Web Desk   | Asianet News
Published : Nov 09, 2020, 05:53 PM ISTUpdated : Mar 22, 2022, 07:27 PM IST

LIVE: ബിഹാറിൽ വോട്ടെണ്ണല്‍ പൂര്‍ത്തിയായി; കേവല ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തിലേക്ക്

Summary

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ തത്സമയം വിവരങ്ങള്‍ അറിയാം.

55 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 56.19 ശതമാനം പോളിംഗാണ് മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയർന്ന പോളിംഗ് ശതമാനം ഇക്കുറി രേഖപ്പെടുത്തിയത് അനുകൂലമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ എൻഡിഎ സംഖ്യം ഭരണത്തുടർച്ച തേടുമ്പോള്‍ തേജസ്വി യാദവിന്‍റെ നേതൃത്വത്തില്‍ മഹാസഖ്യം അട്ടിമറിയാണ് ലക്ഷ്യമിടുന്നത്. മഹാ സഖ്യത്തിന് വലിയ ഭൂരിപക്ഷമാണ് ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിട്ടുള്ളത്. എന്നാല്‍ എക്സിറ്റ് പോൾ ഫലങ്ങളെ എന്‍ഡിഎ തള്ളിക്കളഞ്ഞിട്ടുണ്ട്

09:52 AM (IST) Nov 11

നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു

നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു. പാർട്ടി തീരുമാനം അതെന്ന് സംസ്ഥാന അധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ്. നിതീഷ് കുമാർ വ്യക്തിമാത്രമല്ല പാർട്ടി നേതാവ് കൂടിയാണ്. മുന്നണിയിൽ സീറ്റ് കുറഞ്ഞത് മുഖ്യമന്ത്രി സ്ഥാനത്തിന് തടസമല്ല. ധാർമ്മികതയെന്നത് ചോദ്യമല്ലെന്നും വസിഷ്ഠ് നാരായൺ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട്.

07:36 AM (IST) Nov 11

വോട്ടെണ്ണൽ ക്രമക്കേടെന്ന് ആരോപണം; മഹാസഖ്യം കോടതിയിലേക്ക്

വോട്ടെണ്ണൽ ക്രമക്കേട് ആരോപണവുമായി കോടതിയെ സമീപിക്കാൻ മഹാസഖ്യം. പറ്റ്ന ഹൈക്കോടതിയെയോ, സുപ്രീംകോടതിയേയോ സമീപിക്കാനാണ് ആലോചന. നിയമവിദഗ്ധരുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് ആർജെഡി പ്രതികരണം.

05:05 AM (IST) Nov 11

എതിരാളികളെ അപ്രസക്തമാക്കിയ വിജയം; ബിഹാറും പിടിച്ച് ബിജെപി

ബിഹാറില്‍ ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും നിഴലില്‍ നിന്ന് മുക്തി നേടി ബിജെപി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി മാറി ജെഡിയുവിനെയും നിതീഷിനെയും അപ്രസക്തമാക്കുന്ന വിജയമാണ് ബിജെപി നേടിയത്. 2015ല്‍ ജെഡിയുവിന്റെ സഹായമില്ലാതെ തന്നെ 53 സീറ്റില്‍ വിജയിച്ച് കരുത്ത് കാട്ടിയ ബിജെപി, ഇക്കുറി 74 സീറ്റുകള്‍ നേടി ആര്‍ജെഡിക്ക് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചു...
Read more... http://www.asianetnews.com/india-news/bihar-election-result-bjp-makes-large-victory-qjlrac

04:43 AM (IST) Nov 11

വോട്ടെണ്ണല്‍ പൂര്‍ത്തിയായത് 20 മണിക്കൂറിന് ശേഷം

ചൊവ്വാഴ്‍ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ബുധനാഴ്‍ച പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടപടികള്‍ മുന്നോട്ടുപോകുന്നതിനാലാണ് വോട്ടെണ്ണല്‍ വൈകുന്നതെന്നും അതുകൊണ്ടുതന്നെ അന്തിമ ഫലം വൈകുമെന്നും ചൊവ്വാഴ്‍ച തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്‍തു. 

04:11 AM (IST) Nov 11

വോട്ടെണ്ണല്‍ പൂര്‍ത്തിയായി; കേവല ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തിലേക്ക്

എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാവുമ്പോള്‍ കേവല ഭൂരിപക്ഷം നേടി എന്‍ഡിഎ ബിഹാറില്‍ അധികാരത്തിലേക്ക്. 125 സീറ്റുകളില്‍ എന്‍ഡിഎയും 110 സീറ്റുകളില്‍ മഹാസഖ്യവും വിജയിച്ചു. എല്‍.ജെ.പി അടക്കമുള്ള മറ്റുള്ളവര്‍ എട്ട് മണ്ഡലങ്ങളില്‍ വിജയിച്ചു. 75 സീറ്റുകളില്‍  വിജയിച്ച ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി 74 സീറ്റുകളില്‍ ജയിച്ചതോടെ രണ്ടാമത്തെ വലിയ കക്ഷിയായി. അന്തിമ കക്ഷി നില ഇങ്ങനെ...

03:58 AM (IST) Nov 11

ഇനി ഫലം വരാനുള്ളത് ഒരു മണ്ഡലത്തില്‍ മാത്രം

242 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചു. ഇനി ഒരു മണ്ഡലത്തിലെ അന്തിമ ഫലം മാത്രമാണ് പുറത്തുവരാനുള്ളത്. ഇവിടെ ജെ.ഡി.യു ലീഡ് ചെയ്യുകയാണ്.

03:51 AM (IST) Nov 11

ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷി

243ല്‍ 241 സീറ്റുകളിലും ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡി തന്നെ. 75 സീറ്റുകളിലാണ് ആര്‍ജെഡി വിജയിച്ചത്. ബിജെപി 73 സീറ്റുകളില്‍ വിജയിക്കുകയും ഒരു സീറ്റില്‍ ലീഡ് ചെയ്യുകയുമാണ്. ജെഡിയുവാണ് ഇനി ഫലം വരാനുള്ള മറ്റൊരു സീറ്റില്‍ ലീഡ് ചെയ്യുന്നത്.

03:36 AM (IST) Nov 11

കേവല ഭൂരിപക്ഷം ഉറപ്പിച്ച് എൻഡിഎ

കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളില്‍ വിജയിച്ച് എന്‍ഡിഎ. ഇതുവരെ ഫലം പ്രഖ്യാപിച്ച 122 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചു. ഇനി ഫലം വരാനുള്ളത് ബിജെപിയും ജെഡിയുവും ലീഡ് ചെയ്യുന്ന ഒരോ മണ്ഡലങ്ങളിൽ മാത്രം

02:50 AM (IST) Nov 11

മോദിയുടെ കഠിനാധ്വാനത്തിന്റെ വിജയമെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഠിനാധ്വാനത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെും വിജയമാണ് ബിഹാറിലേതെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ പറഞ്ഞു. ബിഹാറിലെ ജനങ്ങളോട് നന്ദി പറയുന്നു. 'ഡബിള്‍ യുവരാജിനെ' തള്ളി, 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാറിനെ ജനങ്ങള്‍ തെരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

02:27 AM (IST) Nov 11

ആര്‍ജെഡിയും ബിജെപിയും തമ്മില്‍ ഒരു സീറ്റിന്റെ മാത്രം വ്യത്യാസം

എന്‍ഡിഎ വ്യക്തമായ ലീഡോടെ അധികാരത്തിലെത്തുമെന്ന് ഉറപ്പായെങ്കിലും ഇപ്പോഴും ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായി തുടരുകയാണ്. നിലവില്‍ 74 സീറ്റുകളില്‍ വിജയിച്ച ആര്‍ജെഡി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുമുണ്ട്. ബിജെപി 71 സീറ്റുകളില്‍ വിജയിക്കുകയും മൂന്നിടങ്ങളില്‍ ലീഡ് ചെയ്യുകയുമാണ്. ആറ മണ്ഡലങ്ങളിലെ ഫലമാണ് ഇനി പുറത്തുവരാനുള്ളത്.

02:01 AM (IST) Nov 11

ഫലം വരാനുള്ള നാല് മണ്ഡലങ്ങളില്‍ ബിജെപിക്ക് ലീഡ്

ഇനി ഫലം വരാനുള്ള ഏഴ് മണ്ഡലങ്ങളില്‍ നാലെണ്ണത്തിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. രണ്ടിടങ്ങളില്‍ ജനതാദള്‍ യൂണൈറ്റഡും ഒരു മണ്ഡലത്തില്‍ ആര്‍ജെഡിയും ലീഡ് ചെയ്യുന്നു.

01:41 AM (IST) Nov 11

234 മണ്ഡലങ്ങളിലെ ഫലമായി

ഇനി ഒന്‍പത് മണ്ഡലങ്ങളിലെ ഔദ്യോഗിക ഫലപ്രഖ്യാപനം മാത്രമാണ് പുറത്തുവരാനുള്ളത്. ലീഡ് നില ഇങ്ങനെ...

01:26 AM (IST) Nov 11

ഇനി പ്രഖ്യാപിക്കാനുള്ളത് 13 മണ്ഡലങ്ങളിലെ ഫലം

ആകെയുള്ള 243 മണ്ഡലങ്ങളില്‍ 230 എണ്ണത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തി. ഇനി 13 മണ്ഡലങ്ങളിലെ ഫലം മാത്രമാണ് പുറത്തുവരാനുള്ളത്. ഇതില്‍ ആറിടങ്ങളില്‍ ബിജെപിയും മൂന്ന് സീറ്റുകളില്‍ വീതും ജെഡിയുവും ആര്‍ജെഡിയും ഒരിടത്ത് കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്.

01:09 AM (IST) Nov 11

ഒരു മണിക്കൂറിനുള്ളില്‍ എല്ലാ മണ്ഡലങ്ങളിലെയും ഫലം

20 മണ്ഡലങ്ങളിലെ ഫലം മാത്രമാണ് ഇനി പുറത്തുവരാനുള്ളതെന്നും അവ ഉടനെ പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 മണ്ഡലങ്ങളിലാണ് ഇപ്പോഴും വോട്ടെണ്ണുന്നത്. മൂന്ന് മണ്ഡലങ്ങളില്‍ മറ്റ് നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.

01:01 AM (IST) Nov 11

ലീഡ് മെച്ചപ്പെടുത്തി എന്‍ഡിഎ

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക്  കടന്നിരിക്കെ ലീഡ് മെച്ചപ്പെടുത്തി എന്‍ഡിഎ. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഒരു സീറ്റില്‍ കൂടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇപ്പോള്‍ ലീഡ് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ലീഡ് നില ഇങ്ങനെ...
എന്‍ഡിഎ - 125
മഹാസഖ്യം - 110
മറ്റുള്ളവര്‍ - 8

12:55 AM (IST) Nov 11

ഇടതുപാര്‍ട്ടികളെ എഴുതിത്തള്ളാനാവില്ലെന്ന് യെച്ചൂരി

ഇടത് പാർട്ടികളെ എഴുതിത്തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ബിഹാറിലേതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കൂടൂതൽ സീറ്റുകൾ നൽകിയിരുന്നെങ്കിൽ വിജയിക്കാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകള്‍ വീതമാണ് നേടിയത്. സിപിഐഎംഎല്‍ 10 സീറ്റുകളില്‍ വിജയിക്കുകയും രണ്ടിടങ്ങളില്‍ ഇപ്പോഴും ലീഡ് ചെയ്യുകയുമാണ്.

12:51 AM (IST) Nov 11

ഇനി ഫലം വരാനുള്ളത് 23 മണ്ഡലങ്ങളില്‍ മാത്രം

വോട്ടെണ്ണല്‍ പൂര്‍ത്തിയായ 220 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചു. ഇനി 23 മണ്ഡലങ്ങളിലാണ് ഫലം പുറത്തുവരാനുള്ളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പാര്‍ട്ടികളുടെ ലീഡ് നില ഇങ്ങനെ...

12:47 AM (IST) Nov 11

വോട്ടു വിഹിതം ഉയർത്തി, വീണ്ടും ജനങ്ങൾക്കൊപ്പമെന്ന് ചിരാഗ്

ബീഹാറിലെ ജനങ്ങൾക്ക് നന്ദിയെന്ന് ലോക് ജന്‍ ശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാൻ. ആരുടെയും സഹായമില്ലാതെയാണ് മത്സരിച്ചത്. വോട്ടു വിഹിതം ഉയർത്തി. വീണ്ടും ജനങ്ങൾക്കൊപ്പമെന്നും അദ്ദേഹം പറഞ്ഞു.

12:27 AM (IST) Nov 11

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെങ്കില്‍ സുപ്രീം കോടതിയിലേക്ക്

ഫലം അട്ടിമറിക്കുന്നെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ മഹാസഖ്യത്തിന്റെ തീരുമാനം. പത്ത് മണ്ഡലങ്ങളിലാണ് അട്ടിമറി ആരോപിക്കുന്നത്. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ വിജയികളായ സ്ഥാനാര്‍ത്ഥിക്ക് കൈകൊടുത്ത് പിരിഞ്ഞ ഉദ്യോഗസ്ഥര്‍, പിന്നീട് ഫോണില്‍ വിളിച്ച്, അന്തിമഫലം വന്നിട്ടില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് ആരോപണം. മൂന്നിടങ്ങളില്‍ റിപോളിങ് വേണമെന്ന് സി.പി.ഐ.എം.എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

12:20 AM (IST) Nov 11

എത്രയും വേഗം ഗവര്‍ണറെ കാണാന്‍ എന്‍.ഡി.എ

തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമായ മുന്‍തൂക്കം ലഭിച്ചതോടെ ഫലപ്രഖ്യാനം വന്നാലുടന്‍ സര്‍ക്കാര്‍ രൂപീകരണ അവകാശവാദവുമായി ഗവര്‍ണറെ കാണാന്‍ എന്‍.ഡി.എയുടെ തീരുമാനം. ഇതിനായുള്ള ത്വരിത നടപടികള്‍ പുരോഗമിക്കുകയാണ്. മുന്‍ധാരണ പ്രകാരം നിതീഷ് കുമാറിര്‍ തന്നെ മുഖ്യമന്ത്രിയാകും. 

12:15 AM (IST) Nov 11

ഒരു മണിക്ക് വാര്‍ത്താസമ്മേളനം

ബിഹാറില്‍ രാത്രി ഒരു മണിക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിലവില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലാണ്. ആകെയുള്ള 243 മണ്ഡലങ്ങളില്‍ 205 ഇടങ്ങളിലും അന്തിമഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

12:11 AM (IST) Nov 11

വികസനത്തിന് വേണ്ടി വോട്ട് ചെയ്‍തെന്ന് മോദി

ബിഹാറിലെ ജനങ്ങള്‍ വികസനത്തിന് വേണ്ടി വോട്ട് ചെയ്‍തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. സ്ത്രീകളും യുവാക്കളും എന്‍.ഡി.എക്ക് പിന്തുണ നല്‍കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനമായ ആത്മനിര്‍ഭര്‍ ബിഹാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

11:55 PM (IST) Nov 10

ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോദിയും അമിത് ഷായും

ബിഹാറിന് പുതിയ ദശാബ്‍ദമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു. ബിഹാറിലെ ജനങ്ങളുടെ വിജയമാണെന്നും എന്‍ഡിഎ മുന്നോട്ടുവെച്ച വികസനത്തിന്റെ മുദ്രാവാക്യങ്ങള്‍ ബിഹാറിലുടനീളം ജനങ്ങള്‍ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു.

11:49 PM (IST) Nov 10

194 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് 194 മണ്ഡലങ്ങളിലെ ഫലമാണ്. 

11:41 PM (IST) Nov 10

വിജയം അവകാശപ്പെട്ട് അമിത് ഷാ

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വിജയം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ ജനങ്ങളുടെ വിജയമാണെന്നും എന്‍ഡിഎ മുന്നോട്ടുവെച്ച വികസനത്തിന്റെ മുദ്രാവാക്യങ്ങള്‍ ബിഹാറിലുടനീളം ജനങ്ങള്‍ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു.
 

11:26 PM (IST) Nov 10

ഭരിക്കാനുള്ള ഭൂരിപക്ഷമായെന്ന് എന്‍ഡിഎ; സ്ത്രീകളുടെ വോട്ട് തുണയായി

ബിഹാറില്‍ ജയിക്കാനുള്ള ഭൂരിപക്ഷമായെന്ന് എന്‍ഡിഎ നേതാക്കള്‍. വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതായും ബിജെപി അറിയിച്ചു. സ്ത്രീകളുടെ വോട്ട് തങ്ങള്‍ക്ക് അനുകൂലമായെന്നാണ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

11:13 PM (IST) Nov 10

ലീഡ് ഉയര്‍ത്തി എന്‍ഡിഎ

ബിഹാറില്‍ എന്‍ഡിഎ ലീഡ് നില മെച്ചപ്പെടുത്തുന്നു. 124 സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഇതിന് പുറമെ എല്‍ജെപിക്ക് ഒരു സീറ്റും ലഭിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലെ ലീഡ് നില ഇങ്ങനെ...

എന്‍ഡിഎ - 124
മഹാസഖ്യം - 111
മറ്റുള്ളവര്‍ - 8 

11:07 PM (IST) Nov 10

തോൽക്കുമ്പോഴുള്ള സ്ഥിരം പരിപാടിയെന്ന് ബിജെപി

വോട്ടെണ്ണലിൽ ക്രമക്കേടെന്ന ആർജെഡി ആരോപണം തള്ളി ബിജെപി.  തോൽക്കുമ്പോഴുള്ള സ്ഥിരം പരിപാടിയാണിതെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ. അതേസമയം ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച്  നിതീഷ് കുമാറിനെതിരെ ആർജെഡി പ്രവർത്തകർ പ്രതിഷേധിക്കുകയാണിപ്പോള്‍.

10:58 PM (IST) Nov 10

എല്‍ജെപിക്ക് ഒരു സീറ്റ്

ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി ഒരു സീറ്റില്‍ വിജയിച്ചു. മട്ടിഹാനി മണ്ഡലത്തിലാണ് ജെ.ഡി.യു സ്ഥാനാര്‍ത്ഥിയെ എല്‍.ജെ.പി തോല്‍പ്പിച്ചത്. 

10:45 PM (IST) Nov 10

അട്ടിമറി ആരോപണം; നിതീഷ് കുമാറിനെതിരെ പ്രതിഷേധം

ബിഹാറില്‍ നിതീഷ് കുമാറിനെതിരെ ആർ.ജെ.ഡി പ്രവർത്തകർ പ്രതിഷേധിക്കുന്നു. . തേജസ്വിയുടെ വീടിന് മുന്നിലാണ് മുദ്രാവാക്യവുമായി പ്രവർത്തകർ അണിനിരന്നത്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമക്കുന്നുവെന്നാണ് ആക്ഷേപം.

10:35 PM (IST) Nov 10

ലീഡ് നില ഇങ്ങനെ...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും ഒടുവിലത്തെ ലീഡ് നില ഇങ്ങനെ

10:24 PM (IST) Nov 10

90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞു; 159 മണ്ഡലങ്ങളിലെ ഫലമായി

ബിഹാറില്‍ ഇതുവരെ 90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞു. 159 മണ്ഡലങ്ങളില്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ലീഡ് നില ഇങ്ങനെ...

10:18 PM (IST) Nov 10

സമ്മര്‍ദമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടെണ്ണലില്‍ തങ്ങള്‍ക്കുമേല്‍ സമ്മർദ്ദമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റീ കൗണ്ടിങ് സംബന്ധമായ പരാതികൾ പരിശോധിച്ചു വരികയാണെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് മഹാസഖ്യത്തിലെ കക്ഷികളായ കോൺഗ്രസും ആർജെഡിയും സിപിഐ എംഎലും ലിബറേഷനും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് വ്യക്തമാക്കിയിരുന്നു.

09:46 PM (IST) Nov 10

തീരുമാനം പിന്നീടെന്ന് ഒവൈസി

ബിഹാർ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമായി മാറിയിരിക്കുകയാണ് എഐഎംഐഎം. ഇപ്പോഴത്തെ സാഹചര്യത്തിൽ ശക്തമായ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഒവൈസി ആർജെഡിക്കൊപ്പം സർക്കാർ രൂപീകരിക്കുമോയെന്ന ചോദ്യത്തിന് തീരുമാനം പിന്നീടെന്ന് മറുപടി നൽകി. ഔദ്യോഗിക ഫലപ്രഖ്യാപനം വന്ന ശേഷമേ തീരുമാനിക്കൂവെന്നാണ് ഒവൈസി പറയുന്നത്.

09:41 PM (IST) Nov 10

തെരഞ്ഞെടുപ്പ് ക്രമക്കേടെന്ന് മഹാസഖ്യം

തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നെന്ന് ആരോപിച്ച് മഹാസഖ്യത്തിലെ കക്ഷികളായ കോൺഗ്രസും ആർജെഡിയും സിപിഐ എംഎൽ ലിബറേഷനും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

09:40 PM (IST) Nov 10

ജയിച്ച സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് കോൺഗ്രസും

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ അട്ടിമറി ആരോപണവുമായി കോൺഗ്രസും രംഗത്തെത്തി. ജയിച്ച സ്ഥാനാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ റിട്ടേണിങ് ഓഫീസർ വിസമ്മതിക്കുന്നുവെന്നാണ് ആരോപണം.

09:38 PM (IST) Nov 10

119 സീറ്റ് ജയിച്ചെന്ന് ആർജെഡി

മഹാസഖ്യം ബിഹാറിൽ 119 സീറ്റിൽ വിജയിച്ചെന്ന് ആർജെഡി. വോട്ടെണ്ണി കഴിഞ്ഞപ്പോൾ വിജയിക്ക് കൈ കൊടുത്ത് അഭിനന്ദിച്ച റിട്ടേണിങ് ഓഫീസർ പിന്നീട് സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാണ് ആരോപണം. തങ്ങൾ ജയിച്ചെന്ന് അവകാശപ്പെടുന്ന 119 സീറ്റുകളുടെ പട്ടിക പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ വഴി പുറത്തുവിട്ടു

09:30 PM (IST) Nov 10

മൂന്ന് സീറ്റുകളിൽ റീ കൗണ്ടിങ് ആവശ്യപ്പെട്ട് ഇടതുപാർട്ടി

വളരെ ചുരുങ്ങിയ ലീഡിൽ പരാജയപ്പെട്ട മൂന്ന് സീറ്റുകളിൽ റീ കൗണ്ടിങ് ആവശ്യപ്പെട്ട് സിപിഐ എംഎൽ രംഗത്ത്. ഭോറെ, ആറ, ദറൗന്ത മണ്ഡലങ്ങളിലാണ് ഈ ആവശ്യം. മുൻ എഡിജിപി സുനിൽ കുമാറാണ് ഭോറെയിലെ ജെഡിയു സ്ഥാനാർത്ഥി. 103 വോട്ടിന്റെ ലീഡിന് ഇദ്ദേഹം വിജയിച്ചെന്നാണ് ഫലം. പ്രദേശത്തെ ജെഡിയു എംപി വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വന്നത് വോട്ടെണ്ണൽ അട്ടിമറിക്കാനാണെന്ന് പാർട്ടി ആരോപിക്കുന്നു.

09:25 PM (IST) Nov 10

മതിഹനിയിൽ വീണ്ടും ലീഡെടുത്ത് സിപിഎം

ശക്തമായ ത്രികോണ മത്സരമാണ് ബിഹാറിലെ മതിഹനി മണ്ഡലത്തിൽ നടന്നത്. എൻഡിഎയിൽ ജെഡിയുവിനും എൽജെപിക്കും വ്യക്തമായ ആധിപത്യമുള്ള മണ്ഡലത്തിൽ മഹാസഖ്യത്തിന്റെ ഭാഗമായാണ് സിപിഎം നേതാവ് ഡോ രാജേന്ദ്ര പ്രസാദ് യാദവ് മത്സരിച്ചത്. എൻഡിഎ വിട്ട എൽജെപി സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയതോടെ മത്സരം കടുക്കുമെന്ന് ഉറപ്പായിരുന്നു. 36 റൗണ്ടിൽ 30 റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ സിപിഎം സ്ഥാനാർത്ഥി 1519 വോട്ടിന് മുന്നിലാണ്. ഇദ്ദേഹത്തിന് 52847 വോട്ടും ജെഡിയു സ്ഥാനാർത്ഥി നരേന്ദ്ര കുമാർ സിങിന് 51328 വോട്ടും എൽജെപി സ്ഥാനാർത്ഥി രാജ്‌കുമാർ സിങിന് 47513 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്.

09:18 PM (IST) Nov 10

നന്ദിയുണ്ടെന്ന് ഒവൈസി

ബിഹാറിലെ ജനങ്ങൾക്ക് നന്ദിയെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു