Published : Apr 05, 2020, 10:39 AM ISTUpdated : Mar 22, 2022, 05:46 PM IST

മഹാമാരിയില്‍ ലോകത്ത് മരണം 68000 കവിഞ്ഞു; കൊവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യദീപം തെളിയിച്ച് ഇന്ത്യന്‍ ജനത|Live

Summary

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ വിളക്കേന്തി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ വിളക്കുകൾ അണച്ചു ആരോഗ്യപ്രവർത്തകർക്കായി വിളക്കു കൊളുത്തി

മഹാമാരിയില്‍ ലോകത്ത് മരണം 68000 കവിഞ്ഞു; കൊവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യദീപം തെളിയിച്ച് ഇന്ത്യന്‍ ജനത|Live

11:19 PM (IST) Apr 05

ലോകത്ത് മരണ സംഖ്യ 68000 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 68000 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്

11:17 PM (IST) Apr 05

ലോക്ക് ഡൗണിനിടെ മദ്യഷോപ്പിൽ കവർച്ച

ലോക്ക് ഡൗണിനിടെ തെലങ്കാനയിലെ ഗാന്ധിനഗറിലുള്ള മദ്യഷോപ്പിൽ വൻ മോഷണം. 26000 രൂപ വിലവരുന്ന മദ്യവും 8000 രൂപയും കടയിൽനിന്ന് മോഷണം പോയി. കെട്ടിടം ‍‍ഡ്രിൽ ഉപയോഗിച്ച് തുരന്നാണ് മോഷണം നടത്തിയിരിക്കുന്നത്

10:17 PM (IST) Apr 05

കോഴിക്കോട്ടെ കൊവിഡ് ബാധിതന്റെ റൂട്ട് മാപ്പ്

ദുബൈയിൽ നിന്ന് കോഴിക്കോടെത്തി കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.

10:16 PM (IST) Apr 05

കൊവിഡ് 19; സൗദിയിൽ ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. ഞായറാഴ്ച അഞ്ചുപേരാണ് മരിച്ചത്. 68 പേർ കൂടി രാജ്യത്ത് സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തരുടെ എണ്ണം 488 ആയി. ശനിയാഴ്ച രാത്രി 191 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു

10:15 PM (IST) Apr 05

കൊവിഡിനെതിരെ നിശബ്ദ സേവനം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുല്ലപള്ളി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം  മാതൃകയായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിശബ്ദ സേവനം നടത്തുന്ന  കോണ്‍ഗ്രസിന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍. രാജ്യവും സംസ്ഥാനവും കൊവിഡ് രോഗത്തിന്റെ പിടിയിലകപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ശിരാസാവഹിച്ച് സ്വയം സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ ഇതിനകം ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും മുല്ലപള്ളി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

09:48 PM (IST) Apr 05

കുടുംബത്തിനൊപ്പം ദീപം തെളിയിച്ച് രാഷ്ട്രപതിയും

ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം രാഷ്ട്രപതി ഭവനില്‍ ദീപം തെളിയിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കാളിയാകുന്നു. 

09:42 PM (IST) Apr 05

കൊവിഡ് 19 വൈറസിനെതിരെ ദീപം തെളിയിച്ചുള്ള പ്രതിരോധത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി

കൊവിഡ് 19 വൈറസിനെതിരായ പ്രതിരോധത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

09:16 PM (IST) Apr 05

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും

കൊവിഡിനെതിരെ ഐക്യദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വിളക്ക് കത്തിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നു. 

09:11 PM (IST) Apr 05

കൊവിഡിനെതിരെ ദീപം തെളിയിച്ച് പ്രതിരോധ സന്ദേശം

കൊവിഡിനെതിരെ ഐക്യദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഐക്യദീപത്തില്‍  രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പങ്കാളികളായി. ക്ലിഫ് ഹൗസിലെയും മന്ത്രി മന്ദിരങ്ങളിലെയും ലൈറ്റുകളും അണച്ചു. 

09:02 PM (IST) Apr 05

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യദീപം തെളിയിച്ച് ഇന്ത്യന്‍ ജനത

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ വിളക്കേന്തി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ വിളക്കുകൾ അണച്ചു ആരോഗ്യപ്രവർത്തകർക്കായി വിളക്കു കൊളുത്തി. സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു

08:46 PM (IST) Apr 05

പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍  ഇടപെടുമെന്ന് മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുന്‍കൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി കോവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തി.

08:42 PM (IST) Apr 05

ലോകത്ത് മരണ സംഖ്യ 67000 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 67000 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

08:37 PM (IST) Apr 05

രണ്ടാം സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ആന്‍റണിയുടെ കത്ത്

ലോക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കൂടുതല്‍ ജനവിഭാഗങ്ങളെ  ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ രണ്ടാം സാമ്പത്തിക പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി എംപി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പൊലീസ് സേനയില്‍പ്പെട്ടവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേക  പാരിതോഷികം രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു

08:11 PM (IST) Apr 05

മുംബൈയിൽ ഇന്ന് 8 മരണം കൂടി, ഇന്ന്‌ മാത്രം രോഗം സ്ഥിരീകരിച്ചത് 103 പേർക്ക്

മുംബൈയിൽ ഇന്ന് 8 മരണം കൂടി. ആകെ മുംബൈയിൽ മാത്രം 30 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈയിൽ ഇന്ന്‌ മാത്രം 103 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 433 ആയി. 
 

08:04 PM (IST) Apr 05

യുകെയിലും സ്പെയിനിലും മരണസഖ്യ വര്‍ധിക്കുന്നു, അമേരിക്കയില്‍ നേരിയ ആശ്വാസം

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 66500 കടന്നു. ഇന്ന് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് യുകെയിലാണ്. ഇവിടെ 650 ലധികം പേര്‍ ഇന്ന് മാത്രം മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്പെയിനിലാകട്ടെ 500 നടുത്താണ് ഇന്നത്തെ മരണസംഖ്യ. അതേസമയം അമേരിക്കയില്‍ ഇന്ന് നേരിയ ആശ്വാസം പ്രകടമായിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ന് 18 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

07:29 PM (IST) Apr 05

രാജ്യത്ത് കൊവിഡ് മരണം 83 ആയി, 3577 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി. 3577 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

07:24 PM (IST) Apr 05

കോഴിക്കോട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ

കോഴിക്കോട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ കലക്ടർ. രോഗം സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിൽ നിന്നും എത്തിയ നാല് പേരിൽ ആർക്കും ഇപ്പോഴും രോഗലക്ഷണങ്ങൾ ഇല്ല. നാലുപേരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ മുഴുവൻ കുടുംബാംഗങ്ങളുടെയും ഇവരുമായി ബന്ധപ്പെടാൻ സാധ്യതയുള്ളവരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും. 

07:15 PM (IST) Apr 05

മുംബൈ ഡോംബിവലിയിൽ 67കാരി കൊവിഡ് ബാധിച്ച് മരിച്ചു

മുംബെ ഡോംബിവലിയിൽ 67കാരി കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈയിൽ മാത്രം ഇന്ന്‌ 103 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബെയിൽ ഇതുവരെ 433 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിൽ 20 കാരന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 6 ആയി 

07:12 PM (IST) Apr 05

ലോകത്ത് മരണം 66500 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 66500 കടന്നു. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

06:59 PM (IST) Apr 05

കർണാടകത്തിൽ  7 പേര്‍ക്ക് കൂടി കൊവിഡ്

കർണാടകയിൽ ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ച് പേർ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 

06:32 PM (IST) Apr 05

തമിഴ്നാട്ടിൽ 86 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തമിഴ്നാട്ടിൽ 86 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 85 പേരും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരാണ്. ഇതുവരെ സംസ്ഥാനത്ത് 571 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

06:23 PM (IST) Apr 05

കാസര്‍കോട് രോഗം സ്ഥിരീകരിച്ചത് കൊവിഡ് രോഗികളുടെ ഏഴ് വയസുളള മകന്

കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ചത് നെല്ലിക്കുന്ന് സ്വദേശിയായ ഏഴ് വയസുള്ള ആൺകുട്ടിക്ക്. കുട്ടിയുടെ മാതാപിതാക്കൾ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
 

06:17 PM (IST) Apr 05

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത് വിദ്യാർത്ഥിനിക്ക്

പത്തനംതിട്ട ജില്ലയിൽ പന്തളം സ്വദേശിനിയായ 19 വയസ്സുള്ള വിദ്യാർത്ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 17 ന് ദില്ലിയിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലെത്തിയ ഇവര്‍ക്ക് പ്രകടമായ രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല. വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് പരിശോധനാഫലം പോസറ്റീവായി സ്ഥിരീകരിച്ചത്. 
 

06:14 PM (IST) Apr 05

മൂന്നാർ മേഖലയിലെ റേഷൻ കടകളിൽ മിന്നൽ പരിശോധന

ഇടുക്കി മൂന്നാർ മേഖലയിലെ റേഷൻ കടകളിൽ മിന്നൽ പരിശോധന. കണക്കിൽ ഉൾപ്പെടാത്ത 487 കിലോ അരി പിടിച്ചെടുത്തു. സർക്കാർ പ്രഖ്യാപിച്ച അളവിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് ശക്തമായി നടപടി എടുക്കുമെന്ന് സപ്ലൈക്കോ ഉദ്യോഗസ്ഥർ അറിയിച്ചു. 

05:23 PM (IST) Apr 05

കേരളത്തിൽ ഇത് വരെ രോഗം ബാധിച്ചത് 314 പേർക്ക്

കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 6 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

05:22 PM (IST) Apr 05

കോഴിക്കോട് അഞ്ച് പേർക്ക് കൊവിഡ്, കാസർകോട് ഇന്ന് ഒരു കേസ് മാത്രം

കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. 

05:21 PM (IST) Apr 05

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 6 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യവകുപ്പ്.

Read more at: സംസ്ഥാനത്ത് ഇന്ന് എട്ട് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു; ആറ് പേർക്ക് രോഗം ഭേദമായി

 

04:43 PM (IST) Apr 05

മഹാരാഷ്ട്രയിൽ 55 കേസുകൾ കൂടി

മഹാരാഷ്ട്രയിൽ 55 പുതിയ കൊവിഡ് 19 കേസുകൾ കൂടി. സംസ്ഥാനത്ത് ആകെ കേസുകൾ 690 ആയി.

04:41 PM (IST) Apr 05

ചരക്ക് നീക്കത്തിന് തടസങ്ങളില്ലെന്ന് ആഭ്യന്തര മന്ത്രാലയം

അന്തർ സംസ്ഥാന ചരക്ക് നീക്കത്തിന് തടസങ്ങളില്ലെന്ന് ആഭ്യന്തര മന്ത്രാലയം. അവശ്യ സാധനങ്ങൾക്ക് കൊള്ളവില ഈടാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രം. 

04:40 PM (IST) Apr 05

വായുവിലൂടെ രോഗം പകരുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്ന് ഐസിഎംആർ

കൊവിഡ് 19 വായുവിലൂടെ രോഗം പകരുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്ന് ഐസിഎംആർ. തീവ്ര ബാധിത പ്രദേശങ്ങളിലും, രോഗബാധ സംശയിക്കുന്ന സമൂഹത്തിലും റാപ്പിഡ് ടെസ്റ്റ് നടത്താം. ബുധനാഴ്ചയോടെ കൂടുതൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുമെന്നും ഐസിഎംആർ. 

04:39 PM (IST) Apr 05

24 മണിക്കൂറിനിടെ 11 മരണം

24 മണിക്കൂറിനിടെ രാജ്യത്ത് 11 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് വരെ 267 പേർ രോഗ മുക്തരായതായും കേന്ദ്രം. 

04:37 PM (IST) Apr 05

24 മണിക്കൂറിനിടെ 472 പുതിയ കേസുകൾ

ഇരുപത്തിനാല് മണിക്കൂറിനിടെ 472 പുതിയ കൊവിഡ് 19 കേസുകൾ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മർകസ് സമ്മേളനം കേസുകൾ ഇരട്ടിയാക്കിയെന്ന് ആരോഗ്യമന്ത്രാലയ പറയുന്നു. വൈറസ് ബാധിത മേഖലകൾ ബഫർ സോണുകളാക്കി. കൊവിഡ് കേസുകളെ കുറിച്ച് ലാബുകൾക്ക് ഐസിഎംആറിന് വിവരങ്ങൾ കൈമാറാമെന്നും മന്ത്രാലയം. 

04:26 PM (IST) Apr 05

ലോക് ഡൗൺ  ലംഘിച്ച് ക്ഷേത്രത്തിൽ  ചടങ്ങുകൾ

തിരുവനന്തപുരം പെരിങ്ങമല പാലോട് ലോക് ഡൗൺ  ലംഘിച്ച് ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്തിയതിന് 5 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അമ്പലകമ്മിറ്റി പ്രസിഡന്‍റിനും സെക്രട്ടറിക്കും എതിരെ നടപടിയുണ്ടാവും. ഇന്നലെ ഇളവ് വരുന്നതിനും മുൻപായിരുന്നു നടപടി. 

02:52 PM (IST) Apr 05

ചികിത്സ കിട്ടാതെ ഒരു മരണം കൂടി

കാസർകോട് ചികിത്സ കിട്ടാതെ മറ്റൊരു മരണം കൂടെ. തുമിനാട് സ്വദേശി യൂസഫ് ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം. കാസർകോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം.

02:42 PM (IST) Apr 05

ന്യൂയോർക്കിൽ മലയാളി വിദ്യാർത്ഥി മരിച്ചു

കോവിഡ് 19 ബാധിച്ച് മലയാളി വിദ്യാർത്ഥി ന്യുയോർക്കിൽ മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു

02:40 PM (IST) Apr 05

മലയാളി നഴ്സ് മരിച്ചു

അയർലന്‍ഡിൽ മലയാളി നഴ്‌സ്‌ കൊവിഡ് ബാധിച്ച് മരിച്ചു . കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീനയാണ് മരിച്ചത് .

02:39 PM (IST) Apr 05

ദുരിതാശ്വസ വിമാനത്തിൽ രാജ്യം വിടാൻ ശ്രമിച്ചവരെ പിടികൂടി

തബ്ലീഗ് ജമാഅത്ത് വിഷയത്തിൽ ഒളിവിൽ പോയ വിദേശികളിൽ എട്ടു പേർ ദില്ലി  വിമാനത്താവളത്തിൽ പിടിയിലായി. ദുരിതാശ്വസ വിമാനത്തിൽ രാജ്യം വിടാൻ ശ്രമിച്ചവരെയാണ് പിടികൂടി. 8 മലേഷ്യൻ പൗരന്മാരെയാണ് ദില്ലി വിമാനത്താവളത്തിൽ തടഞ്ഞത്. ദുരിതാശ്വസ സാധനങ്ങൾ കൊണ്ടുപോകുന്ന മലിൻഡോ എയർ വിമാനതിൽ കയറാൻ ശ്രമിച്ചവരെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇവരെ ദില്ലി പൊലീസിനു കൈമാറും. വിദേശികളായ 200 പേർ രാജ്യത്തു ഒളിവിൽ പോയെന്നു ദില്ലി പോലീസ് റിപ്പോർട്ട്‌ ഉണ്ടായിരുന്നു. 

02:36 PM (IST) Apr 05

നിർദേശം ലംഘിച്ച് ഓശാന; പള്ളി വികാരിയെ അറസ്റ്റ് ചെയ്തു

കാസർഗോഡ് അമ്പലത്തറ പോലിസ് സ്റ്റേഷൻ പരിധിയിലെ പോർക്കളത്ത് ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് ഓശാന പെരുന്നാൾ സംഘടിപ്പിച്ചതിന് പള്ളിവികാരി ഉൾപ്പെടെ ഏഴ് പേരെ  അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. കൃപാ നിലയം എംസിബിഎസ് ചർച്ചിലാണ് ഓശാന ചടങ്ങുകൾ സംഘടിപ്പിച്ചത്.

02:35 PM (IST) Apr 05

പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി ഫോണിൽ സംസാരിച്ചു

കൊവിഡ് പ്രതിരോധ നടപടി വിശദീകരിക്കാൻ പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ ഫോണിൽ വിളിച്ചു. സോണിയ ഗാന്ധി, പ്രണബ് മുഖർജി, മൻമോഹൻ സിംഗ്, മമത ബാനർജി എന്നിവരുമായി മോദി ഫോണിൽ സംസാരിച്ചു.

02:34 PM (IST) Apr 05

തൂത്തുക്കുടിയിൽ മെഡിക്കൽ സംഘത്തിന് നേരെ ആക്രമണം

തമിഴ്‌നാട്ടിൽ തൂത്തുക്കുടിയിൽ മെഡിക്കൽ സംഘത്തിന് നേരെ ആക്രമണം. കൊവി‍ഡ് ബാധിച്ചയാളുടെ കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ആറ് ആരോഗ്യ പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വാഹനങ്ങൾ തകർത്തു.