
താനെ: കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയതിന് ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. സംഭവത്തെ മനഃപൂർവ്വം ആസൂത്രണം ചെയ്ത കൊലപാതകം എന്നാണ് കോടതി വിശേഷിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 71 വയസുകാരനായ ശോഭ്‌നാഥ് രാജേശ്വർ ശുക്ലക്കെതിരെയാണ് വിധി വന്നിരിക്കുന്നത്. അഡീഷണൽ സെഷൻസ് ജഡ്ജി വി എൽ ഭോസാലെയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവിന് പുറമേ 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
2019 നവംബർ 8 നാണ് താനെ നഗരത്തിലെ വാഗലെ എസ്റ്റേറ്റ് പ്രദേശത്തെ വീട്ടിൽ വച്ച് ശാരദ എന്ന സ്ത്രീ മരിച്ചത്. ഇതിനു ശേഷം പ്രതി മക്കളിലൊരാലെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ മൃതശരീരത്തിൽ കഴുത്തിലായി സംശയം തോന്നിപ്പിക്കുന്ന വിധത്തിൽ മുറിപ്പാടുകളും, അതിനു ചുറ്റും മരുന്നു പുരട്ടിയിരിക്കുന്നതും മകന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പിന്നീട് ശാരദയുടെ മരണം ശ്വാസംമുട്ടൽ മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ കണ്ടെത്തി. അതേ സമയം ഇരുവർക്കുമിടയിലെ കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കടക്കമെത്തിച്ചതെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ പി പാട്ടീൽ കോടതിയെ അറിയിച്ചു.
ആദ്യ വിവാഹത്തിൽ മൂന്ന് ആൺമക്കളുള്ള വിധവയായ ശാരദ ശോഭനാഥിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ, ശാരദയുടെ ആദ്യ ഭർത്താവിന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ച് നിർമ്മിച്ച ഒരു മുറിയെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കമുണ്ടായിരുന്നു. തന്റെ വിഹിതം ഇളയ മകന് കൈമാറണമെന്ന് ശാരദയും, അശോകിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ശോഭനാഥും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെ, 2019 ജൂണിൽ ശാരദ കിടപ്പിലായെന്നും, പരിചരണത്തിനായി ശോഭനാഥിനെ പൂർണ്ണമായും ആശ്രയിക്കേണ്ടി വന്നെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
അതേ സമയം ശാരദയുടെ മക്കളായ വിശാൽ, അമോൽ യാദവ് എന്നിവരുൾപ്പെടെയുള്ള സാക്ഷികൾ ശോഭനാഥ് ശാരദയെ ഇടക്ക് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും മൊഴി നൽകി. എന്നാൽ ഇത് ആത്മഹത്യയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ സന്ദീപ് യെവാലെ വാദിച്ചു.