലാം തകര്‍ന്നത് 1983-ലായിരുന്നു. കൗശിക്കുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ഇന്ത്യ ഒരു ചാരനെ കൂടി പാക്കിസ്താനിലേക്ക് അയച്ചു. ഇനായത്ത് മസിഹ എന്നായിരുന്നു അയാളുടെ പേര്. ഇനായത്ത് പാക് ചാരന്‍മാരുടെ വലയില്‍ കുടുങ്ങി. കൗശിക്കിന്റെ യഥാര്‍ത്ഥ മുഖം പാക് സൈന്യം അറിഞ്ഞു. വൈകിയില്ല, അവര്‍ കൗശിക്കിനെ പിടികൂടി.

രണ്ട് വര്‍ഷത്തോളം സിലിക്കോട്ടിലെ രഹസ്യ താവളത്തില്‍ അദ്ദേഹത്തെ അവര്‍ കഠിനമായി ചോദ്യം ചെയ്തു. ഒരു വിവരവും കിട്ടാതായപ്പോള്‍ കൊടും പീഡനങ്ങള്‍ക്ക് ഇരയാക്കി. കൗശിക്കിന്റെ പുരികങ്ങള്‍ പാക് സൈന്യം മുറിച്ചെടുത്തു. ഉറങ്ങാതിരിക്കാനായിരുന്നു ഇത്. രഹസ്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചു. കാതുകളില്‍ ഇരുമ്പു ദണ്ഡ് ചൂടാക്കി കുത്തിയിറക്കി. 16 വര്‍ഷം സിലിക്കോട്ട്, കോട് ലാക്പത്, മയാന്‍ വാലി എന്നിങ്ങനെ പല ജയിലുകളില്‍ മാറി മാറി താമസിപ്പിച്ചു. കഠിനമായ പീഡനങ്ങള്‍ക്കിടെ, കൗശിക്കിന് ആസ്തമയും ക്ഷയരോഗവും പിടിപെട്ടു. 18 വര്‍ഷത്തെ പീഡനങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ മരണം രക്ഷിച്ചു.

കൗശിക്ക് ആരാണെന്ന് വെളിപ്പെടുത്താന്‍ ഇന്ത്യ ഒരിക്കലും തയ്യാറായില്ല. എങ്കിലും, അദ്ദേഹത്തിന്റെ കുടുംബത്തിന് മാസം 500 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചു. പിന്നീടിത് 2006-ല്‍ അമ്മ അമലാദേവി മരിക്കുന്നത് വരെ രണ്ടായിരമാക്കി വര്‍ദ്ധിപ്പിച്ചു. ഇതല്ലാതെ, ഇന്ത്യയ്ക്കു വേണ്ടി ജീവന്‍ നല്‍കിയ ആ പോരാളിക്കു വേണ്ടി മറ്റൊന്നും ചെയ്യാന്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ക്ക് കഴിയുമായിരുന്നില്ല. ചാരവൃത്തി സമ്മതിക്കുന്നതിലുള്ള നിയമപ്രശ്നങ്ങളായിരുന്നു പ്രധാന കാരണം.

click me!