മധ്യവയസ്‌കരായ സ്‌പോണ്‍സര്‍മാര്‍ക്ക് ഒപ്പം നന്ദി പ്രകടപ്പിക്കാനായിയിരുത്തിയെന്നും ലൈംഗികതൊഴിലാളിയെപ്പോലെ തോന്നിച്ചുവെന്നുമടക്കം മില്ല ആരോപിച്ചിരുന്നു. 

ഹൈദരാബാദ്: ഹൈദരാബാദ് നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ മിസ് ഇംഗ്ലണ്ട് മില്ല മാഗി ഉന്നയിച്ച ആരോപണങ്ങൾ തള്ളി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. മിസ് ഇംഗ്ലണ്ടിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചീഫ് സെക്രട്ടറി ജയേഷ് രഞ്ജൻ തെലങ്കാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സ്പോൺസർമാരുടെ ഒപ്പം അവരെ സന്തോഷിപ്പിക്കാൻ ഇരുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൗമഹല്ല കൊട്ടാരത്തിൽ മെയ് 13-ന് നടത്തിയ പരിപാടിയെക്കുറിച്ചാണ് മില്ല ആരോപണമുന്നയിച്ചത്.

ഷോപീസുകളെ പോലെയാണ് മത്സരാര്‍ഥികളെ കൈകാര്യം ചെയ്യുന്നതെന്നും മത്സരാര്‍ഥികളെ വില്‍പന വസ്തുക്കളായാണ് സംഘാടകര്‍ കരുതുന്നതെന്നും മില്ല ആരോപിച്ചിരുന്നു. മധ്യവയസ്‌കരായ സ്‌പോണ്‍സര്‍മാര്‍ക്ക് ഒപ്പം നന്ദി പ്രകടപ്പിക്കാനായിയിരുത്തിയെന്നും ലൈംഗികതൊഴിലാളിയെപ്പോലെ തോന്നിച്ചുവെന്നുമടക്കം മില്ല ആരോപിച്ചിരുന്നു. എന്നാൽ 
അന്ന് മില്ലയുടെ ഒപ്പം ഇരുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനും ഭാര്യയും മരുമകളും മറ്റൊരു സ്ത്രീയുമാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഒരു പുരുഷനും മൂന്ന് സ്ത്രീകളുമായിരുന്നു മില്ലയുടെ ഒപ്പം ഇരുന്നത്. ഭാര്യയുടെയും മരുമകളുടെയും മുന്നിൽ വച്ച് ഇദ്ദേഹം മോശമായി പെരുമാറുമെന്നത് അവിശ്വസനീയമാണ്. മില്ലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റെല്ലാ മത്സരാർത്ഥികളുമായും സംസാരിച്ചു. മറ്റാർക്കും ഇത്തരമൊരു ആരോപണമുണ്ടായിരുന്നില്ല എന്നും വ്യക്തിപരമായ കാരണങ്ങളാൻ പിൻമാറുന്നുവെന്നാണ് മില്ല പറഞ്ഞതെന്നുംചീഫ് സെക്രട്ടറി ജയേഷ് രഞ്ജൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഏഴിന് ഹൈദരാബാദില്‍ എത്തിയ 24 വയസുകാരിയായ മില്ല 16-നാണ് യു.കെയിലേക്ക് മടങ്ങിയത്. മത്സരത്തിന്റെ 74 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിയാണ് മിസ് ഇംഗ്ലണ്ട് കിരീടം നേടിയ മത്സരാര്‍ഥി കിരീടത്തിനായി മത്സരിക്കാതെ പിന്മാറുന്നത്. ഈ മാസം ഏഴ് മുതല്‍ 31 വരെയാണ് ഹൈദരാബാദില്‍ മിസ് വേള്‍ഡ് മത്സരം നടക്കുന്നത്. 31-ന് ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് ഫിനാലെ നടക്കുന്നത്.