'കാളി' വിവാദത്തിലുലഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ്; മമതയും മഹുവയും രണ്ടാകുമോ?

By Binuraj SFirst Published Jul 7, 2022, 5:58 PM IST
Highlights

വാളെടുക്കാന്‍ കാത്ത് നിന്നവര്‍ക്ക് മഹുവയുടെ വാക്കുകള്‍ ധാരാളമായിരുന്നു. ഇതുവരെ ആറ് സംസ്ഥാനങ്ങളില്‍ അവര്‍ക്കെതിരെ കേസെടുത്ത് കഴിഞ്ഞു. 

ദില്ലി: ലീന മണിമേഖലയുടെ  കാളിയെന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്ററിനെയും, ദൃശ്യങ്ങളെയും ചൊല്ലിയുള്ള വിവാദം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിലാണ്. മതങ്ങളെ പ്രീണിപ്പിക്കാന്‍ മുന്‍പിലാരെന്ന മത്സരം രാജ്യവ്യാപകമായി  രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ മുറുകുമ്പോഴാണ് കാളി ഡോക്യുമെന്‍ററിയെ കുറിച്ചുള്ള പാര്‍ട്ടി എംപി മഹുവ മൊയ്ത്രയുടെ  അഭിപ്രായ പ്രകടനം തൃണമൂലിനെ വെട്ടിലാക്കിയിരിക്കുന്നത്. 

ഒരു ടെലിവിഷന്‍ ഷോയില്‍ മഹുവ നടത്തിയ അഭിപ്രായ പ്രകടനം തീ പോലെ പടര്‍ന്നു. കാളിയെന്നാല്‍ മാസം തിന്നുകയും, മദ്യം കുടിക്കുകയും ചെയ്യുന്ന ദേവിയായി വ്യക്തികള്‍ക്ക് കാണാമെന്നാണ് മഹുവ പറഞ്ഞു വച്ചത്. ആരാധനയുടെ ഭാഗമായി പല സംസ്ഥാനങ്ങളിലും കാളി ദേവിക്ക് മദ്യം നിവേദിക്കുന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു അഭിപ്രായ പ്രകടനം. വാളെടുക്കാന്‍ കാത്ത് നിന്നവര്‍ക്ക് മഹുവയുടെ വാക്കുകള്‍ ധാരാളമായിരുന്നു. ഇതുവരെ ആറ് സംസ്ഥാനങ്ങളില്‍ അവര്‍ക്കെതിരെ കേസെടുത്ത് കഴിഞ്ഞു. 

പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാകാത്ത മഹുവ ബിജെപിയോട് വിരട്ടാന്‍ നോക്കേണ്ടെന്നും നിങ്ങളുടെ ട്രോളുകളെയും, വിവരക്കേടിനെയും ഭയക്കുന്നില്ലെന്നും തുറന്നടിച്ചു. ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകാത്ത മഹുവയുടെ പ്രതികരണം പക്ഷേ തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. പാര്‍ട്ടിയുടെ നിലപാടല്ലെന്നും, വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളുടെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്നും തൃണമൂല്‍ കൈകഴുകി.

 

മഹുവയുടെ പരാമര്‍ശങ്ങള്‍ മമത ബാനര്‍ജിയേയും വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. കഴി‍ഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി അഴിച്ചുവിട്ട ഹിന്ദു വിരുദ്ധയെന്ന ആക്ഷേപം മറികടക്കാന്‍ മമത ബാനര്‍ജി ശ്രമിക്കുന്നതിനിടെയാണ് പാര്‍ട്ടിയെ കൂടി വെട്ടിലാക്കിയുള്ള മഹുവയുടെ നിലപാട്.  പേരുദോഷം മറികടക്കാന്‍ പിന്നീട് നടന്ന ഗോവ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി കാളി മന്ത്രം ചൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോഴാണ് എത്രത്തോളം മുഖം മിനുക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് വ്യക്തമാകുന്നത്. അത്തരമൊരു ഘട്ടത്തിലാണ് ഇപ്പോള്‍ ഇടിത്തീ പോലെ മഹുവ മൊയ്ത്രയുടെ വാക്കുകള്‍ തൃണമൂലില്‍ വന്ന് വീണിരിക്കുന്നത്. അത് മമതയും മഹുവയും തമ്മില്‍ നിലവിലുള്ള ബന്ധത്തിലെ വിള്ളല്‍ കൂട്ടുകയേയുള്ളൂ. 

കോണ്‍ഗ്രസില്‍ നിന്ന് തൃണമൂലിലെത്തിയ മഹുവ മൊയ്ത്ര ചുരുങ്ങിയ കാലം കൊണ്ട് മമതയുടെ വിശ്വസ്തയായി മാറിയിരുന്നു. ആ ബലത്തിലാണ് 2019ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ നാദിയ ജില്ലയുടെ ചുമതല പൂര്‍ണ്ണമായും മമത മഹുവയെ ഏല്‍പിച്ചത്. എന്നാല്‍ അതുവരെ അരങ്ങ് വാണിരുന്ന നേതാക്കള്‍ക്ക് ആ നീക്കം രസിച്ചില്ല. കൂടിയാലോചന ഇല്ലാതെ മഹുവ തീരുമാനങ്ങളെടുക്കുന്നുവെന്ന വിമര്‍ശനവുമായി  ഉജ്ജല്‍ ബിശ്വാസ്, ജയന്ത് സാഹ, നരേഷ് സാഹ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മഹുവയുടെ നീക്കങ്ങള്‍ക്ക് തടയിട്ടു. 

ഒരു പരിധിവരെ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. മഹുവയെ വേദിയിലിരുത്തി വ്യക്തികളല്ല പാര്‍ട്ടിയാണ് വലുതെന്ന് മമത ബാനര്‍ജിയെ കൊണ്ട് പറയിക്കുന്നതില്‍ വരെ കാര്യങ്ങളെത്തി. അന്ന് മുതല്‍ ഇരുവരും അകന്ന് തുടങ്ങി. ഗോവ തെര‍ഞ്ഞെടുപ്പ് കാലത്ത് ചുമതല നല്‍കി മഹുവയെ അവിടേക്ക് അയച്ചതും അത്ര നല്ല ഉദ്ദേശ്യത്തോടെയല്ലായിരുന്നുവെന്നാണ് കേട്ടത്. കാര്യമായി അവിടെ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത് മഹുവയുടെ വീഴ്ചയായി പാര്‍ട്ടിയിലെ ശത്രുക്കള്‍ എണ്ണി. പാര്‍ലമെന്‍റില്‍ മുതിര്‍ന്ന നേതാക്കളെ അനുസരിക്കുന്നില്ലെന്ന പരാതിയും മഹുവയുമായുള്ള മമതയുടെ ബന്ധത്തിലെ കല്ലുകടിയായി. 

Read More : കാളീദേവിയെക്കുറിച്ച് വിവാദപരാമർശം; മഹുവ മൊയിത്രക്കെതിരെ കേസെടുത്തു

ഇതാദ്യമായല്ല മഹുവ മൊയ്ത്രയുടെ പ്രസ്താവനകള്‍ വിവാദമാകുന്നത്. ജുഡീഷ്യറി  വിശുദ്ധ പശുവല്ലെന്നും, സുപ്രീംകോടതി ചീഫ് ജസ്റ്റിസെനെതിരെ എന്ന് പീഡന പരാതി ഉയര്‍ന്നോ അന്ന് മുതല്‍ അന്ന് മുതല്‍ ജുഡീഷ്യറിയുടെ പരിശുദ്ധി നഷ്ടപ്പെട്ടുവെന്നും പാര്‍ലമെന്‍റില്‍ മഹുവ തുറന്നടിച്ചത് ഭരണ പ്രതിപക്ഷങ്ങളെ ഒരു പോലെ ഞെട്ടിച്ചിരുന്നു. ആ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് മാറ്റിയെങ്കിലും ഒരിക്കലും ഖേദം പ്രകടിപ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.മാധ്യമപ്രവര്‍ത്തകര്‍ക്ക് രണ്ട് പൈസയുടേ മൂല്യമേയുള്ളൂവെന്ന പ്രസ്താവനക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. എതിര്‍പ്പിനെ മറികടക്കാന്‍ അന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ മഹുവയെ പരസ്യമായി തള്ളി പറഞ്ഞു. കാളി വിവാദം കത്തുമ്പോള്‍ പാര്‍ട്ടി ഒന്നടങ്കം മഹുവക്കെതിരാണ്. പശ്ചിമബംഗാളിനപ്പുറം കടക്കാനും പ്രതിപക്ഷ ഐക്യത്തിനുമൊക്കെ ശ്രമിക്കുന്ന പാര്‍ട്ടി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്.

click me!