Asianet News MalayalamAsianet News Malayalam

ദണ്ഡിയാത്രയിൽ പങ്കെടുത്ത ഏക ക്രിസ്ത്യാനി-ടൈറ്റസ്‍ജി|സ്വാതന്ത്ര്യസ്പർശം|India@75

91 വർഷം മുമ്പ് ഗാന്ധിജി സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച ദണ്ഡി യാത്രയിൽ പങ്കെടുത്ത 81 ഉപ്പ് സത്യാഗ്രഹികളിലെ മലയാളികളിൽ ഒരാൾ. യാത്രയിലെ ഏക ക്രിസ്തീയ സമുദായാം​ഗം

First Published Aug 21, 2022, 9:54 AM IST | Last Updated Aug 21, 2022, 9:54 AM IST

മഹാത്മാ ഗാന്ധി നയിച്ച ചരിത്രപ്രശസ്തമായ ദണ്ഡിയാത്രയുടെ ചിത്രത്തിൽ ഒരു മലയാളിയെ കാണാം. ഗാന്ധിജി ടൈറ്റസ്ജി എന്നു വിളിച്ച മാരാമൺക്കാരൻ തേവർത്തുണ്ടിയിൽ ടൈറ്റസ്. 91 വർഷം മുമ്പ് ഗാന്ധിജി സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച ദണ്ഡി യാത്രയിൽ പങ്കെടുത്ത 81 ഉപ്പ് സത്യാഗ്രഹികളിലെ മലയാളികളിൽ ഒരാൾ. യാത്രയിലെ ഏക ക്രിസ്തീയ സമുദായാം​ഗം. 

25 കാരനായിരുന്ന ടൈറ്റസും മറ്റ് സത്യാഗ്രഹികൾക്കൊപ്പം കടുത്ത മർദ്ദനം നേരിട്ടു. തുടർന്ന് യെർവാദ ജയിലിൽ ഒരു മാസം. ഇന്നും സ്വാതന്ത്ര്യസമരസേനാനികളെ ഓർക്കുമ്പോൾ മിക്കപ്പോഴും വിട്ടുപോകുന്ന പേര്. മാരാമണിലെ ഇടത്തരം കർഷകകുടുംബത്തിൽ ആയിരുന്നു ജനനം. പത്താം ക്ലാസ് പാസായപ്പോൾ തന്നെ  സ്‌കൂൾ അധ്യാപകജോലി. പക്ഷെ ടൈറ്റസിന്റെ ലക്ഷ്യങ്ങൾ വലുതായിരുന്നു. അധ്യാപകജോലി  ഉപേക്ഷിച്ച് കടം വാങ്ങിയ നൂറു രൂപയുമായി വടക്കേ ഇന്ത്യക്ക് തീവണ്ടി കയറുമ്പോൾ വയസ് ഇരുപത്. ലക്ഷ്യം അലഹബാദിലെ കാർഷിക കോളേജിൽ നിന്ന് ക്ഷീരവികസനത്തിൽ ഡിപ്ലോമ. കോളേജിന്റെ വിശാലമായ കാമ്പസിൽ കാട് വെട്ടുന്ന ജോലിയൊക്കെ ചെയ്തു ഭക്ഷണത്തിന്  കാശുണ്ടാക്കിയായിരുന്നു ടൈറ്റസിന്റെ ജീവിതം. ഡിപ്ലോമ നേടിയ ഉടൻ കോളേജിന്റെ പശുവളർത്തൽ കേന്ദ്രത്തിൽ ടൈറ്റസിനു ജോലി. പാലിന്റെ അണുനശീകരണം, ശീതീകരണം, പാലുൽപ്പന്നനിർമ്മാണം എന്നിവയിലൊക്കെ ടൈറ്റസ് സമർത്ഥൻ.  

രണ്ട വർഷം കഴിഞ്ഞപ്പോൾ ടൈറ്റസിന്റെ സഹോദരനാണ് ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ ഒരു ക്ഷീരവിദഗ്ധനെ ആവശ്യമുള്ളതായ  പരസ്യം ശ്രദ്ധയിൽ പെടുത്തുന്നത്. 1929ലെ ദീപാവലി ദിവസത്തിൽ സബർമതിയിലെത്തിയ ടൈറ്റസ് ഗാന്ധിജിയെക്കണ്ടു. ആശ്രമത്തിലെ വലിയ ഗോശാലയുടെ ചുമതലയായിരുന്നു പ്രധാന ചുമതല. ശമ്പളമില്ല. ഭക്ഷണവും രണ്ട് ജോടി ഖാദി വസ്ത്രവും സൗജന്യം. വിവാഹിതരെങ്കിലും ബ്രഹ്മചര്യം നിർബന്ധം. അന്തേവാസികൾക്കൊപ്പം ആശ്രമത്തിലെ എല്ലാ ജോലികളും ചെയ്യണം. ശുചിമുറികൾ വൃത്തിയാക്കുക, ദിവസവും ഖാദിനൂൽക്കുക, പ്രാർത്ഥനയിൽ പങ്കെടുക്കുക. 1934ൽ കേരളസന്ദർശനത്തിനിടയിൽ തന്റെ പ്രിയങ്കരനായ ടൈറ്റസ്ജിയുടെ വൃദ്ധ പിതാവിനെ സന്ദർശിയ്ക്കാൻ ഗാന്ധിജി സമയം കണ്ടെത്തി. അക്കൊല്ലം നാട്ടിലെത്തി വിവാഹം ചെയ്ത അന്നമ്മയുമായി ആശ്രമത്തിൽ എത്തിയ ടൈറ്റസിനും വധുവിനും കുറച്ചുദിവസം തന്റെ മുറി ഗാന്ധിജി അനുവദിച്ചു. 1935ൽ സബർമതി വിട്ട ടൈറ്റസും കുടുംബവും പിന്നെ കഴിഞ്ഞത് ഭോപ്പാലിൽ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കാർഷിക വകുപ്പിൽ ജോലി സ്വീകരിച്ച ടൈറ്റസ് 1980ൽ അന്തരിക്കുന്നതുവരെ തികഞ്ഞ ഗാന്ധിയനായി തുടർന്നു.